Friday, October 30, 2009

ഉടയുന്ന ഭൂപടം


ഫ്രാന്‍സിസ്‌ ഇട്ടിക്കോര
(നോവല്‍)
ടി ഡി രാമകൃഷ്‌ണന്‍

പേജ്‌
: 308 വില: 150 രൂപ
ഡി
സി ബുക്‌സ്‌, കോട്ടയം


ചരിത്രമെഴുത്തിന്റെ ഗണിതയുക്തികളെയാണ്‌ ഇട്ടിക്കോര പ്രതിസന്ധിയിലാക്കുന്നത്‌. കാലത്തിന്റെ ഭൂപടങ്ങള്‍ തെറ്റിച്ച്‌, ദിക്കുകള്‍ കൂടിപ്പിണഞ്ഞും ഭിന്നിച്ചും കഥകളും കെട്ടുകഥകളും നുണക്കഥകളുമായി വേര്‍തിരിക്കാനാവാത്തവിധം ചേര്‍ത്തും മുറിപ്പെടുത്തിയും ചരിത്രത്തെ അഗാധമായി ഹിംസിക്കുകയാണ്‌ ഈ നോവല്‍. പ്രാദേശികതയില്‍ നിന്നും സാര്‍വ്വദേശീയതയിലേക്ക്‌ പുനര്‍ നിര്‍മ്മിക്കപ്പെട്ട മലയാള ഭാവുകത്വത്തെയാണ്‌ ഈ നോവല്‍ അഭിസംബോധന ചെയ്യുന്നത്‌. ആഗോള ബിംബങ്ങളും ബൃഹദാഖ്യാനങ്ങളും ഉഴുതുമറിച്ച നവീന വായനയുടെ ഇടങ്ങളെ പിടിച്ചെടുക്കുക എന്ന പ്രാദേശിക എഴുത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിലൂടെയാണ്‌ ടി ഡി രാമകൃഷ്‌ണന്റെ ഫ്രാന്‍സീസ്‌ ഇട്ടക്കോര മലയാള നോവല്‍ ചരിത്രത്തില്‍ സവിശേഷമായൊരു ഇടം പിടിച്ചെടുക്കുന്നത്‌. സാഹിത്യ-സാംസ്‌കാരിക-രാഷ്‌ട്രീയ ഭാവുകത്വ നിര്‍മ്മിതിയില്‍ ഉറഞ്ഞുപോയ എഴുത്തിന്റെ/വായനയുടെ ചരിത്രത്തെയാണ്‌ നോവല്‍ മാരകമാംവണ്ണം ഹിംസിക്കുന്നു. എഴുത്തിന്റെ ഭൂതകാലത്തെ ഉരുക്കിക്കളയുന്ന നോവല്‍ വായനയുടെ അവസാനിക്കാത്ത രതിയാകുന്നു. ആധുനികതയുടെ ക്ഷോഭവം, കോളനി അനന്തരകാല അസ്‌തിത്വ സംഘര്‍ഷം, അതീത ആത്മീയതയുടെ ബോധിത്തണല്‍, എഴുപതിന്റെ ഗൃഹാതുരത്വം, അടിയന്തിരാവസ്ഥ, അധികാരത്തിന്റെ സ്ഥൂലവും സൂക്ഷ്‌മവുമായ പ്രയോഗങ്ങളിലെ വ്യക്തിയുടെ/ സമൂഹത്തിന്റെ ഇടര്‍ച്ചകള്‍ എന്നിങ്ങനെ നമ്മുടെ എഴുത്തുകള്‍ അഭിരമിച്ച ഇടങ്ങളെ തരംതിരിക്കാമെങ്കില്‍ ഇതില്‍ എവിടെയാണ്‌ ഫ്രാന്‍സിസ്‌ഇട്ടിക്കോര അടയാളപ്പെടുക?

ആധുനികതയ്‌ക്കും ഉത്തരാധിനികതയ്‌ക്കും ശേഷം മലയാളത്തില്‍ പ്രത്യക്ഷപ്പെട്ട ഏതാണ്ടെല്ലാ നോവലുകള്‍ക്കും ആഖ്യാനപരമായി വ്യത്യസ്‌തതകള്‍ പുലര്‍ത്തുമ്പോള്‍തന്നെ ഭൂതകാല ഭാവുകത്വത്തിന്റെ ചരട്‌ പൊട്ടിക്കാന്‍ കഴിയാതെ വരുന്നുണ്ട്‌. ആഗോള വല്‍ക്കരിക്കപ്പെട്ട ഭാവുകത്വത്തെ അഭിസംബോധന ചെയ്യുന്നതില്‍ മലയാളത്തിന്റെ എഴുത്ത്‌ പരാജയപ്പെടുകയായിരുന്നു. ബഹുസ്വരവും ഭിന്നവും പരസ്‌പര പൂരകവും വിരുദ്ധവുമായ ആഖ്യാനങ്ങളിലൂടെ ഫ്രാന്‍സിസ്‌ ഇട്ടിക്കോര പ്രാദേശിക നോവല്‍ എഴുത്തിന്റെ ഭൂതകാലങ്ങളെനിരാകരിക്കുന്നുണ്ട്‌. വ്യത്യസ്‌തതകള്‍ സഹവസിക്കുന്നതാണ്‌ പുതിയകാലത്തിന്റെ സ്വഭാവം. ഒരു ബഹുസ്വര ആവാസവ്യവസ്ഥക്കുള്ളില്‍ ദേശീയതകള്‍ സ്വയം പുനര്‍ക്രമീകരിക്കപ്പെടുന്നതിന്റെ സംഘര്‍ഷങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌. തൊണ്ണൂറുകളില്‍ സംഭവിക്കുന്ന വലിയമാറ്റമാണിത്‌. ജനങ്ങള്‍ക്കും മൂലധനത്തിനുമൊപ്പം എഴുത്തും വായനയും വ്യത്യസ്‌ത സര്‍ഗാത്മക ആവിഷ്‌കാരങ്ങളും വന്‍തോതില്‍ ദേശത്തിന്റെ അതിര്‍ത്തികള്‍ മുറിച്ചു കടക്കുന്നു. വ്യത്യസ്‌ത വംശീയ, ദേശീയ, മത വിഭാഗങ്ങള്‍ ചിതറിത്തെറിക്കുകയും കൂടിത്താമസിക്കുകയും ഹിംസക്കും തകര്‍ക്കലുകള്‍ക്കും വിധേയപ്പെടുകയും ചെയ്‌തു. സ്വന്തം അതിര്‍ത്തികള്‍ക്കുള്ളില്‍ തുടരുന്നവര്‍ പോലും കലര്‍പ്പിന്റെയും അന്യസ്വാധീനങ്ങളുടെയും ആഗോളവല്‍കൃത അനുഭവങ്ങളിലൂടെയാണ്‌ കടന്നുപോകുന്നു. കോരപ്പാപ്പന് എന്നചരിത്രവല്‍ക്കരിക്കപ്പെടുന്ന മിത്ത്‌ (മിത്തൈഫൈ ചെയ്യപ്പെട്ട ചരിത്രം) ലോകം എന്ന സാധ്യതയിലും അതിന്റെ അസാധ്യതയിലുമാണ്‌ ഒരേസമയം സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌.
ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന കോരപ്പാപ്പന്‍ കുടുംബത്തിലെ വിദൂരമായൊരു കണ്ണിയായ സേവ്യര്‍ ഇട്ടിക്കോരയുടെ ഇ മെയില്‍ സന്ദേശത്തിലൂടെയാണ്‌ നോവല്‍ ആരംഭിക്കുന്നത്‌. പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്നതിനായി പട്ടാളത്തില്‍ ചേര്‍ന്ന്‌ ഇറാഖില്‍ നായാട്ടിനിറങ്ങിയ നരഭോജിയാണ്‌ സേവ്യര്‍ ഇട്ടിക്കോര. ഇറാഖില്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത്‌ മാനസിക രോഗകേന്ദ്രത്തില്‍ ഒരു വര്‍ഷം ചികിത്സയില്‍ കഴിഞ്ഞ ഇട്ടിക്കോര തന്റെ നഷ്‌ടമായ ഉദ്ധാരണശേഷി വീണ്ടെടുക്കാനും തന്റെ പിതൃപരമ്പരയുടെ വേരുകള്‍ തിരയാനുമാണ്‌ കേരളത്തിലേക്ക്‌ വരാന്‍ ആഗ്രഹിക്കുന്നത്‌.

സേവ്യര്‍ ഇട്ടിക്കരോരയെ സൈബര്‍ സ്‌പേസില്‍ കണ്ടുമുട്ടുന്നത്‌ കൊച്ചിയിലെ സ്വകാര്യ രതികേന്ദ്രമായ ബോഡി സ്‌കൂള്‍ നടത്തുന്ന രേഖ എന്ന കോളെജ്‌ അധ്യാപികയാണ്‌. രതിയും ഹിംസയും ചരിത്രത്തിന്റെ നിഗൂഢതകളും മാത്രമല്ല, പതിനെട്ടാം കൂറ്റുകാര്‍ എന്നറിയപ്പെടുന്ന കോരപ്പാപ്പന്‍ കുടുംബ കുടുംബ രഹസ്യങ്ങളും ദുരൂഹതകളുമാണ്‌ നോവല്‍ കെട്ടഴിക്കുന്നത്‌. കോര ഒരു മിത്തോ യാഥാര്‍ത്ഥ്യമോ എന്ന വേര്‍തിരിക്കാന്‍ കഴിയുന്നില്ല, ചരിത്രത്തില്‍ അങ്ങനെയൊരാള്‍ ഉണ്ടായിരുന്നുവെന്ന്‌ ഉറപ്പിച്ചുപോകും വിധം സങ്കീര്‍ണ്ണമാണ്‌ കോരപ്പാപ്പന്റെ ജീവിതാഖ്യാനം. പതിനഞ്ചാം നൂറ്റാണ്ടില്‍ ആരംഭിക്കുന്ന കേരളത്തിന്റെ വ്യാപാര ചരിത്രത്തിനൊപ്പം ആരംഭിച്ച്‌ ഹൈപേര്‍ഷ്യന്‍ ഗണിത ശാസ്‌ത്രത്തിന്റെ ചരിത്രത്തിലൂടെ, അതിനെ കുന്ദംകുളത്തിന്റെ വ്യാപാര യുക്തികളുമായി സമര്‍ത്ഥമായി ബന്ധിപ്പിച്ച്‌ മെനഞ്ഞെടുക്കുന്ന ആഖ്യാനം അസാധാരണവും വിപുലവുമായ ഭൂമിശാസത്ര- ചരിത്ര-കാലങ്ങളിലാണ്‌ നിലയുറപ്പിക്കുന്നത്‌. കോരപ്പാപ്പന്റെ ജീവചരിത്രം നോവലിന്റെ ഒരുപാഖ്യാനമാണ്‌. പതിനെട്ടാം കൂറ്റുകാരുടെ ചരിത്രം തേടിപ്പോകുന്ന വര്‍ത്തമാന കാലം മറ്റൊരുപാഖ്യാനമാണ്‌. സേവ്യര്‍ ഇട്ടിക്കോരയുടെ സഞ്ചാരവും രതിയും ഏറ്റുമുട്ടലുകളും ഹിംസയും നരഭോജനവും നോവലില്‍ സമാന്തരമായി വളരുന്നു. ഗണിതശാസ്‌ത്രത്തെ സൂക്ഷ്‌മതലത്തില്‍ പ്രമേയഘടനയില്‍ നിബന്ധിച്ചുകൊണ്ട്‌ കേരളത്തിന്റെ ഗണിത ചരിത്രത്തെ വര്‍ത്തമാനപ്പെടുത്തുന്നുണ്ട്‌ നോവല്‍. ഗണിതശാസ്‌ത്ര അധ്യാപികയായ മൊറിഗാമിയുടെ ബ്ലോഗിലൂടെ ചുരുള്‍ നിവരുന്ന ചരിത്രം ഒരേസമയം കോരപ്പാപ്പന്റെയും കേരളത്തിന്റെ ഗണിത ഭൂതകാലത്തിന്റേതുകൂടിയാണ്‌.

പോപ്പുലര്‍ എഴുത്ത്‌/ വായന അകറ്റി നിര്‍ത്തേണ്ട ഒന്നായാണ്‌ പരമ്പരാഗത വായനാസമൂഹം കണക്കാക്കിയത്‌. ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ കാഴ്‌ചകളും വായനയും അനുഭവങ്ങളും സാങ്കേതികവിദ്യകളും നല്‍കിയ ബിംബാവലിയും ആഖ്യാനങ്ങളും വിവരസാങ്കേതിക സാധ്യതകളും നമ്മുടെ ശീലങ്ങളെ മാറ്റിമറിച്ച സവിശേഷമായ ലോക യാഥാര്‍ത്ഥ്യത്തിനു നടുവില്‍എല്ലാ പ്രാദേശിക എഴുത്തുകളെയും പോലെ മലയാള നോവല്‍ എഴുത്തും വായനയും വലിയവെല്ലുവിളികളെ നേരിടുന്നുണ്ട്‌. ജനപ്രീതിയും സര്‍ഗ്ഗാത്മകതയും സമന്വയിക്കുന്ന പുതിയ ഇടങ്ങളെ നേരിടുകയും വരുതിയിലാക്കുകും ചെയ്യുന്നതിലൂടെ എഴുത്ത്‌ പുതിയലോകത്തെ/ഭാവുകത്വത്തെ പ്രാപിക്കുന്നത്‌. ഒരു ദേശത്തിന്റെ സാമൂഹിക-സാമ്പത്തിക സാംസ്‌കാരിക മുദ്രകളെ അടയാളപ്പെടുത്തുന്നതില്‍ നോവല്‍ വഹിക്കുന്നപങ്ക്‌ സാമൂഹ്യശാസ്‌ത്ര/സാസ്‌കാരിക പഠനങ്ങളില്‍ നിര്‍ണ്ണായകമാണ്‌ എന്ന അറിവുകൂടി
ചേര്‍ത്തുവെച്ചുകൊണ്ടാണ്‌ ഫ്രാന്‍സിസ്‌ ഇട്ടിക്കോര വായിക്കപ്പെടുന്നത്‌. ആ നിലയ്‌ക്ക്‌ കൂടുതല്‍ സൂക്ഷ്‌മമായ വായനകള്‍ ആവശ്യപ്പെടുന്ന കൃതിയായി ഇത്‌ മാറുന്നു. അപാരമാംവിധം സൂക്ഷ്‌മതപുലര്‍ത്തുന്ന രചനാരീതിയും അനായാസമായ ആഖ്യാനവും ഭാഷയും കഥപറച്ചിലിന്റെപതിവുശീലങ്ങളെ അട്ടിമറിച്ചുകൊണ്ട്‌ പുതിയൊരു സംവേദനം സാധ്യമാക്കുന്നു.



Sunday, September 20, 2009

ഭൂതകാലത്തെ വായിക്കുമ്പോള്‍


ചലച്ചിത്രകാരന്റെ ആത്മഭാഷണം തീര്‍ച്ചയായും സിനിമയെക്കുറിച്ചുള്ളതായിരിക്കും. സിനിമയ്‌ക്കുചുറ്റും ഒത്തുചേര്‍ന്ന ഒരുപാടുപേരുടെ ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരമായിരിക്കും അത്‌. മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ 2007ലെ ഓണപ്പതിപ്പിനുവേണ്ടി ലെനിന്‍ രാജേന്ദ്രന്റെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാക്കാന്‍ അദ്ദേഹത്തെ സമീപിക്കുമ്പോള്‍ ഇത്രയൊക്കെമാത്രമാണ്‌ വിചാരിച്ചിരുന്നത്‌.
ഇത്തരമൊരോര്‍മ്മക്കുറിപ്പിന്റെ സാധ്യത നിര്‍ദ്ദേശിച്ച മാധ്യമത്തിലെ എന്‍ പി സജീഷ്‌ പറഞ്ഞത്‌ ലെനിന്‍ രാജേന്ദ്രന്റെ ആത്മഭാഷണങ്ങള്‍ കേരളത്തിലെ മധ്യവര്‍ത്തിസിനിമയുടെ ചരിത്രം തന്നെയായിരിക്കുമെന്നാണ്‌. എന്നാല്‍ കഥ മാറുകയായിരുന്നു. ആദ്യ അധ്യായം മുതല്‍ അവസാനപുറംവരെ ഒരു കാലഘട്ടത്തിന്റെ രാഷ്‌ട്രീയ- സാമൂഹ്യ- സാംസ്‌കാരിക ഭൂതകാലത്തിലൂടെയാണ്‌ അത്‌ സഞ്ചരിച്ചത്‌. ചരിത്രവും ഓര്‍മ്മയുമല്ലാത്ത, എന്നാല്‍ ഇതൊക്കയായ ഒട്ടനവധി വൈകാരിക സന്ദര്‍ഭങ്ങളെ മുഖാമുഖം കാണുന്നു.
വലിയ ആശങ്കകളോടെയാണ്‌ ലെനിന്‍ രാജേന്ദ്രന്‍ ഓര്‍മ്മകള്‍ പറഞ്ഞുതുടങ്ങിയത്‌. ഓര്‍മ്മക്കുറിപ്പുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന `ഞാന്‍' പലപ്പോഴും അത്യാരോപിതമൂല്യങ്ങളില്‍ സ്വയം അഭിരമിക്കുന്ന ആളായിരിക്കുമെന്നും, സ്വയം പുകഴ്‌ത്തലിനും വ്യാജസ്‌തുതികള്‍ക്കുമുള്ള ഏടുകളാണ്‌ പലപ്പോഴും ആത്മകഥകളെന്നും തന്റെ ആത്മഭാഷണവും ആ വഴിക്ക്‌ മാറിപ്പോയേക്കാം അതിനാല്‍ ഈ കുറിപ്പുകള്‍ അനാവശ്യമായിരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു.
ഓര്‍മ്മക്കുറിപ്പുകള്‍ മുന്‍ധാരണകളെ അട്ടിമറിക്കുന്നു. `ഞാന്‍' കക്ഷിയായും സാക്ഷിയായും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്‌ ലെനിന്‍രാജേന്ദ്രന്‍ ഓര്‍ത്തെടുക്കുന്നത്‌. അത്‌ സിനിമയുടെ ചരിത്രമല്ല, സിനിമ അവിടെ ഉണ്ടായിരുന്നു എന്നുമാത്രം. സംഘര്‍ഷഭരിതമായ എഴുപതുകളില്‍ വിദ്യാര്‍ത്ഥിയായി ആരംഭിക്കുന്ന രാഷ്‌ട്രീയ സംഘടനാ കാലം ഓര്‍മ്മയിലേക്ക്‌ തിരികെ വിളിക്കുമ്പോള്‍ കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ചരിത്രത്തിലേക്കാണ്‌ എത്തിച്ചേരുന്നത്‌. തിരുവനന്തപുരത്തിന്റെ രാഷ്‌ട്രീയ-സാംസ്‌കാരിക ഭൂതകാലത്തിലൂടെയാണ്‌ ലെനിന്‍ രാജേന്ദ്രന്റെ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത്‌.
ഭൂതകാലത്തെക്കുറിച്ചുള്ള രാഷ്‌ട്രീയവും, വംശീയവും, വ്യക്തിപരവുമായ ഓര്‍മ്മകളെ പുനരാനയിക്കുന്നതിലൂടെ ജീവിതത്തിന്റെ പുറംപോക്കുകളില്‍നിന്നും ചരിത്രത്തിന്റെ അതിരുകളില്‍നിന്നും നിരവധി മനുഷ്യരൂപങ്ങള്‍ തിരികെ പ്രവേശിക്കുന്നു. ഭൂതകാലത്തെക്കുറിച്ച്‌ വസ്‌തുതാപരമായ വിശകലനത്തിനാണ്‌ ചരിത്രം ശ്രമിക്കുന്നതെങ്കില്‍ ചരിത്രപരമായ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ്‌ ഈ ഓര്‍മ്മക്കുറിപ്പുകള്‍ കടന്നുപോകുന്നത്‌. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന്‌ പകരം നില്‍ക്കുന്നു. ചരിത്ര രചനയ്‌ക്ക്‌ വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്‌ക്കാണ്‌ ഈ ആത്മഭാഷണം പ്രവേശിക്കുന്നത്‌. കഴിഞ്ഞുപോയ സംഭവങ്ങളുടെയോ, ചരിത്രഘട്ടത്തിന്റെയോ, വ്യക്തിയുടെയോ ത്യാഗനിര്‍ഭരവും പീഡിതവുമായ ഓര്‍മ്മകളെ അത്‌ സാമൂഹിക ഉപരിതലത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നു. ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്‌കരിക്കുകയല്ലമറിച്ച്‌ ഓര്‍മ്മയുടെ ഒരു മുഹുര്‍ത്തത്തില്‍ മിന്നിത്തെളിയുന്ന ഒരനുഭവത്തെ പിടിച്ചെടുക്കുകയാണിവിടെ. അനുഭവ തീവ്രമായൊരു ഭൂതകാലം ചരിത്രത്തിനുമപ്പുറത്തേയ്‌ക്ക്‌ വായനയെ പിടിച്ചെടുക്കുന്നുണ്ട്‌.

ആ ചുവന്ന കാലത്തിന്റെ ഓര്‍മ്മയ്‌ക്ക്‌. (ഓര്‍മ്മ). ലെനിന്‍രാജേന്ദ്രന്‍
തയ്യാറാക്കിയത്‌: കെ പി ജയകുമാര്‍
വില: 95 രൂപ പേജ്‌: 180. ഡി സി ബുക്‌സ്‌, കോട്ടയം

Tuesday, September 8, 2009

ഓര്‍മ്മയുടെ ഈടുവയ്‌പ്പുകള്‍


കവിത സമരമാണ്‌
നമുക്കു ചുറ്റും അമര്‍ന്നുമുഴങ്ങുന്ന നിരവധി ഏകാന്തതകളിലേക്കുള്ള `നിശ്ശബ്‌ദായമാനമായ' നാടുകടത്തലുകളാണ്‌. മറവിക്കെതിരെയുള്ള സമരവും ഭ്രാന്തും സ്വപ്‌നങ്ങളുമാണത്‌. നാടിനെപ്രതി, മനുഷ്യരെപ്രതി, പുഴകളെയും കാടുകളെയും പ്രതി കവിതയുടെ വാറണ്ട്‌. സച്ചിദാനന്തന്റെ `മറന്നുവെച്ച വസ്‌തുക്കള്‍' മറവിയെക്കുറിച്ചുള്ള അവസാനത്തെ ഓര്‍മ്മപ്പെടുത്തലായിമാറുന്നു. ഓര്‍മ്മ ഒരു രാഷ്‌ട്രീയപ്രവര്‍ത്തനമാണ്‌. ചരിത്രമെഴുത്താണ്‌. എഴുതപ്പെട്ട ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നുപോയ നിസ്സഹായതയുടെ നിരവധി ശബ്‌ദങ്ങളെ പുനരാനയിക്കലാണത്‌.

എഴുതാത്ത കത്തുകള്‍
``എത്രയും പ്രിയപ്പെട്ട അമ്മ അറിയാന്‍: ഞാനിന്നലെയും അമ്മയെ സ്വപ്‌നം കണ്ടു.'' എന്നെഴുതിത്തുടങ്ങുന്ന ഒരുസാധാരണ കത്ത്‌ ``ചില ദിവസങ്ങളില്‍ പത്തുപതിനഞ്ചാളുകള്‍വരെ എന്റെ അടുത്തുവരും, വയ്യെന്ന്‌ പറയാനെനിക്കൊക്കുമോ? നിങ്ങളെന്നെ വിറ്റതല്ലെ, അവര്‍ പണം തിരിച്ചു ചോദിച്ചാലോ?'' എന്ന്‌ അസാധാരണമാകുമ്പോള്‍ ദേശീയതയുടെ കൊടിപ്പടം അഴിഞ്ഞുവീഴുന്നു. വികസനത്തിന്റെ നാഗരിക എടുപ്പുകള്‍ക്കുള്ളില്‍ നീറിപ്പിടയുന്ന തേങ്ങലുകള്‍ ചരിത്രത്തെ മുഖരിതമാക്കുന്ന സമരസന്ദര്‍ഭമാണത്‌. പക്ഷെ, ``ഓ, ഇതൊക്കെ ഒരു കത്താക്കി എഴുതാന്‍ പറ്റിയിരുന്നെങ്കില്‍! പറഞ്ഞെഴുതിക്കാനും നമ്മുടെ ഭാഷക്കാര്‍ ആരുമിവിടെയില്ല.'' എന്ന്‌ കവിത കുഴങ്ങിപ്പോകുന്നു. അങ്ങനെ നിരവധി സന്ദര്‍ഭങ്ങളില്‍, പൊട്ടിപ്പുറപ്പെടാനാവാതെ വാക്കുകള്‍ കെട്ടിനില്‍ക്കുന്നു. `മറന്നുവെച്ച വസ്‌തുക്കള്‍' എന്ന കാവ്യ സമാഹാരത്തിലെ `എഴുതപ്പെടാത്ത കത്തുകള്‍' എന്ന ശീര്‍ഷകത്തിലെ ആറ്‌ കവിതകള്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്‌ ആഞ്ഞിറങ്ങുന്ന കാവ്യസമരങ്ങളാണ്‌.

കവിതയുടെ ദേശീയത
ദേശീയ സ്വാതന്ത്ര്യ സമരകാലത്ത്‌ ഗാന്ധിജിയെക്കുറിച്ചും ഇന്ത്യന്‍ ദേശീയതയെക്കുറിച്ചും `അന്തരംഗം അഭിമാന പൂരിതമാകുന്ന' നിരവധി കാവ്യാനുഭവങ്ങള്‍ നമുക്ക്‌ ലഭിച്ചു. നാമവരെ ദേശീയ കവികള്‍ എന്ന്‌ ആദരപൂര്‍വ്വം വിളിക്കുകയും ചെയ്‌തു. ഇത്‌ ദേശ-രാഷ്‌ട്ര സങ്കല്‍പ്പങ്ങള്‍ കുഴമറിയുന്ന വിപരീത കാലമാണ്‌. ദേശീയത എന്ന ഒറ്റശബ്‌ദത്തിലേക്ക്‌ ഒതുക്കാനാവാത്ത നിരവധി ദേശീയതകളുടെയും ഭാഷകളുടെയും ഛിന്നഭിന്നമായ കാലത്തിന്റെ ശബ്‌ദതരംഗങ്ങളെ പിടിച്ചെടുക്കലാണ് പുതിയ കാലത്തിന്റെ എഴുത്ത്‌. അവിടെ ദേശീയതയുടെ പാഠാവലിയെ നിരാകരിക്കുന്ന ഭാഷയും ഭാഷണവും ആവശ്യമാണ്‌. ഇന്ത്യന്‍ വര്‍ത്തമാനത്തിന്റെ ഈ സാമൂഹ്യ രാഷ്‌ട്രീയ മണ്ഡലത്തിലാണ്‌ സച്ചിദനന്ദന്റെ കവിതകള്‍ സാധ്യമാകുന്നത്‌. അത്‌ `ദേശീയ കവി/കവിതാ' സങ്കല്‍പ്പങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നു. ദേശീയബോധം മറച്ചുപിടിച്ച ശരികളുടെ രൂക്ഷതകളില്‍ `അഭിമാന പൂരിത'മാകാനാവാതെ കവിത സ്ഥാനമാനങ്ങളെ നിരാകരിക്കുന്നു. അത്‌ ഒരേ സമയം ദേശ-രാഷ്‌ട്രത്തിന്റെ അധികാരത്തോട്‌ കലഹിക്കുകയും പ്രാന്ത ദേശീയതകളോട്‌ കണ്ണിചേരുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌ പ്രാദേശിയതകളുടെ ശകലങ്ങളില്‍ നിലയുറപ്പിച്ചുകൊണ്ട്‌ സാര്‍വ്വലൗകികമായ അനുഭവങ്ങളുടെ തീഷ്‌ണ സന്ദര്‍ഭങ്ങള്‍ സൃഷ്‌ടിക്കാന്‍ സച്ചിദാനന്ദന്റെ കവിതകള്‍ക്ക്‌ കഴിയുന്നത്‌.
``ഇപ്പോള്‍ തോന്നുന്നു
ഈ ഭൂമിതന്നെ ദൈവം മറന്നുവെച്ചതാണെന്ന്‌,
അതില്‍ നമ്മളെയും.
ഓര്‍മ്മ വരുന്നതനുസരിച്ച്‌
അവന്‍ തിരിച്ചെടുക്കുന്നു,
പുഴകളെ,
കാടുകളെ,
നമ്മളെയും. '' (മറന്നുവെച്ച വസ്‌തുക്കള്‍) എന്ന്‌ എഴുതിനിര്‍ത്തുനിടത്തുനിന്നും `ആതിരപ്പള്ളി' എന്ന കവിതയിലേക്കുള്ള ഹ്രസ്വദൂരം `ദൈവം' എന്ന തീര്‍പ്പില്ലാത്ത സങ്കല്‍പ്പത്തിനുമേല്‍ അധികാരത്തെ പ്രതിഷ്‌ടിക്കുകയാണ്‌. ഒരു പുഴയുടെ മരണം ഏതൊക്കെ ഓര്‍മ്മകളുടെ, ജൈവസംസ്‌കൃതിയുടെ ജൈവനീതിയുടെ മരണമാകുന്നുവെന്ന്‌ തിരിച്ചറിയുന്നിടത്താണ്‌ `ആരേ വന്നു കഴുത്തു ഞെരിക്കുവാന്‍ നിങ്ങളെ? അരുംകൊലയ്‌ക്കെതിരെ, ചേര്‍ക്കട്ടെയെന്നിടറും സ്വരവും ഞാന്‍.' എന്ന്‌ കവിത സമരങ്ങളോട്‌ കൈകോര്‍ക്കുന്നത്‌. `മണ്ണില്ലാത്തവരുടെ പാട്ട്‌', മണ്ണിന്നായുള്ള സമരങ്ങളുടെ സമകാലിക രാഷ്‌ട്രകീയത്തെയാണ്‌ അഭിസംബോധന ചെയ്യുന്നത്‌. പ്രതികരണശൂന്യരായ സുഹൃത്തുക്കള്‍ക്കഴുതിയ `കല്ല്‌' ജീവിതം കുടിച്ചുമരിക്കുന്ന വിപണികാലത്തിന്റെ അരാഷ്‌ട്രീയതയെ വിചാരണതചെയ്യുന്നു. ``ചിന്തിക്കരുത്‌.
സ്വപ്‌നങ്ങളെ നിരാകരിക്കുക.
കേള്‍ക്കരുത്‌ പ്രണയസല്ലാപവും
കുട്ടികളുടെ കരച്ചിലും, കിളികളുടെ പാട്ടും
കൊലപാതകികളുടെ പൊട്ടിച്ചിരികളും'' (കല്ല്‌)

ശൂന്യമാകുന്ന കാലം
വര്‍ത്തമാന സാമൂഹ്യജീവിതം പ്രതികരണ ശൂന്യമാവുന്നുവെന്ന തിരിച്ചറിവിന്റെ ആധി വിദൂരവിദൂരമായൊരു നിരാശബോധമായി കവിതയെചൂഴുന്നു. `ചരിത്രം' എന്ന കവിത മലയാള കാവ്യചരിത്രത്തിന്റെ വിലയിലുത്തലായിത്തീരുന്നതും അതുകൊണ്ടാവണം. സമൂഹത്തിന്റെ ഞരമ്പില്‍നിന്നും കവിത പിന്‍വലിഞ്ഞതിന്റെ ഖേദം കവി ഏറ്റെടുക്കുന്നു. ആത്മവിമര്‍ശനത്തിന്റെ ഛായ `ചരിത്ര'ത്തില്‍ വായിക്കാം.
``അറുപതുകളിലെ മഴയ്‌ക്ക്‌
ഗ്രീഷ്‌മ രാവുകളുടെ നീലനിറമായിരുന്നു.''
``എഴുപതുകളിലെ മഴയ്‌ക്ക്‌
യുവരക്തത്തിന്റെ കടും ചുവപ്പായിരുന്നു.''
`എണ്‍പതുകളിലെ മഴയ്‌ക്ക്‌
സഹ്യവിപിനങ്ങളുടെ കരിംപച്ച നിറമായിരുന്നു'' എന്ന ചരിത്രമെഴുത്ത്‌ ``പിന്നെ മഴയുണ്ടായില്ല'' എന്ന വര്‍ത്തമാനത്തിന്റെ വരള്‍ച്ചയില്‍ ``ഞാറ്റുവേലകള്‍ അവശേഷിപ്പിച്ച, ഇറവെള്ളം മാത്രം ഇപ്പോഴും ഇറ്റുവീഴുന്നു.'' എന്ന വിധിയെ `പുഴയാകാതെ വിറ'ച്ചൊടുങ്ങുന്ന സമകാലിക കാവ്യാനുഭവങ്ങളാക്കി പെരുക്കിയെടുക്കുന്നു. ഈ പെരുക്കങ്ങള്‍ ഓര്‍മ്മകളുടേതാണ്‌. ഓരോ മരണവും, ഓരോ കവിതയും ജീവിതത്തിന്റെ അപാരമായ സമരസന്ദര്‍ഭങ്ങളാണെന്ന്‌ തീവ്രമായ പ്രണയ സന്ദര്‍ഭങ്ങളായിരുന്നുവെന്ന്‌ ഓര്‍മ്മപ്പെടുത്തുന്നതാണ്‌ `കവികളുടെ മരണം.'
`അഗ്നികൊണ്ടും ജലംകൊണ്ടും, പ്രണയം മറന്നുപോയ, ശിരസ്സിലെ കൊടും ശൂന്യതയിലേക്ക്‌ വീണ്ടും വീണ്ടും നിറയൊഴിച്ചുകൊണ്ട്‌, നീതിയുടെ നദി വരണ്ടുപോകാത്ത ഒരു ലോകം കിനാക്കണ്ട' കവികളെക്കുറിച്ച്‌ മറന്നുവച്ചതൊക്കെയും കവിത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. മറവിക്കെതിരെ, മറക്കലുകളുടെ രാഷ്‌ട്രീയത്തിനെതിരെ കവിതയുടെ കലാപമാണ്‌ സച്ചിദാനന്ദന്റെ `മറന്നുവെച്ച വസ്‌തുക്കള്‍.'

മറന്നുവെച്ച വസ്‌തുക്കള്‍, (കവിത). സച്ചിദാനന്ദന്‍
പേജ്‌: 140 വില: 80 രൂപ, ഡി സി ബുക്‌സ്‌, കോട്ടയം

Wednesday, March 4, 2009

മനഃസാക്ഷിയുടെ പിടച്ചില്‍



ഗുജറാത്ത്‌: ഇരകള്‍ക്കുവേണ്ടി ഒരു പോരാട്ടം
(ഓര്‍മ്മ)
ആര്‍ ബി ശ്രീകുമാര്‍
പോജ്‌: 98 വില: 50 രൂപ
ഡി സി ബുക്‌സ്‌, കോട്ടയം


``കലാപകാലത്ത്‌ ഗ്രാമം വിട്ടുപലായനം ചെയ്‌ത ബില്‍ക്കീസിനെയും പതിനേഴ്‌ ബന്ധുക്കളെയും അക്രമികള്‍ രണ്ടുദിവസത്തിനുശേഷം കണ്ടെത്തി പിടികൂടുകയായിരുന്നു. ആറുമാസം ഗര്‍ഭിണിയായ ബില്‍ക്കീസിനെ അക്രമികല്‍ കൂട്ടമാനഭംഗം ചെയ്‌തു. മൂന്നുവയസ്സുള്ള മകളെ തറയിലടിച്ചുകൊന്നു.''
ആര്‍ ബി ശ്രീകുമാര്‍. ഗുജറാത്ത്‌: ഇരകള്‍ക്കുവേണ്ടി ഒരു പോരാട്ടം. പുറം: 66

ഇരകളുടെ ചരിത്രം
ഈ പുസ്‌തകം നിര്‍ബന്ധമായും വായിച്ചിരിക്കണം. സഹജീവികളെക്കൊണ്ട്‌ വായിപ്പിക്കുകയുംവേണം. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കണ്ണിചേരലാണത്‌. മനഃസാക്ഷിയുടെ ഒരു പിടച്ചിലെങ്കിലുമാണ്‌. ഒരു പുസ്‌തകവും നിങ്ങളുടെ വായനയെ ഇത്രയധികം പിന്തുടര്‍ന്നിട്ടുണ്ടാവില്ല. ഉറക്കം കളഞ്ഞിട്ടുണ്ടാവില്ല.
2002ലെ ഹിന്ദുതീവ്രവാദ ആക്രമണ കാലത്ത്‌ ഗുജറാത്ത്‌ അഡീഷണല്‍ ഡിജിപിയായിരുന്ന ആര്‍ ബി ശ്രീകുമാറിന്റെ വെളിപ്പെടുത്തലുകളായ `ഗുജറാത്ത്‌ ഇരകള്‍ക്കുവേണ്ടി ഒരു പാരാട്ടം' ഫാസിസ്റ്റുകള്‍ക്കെതിരായ മനുഷ്യത്വത്തിന്റെ കൈപ്പുസ്‌തകമാണ്‌. ഇരകളുടെ ചരിത്രമാണ്‌. മുസ്ലിം ജനതയെ പച്ചയ്‌ക്കു ചുട്ടുകൊന്ന ഹിന്ദുതീവ്രവാദികളുടെ ഭയാനകമായ ചരിത്രമാണത്‌.

ആരെ വിശ്വസിക്കും

മുസ്ലിം വേട്ടയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഇന്ത്യകണ്ട ഏറ്റവും അപകടകാരിയായ ഫാസിസ്റ്റും ഭരണാധികാരിയുമായ നരേന്ദ്രമോഡി ഗോധ്ര സംഭവത്തിനുശേഷം വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു: ``സാധാരണഗതിയില്‍ നിങ്ങള്‍ പൊലീസുകാര്‍ ഒരു വര്‍ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെടുമ്പോള്‍ തുല്യമായി മുസ്ലിങ്ങളെയും ഹിന്ദുക്കളെയും അറസ്റ്റ്‌ ചെയ്യും. അതിവിടെ പറ്റില്ല. മൂന്നുദിവസത്തേയ്‌ക്ക്‌ ഇവിടെ ഹിന്ദുക്കലുടെ പ്രതികാരാഗ്നി കത്തിപ്പടരും. നിങ്ങള്‍ ഇടപെടരുത്‌.''
പിന്നീടുള്ള ദിവസങ്ങളില്‍ പൊലീസ്‌ നോക്കിനില്‍ക്കെ ഹിന്ദുതീവ്രവാദികള്‍ ഗുജറാത്തിന്റെ തെരുവീഥികളെ ചോരയില്‍മുക്കിയെടുത്തു. മുസ്ലിം ചേരികള്‍ അപ്പാടെ കത്തിയെരിഞ്ഞു. സ്‌ത്രീകളും പെണ്‍കുട്ടികളും ഗര്‍ഭിണികളും ക്രൂരബലാല്‍സംഗത്തിനിരയാക്കപ്പെട്ടു. അമ്മയുടെ കണ്‍മുന്നില്‍ പിഞ്ചു കുട്ടികളെ തറയിലടിച്ചു കൊന്നു. നമ്മുടെ ജനാധിപത്യവും ഭരണഘടനയും നീതിന്യായവ്യവസ്ഥകളും വിറങ്ങലിച്ചുനിന്ന ദിവസങ്ങളായിരുന്നു അത്‌. ഗുജറാത്ത്‌ കലാപകാലത്തെ പൊലീസിന്റെ നിഷ്‌ക്രിയത്വത്തെക്കുറിച്ച്‌ അന്നത്തെ രാഷ്‌ട്രപതി കെ ആര്‍ നാരായണന്‍ നടത്തിയിട്ടുള്ള പ്രസ്‌താവനകള്‍ക്ക്‌ ചരിത്രപരമായ പ്രാധാന്യം കൈവരുന്നത്‌ ഈ ഘട്ടത്തിലാണ്‌. ``കെ ആര്‍ നാരായണന്‍ വളരെ ശക്തമായാണ്‌ പ്രധാനമന്ത്രി വാജ്‌പേയിയ്‌ക്ക്‌ എഴുതിയത്‌. അങ്ങനെയാണ്‌ വാജ്‌പേയി അനങ്ങിയത്‌. എന്നാല്‍ ആ കത്ത്‌ പുറത്തുവിടാന്‍ കോണ്‍ഗ്രസ്‌ ഭരണകൂടവും തയ്യാറായില്ല.'' എന്നു പറയുന്ന ശ്രീകുമാര്‍ ``എനിക്ക്‌ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ വലിയപ്രതീക്ഷയില്ല. എന്റെ കാര്യത്തില്‍ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.'' എന്നുംപറയുന്നുണ്ട്‌. നമ്മുടെ ഭരണകൂട രാഷ്‌ട്രീയത്തിന്റെ പരാജയവും പ്രതീക്ഷനശിക്കുന്ന പൗരസമൂഹത്തെയുമാണ്‌ ഈ വാക്കുകള്‍ പ്രതിനിധീകരിക്കുന്നത്‌.

നിങ്ങളും കൊല്ലപ്പെടും

ഈ നിസഹായതയെ തീവ്രമായി വെളിപ്പെടുത്തുന്നതാണ്‌ ആദ്യകാല സി പി ഐ നേതാവും പിന്നീട്‌ കോണ്‍ഗ്രസ്‌ എം എല്‍ എയുമായിരുന്ന എഹ്‌സാന്‍ ജഫ്രിയുടെ മരണത്തെക്കുറിച്ച്‌ ഈ പുസ്‌തകത്തില്‍ വിവരിക്കുന്നത്‌: ``മുപ്പത്തിയഞ്ചോളം മുസ്ലിം കുടുംബങ്ങള്‍ താമസിച്ചിരുന്ന വളപ്പാണ്‌ ഗുല്‍ബര്‍ഗ സൊസൈറ്റി. കലാപമുണ്ടായപ്പോള്‍ അടുത്തുള്ള ചേരികളില്‍ താമസിച്ചിരുന്ന മുസ്ലിങ്ങളും രക്ഷതേടി അവിടെയെത്തി. ജഫ്രിക്ക്‌ തങ്ങളെ രക്ഷിക്കാന്‍ കഴിയുമെന്നായിരുന്നു സമീപത്തെ മുസ്ലിങ്ങള്‍ കരുതിയിരുന്നത്‌.
ഗോധ്ര സംഭവത്തിന്റെ പിറ്റേന്ന്‌ ഫെബ്രുവരി 28ന്‌ രാവിലെ ഒരു സംഘം ആള്‍ക്കാര്‍ അവിടം വളഞ്ഞു. അഞ്ചുമണിക്കൂറോളം ജഫ്രി സോണിയാഗാന്ധി, മുഖ്യമന്ത്രി നരേന്ദ്രമോഡി തുടങ്ങി പലരേയും വിളിച്ച്‌ പൊലീസ്‌ സംരക്ഷണത്തിന്‌ അഭ്യര്‍ത്ഥിച്ചു. മൂന്നുമീറ്ററോളം ഉയരമുള്ള മതില്‍കെട്ടാണ്‌ അവിടെയുണ്ടായിരുന്നത്‌. സമീപത്തെ വീടുകളില്‍നിന്ന്‌ ഗ്യാസ്‌ സിലിണ്ടറുകള്‍ കൊണ്ടുവന്ന്‌ സ്‌ഫോടനം നടത്തി മതില്‍പൊളിച്ചു.
കൊല്ലരുതെന്നഭ്യര്‍ത്ഥിച്ച ജെഫ്രിയോട്‌ ജനക്കൂട്ടം പകരം പണംനല്‍കാന്‍ ആവശ്യപ്പെട്ടു. ജീവന്‍ രക്ഷിക്കാന്‍വേണ്ടി കൈയ്യിലുള്ള പണം എല്ലാം എടുത്തുകൊണ്ട്‌ ജഫ്രി പുറത്തുവന്നു. അതുകൊടുത്ത്‌ തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോള്‍ നാലഞ്ചുപേര്‍ ചേര്‍ന്ന്‌ ജഫ്രിയെ പിടിച്ചുനിര്‍ത്തി. മറ്റൊരു സംഘം വാള്‍കൊണ്ട്‌ അദ്ദേഹത്തിന്റെ തല വെട്ടിപ്പൊളിച്ചു. പിന്നെ കൈകളും കാലുകളും മുറിച്ചെറിഞ്ഞു. എന്നിട്ട്‌ തറയില്‍ കിടത്തി ജീവനോടെ കത്തിച്ചു. തുടര്‍ന്ന്‌ സംഘം അകത്തുകയറി മറ്റുള്ളവരെയും വെട്ടിക്കൊന്ന്‌ കത്തിച്ചു. സ്‌ത്രീകളെ കൊല്ലുംമുമ്പ്‌ ബലാല്‍സംഗം ചെയ്‌തു.'' ഇത്‌ ഒരു പൊലീസ്‌ ഒഫീസറുടെ വെളിപ്പെടുത്തലാണ്‌. ഒരു ഫാസിസ്റ്റ്‌ ഭരണാധികാരിയും അയാളുടെ ആള്‍ക്കൂട്ടവും ചേര്‍ന്ന്‌ നടത്തിയ മനുഷ്യക്കുരുതിയെക്കുറിച്ച്‌ ലോകമനഃസാക്ഷിക്കുമുന്നില്‍ എഴുതി നല്‍കുന്ന സത്യവാങ്‌മൂലം.

നാനാവതിയും കലാപത്തില്‍ പങ്കെടുത്തു

ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ മൂന്ന്‌ സത്യവാങ്‌മൂലങ്ങളാണ്‌ ആര്‍ ബി ശ്രീകുമാര്‍ കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാനെത്തിയ ജസ്റ്റിസ്‌ നാനാവതി കമ്മീഷനു നല്‍കിയത്‌. എന്നാല്‍ ഇന്ത്യകണ്ട ഏറ്റവും വലിയ കൂട്ടിക്കൊടുപ്പുകാരനായിരുന്നു നാനാവതിയെന്ന്‌ കാലം തെളിയിച്ചു. സത്യങ്ങളെല്ലാം മൂടിവയ്‌ക്കപ്പെട്ടു. ഇരകളുടെ ചോരയിലും നിലവിളിയിലും ചവിട്ടിനിന്ന്‌ ഒരു `ന്യായാധിപന്‍' വേട്ടക്കാര്‍ക്കുവേണ്ടി റിപ്പോര്‍ട്ടെഴുതി. ജസ്റ്റിസ്‌ നാനാവതി യഥാര്‍ത്ഥത്തില്‍ കലാപത്തില്‍ പങ്കുകൊള്ളുകയായിരുന്നു. അയാള്‍ മോഡിക്കും ഹിന്ദു തീവ്രവാദികള്‍ക്കുംവേണ്ടി ചരിത്രത്തെ വളച്ചൊടിച്ചു. ചരിത്രം അങ്ങനെയാണ്‌ ഇരകളോട്‌ പെരുമാറുക. അവരുടെ നിലവിളികളും സഹനങ്ങളും ചരിത്രത്തില്‍ രേഖപ്പെടാതെ പോകും. പൊലീസും ഭരണകൂടവും ന്യായാധിപന്‍മാരും ചേര്‍ന്നൊരുക്കുന്ന പ്രാമാണിക രേഖകള്‍ ചരിത്രമായിമായിത്തീരും. അതാണ്‌ ഇവിടെയും സംഭവിച്ചത്‌. ഇരകള്‍ പൂര്‍ണ്ണമായും ഉന്‍മൂലനം ചെയ്യപ്പെട്ട ഗുജറാകത്തില്‍നിന്നും അവരുടെ അനുഭങ്ങളും ഓര്‍മ്മകളും ചരിത്രത്തിനുനേരെ ഉന്നയിക്കപ്പെടാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടിവരും. അവിടെയാണ്‌ ആര്‍ ബി ശ്രീകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക്‌ ചരിത്രപരമായ പ്രാധാന്യം കൈവരുന്നത്‌.
ഗുജറാത്തില്‍ ഇന്ന്‌ മുസ്ലിങ്ങളാരുമില്ല. ഉള്ളവര്‍ അവരെ സ്വയം മറച്ചുപിടിച്ച്‌ ഹൈന്ദവ തീവ്രവാദികള്‍ക്ക്‌ അടിമപ്പെട്ട്‌ ജീവിക്കുന്നു. വ്യാജ ഏറ്റുമുട്ടലുകളില്‍ നിരവധിയാളുകല്‍ ഇപ്പോഴും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. അതില്‍ മുസ്ലിങ്ങളും സത്യസന്ധരായ ഉദ്യോഗസ്‌തരുമുണ്ട്‌. രാഷ്‌ട്രീയനേതാക്കളുണ്ട്‌. ഗുജറാത്തിന്റെ മണ്ണില്‍ ആരുടെയും ജീവന്‌ ഉറപ്പില്ല. വിമത ശബ്‌ദങ്ങളോ കലാപ്രവര്‍ത്തനങ്ങളോ ചലച്ചിത്രമോപോലും അവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ല. ഗുജറാത്ത്‌ കലാപത്തെ ആധാരമാക്കി പുറത്തുവന്ന പര്‍സാനിയ ഇനിയും ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാനായിട്ടില്ല. പൂര്‍ണ്ണമായും ഫാസിസ്റ്റവല്‍ക്കരിക്കപ്പെട്ട ഒരു ദേശമായി അത്‌ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

 

Wednesday, February 11, 2009

ചരിത്രം വെളിപ്പെടുന്ന വായനകള്‍


പരദേശി സിനിമയും രാഷ്‌ട്രീയവും
(ചലച്ചിത്ര പഠനങ്ങള്‍)
എഡി. ഡോ ഉമര്‍ തറമേല്‍
പേജ്‌: 118 വില: 100 രൂപ
അതര്‍ ബുക്‌സ്‌, കോഴിക്കോട്‌



ചലച്ചിത്രം എങ്ങനെയാണ്‌ ദേശത്തെ ആവിഷ്‌കരിക്കുന്നത്‌?
ദേശീയതയുടെ ഉള്ളടക്കങ്ങളെ, മാറിമറിയുന്ന സാമൂഹ്യജീവിതാവസ്ഥകളെ ഏതൊക്കെരീതികളിലാണ്‌ സിനിമ അടയാളപ്പെടുത്തുന്നത്‌? വ്യത്യസ്‌ത ഭാഷണങ്ങളെ ആഖ്യാനത്തിലേയ്‌ക്ക്‌ പ്രവേശിപ്പിച്ചുകൊണ്ട്‌ ഒരുഭൂഭാഗത്തെ ദേശീയതയായി സങ്കല്‍പ്പിക്കുകയാണ്‌ ചലച്ചിത്രം. വ്യത്യസ്‌ത ശരീരഭാഷകളിലൂടെ, ശരീരങ്ങളുടെ കലര്‍പ്പിലൂടെ, `കലര്‍പ്പില്ലാത്ത ശരീരബോധ'ങ്ങളെ സ്ഥാപിക്കുന്നതിലൂടെ, ഭാഷണഭേദങ്ങളിലൂടെ ചലച്ചിത്രം ഒരു സാമൂഹ്യമാതൃക നിര്‍മ്മിക്കുന്നു. അമ്പതുകളിലെയും അറുപതുകളിലെയും മലയാള സിനിമയില്‍ ശരീരങ്ങളുടെ കൂടിക്കലരല്‍ ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യമായിരുന്നു. വ്യത്യസ്‌ത ജാതികളിലും വര്‍ഗ്ഗങ്ങളിലും പെട്ടവര്‍, ഗ്രാമീണ ആവാസ വ്യവസ്ഥകള്‍, കാര്‍ഷികവും കാര്‍ഷികേതരവുമായ തൊഴില്‍ ഇടങ്ങള്‍, വേല, കൂലി, ആഘോഷങ്ങള്‍, കലഹം, പ്രണയം, വിരഹം, വിവാഹം, സംഘര്‍ഷം, പലായനം, സ്വപ്‌നങ്ങള്‍ എല്ലാം ഒരേസമയം പ്രമേയങ്ങളാകുന്നു. നിത്യജീവിത സംഘര്‍ഷങ്ങളെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും അനുഷ്‌ടഠാനങ്ങളിലൂടെയും മെരുക്കിയെടുത്ത്‌ സാമൂഹ്യജീവിതത്തിന്റെ ജൈവക്രമമാക്കി മാറ്റുന്ന നിരവധി ജീവിതസന്ദര്‍ഭങ്ങള്‍ ചലച്ചിത്രങ്ങള്‍ ആവിഷ്‌കരിച്ചു. ന്യൂനപക്ഷങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റ്‌ സ്വത്വങ്ങളെയും പ്രതിനിധീകരിക്കുന്ന ശരീരങ്ങളുടെ കലരല്‍ തകഴി, ഉറൂബ്‌, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി, കേശവദേവ്‌, തോപ്പില്‍ ഭാസി തുടങ്ങിയവരുടെ ചലച്ചിത്രങ്ങളില്‍ സാധ്യമായിരുന്നു.

കലര്‍പ്പില്ലാത്ത ശരീരബോധം
എണ്‍പതുകളോടെ കാഴ്‌ചയില്‍ ചിലവ്യതിയാനങ്ങള്‍ സംഭവിക്കുന്നു. കൂടിക്കലരുന്നു ശരീരങ്ങളില്‍ നിന്നും `കലര്‍പ്പില്ലാത്ത ശരീരബോധ'ത്തിലേയ്‌ക്കുള്ളമാറ്റം. അതൊരു സാംസ്‌കാരിക നിര്‍മ്മിതിയാണ്‌. സംസ്‌കാരം ഒരതീതപ്രതിഭാസമല്ല. അത്‌ സാമൂഹ്യജീവിതത്തിലെ സര്‍വ്വതലസ്‌പര്‍ശിയായ ഒന്നാണ്‌. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാളചലച്ചിത്രങ്ങളില്‍നിന്നും ന്യൂനപക്ഷങ്ങളും മുസ്ലിം കഥാപാത്രങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റ്‌ സാമൂഹ്യസ്വത്വങ്ങളും അദൃശ്യസാന്നിധ്യമായിത്തുടങ്ങുന്നു. ഒരു ദേശത്തെ സങ്കല്‍പ്പിക്കുമ്പോള്‍, അതൊരു സാമൂഹ്യമാതൃകയായി കാഴ്‌ചപ്പെടുമ്പോള്‍ ചിലവാര്‍പ്പുരൂപങ്ങളായോ ഫോര്‍മുല കഥാപാത്രങ്ങളായോ പലതില്‍ ഒരിഴയായോ മാത്രം അരികുജീവിതങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ സാംസ്‌കാരിക അനുഭവങ്ങള്‍ പൊതുമണ്ഡലത്തില്‍ ഉന്നയിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ പരമാവധി നീട്ടിവയ്‌ക്കപ്പെടുകയായിരുന്നു. ദേശീയ ചരിത്ര നിര്‍മ്മിതികളില്‍ അപരമായിത്തീരുന്ന ജീവിതങ്ങളെ പിന്തുടരുന്ന ചലച്ചിത്രമെന്ന നിലയില്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ `പരദേശി'യുടെ രാഷ്‌ട്രീയ -ചരിത്ര പ്രാധാന്യത്തെ നിര്‍ദ്ധാരണം ചെയ്യുന്ന നിരവധി പാരായണങ്ങള്‍ അവതരിപ്പിക്കുകയാണ്‌ `പരദേശി സിനിമയും രാഷ്‌ട്രീയവും' എന്ന പുസ്‌തകം. പരദേശി എന്ന ചലച്ചിത്രത്തെക്കുറിച്ച്‌ എഴുതപ്പെട്ട പതിമൂന്ന്‌ ലേഖനങ്ങളും പ്രധാനപ്പെട്ട നാല്‌ അഭിമുഖങ്ങളും പി ടി കുഞ്ഞുമുഹമ്മദിന്റെ മഗ്‌രിബ്‌ എന്ന ചിത്രത്തെക്കുറിച്ചുള്ള ഒരനുബന്ധ ലേഖനവും അടങ്ങുന്നതാണ്‌ ഡോ ഉമര്‍ തറമേല്‍ എഡിറ്റുചെയ്‌ത `പരദേശി സിനിമയും രാഷ്‌ട്രീയവും.'

മൂസ മടങ്ങിവരുന്നില്ല
``നമ്മുടെ ചരിത്രമെഴുത്തിന്റെ കാര്യത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുള്ള കോളനീകൃതമായ ആശയവ്യവഹാര സ്വാധീനങ്ങള്‍ ചരിത്രത്തിന്റെ യഥാര്‍ത്ഥ പിസരങ്ങളെ ഏറെക്കുറെ തമസ്‌കരിക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്‌തിട്ടുണ്ട്‌.'' എന്ന്‌ പുസ്‌തകത്തിന്റെ ആമുഖക്കുറിപ്പില്‍ ഡോ. ഉമര്‍ തറമേല്‍ നിരീക്ഷിക്കുന്നു. ``ഈ ചലച്ചിത്രം ചര്‍ച്ച ചെയ്യുന്ന മര്‍മ്മപ്രധാനമായ ഉപപാഠമാണ്‌ സംസ്‌കാരം. ഇന്ത്യാ വിഭജനത്തിന്റെ ആവശ്യമായി ഉന്നയിക്കപ്പെട്ട ഒരു വാദം ഇന്ത്യയില്‍ മതാധിഷ്‌ഠിതമായ രണ്ടുതരം സംസ്‌കാരങ്ങള്‍ നിനലനില്‍ക്കുന്ന എന്നതാണ്‌. അതിനാല്‍ വിഭജനം അനിവാര്യമാണ്‌. ഈ വാദം തെറ്റാണെന്ന്‌ പരദേശി അടയാളപ്പെടുത്തുന്നു. പാക്കിസ്ഥാനില്‍നിന്നും ഓരോ തവണയും മൂസക്ക്‌ മടങ്ങിയെത്താന്‍ പ്രചോദനമാവുന്നത്‌ സ്വന്തം നാടും സംസ്‌കാരവുമാണ്‌.... വിഭജനം സംസ്‌കാരത്തിന്റെ /മതത്തിന്റെ താല്‌പര്യമായിരുന്നുവെങ്കില്‍ മൂസ മടങ്ങിവരേണ്ട ആവശ്യമില്ല. മതത്തിന്റേതല്ല ജീവിതത്തിന്റെ കൂടിപ്രശ്‌നമാണിതെന്ന്‌ പരദേശി അടയാളപ്പെടുത്തുന്നുണ്ട്‌'' എന്ന കെ എന്‍ പണിക്കര്‍ നിരീക്ഷിക്കുന്നു. ഇതിനുസമാനമായി ഒരനുഭവപാഠത്തെ മുന്നോട്ടുവെച്ചുകൊണ്ടാണ്‌ ഈ തീഷ്‌ണജീവിതത്തെ വി കെ ശ്രീരമാന്‍ വായിക്കുന്നത്‌. പൗരത്വം വേട്ടയാടുന്ന കാദര്‍മാഷിന്റെ ജീവിതം ഭരണകൂട യുക്തിയെ വിചാരണചെയ്യുന്ന ഓര്‍മ്മയുടെ രേഖപ്പെടുത്തലായി മാറുന്നു.

ഭൂതകാലം മടങ്ങിവരുമ്പോള്‍
പീഡിത ഭൂതകാലത്തെക്കുറിച്ചുള്ള രാഷ്‌ട്രീയവും, വംശീയവും, വ്യക്തിപരവുമായ ഓര്‍മ്മകളെ പുനരാനയിക്കല്‍ രീതീശാസ്‌ത്രപരമായി നിര്‍ണ്ണായകമാണ്‌. ഭൂതകാലത്തെക്കുറിച്ച്‌ വസ്‌തുതാപരമായ വിശകലനത്തിനാണ്‌ ചരിത്രം ശ്രമിക്കുന്നത്‌. ചരിത്രപരമായ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെതന്നെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ഈ ചോദ്യങ്ങള്‍ ഏറെ മൂല്യപരവും വൈകാരികവുമായിരിക്കും. ചലച്ചിത്രങ്ങളെ സംബന്ധിച്ചും ഇത്‌ പ്രസക്തമാണ്‌. പരദേശി ചരിത്ര വിശകലനത്തിന്‌ മുതിരുന്നില്ല. മറിച്ച്‌ ഓര്‍മ്മകളെ മുന്‍നിര്‍ത്തി ചലച്ചിത്രം ചരിത്രത്തോട്‌ ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്‌. വളരെയധികം മൂല്യങ്ങള്‍ അടങ്ങിയിരിക്കുന്ന വൈകാരികമായ ചോദ്യങ്ങള്‍. അതേസമയം പരദേശി ഭൂതകാലത്തിന്റെ രേഖപ്പെടുത്തലല്ല. വവര്‍ത്തമാനകാലത്തുതന്നെയാണ്‌ ചലച്ചിത്രം സ്ഥാനപ്പെടുന്നത്‌. ``ഉപജീവനം തേടി മറുവശത്തേയ്‌ക്ക്‌ പോവുകയും സമ്പാദ്യവുമായി തിരിച്ചുവരുകയും ചെയ്യുന്ന ഒരു കാലത്തില്‍നിന്ന്‌ വ്യത്യസ്‌തമായി രാഷ്‌ട്രം, അതിര്‍ത്തി, പൗരത്വംതുടങ്ങിയ പുതിയ കാര്യങ്ങളിലൂടെ ഇവ നിര്‍വഹിക്കുന്ന കാലത്തിലേക്കുള്ള മാറ്റം രാഷ്‌ട്രം, ദേശീയത എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ കളമൊരുക്കുന്നുണ്ട്‌. ഇത്തരം മാറ്റത്തെ നേര്‍ക്കുനേര്‍ അനുഭവിക്കുന്ന വ്യക്തിയിലൂടെയാണ്‌ `രാഷ്‌ട്രത്തെ' പരദേശി വിശകലനം ചെയ്യുന്നത്‌'' (ഡോ. കെ എന്‍ പണിക്കര്‍) കേരളത്തിലെ പ്രത്യേകിച്ച്‌ മലബാറിലെ നിരവധി മുസ്ലിങ്ങളെ പൗരത്വത്തിന്റെ പേരില്‍ രാഷ്‌ട്രം വേട്ടയാടിക്കൊണ്ടിരിക്കുന്നുവെന്ന വര്‍ത്തമാന അനുഭവത്തെ കാഴ്‌ചയിലേയ്‌ക്ക്‌ പകര്‍ത്തുകയായിരുന്നു പരദേശി. ഈ ചലച്ചിത്രത്തിന്‌ എഴുതിച്ചേര്‍ത്ത ഒരനുബന്ധമാണ്‌ `പരദേശി സിനിമയും രാഷ്‌ട്രീയവും.' സിനിമയെന്ന നിലയില്‍ പരദേശിക്കുള്ള പരിമിതികളെ വിമര്‍ശിച്ചുകൊണ്ടുതന്നെ ചലച്ചിത്രം വഹിക്കുന്ന രാഷ്‌ട്രീയ സന്ദേഹങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ വീണ്ടും ചര്‍ച്ചയ്‌ക്കുവെക്കുകയാണ്‌ ഈ ഗ്രന്ഥം.

സിനിമയിലെ മുസ്ലിം
``ഇന്നും ഇന്ത്യയിലെയും കേരളത്തിലെയും മുസ്ലിം സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്‌ പൗരത്വം തെളിയിക്കലും ദേശ സ്‌നേഹം പ്രകടിപ്പിക്കലും.'' എന്ന പി കെ ശ്രീകുമാറിന്റെ നിരീക്ഷണം സമകാലിക ചലച്ചിത്രങ്ങളില്‍ ആവിഷ്‌കൃതമാകുന്ന മുസ്ലിം പ്രതിനിധാനങ്ങളുടെ രാഷ്‌ട്രീയ പ്രത്യയശാസ്‌ത്ര ബോധങ്ങളിലാണ്‌ ചെന്നു തൊടുന്നത്‌. എണ്‍പതുകളിലും തൊണ്ണൂറുകളിലും പുറത്തുവന്ന മുഖ്യധാരാ സാഹിത്യത്തിലും ചലച്ചിത്രത്തിലും മുസ്ലിങ്ങളോടുള്ള സന്ദിഗ്‌ധത പ്രകടമാകുന്നു. മുസ്ലിംജീവിതവും സംസ്‌കാരവും പലതില്‍ ഒരിഴയായോ നന്‍മതിന്‍മകളുടെ വാര്‍പ്പുമാതൃകകളായോ കാഴ്‌ചപ്പെടുന്നു. ഈ ജനവിഭാഗത്തെ പ്രാന്തവല്‍ക്കരിച്ച്‌ അയുക്തിയുടെ മേഖലയില്‍ പ്രതിഷ്‌ഠിക്കുന്ന ചലച്ചിത്രങ്ങളില്‍ മതമൗലികവാദി, തീവ്രവാദി, അധോലോക നായകന്‍തുടങ്ങിയ പ്രതിബിംബങ്ങള്‍ സൃഷ്‌ടിക്കുന്നു. മണ്ഡല്‍/ മസ്‌ജിദ്‌/ ഗുജറാത്ത്‌ അനന്തരകാലം നിര്‍മ്മിച്ച ഏകശിലാരൂപമായ ദേശീയതകള്‍ക്ക്‌ മധ്യവര്‍ഗ്ഗവരേണ്യസമുദായങ്ങള്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയാണ്‌ ഇത്തരം പ്രതിബിംബ നിര്‍മ്മിതിരളെ സാര്‍വത്രികമാക്കുന്നത്‌. പ്രാദേശിക ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പാരസ്‌പര്യത്തിന്റെ സങ്കീര്‍ണ്ണ ചരിത്രമുള്ള ജനവിഭാഗമെന്ന നിലയില്‍ മുസ്ലിംസമുദായം ആഖ്യാനങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുന്നു. ഏറനാടിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ ഉള്ളടക്കങ്ങളെ മറച്ചുപിടിയ്‌ക്കുന്ന ആഖ്യാനങ്ങളില്‍ മുസ്ലിം ശരീരം ഒരു പ്രത്യേകരീതിയില്‍ മാത്രം അടയാളപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌?
ജനപ്രിയചലച്ചിത്രങ്ങളുടെ പ്രതിനിധാനവ്യവസ്ഥയില്‍ മുസ്ലിം ഒന്നുകില്‍ ക്രൂരനും അക്രമാസക്തനുമായ നാഗരിക അധോലേകശരീരം. അല്ലെങ്കില്‍ നിഷ്‌കളങ്കനും ശുദ്ധനുമായ ഗ്രാമീണന്‍. മതത്തിലേയ്‌ക്കുള്ള അമിതമായ ഊന്നല്‍ മറ്റുരീതികളില്‍ മുസ്ലിം ശരീരം ആവിഷ്‌കരിക്കപ്പെടാനുള്ള സാധ്യതകളെ മറച്ചുപിടിക്കുന്നു. കീഴ്‌ ജാതിസമൂഹം, തൊഴിലാളിവര്‍ഗ്ഗം, കര്‍ഷകര്‍ തുടങ്ങിയ സംവര്‍ഗ്ഗങ്ങളില്‍ നിന്നും സാമൂഹിക-അനുഭവ മണ്ഡലങ്ങളില്‍ നിന്നും മുസ്ലിങ്ങളെ അടര്‍ത്തി മതപരമായ ചട്ടക്കൂട്ടിലേയ്‌ക്ക്‌ ഒതുക്കുയായിരുന്നു ഇത്തരം ആഖ്യാനങ്ങള്‍. തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന ധാരണകള്‍ കാലക്രമേണ സാമാന്യബോധത്തിന്റെ ഭാഗമാവുകയും അത്‌ പലതരം ആഖ്യാനങ്ങളിലേയ്‌ക്ക്‌ സംക്രമിക്കുകയും ചെയ്യും. ഉപ്പ്‌ (പവിത്രന്‍) മഗരിബ്‌, ഗര്‍ഷോം (പി ടി കുഞ്ഞുമുഹമ്മദ്‌) തുടങ്ങിയ ചിത്രങ്ങളുടെ ആഖ്യന കേന്ദ്രത്തിലേയ്‌ക്ക്‌ മുസ്ലിം ജീവിതവും സംസ്‌കാരവും കടന്നുവരുന്നുണ്ട്‌. പാകിസ്ഥാന്‍ പൗരത്വം ആരോപിച്ച്‌ പുറത്താക്കപ്പെടുന്ന മുസ്ലിംജീവിതങ്ങള്‍ മലബാറിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ സൃഷ്‌ടിക്കുന്ന സന്ദിഗ്‌ധതകളെ പിന്തുടരുന്ന `പരദേശി' വിഭജന കാലംമുതല്‍ മലബാറിലെ മുസ്ലിങ്ങളനുഭവിക്കുന്ന നിതാന്ത അപരത്വത്തിന്റെ രാഷ്‌ട്രീയ സന്ദേഹങ്ങളാണ്‌ പങ്കുവെക്കുന്നത്‌. ഈ ചലച്ചിത്ര ശ്രമങ്ങള്‍ക്ക്‌ പക്ഷെ, മുഖ്യധാരാ ജനപ്രിയകാഴ്‌ചയെ രൂപപ്പെടുത്തുന്നതില്‍ കാര്യമായ പങ്കുവഹിക്കാന്‍ കഴിഞ്ഞില്ലെന്നതാണ്‌ വാസ്‌തവം.

സിനിമ വായിക്കുമ്പോള്‍
ചലച്ചിത്ര മൂലധന വ്യവസ്ഥയുടെ അധീശമൂല്യങ്ങളോടും സാംസ്‌കാരിക അധിനിവേശങ്ങളോടും കലഹിക്കുന്ന ചലച്ചിത്രങ്ങള്‍ ഒരേസമയം ദേശ-രാഷ്‌ട്രത്തിന്റെ `പൗരധര്‍മ്മം' പാലിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന/പുറത്താക്കപ്പെടുന്ന വ്യക്തികളോടാണ്‌ ആഭിമുഖ്യം പുലര്‍ത്തുന്നത്‌. ചലച്ചിത്രം പറയുന്നത്‌ ചരിത്രമാണ്‌, അഥവാ ചരിത്രത്തെ മറികടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്‌. `പരദേശി സിനിമയും രാഷ്‌ട്രീയവും' വീണ്ടും വീണ്ടും വായിക്കപ്പെടുന്നതിലൂടെ യാഥാര്‍ത്ഥ്യത്തിന്റെ നിരവധി അടരുകള്‍ അനാവൃതമാകുന്നുണ്ട്‌. അത്‌ എഴുതപ്പെട്ട/പ്രചരിപ്പിക്കപ്പെട്ട ചരിത്രത്തെ പ്രതിരോധത്തിലാക്കുന്ന പ്രതിരചനയുടെ/ വായനയുടെ സാധ്യതയാണ്‌ തുറന്നുവയ്‌ക്കുന്നത്‌. ``പരദേശി എന്ന ചിത്രം അവസാനിക്കുന്നിടത്താണ്‌ ഈ സംവാദങ്ങള്‍ ആരംഭിക്കുന്നത്‌. അതാണ്‌ ഈ പുസ്‌തകത്തിന്റെ പ്രസക്തി. പരദേശി ഒരു ലോകോത്തര ചലച്ചിത്രമാണ്‌ എന്ന മിഥ്യാധാരണയൊന്നും ഈ പരിശോധനയ്‌ക്ക്‌ പിന്നില്‍ ഇല്ല. നമ്മുടെ ചലച്ചിത്ര സംസ്‌കാരം, സൗന്ദര്യശാസ്‌ത്ര യുക്തികള്‍, പൊതുബോധ മണ്ഡലത്തില്‍ അവയുടെ നിലനില്‍പ്പ്‌ എന്നിവയെ സംവാദമുഖത്ത്‌ കൊണ്ടുവരുക എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ ഉദ്ദേശ്യം.'' എന്ന എഡിറ്റര്‍ ഡോ. ഉമര്‍ തറമേലിന്റെ പ്രസ്‌തവനയെ അര്‍ത്ഥവത്താക്കുംവിധം സംവാദാത്മകമാണ്‌ പരദേശി സിനിമയും രാഷ്‌ട്രീയവും. 

Sunday, February 1, 2009

വിഭജിക്കപ്പെട്ട ഭൂപടം


ചാരുകസേര
(നോവല്‍)
തോപ്പില്‍ മുഹമ്മദ്‌ മീരാന്‍
വില:120 രൂപ പേജ്‌: 259


ഭാഷ അതിരുകള്‍ തിരിച്ചിടും മുമ്പ്‌ ഒന്നായിക്കിടന്ന തിരുവിതാകൂരിന്റെ പഴയ രാഷ്‌ട്രീയ ഭൂപടത്തിനുള്ളിലാണ്‌ തെന്‍ഫത്തന്‍ എന്ന കടലോര ഗ്രാമം. സ്വാതന്ത്ര്യാനന്ത്രം രൂപംകൊണ്ട്‌ ഭാഷാ സംസ്ഥാനങ്ങളിലൂടെ വിഭജിക്കപ്പെട്ട സാസ്‌കാരിക മുദ്രകളും കുടുംബ പുരാണങ്ങളും ചരിത്രമായും ചരിത്രത്തിനപ്പുറത്തേക്കു നീളുന്ന ഓര്‍മ്മകളുടെ രേഖപ്പെടുത്തലായും പുനര്‍ജ്ജനിച്ചെത്തുന്നു. അത്‌ ചരിത്രത്തെ പലമാതിരി വായിക്കുവാന്‍ പ്രേരിപ്പിക്കുന്നു. സാമുദായിക-സാമൂഹിക ജീവിതത്തിന്റെ ചേതനവും അചേതനവുമായ നിരവധി ബിംബങ്ങളിലൂടെ രണ്ടര നൂറ്റാണ്ടിന്റെ സാംസ്‌കാരിക ചരിത്രത്തെ നോവല്‍ ഘടനയിലേക്ക്‌ ആവാഹിച്ചു നിര്‍ത്തുകയാണ്‌ തോപ്പില്‍ മുഹമ്മദ്‌ മീരാന്റെ ചാരുകസേര. ആധികാരികവും വ്യവസ്ഥാപിതവുമായ ഒരു ചരിത്ര രചനാ സങ്കേതമായി ഇവിടെ നോവല്‍ മാറുന്നില്ല. ചരിത്രമെഴുത്തിന്റെ പാരമ്പര്യ സങ്കേതങ്ങളെ ഉടച്ചു വാര്‍ക്കുന്ന ജീവിത ചിത്രീകരണമാണ്‌ ചാരുകസേരയില്‍ വായിക്കാനാവുന്നത്‌.

ചരിത്രം വായിക്കുന്നവിധം
ഭരണകൂടങ്ങള്‍ മാറിമറിയുന്നതിനനുസരിച്ച്‌, അവരുടെ ബുദ്ധിക്കും താല്‌പര്യത്തിനും അനുസരിച്ച്‌ ജീവിതം ഉടച്ച്‌ ക്രമപ്പെടുത്തേണ്ടിവരുന്ന സാമൂഹിക-ജീവിത ചുറ്റുപാടുകള്‍ ആവര്‍ത്തിക്കുന്ന സവിശേഷമായൊരു ഭൂമിശാസ്‌ത്ര പരിസരം ഈ നോവലിനുണ്ട്‌. തിരുവിതാംകൂറിന്റെ ഭരണകൂട താല്‌പര്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും കീഴിലായിരുന്ന ഒരു ഭൂമിശാസ്‌ത്രത്തെ ജനാധിപത്യ ഭരണകൂടം മാറ്റിവരച്ചപ്പോള്‍ വിഭജിക്കപ്പെട്ടുപോയ സാംസ്‌കാരിക തുടര്‍ച്ചയുടെ വൈകാരികവും സങ്കീര്‍ണ്ണവുമായ ഒരു ഭൂപടത്തിനുള്ളിലാണ്‌ ചാരുകസേരയുടെ പാരായണം പ്രസക്തമായൊരു സ്ഥലനിര്‍മ്മിതി സാധ്യമാക്കുന്നത്‌. ചാരുകസേരയുടെ ചരിത്ര സ്ഥലം തെന്‍ഫത്താന്‍ എന്ന കടലോര ഗ്രാമമാണ്‌. അതൊരു സാങ്കല്‍പ്പിക സ്ഥലവുമാണ്‌. അവിടെത്തെ ജീവലോകവും സാങ്കല്‍പ്പികമാണ്‌. ഒരു സാങ്കല്‍പ്പിക സ്ഥല പരിധിയിലേക്ക്‌ എങ്ങനെയാണ്‌ ചരിത്രം പ്രവേശിക്കുന്നത്‌? അവിടെ വിഹരിക്കുന്ന സാങ്കല്‍പ്പിക ജീവലോകം എങ്ങനെയാണ്‌ യഥാര്‍ത്ഥ സ്ഥലകാലങ്ങളിലേക്കും തിരികെയും സഞ്ചരിക്കുന്നത്‌? ഭിന്നമായ ഈ സ്ഥലകാലങ്ങളെ ബന്ധിപ്പിക്കുന്നത്‌ ചരിത്രമാണ്‌. ചരിത്രത്തിന്റെ പാതയിലൂടെയാണ്‌ ഈ സഞ്ചാരങ്ങള്‍ സാധ്യമാകുന്നത്‌.

തവമുറകളുടെ കഥ
തിരുവിതാകൂര്‍ രാജാവിനെ സേവകരായിരുന്ന ഒരു കുടുംബത്തിന്റെ അഞ്ചാം തലമുറയില്‍നിന്നാണ്‌ നോവല്‍ ആരംഭിക്കുന്നത്‌. തെന്‍ഫത്താന്‍ ഗ്രാമവും ജനങ്ങളും ആ കുടുംബത്തെ ചുറ്റിപ്പറ്റിയാണ്‌ കടന്നുവരുന്നത്‌. രാജാധികാരവുമായി ചേര്‍ന്നുനിന്നുകൊണ്ട്‌ തിരുവിതാകൂറിലെ ചില മുസ്ലിം കുടുംബങ്ങള്‍ അനുഭവിച്ചിരുന്ന സാമ്പത്തികവും സാമൂഹികവും സാമുദായികവുമായ പദവികളും, ഈ പദവികള്‍ക്കു പിന്നിലുള്ള സവര്‍ണ്ണ ബോധവും അതിന്റെ തകര്‍ച്ചയും ചാരുകസേരയില്‍ വായിക്കാം. രാജാവ്‌ കരമൊഴിവായി കൊടുത്ത ഭാരിച്ച ഭൂസ്വത്തിനുടമകളായിരുന്നു തെന്‍ഫത്തനിലെ സൗദാന്‍ മന്‍സില്‍. `തെന്‍ ഫത്തന്‍ ഗ്രാമത്തില്‍ ആ ദ്യമായി ആകാശം നോക്കി ഉയര്‍ന്ന ഇരുനില കെട്ടിടം സൗദാന്‍ മനസിലാണ്‌. ആ കടല്‍ത്തീര ഗ്രാമത്തില്‍ പത്തുമുന്നൂറോളം വീടുകളുണ്ട്‌. ഓടുമേഞ്ഞ വീടുകല്‍ വെറും നാലെണ്ണം മാത്രം. മറ്റുള്ളവയൊക്കെ ചെറ്റക്കുടിലുകളാണ്‌. ചെമ്മണ്ണ്‌ കുഴച്ച്‌ ചുമര്‍ കെട്ടിയ കുറച്ച്‌ വീടുകളുമുണ്ട്‌. ഇതിന്റെയെല്ലാം നടുവിലായി തലയുയര്‍ത്തി ആകാശത്തോട്‌ രസഹ്യം പറഞ്ഞുകൊണ്ട്‌ നില്‍ക്കുന്ന സൗദാന്‍ മന്‍സില്‍ ഗ്രാമവാസികള്‍ക്ക്‌ ലോകാതിശയങ്ങളില്‍ ഒന്നാണ്‌.'

മുസ്‌തഫാ കണ്ണ്‌
ചാരുകസേര ആരംഭിക്കുന്നത്‌ സൗദാന്‍ മന്‍സിലിലെ അഞ്ചാം തലമുറയില്‍നിന്നുമാണ്‌. പൂമുഖത്തെ ചാരുകസേരയില്‍ എപ്പോഴും ചടഞ്ഞിരിക്കുന്ന മുസ്‌തഫാ കണ്ണാണ്‌ തറവാടിന്റെ കാരണവര്‍. മെയ്യനങ്ങാതെ ജീവിച്ച മുസ്‌തഫാക്കണ്ണ്‌ തറവാടിന്റെ പ്രതാപത്തില്‍ അഭിരമിക്കുന്ന, തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കുടുംബത്തിന്റെ കഥയറിയാത്ത സുഖിമാനായ കാരണവരാണ്‌. രുചിയുള്ള പലഹാരങ്ങള്‍ക്കും ആഹാരങ്ങള്‍ക്കുമായി സ്വത്തുക്കള്‍ അയാള്‍ വിറ്റുകൊണ്ടിരുന്നു. വിശപ്പും കാമവും സദാപിന്തുടരുന്ന മുസ്‌തഫക്കണ്ണ്‌ അലസതയുടെയും സാമ്പത്തിക-സവര്‍ണ്ണ അധികാരത്തിന്റെയും ലൈംഗികാധിപത്യത്തിന്റെയും ആണ്‍ രൂപമായിരുന്നു. അയാള്‍ സമ്പത്തെല്ലാം വിറ്റത്‌ പെണ്ണിനും ഭക്ഷണത്തിനും വേണ്ടിയായിരുന്നു. അളവറ്റ ഭൂസ്വത്തു മാത്രമല്ല, ദാരിദ്ര്യത്തിന്റെ പരകോടിയിലും അഭിമാനത്തോടെ അയാള്‍ പറഞ്ഞിരുന്ന തറവാട്ട്‌ പാരമ്പര്യത്തിന്റെ ആണിക്കല്ലായിരുന്ന വാളും തളികയും രാജാവ്‌ നല്‍കിയ സമ്മാനങ്ങളും പ്രതാപത്തിന്റെ സകല ചിഹ്‌നങ്ങളും അയാള്‍ വിറ്റുതുലക്കുന്നു.

ചാരുകസേരയില്‍ ഇരിക്കാത്ത സ്‌ത്രീ

മുസ്‌തഫാക്കണ്ണ്‌ അയാള്‍ക്കുവേണ്ടിമാത്രം ജീവിക്കുന്നു. അയാള്‍ക്കുവേണ്ടിമാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പ്രതാപത്തിന്റെ ഈ ചുമരുകല്‍ക്കിടയില്‍ തലമുറകളിലൂടെ അടിച്ചമര്‍ത്തപ്പെട്ട പെണ്‍ജീവിതത്തിന്റെ ചിത്രവും കഥാകാരന്‍ തുറന്നു കാണിക്കുന്നുണ്ട്‌. സ്വയം ആവിഷ്‌കരിക്കാനോ കരയാനോപോലും നിവൃത്തിയില്ലാതെ ഒരു ഉപകരണംപോലുമല്ലാതെ `ജീവിക്കേണ്ടി'വരുന്ന സ്‌ത്രീകളുടെ സാമൂഹികാവസ്ഥയുടെ ചിത്രീകരണംകൂടിയാണ്‌ ചാരുകസേര. സാമ്പത്തികവും സാമൂഹികവും ലൈംഗികവുമായ അധികാരത്തിന്റെ ചിഹ്‌നമാണ്‌ ചാരുകസേര. അത്‌ പുരുഷനെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. പുരുഷന്റെ കുടുംബത്തിലെ അധികാരത്തെയാണ്‌ കാണിക്കുന്നത്‌. സൗദാന്‍ മന്‍സിലിന്റെ പിച്ചള വിജാഗിരികള്‍ ദ്രവിച്ച്‌ കതകുകളും ജനാലകളും ഇളകിവീഴുമ്പോഴും, ദാരിദ്ര്യം അടുക്കളയില്‍ നീറിപ്പിടിക്കുമ്പോഴും പൂമുഖത്തെ കസേരയില്‍ പ്രതാപത്തിന്റെ ഭൂതകാലക്കുളിരില്‍ കഴിയുകയാണ്‌ കുടുംബത്തിന്റെ കാരണവര്‍. ചുമരിലെ ക്ലോക്ക്‌ വിശപ്പിന്റെയും കാമത്തിന്റെയും സമയത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. തകരുന്ന തറവാടിന്റെ ഉമ്മറത്തെ ചാരുകസേരയില്‍ മെയ്യനങ്ങാതെ അലസ ശയനം നടത്തുന്ന മറ്റൊരു കാരണവരെ അടൂര്‍ ഗോപാലകൃഷ്‌ണന്റെ എലിപ്പത്തായത്തില്‍ നാം കണ്ടുമുട്ടുന്നുണ്ട്‌. പൂമുഖത്തെ ചാരുകസേരയില്‍ ചടഞ്ഞിരിക്കുന്ന ഈ അധികാര രൂപത്തെ സമൂഹം കടന്നുപോകുന്ന പീഡിതമായ പരിസരങ്ങളെക്കുറിച്ച്‌ തെല്ലും ബോധ്യമില്ലാത്ത രാഷ്‌ട്രീയ-ഭരണകൂട സ്ഥാപനങ്ങള്‍ക്കുനേരേയാണ്‌ കഥാകാരന്‍ ഉന്നിയിക്കുന്നത്‌. പ്രതിസ്വരങ്ങളെ അടിച്ചമര്‍ത്തുന്നതിന്‌ എപ്പോഴും അധികാരത്തിന്റെ ചൂരല്‍ ഭരണകൂടത്തിന്റെ പക്കലുണ്ട്‌. മുസ്‌തഫക്കണ്ണ്‌ തലമുറകളിലൂടെ കൈമാറികിട്ടിയ അദബ്‌ പെരമ്പുകൊണ്ട്‌ (ചൂരല്‍) ഭാര്യയെ (സ്‌ത്രീയെ) ക്രൂരമായി മര്‍ദ്ദിക്കുന്ന ചിത്രം നോവലില്‍ ആവര്‍ത്തിച്ചുവരുന്നു. തെക്കന്‍ തിരുവിതാകൂറിന്റെ സാമൂഹിക ജീവിതത്തിലേക്കും, വിഭജിത ഭൂപടത്തിന്റെ സാംസ്‌കാരിക അടരുകളിലേക്കും തുടര്‍ന്നുപോകുന്ന വായനയാണ്‌ ചാരുകസേര സാധ്യമാക്കുന്നത്‌. ഒരു കാലഘട്ടത്തിന്റെ സാമൂഹിക സാമ്പത്തിക രാഷ്‌ട്രീയ മതാധികാര ബന്ധങ്ങളുടെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന രചന എന്നനിലയിലും ചാരുകസേര പ്രസക്തമാകുന്നുണ്ട്‌.

പിന്‍ കുറിപ്പ്‌
തെന്‍ഫത്തന്‍ ഗ്രാമത്തിലെ ഭൂമി നൂറ്റാണ്ടുകള്‍ക്കുശേഷം അതിന്റെ യഥാര്‍ത്ഥ അവകാശികളായ സാധാരണമനുഷ്യരുടെ കൈകളിലേക്ക്‌ തിരികെയെത്തുന്നു. `മണ്ണിന്റെ മക്കള്‍ക്ക്‌ അവകാശപ്പെട്ട ഈ ഭൂമി നൂറ്റാണ്ടുകള്‍ക്കുശേഷം തിരിച്ച്‌ ഈ മണ്ണിന്റെ മക്കളുടെ കയ്യില്‍ തന്നെ വരുന്ന കാലചംക്രമണത്തെയാണ്‌ ഈ നോവല്‍ കാട്ടുന്നത്‌.' എന്നും. `ജന്‍മിത്തം കൊടി താഴ്‌ത്തിയപ്പോള്‍ ഈ ഭൂമി വീണ്ടും ആദിമക്കളുടെ കൈകളിലേക്ക്‌ വന്നുകൊണ്ടിരിക്കുകയാണ്‌. ഈ പ്രകൃതിപ്രതിഭാസമാണ്‌ ഈ നോവലിന്റെ കേന്ദ്രബിന്ദു.' എന്നും നോവലിസ്റ്റ്‌ അവകാശപ്പെടുന്നുണ്ട്‌.
എന്നാല്‍ ഈ തിരിച്ചെത്തില്‍ സ്വാഭാവികമായൊരു ചംക്രമണത്തിന്റെ ഫലമായൊന്നും സംഭവിക്കുന്നതല്ല. ഒരുപാട്‌ രാഷ്‌ട്രീയ മാറ്റങ്ങളിലൂടെ സമൂഹം പിടിച്ചുപറ്റുന്ന അവകാശമാണത്‌. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും സ്വന്തമായിരുന്ന മണ്ണ്‌ അവരില്‍നിന്നും മതാധിപത്യം സ്വന്തമാക്കുന്നു. പുരോഹിതരില്‍ നിന്നും രാജാധികാരത്തിന്റെ കൈകളിലേക്ക്‌ അത്‌ മാറ്റപ്പെടുന്നു. ജന്‍മിത്ത കുടുംബ വാഴ്‌ചകള്‍ പ്രീണിപ്പിച്ചും പിടിച്ചെടുത്തും ഈ ഭൂമി വിഭജിച്ച്‌ സ്വന്തമാക്കി. രാജാധികാരത്തില്‍ നിന്നും വികേന്ദ്രീകരികിട്ടുന്ന ജന്‍മിത്ത അധികാരം ജനതയ്‌ക്കുമേല്‍ നേരിട്ട്‌ ഇടപെട്ടുകൊണ്ടാണ്‌ വളര്‍ന്നുവരുന്നത്‌. ഈ ഇടപെടലുകളുടെ നിരവധി അസഹനീയതകളില്‍നിന്നും രൂപംകൊള്ളുന്ന രാഷ്‌ട്രീയ പ്രതിരോധങ്ങളാണ്‌ ജന്‍മിത്തത്തെ തുടച്ചുനീക്കുന്നത്‌. അത്‌ പ്രകൃതി പ്രതിഭാസം പോലെ സ്വാഭാവികമായിരുന്നു എന്നൊക്കെ വിലയിരുത്തുന്നത്‌ നോവലിന്റെ പാരായണസാധ്യതകളെ പരിമിതപ്പെടുത്തും. തികച്ചും അസംബന്ധവും ചരിത്രത്തെക്കുറിച്ചുള്ള അപാരമായ അജ്ഞതെയുമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.




Thursday, January 22, 2009

മറവിയുടെ രാഷ്‌ട്രീയം



കബനീനദി ചുവന്നത്‌...
(നോവല്‍)

ബാബു ഭരദ്വാജ്‌
വില: 40 രൂപ പേജ്‌: 76

ഡി സി ബുക്‌സ്‌, കോട്ടയം


കബനി നദി ചുവന്നപ്പോള്‍ എന്ന ചലച്ചിത്രം പുറത്തുവന്ന്‌ മൂന്ന്‌ പതിറ്റാണ്ടിനുശേഷം പ്രസിദ്ധീകരിച്ച നോവലാണ്‌ ബാബു ഭരദ്വാജിന്റെ `കബനീ നദി ചുവന്നത്‌...' ഒരു ചലച്ചിത്രത്തിന്റെ നിര്‍മ്മാണ വഴികളിലൂടെ തിരിച്ചു നടക്കുകയാണ്‌ ഈ നോവല്‍. കഥയും ചരിത്രവും ഓര്‍മ്മയുമല്ലാത്ത, എന്നാല്‍ ഇതൊക്കയായ ഒട്ടനവധി വൈകാരിക സന്ദര്‍ഭങ്ങളെ മുഖാമുഖം കാണുന്നു. ചരിത്രമെഴുത്തിന്റെ രീതീശാസ്‌ത്രത്തെ സംശയത്തോടെയാണ്‌ നോവല്‍ സമീപിക്കുന്നത്‌. ഒപ്പം സ്വന്തം ഓര്‍മ്മകള്‍ ചരിത്രത്തിന്‌ പകരം നില്‍ക്കുമോ എന്ന ആശങ്കയും അത്‌ വഹിക്കുന്നു. വ്യവസ്ഥാപിത ചരിത്ര രചനയ്‌ക്ക്‌ വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്‌ക്കാണ്‌ ആഖ്യാനം പ്രവേശിക്കുന്നത്‌. അത്‌ `ചരിത്ര'മല്ലെന്ന്‌ എഴുത്തുകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അതിന്‌ കഥയാവാന്‍ നിവൃത്തിയില്ല. കാരണം അനുഭവ തീവ്രമായൊരു ഭൂതകാലം ചരിത്രത്തിനുമപ്പുറത്തേയ്‌ക്ക്‌ അതിനെ പിടിച്ചു വലിക്കുന്നുണ്ട്‌.

മരണത്തിന്റെ കഥ
``കബനി ആദ്യമായും അവസാനമായും മരണത്തിന്റെ കഥയാണ്‌. എന്തിന്റെയൊക്കയോ മരണം, ചില ആകാംക്ഷകളുടെ ചില സ്വപ്‌നങ്ങളുടെ...'' കേരളത്തിലെ യുവാക്കളുടെ `അവസാനത്തെ ഉരുള്‍പൊട്ടലിന്റേതായ ദശക' ത്തെക്കുറിച്ചുള്ള ആത്മഗതമാണിത്‌. സ്‌മരണകള്‍ ഇരമ്പുന്ന മണ്ണടരിലൂടെയാണ്‌ ഒരു സംഘം യുവാക്കള്‍ യാത്ര ചെയ്യുന്നത്‌. ചലച്ചിത്രം വലിയൊരു സ്വപ്‌നമായി അവരെ ചൂഴ്‌ന്നു നില്‍ക്കുന്നു. ഒളിപ്പോരിന്റെ സൂക്ഷ്‌മതയോ വിപ്ലവത്തിന്റെ ജാഗ്രതയോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നില്ല. അത്യന്തം ശിഥിലമായ ഒരാഘോഷത്തിന്റെ ലഹരിയും കാല്‌പനികതയും അവരെ വഴിനടത്തി. ``വിപ്ലവം ആശയം മാത്രമല്ല, അതൊരു വ്യവസ്ഥിതിയെ തകിടം മറിയ്‌ക്കല്‍ മാത്രമല്ല. അത്‌ സംഘര്‍ഷവും ചോര ചൊരിയലും തകര്‍ത്തെറിയലും പിടിച്ചടക്കലും മാത്രമല്ല. അത്‌ പ്രണയവും വിരഹവും വിഷാദവുമാണ്‌.'' എന്ന്‌ അവര്‍ സ്വയം നിര്‍വചിക്കുന്നു.

ഓര്‍മ്മയുടെ പേരുകള്‍
എഴുപതുകളുടെ മധ്യാഹ്നത്തില്‍ ചിന്തയിലും സ്വപ്‌നത്തിലും സിനിമയുമായി നടന്നുപോയ ഒരുപാട്‌ യുവാക്കളുടെ കഥയാണിത്‌. പവിത്രന്‍, ബക്കര്‍, രാമചന്ദ്രന്‍, യോഹന്നാന്‍, വര്‍ഗ്ഗീസ്‌, ഗോപാലേട്ടന്‍... പിന്നെ ഓര്‍മ്മകളിലേക്ക്‌ പേരില്ലാതെ പ്രവേശിക്കുന്ന നിരവധിപേരുടെ കഥ. ``ഈ കഥയില്‍ ഒരിടത്തും വരാത്ത കബനിയിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ ഉണ്ട്‌. എഴുതുമ്പോള്‍ അവരെന്റെ മനസ്സിലേയ്‌ക്ക്‌ കടന്നുവരുന്നുണ്ട്‌. ഒരുപക്ഷെ, അവരെല്ലാം മരിച്ചിരിക്കും.'' അങ്ങേയറ്റം അനിശ്ചിതമായിരുന്നു ചലച്ചിത്രത്തിന്റെ ഓരോ നിമനിഷവും. കാലം പ്രക്ഷുബ്‌ദമായിയിരുന്നു. പല കാരണങ്ങള്‍ കൊണ്ട്‌ ഷൂട്ടിംഗ്‌ നീണ്ടുപോയി.

നമ്മള്‍ എന്തുകാണണം?
അടിയന്തിരാവസ്ഥയും പോലീസ്‌ പീഡനവും ഏറ്റുവാങ്ങി പലപ്പോഴും മുടങ്ങിയും തുടങ്ങിയും കബനിയുടെ ഷൂട്ടിംഗ്‌ പുരോഗമിച്ചു. ``എഴുതി തയ്യാറാക്കിയ സ്‌കൃപ്‌റ്റിന്റെ സീമകളെ അതിലംഘിച്ച്‌ അത്‌ വളര്‍ന്നുകൊണ്ടിരുന്നു.'' ഒടുവില്‍ ചിത്രം ഭരണകൂടത്തിന്റെ കാഴ്‌ചക്കുമുന്നില്‍ എത്തുന്നു. സമൂഹം ഏതു കാഴ്‌ച കാണണം എന്നു തീരുമാനിക്കുന്നത്‌ അവിടെയാണ്‌. സെന്‍സര്‍ ബോര്‍ഡ്‌, ഏറ്റവും ക്രൂരമായാണ്‌ ആ സിനിമയില്‍ ഇടപെട്ടത്‌. ``എല്ലാ സീനികളില്‍ നിന്നും എല്ലാ സീക്വന്‍സുകളില്‍ നിന്നും വെട്ടിമാറ്റി അലങ്കോലപ്പെട്ട ഒരു ചലച്ചിത്ര ശരീരം. തീവണ്ടി തട്ടിച്ചതഞ്ഞ ഒരു ശരീരം പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞ്‌ തിരിച്ചു കിട്ടിയാല്‍ പോലും ഇതിനേക്കാള്‍ രൂപം അതിനുകാണും.'' അങ്ങനെ ഒരവശിഷ്‌ട സിനിമാ ലോകം കണ്ടു.

മുറിഞ്ഞുചിതറിയ സിനിമ
മുറിച്ചുമാറ്റിയ നിരവധി ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവാതെ ആ സിനിമ മലയാള ചലച്ചിത്ര ചരിത്രത്തെ പ്രതിരോധത്തിലാക്കുന്നു. എഴുപതുകളുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ ചിതറിപ്പോയ നിരവധി ശരീരങ്ങള്‍ക്കൊപ്പം കാണാതായ ഉടലുകള്‍ക്കൊപ്പം ഒരു ചലച്ചിത്ര ശരീരം കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഓര്‍മ്മകള്‍ അതിനെ പുനരാനയിച്ചുകൊണ്ടിരിക്കുന്നു. ഒരു ചലച്ചിത്രത്തിന്റെ നിര്‍മ്മാണ കാലത്തെ ഓര്‍മ്മയിലേക്ക്‌ തിരികെ വിളിക്കുമ്പോള്‍ ജീവിതത്തിലും കലയിലും അതിരറ്റ ഊഷ്‌മളതയും സാഹസികതയും നിറഞ്ഞു നിന്ന ഒരു കാലഘട്ടത്തിന്റെ സംഘചേതന ചരിത്രത്തില്‍ അടയാളപ്പെടുന്നു. വിസ്‌മൃതിയുടെ രാഷ്‌ട്രീയത്തെ വിചാരണ ചെയ്‌തുകൊണ്ടാണ്‌ `കബനീ നദി ചുവന്നത്‌...' എന്ന നോവല്‍ സമകാലിക രാഷ്‌ട്രീയ/ ചരിത്രത്തെ പ്രശ്‌നവല്‍ക്കരിക്കുന്നത്‌.

Thursday, January 15, 2009

ഭീതിയുടെ പുസ്‌തകം



ഡ്രാക്കുള
(
നോവല്‍ )
അന്‍വര്‍ അബ്‌ദുള്ള
വില: 55 രൂപ പേജ്‌: 114
ഡി സി ബുക്‌സ്‌, കോട്ടയം


ആഖ്യാനത്തിലും പ്രമേയത്തിലും മൗലികമായൊരു പൊളിച്ചെഴുത്തിലൂടെയാണ്‌ അന്‍വര്‍ അബ്‌ദുള്ളയുടെ ഡ്രാക്കുള നിരവധി വായനകളിലേക്ക്‌ തുടര്‍ന്നുപോകുന്നത്‌. `ഞാനിനെ എക്കാലവും സംഭീതനാക്കിക്കൊണ്ട്‌ പിന്തുടര്‍ന്നിരുന്ന ഒരു പാരായണ സ്‌മൃതിയാണ്‌ ഡ്രാക്കുള.' എന്ന്‌ ആഖ്യാതാവ്‌ രേഖപ്പെടുത്തുന്നുണ്ട്‌. ഡ്രാക്കുളയിലേക്കു പ്രവേശിക്കുമ്പോഴുള്ള ഭീതിയുടെ ഈ സ്‌മൃതിയെ നോവലിസ്റ്റ്‌ ആദ്യമെ അഴിച്ചുകളയുന്നു. എന്നാല്‍ ഈ അഴിക്കലുകള്‍ സങ്കീര്‍ണമായി കെട്ടുപിണയുകയാണ്‌ ചെയ്യുന്നത്‌. നോവലിന്റെ ആമുഖത്തില്‍ ഡോ വി സി ഹാരിസ്‌ നിരീക്ഷിക്കുന്നുതുപോലെ കല്‍പ്പനയുടെ (വിഭ്രാന്തിയുടെ?) അടിത്തറമേലാണ്‌ ഇതുപോലൊരു നോവല്‍ സാധ്യമാകുന്നത്‌. `കേരളത്തില്‍ ഒരു ഗസ്റ്റ്‌ ലക്‌ചററായി ജോലി ചെയ്യുന്ന മനുഷ്യന്റെ കഥയും നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ യൂറോപ്പിലെവിടെയോ ജീവിച്ച ചില പ്രഭുക്കളുടെ കഥയും വിഷാദരോഗം പിടിപെട്ട്‌ ഫ്‌ളൂഡാക്‌ ഗുളിക കഴിച്ചുകൊണ്ടിരുന്ന ഞാനിന്റെ കഥയും സ്വന്തം മാമായുടെ തലചുമന്നുകൊണ്ട്‌ നടക്കേണ്ടിവന്ന അര്‍ഷാദ്‌ ആലമിന്റെ കഥയുമെല്ലാം ഒത്തുചേരുന്നതും സംവദിക്കുന്നതും കലഹിക്കുന്നതുമൊക്കെ ഇതേ കല്‍പ്പനയുടെ (വിഭ്രാന്തിയുടെ?) അടിത്തറമേലാണ്‌.'


റാപ്പഗുണ്ടോം
ഭൂപടത്തില്‍ ഇനിയും രേഖപ്പെടുത്തിയിട്ടില്ലാത്ത റാപ്പഗുണ്ടോം എന്ന സ്ഥലത്ത്‌ രാജേഷ്‌ ഭോയര്‍ എന്ന മനുഷ്യന്റെ കോളെജില്‍ അധ്യാപക ജോലിക്കായി പുറപ്പെടുന്ന ചെറി, ട്രാന്‍സില്‍വാനിയയില്‍ നടക്കുന്ന അന്താരാഷ്‌ട്രാ ഡ്രാക്കുള കോണ്‍ഗ്രസില്‍ എത്തിപ്പെടുന്നു. അവിടെ ഡ്രാക്കുലീന എന്ന വിശിഷ്‌ട വീഞ്ഞിന്റെ ലഹരിയില്‍പെട്ട്‌, രക്ത ദാഹിയായിമാറുകയും സുന്ദരിയായ ഒരു സ്‌ത്രീയുടെ പിന്‍ കഴുത്തില്‍ പല്ലുകളാഴ്‌ത്തി രക്തം രുചിക്കുകയും ചെയ്യുന്നു. മുമ്പൊരിക്കല്‍ രാജേഷ്‌ ഭോയറുടെ കൊട്ടാരത്തിനുള്ളിലെ പരീക്ഷണ ശാലയിലെത്തിച്ചേരുന്ന അന്വേഷകനായ ചെറി അവിടെ കണ്ട ലായനികള്‍ പരിശോധിക്കുന്നു. `കൈവെള്ളയിലൊഴിച്ചോ വിരല്‍മുക്കി നാവില്‍ തേച്ചുനോക്കിയോ പരീക്ഷിക്കാന്‍ ചെറിക്ക്‌ ധൈര്യം പോരായിരുന്നു.' പക്ഷെ, അത്‌ രക്തം തന്നയെന്ന്‌ എങ്ങനെയാണ്‌ ഉറപ്പിക്കുക? `ഒടുക്കം അവന്‍ ഒരു തുള്ളിയുടെ തുള്ളിയിലൊന്നു തൊട്ട്‌ നാവിന്റെ അറ്റത്തിന്റെ അറ്റത്തൊന്നുവെച്ചു.യെസ്‌, ഇതതുതന്നെ, രക്തം. രക്തമാണെന്നു താന്‍ കണ്ടെത്തി, നല്ലതു തന്നെ, പക്ഷെ, രക്തത്തിന്റെ രുചി തനിക്കെങ്ങനെ അറിയാം? സത്യത്തില്‍ ആദ്യമായി രക്തം രുചിക്കുമ്പോള്‍ തന്നെ അതിന്റെ രുചി പൂര്‍വ്വകാല സ്‌മൃതി സഹായത്തോടെയെന്നോണം മനസ്സിലാക്കുവാന്‍ നാവിനു കഴിയുന്നത്‌ എങ്ങനെയെന്നുമാത്രം ചെറിക്ക്‌ ഒട്ടും തന്നെ പിടികിട്ടിയില്ല.' ആദ്യം ചെറി രുചിച്ചറിയുന്ന രക്തത്തില്‍നിന്നും രക്തപാനത്തിന്റെ രാത്രിയിലേക്കുള്ള ദൂരമാണ്‌ ഡ്രാക്കുളയുടെ പാരായണ കാലം. മാത്രമല്ല രക്തത്തിന്റെ രുചി തിരിച്ചറിയാന്‍ ചെറിയെ സഹായിക്കുന്ന ആ പൂര്‍വ്വകാലസ്‌മൃതിയുടെ `കാലം'കൂടി വായനയില്‍ സദാ സന്നിഹിതമായിരിക്കുന്നു. കോട്ടയത്തെ ജെ ജെ ഹോട്ടലിലെ `രുചിയേറിയ' പോത്തിറച്ചി, (പോത്തിച്ചി ശരിക്കും ചത്ത ഇറച്ചിയായിരുന്നു. എന്നെങ്കിലും ജീവിച്ചിരുന്നതായി അത്‌ തോന്നിപ്പിച്ചില്ല) ഡല്‍ഹിയിലുള്ള ചെറിയുടെ സുഹൃത്ത്‌ മാംസഭുക്കായ ബ്രാഹ്മണന്‍, മാമയുടെ തല വീണ്ടെടുക്കാന്‍ പോകുന്ന അര്‍ഷാദ്‌ ആലം കാണുന്ന ഉടലറ്റ ശിരസുകളുടെ കുന്ന്‌, നോവലന്ത്യത്തില്‍ നാം കടന്നുപോകുന്ന റാപ്പഗുണ്ടോമിലെ കലാപഭൂമി, ട്രാന്‍സില്‍വാനിയയിലേക്കുള്ള ചെറിയുടെ യാത്ര, കോട്ടയത്ത്‌ ആരംഭിച്ച്‌ ട്രാന്‍സില്‍വാനിയയില്‍ എത്തിച്ചേരുന്ന ഈ നോവല്‍സഞ്ചാരം രക്തത്തിന്റെയും മാംസത്തിന്റെയും ഭയാനകമായ ഒരു വൃത്തം പൂര്‍ത്തിയാക്കുന്നു. കോട്ടയം, ഡെല്‍ഹി, റാപ്പഗുണ്ടോം, ട്രാന്‍സില്‍ വാനിയ, പിന്നെ ജെ ജെ ഹോട്ടലില്‍ ഇരുള്‍വീണുതുടങ്ങിയ ഒരു കാത്തിരുപ്പിന്റെ അക്ഷമയും ഉല്‍കണ്‌ഠയും ചേരുന്നതാണ്‌ ഡ്രാക്കുളയുടെ ദേശം. ഡ്രാക്കുളയെ തൊടുമ്പോള്‍ കാല-ദേശ കാലസങ്കല്‍പ്പങ്ങള്‍ തകിടം മറിയുകയും വിഭ്രാന്തിയുടെയും അയഥാര്‍ത്ഥ്യത്തിന്റെയും വ്യത്യസ്‌തമായൊരു ഭൂപടം സാധ്യമാവുകയും ചെയ്യുന്നു. ഈ രാഷ്‌ട്രീയ-ഭൂമിശാസ്‌ത്ര സൂക്ഷ്‌മ തലങ്ങളെയാണ്‌ അന്‍വര്‍ അബ്‌ദുള്ളയുടെ ഡ്രാക്കുള സാധ്യമാക്കുന്നത്‌.

ഡ്രാക്കുള വായിക്കുമ്പോള്‍ ചിരിക്കാമോ?
ഡ്രാക്കുളയുടെ പാരായണത്തെ വ്യത്യസ്‌തമാക്കുന്നത്‌ അതിന്റെ ആഖ്യാനത്തിന്റെ സവിശേഷതയാണ്‌. എല്ലാ അര്‍ത്ഥത്തിലും ഒരുപെളിച്ചെഴുത്താണ്‌ അന്‍വറിന്റെ നോവല്‍. ഡ്രാക്കുള വായിക്കുമ്പോള്‍ ചിരിക്കാമോ? എന്നതായിരുന്നു ആദ്യപ്രശ്‌നം. ഞാനിന്റെയും ചെറിയുടെയും ജീവിതം അത്രയേറെ രസകരമായ സംഭവങ്ങളിലൂടെയാണ്‌ മുന്നേറുന്നത്‌. കഥകളും ഉപകഥകളും ഡയറിക്കുറിപ്പുകളും ഞാനിന്റെ ആത്ഭാഷണങ്ങളും ഓര്‍മ്മകളും കൂടിക്കലര്‍ന്നതാണ്‌ ഇതിന്റെ ആഖ്യാനം. ഡ്രാക്കുളയിലേക്ക്‌ പ്രവേശിക്കുന്നത്‌ രസകരമായ ഒരു പൂര്‍വ്വകാലസ്‌മൃതിയിലൂടെയാണ്‌. ``അപ്പോള്‍ ഞാന്‍ ഹരിശങ്കറിനെ ഓര്‍മ്മിച്ചു. ഹരിശങ്കറാണ്‌ മൂന്നാംക്ലാസില്‍ വച്ച്‌, ഒരു വൈകുന്നേരം ഞാനിനോട്‌ പറഞ്ഞത്‌, ഡ്രാക്കുള കൊച്ചിവരെ എത്തിയിട്ടുണ്ട്‌... അവിടെ നിന്ന്‌ കോട്ടയത്തേക്ക്‌ വരാന്‍ രണ്ടുമണിക്കൂര്‍ മതി. അതുകൊണ്ട്‌ സൂക്ഷിക്കണം....ഞാന്‍ തിരിച്ചു ചോദിച്ചു.ഡ്രാക്കുള കൊച്ചിവരെ എത്തിയിട്ടുണ്ടെന്ന്‌ ആരു പറഞ്ഞു?''``കൊച്ചിയിലെത്തിയ ഡ്രാക്കുള കോട്ടയത്ത്‌ വരികയുണ്ടായോ?'' ഇവിടെ ഭയമുണ്ട്‌, ഭയത്തെ കാത്തിരിക്കുന്ന ആകാംഷയുടെ ഒരു തരം ആനന്ദവുമുണ്ട്‌. `പേടിച്ചുവിറക്കുമ്പോഴും നിഗൂഢമായ ഒരു ആനന്ദം അനുഭവിക്കാന്‍ കഴിയും എന്നു തെളിയിച്ച പഴയ പ്രേതകഥയാണ്‌ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള' എന്ന്‌ വി സി ശ്രീജന്‍ നിരീക്ഷിക്കുന്നു.


ഭയത്തിന്റെ അടരുകള്‍
അന്‍വര്‍ അബ്‌ദുള്ളയുടെ നോവല്‍ സമകാലികമായ ഒരുപാട്‌ അവസ്ഥകളിലൂടെ ഡ്രാക്കുളയിലേക്ക്‌ കയറിപ്പോവുകയാണ്‌. രാജേഷ്‌ഭോയറുടെ നിഗൂഢത തേടിപ്പോകുന്ന ചെറി ട്രാന്‍സില്‍വാനിയയിലെ ഡ്രാക്കുള കോണ്‍ഗ്രസിലെ ആഘോഷരാത്രിയിലേക്കാണ്‌ പരിണമിക്കുന്നത്‌. എന്നാല്‍ ചെറിയെ കാത്ത്‌ കോട്ടയത്തെ ജെ ജെ ഹോട്ടലില്‍ ഇരിക്കുന്ന ഞാനിനെ ഒറ്റയ്‌ക്കാക്കി എല്ലാവരും പൊയ്‌ക്കഴിഞ്ഞിരിക്കുന്നു. ``ഞാന്‍ വാതിലില്‍ തട്ടി അകത്തുനിന്ന്‌ പുറത്തേക്ക്‌ വിളിച്ചു: തുറക്കൂ... ഞാന്‍ ഇതിനുള്ളില്‍ പെട്ടുപോയി...ആരെങ്കിലും വാതില്‍ തുറക്കൂ...എനിക്ക്‌ പേടിയാകുന്നു...ഒരു മേശമേല്‍ ആരോ ശിഷ്‌ടം വച്ചിരുന്ന വലിയ റൊട്ടി ഇരിക്കുന്നത്‌ ഞാന്‍ കണ്ടു. ഭയാക്രാന്തനായ ഞാന്‍ ആ റൊട്ടിയെടുത്ത്‌ കടിച്ചുവിഴുങ്ങാന്‍ തുടങ്ങിക്കൊണ്ട്‌ അവിടെ ഒരു മൂലയില്‍ ചുമര്‍ ചേര്‍ന്നിരുന്ന്‌ ഇരുട്ടിലേക്ക്‌ തുറിച്ചുനോക്കി. ഭൂമിയുടെ അടിയില്‍ കിണര്‍വെള്ളത്തിന്റെ ശബ്‌ദം വലുതായി വലുതായി വന്നു.'ഒരുപാട്‌ അടരുകളുള്ള ഭീതിയുടെ പുസ്‌തകമാണ്‌ ഡ്രാക്കുള. വായിക്കും മുമ്പുതന്നെ അത്‌ കേട്ടു തുടങ്ങുന്നു. പിന്നീട്‌ തേടിത്തുടങ്ങുന്നു. പുസ്‌തകത്തിനും മുമ്പ്‌ ഭയത്തിന്റെ ഒരു കോട്ട നമ്മളില്‍ ഇരുള്‍മൂടിക്കിടക്കുന്നുണ്ടാവും. ആദ്യ വായനയിലുടനീളം കേട്ടറിഞ്ഞതും മെനഞ്ഞെടുത്തതുമായ ഓരോ കഥയും കല്‍പ്പനയും തിരക്കിട്ടെത്തും. നിഡൂഢ ലോകത്തേക്ക്‌ ഒരുപാടു വാതിലുകള്‍ ഒരേ സമയം തുറന്നും അടഞ്ഞും അതിലും നിഗൂഢവും ഭ്രമാത്മകവുമായ രക്തത്തിന്റെ പരീക്ഷണശാലയില്‍ അത്‌ നമ്മെ എത്തിക്കുന്നു.

Sunday, January 11, 2009

ഓര്‍മ്മയുടെ മണം


കോന്തല
(ഓര്‍മ്മ)
കല്‍പ്പറ്റ നാരായണന്‍
പേജ്‌: 88 വില: 50 രൂപ
കറന്റ്‌ ബുക്‌സ്‌, തൃശൂര്‍
വ്യക്തി ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ള ഓര്‍മ്മകളെ വൈകാരികമായി പിന്തുടരുകയും ആവിഷ്‌കരിക്കുകയുമാണ്‌ കല്‍പ്പറ്റ നാരായണന്റെ കോന്തല. ഓര്‍മ്മകള്‍ പിന്നെയും ബാക്കിയാവുന്ന ജീവന്റെ സ്വകാര്യമായ അടരുകളിലേക്കാണ്‌്‌ ആഞ്ഞിറങ്ങുന്നത്‌. ഭാഷയേയും ദേശകാലങ്ങളെയും അതിലംഘിക്കുന്ന അനുഭവത്തിന്റെ ഏകാന്തമായ പൊള്ളല്‍, ദശകങ്ങള്‍ക്കപ്പുറമുള്ള ഈ വയനാടന്‍ കുറിപ്പുകളില്‍ മഞ്ഞുമൂടിക്കിടക്കുന്നു. കല്‍പ്പറ്റ നാരായണന്റെ ഓര്‍മ്മകള്‍ ഇങ്ങനെ എഴുതിത്തോരുന്നു. `നല്ല സ്വാദാണ്‌ മരിച്ച വീട്ടിലെ പുഴുക്കിന്‌.' ഓര്‍മ്മകളുടെ രുചിയെന്താണ്‌? മണം? ഓരോ നിമിഷങ്ങള്‍ക്കും ഓരോ ഗന്ധമുണ്ട്‌. ചില രുചികള്‍ ചില ഓര്‍മ്മകളെ തിരികെ വിളിക്കുന്നു. ജീവിതത്തിന്റെ രുചിയും ഗന്ധവും തൊട്ടറിയുന്ന എഴുത്ത്‌. ഓര്‍മ്മകളെ പുനരാനയിക്കല്‍ രീതീശാസ്‌ത്രപരമായി നിര്‍ണ്ണായകമാണ്‌. ഭൂതകാലത്തെക്കുറിച്ച്‌ വസ്‌തുതാപരമായ വിശകലനത്തിനാണ്‌ ചരിത്രം ശ്രമിക്കുന്നത്‌. ചരിത്രപരമായ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെതന്നെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ഈ ചോദ്യങ്ങള്‍ ഏറെ മൂല്യപരവും വൈകാരികവുമായിരിക്കും. ഓര്‍മ്മക്കുറിപ്പുകള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആത്മകഥകളല്ല. എന്നാല്‍ ആത്മകഥയുടെ ചില അടരുകളാണത്‌. മുഴുവന്‍ ജീവിതത്തില്‍നിന്നും ഏറെ വൈകാരികവും ആത്മനിഷ്‌ടവുമായ ചില കാഴ്‌ചകള്‍ പുനരാനയിക്കുന്നതാണ്‌ ഓര്‍മ്മക്കുറിപ്പുകള്‍. സാമൂഹ്യ രാഷ്‌ട്രീയ ചരിത്രത്തോടൊപ്പമാണ്‌ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത്‌. ആത്മനിഷ്‌ടമായത്‌ അതുകൊണ്ടുതന്നെ അങ്ങേയറ്റം സാമൂഹികവുമാണ്‌. വയനാടന്‍ കുടിയേറ്റത്തിന്റെ അത്രയൊന്നും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ലാത്ത ചരിത്രവും കഥകളും ജീവിത സമരവുമാണ്‌ കല്‍പ്പറ്റ നാരായണന്റെ കോന്തല.
കുടിയേറ്റം
``അച്ഛനും അമ്മയും നാട്ടിലേത്‌ വിറ്റുപെറുക്കി, മൂത്ത ഏടത്തിയെ കൈപിടിച്ചും ഏട്ടനെ എടുത്തും നടന്ന്‌ ചുരം കയറിയാണ്‌ വയനാട്ടിലെത്തിയത്‌.'' കുടിയേറ്റം ഒരു തരം അടര്‍ന്നുപോകലാണ്‌. ജനിച്ചുജീവിച്ച പരിസരങ്ങളില്‍ നിന്നും പറിഞ്ഞുപോകുന്നതിന്റെ സങ്കടം വയനാട്ടിലേക്കും ഇടുക്കിയിലേക്കും നടന്ന പഴയകാല കുടിയേറ്റങ്ങള്‍ക്കുണ്ടായിരുന്നു. മുറിഞ്ഞുപോയ ഒരു സാംസ്‌കാരിക ധാരയുടെ തുടരാനാവാത്ത ഒഴുക്ക്‌ അവരുടെ ഉള്ളില്‍ കെട്ടിക്കിടന്നിരുന്നു. ``നഷ്‌ടക്കച്ചവടമായിരുന്നു എന്നും അവരുടേത്‌. എന്തെല്ലാമോ നഷ്‌ടപ്പെടുത്തിയതിന്റെ സങ്കടം അമ്മയുടെ തുടങ്ങിയാല്‍ നിയന്ത്രിക്കാനാവാത്ത ശകാരത്തിലും അച്ഛന്റെ നിശബ്‌ദതയിലുമുണ്ടായിരുന്നു.'' കുടിയേറ്റങ്ങളെ മൊത്തത്തില്‍ `അധിനിവേത്തിന്റെ' ബൃഹത്‌ പരിസരത്തില്‍ നോക്കിക്കാണാന്‍ ശ്രമിച്ചവര്‍ മനസിലാക്കാതെപോയ അതിജീവനത്തിന്റെ ചരിത്രത്തിലേക്കുകൂടിയാണ്‌ കോന്തല നയിക്കുന്നത്‌. കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസം ഒരു രാഷ്‌ട്രീയ-സാമ്പത്തിക പ്രശ്‌നമായി നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നാല്‍ സ്വയം ഒഴിഞ്ഞുപോകുന്നവരുടെ അധിവാസവും അതിജീവനവും നമ്മുടെ സാംസ്‌കാരിക-രാഷ്‌ട്രീയ സംവാദങ്ങളിലേക്ക്‌ എന്തുകൊണ്ടോ കയറിനില്‍ക്കുന്നില്ല. `സ്വയം ഒഴിഞ്ഞുപോകല്‍' തികച്ചും വ്യക്തിപരമാണ്‌. പരമാവധി ഒരു കുടുംബത്തിന്റെ മാത്രം പ്രശ്‌നവും. എന്നാല്‍ തികച്ചും വ്യക്തിപരമായ ഒന്നിന്റെ രാഷ്‌ട്രീയ വിവക്ഷകള്‍ കാണാതിരുന്നുകൂട. അതിന്റെ സാമൂഹിക സാമ്പത്തിക കാരണങ്ങള്‍ അതുകൊണ്ടുതന്നെ രാഷ്‌ട്രീയമായ അര്‍ത്ഥങ്ങള്‍ വഹിക്കുന്നു. ഓരോ വ്യക്തിയും മറ്റൊരുപാട്‌ വ്യക്തികളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒരു സാമൂഹ്യ വ്യവസ്ഥക്കുള്ളില്‍, ജീവിതം തേടിയുള്ള ഓരോ അടര്‍ന്നുപോകലും കുടിയേറ്റവും വലിയൊരു സാംസ്‌കാരിക പ്രശ്‌നമായി മാറുന്നുണ്ട്‌. അത്തരമൊരു പാരായണത്തിലേക്കാണ്‌ കോന്തല നിര്‍ബന്ധിക്കുന്നത്‌. ഒരു തരത്തിലും ആവിഷ്‌കരിക്കാതെപോയ സങ്കടങ്ങളായിരുന്നു അവരുടെ ജീവിതമെന്ന്‌ ഈ വായന ബോധ്യപ്പെടുത്തുന്നു.
വേര്‍പാടിന്റെ മുറിവുകള്‍
``അച്ഛന്‍ നടാന്‍ പാകമാക്കിയ കണ്ടത്തിലിറങ്ങി നടാന്‍ തോന്നില്ലന്ന്‌ പണിച്ചി കറപ്പി പറയാറുണ്ട്‌. അത്ര സങ്കടം തോന്നിക്കുന്ന പരിപൂര്‍ണത മറ്റാരുടെ പ്രവൃത്തിയിലും ഞാന്‍ കണ്ടിട്ടില്ല. വിശേഷ ദിവസങ്ങളില്‍ അമ്മ കോലായിലും മുറ്റത്തും നടുവകത്തും കോലങ്ങള്‍ വരച്ചുകൊണ്ട്‌ അയല്‍പക്കത്തെ സ്‌ത്രീകളില്‍നിന്ന്‌ തനിക്കുള്ള വ്യത്യാസം ആവിഷ്‌ക്കരിച്ചു. അമ്മ പാട്ടില്‍ പഴയ പഴയ സങ്കടങ്ങള്‍ കേട്ടു. `വീര വീരാട' എന്നു തുടങ്ങുന്ന കൈകൊട്ടിക്കളിപ്പാട്ടില്‍ അമ്മ പാടുമ്പോള്‍ സങ്കടം ഇരമ്പി. ഓര്‍മ്മകള്‍ വാതുക്കല്‍ വന്നു നില്‍ക്കും, അമ്മ പാടുമ്പോള്‍. വഴുക്കി വീണും ആത്തിക്കണ്ടത്തില്‍ അരവരെ താണും വീട്ടില്‍ നനഞ്ഞൊലിച്ചെത്തിയ നാട്ടിലെ പഴയ ബന്ധുക്കളെ വീട്ടിലെത്തിയ പാടെ സല്‍ക്കരിക്കാന്‍ അമ്മ കാണിക്കുന്ന ഉല്‍സാഹത്തിലും അധികം വൈകാതെ കാണിച്ചു തുടങ്ങുന്ന അസഹ്യതയിലും ഓര്‍മ്മകളുടെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരിക്കണം.'' അറ്റുപോയ സാംസ്‌കാരിക ധാരയെ തിരികെപ്പിടിക്കാനുള്ള പരാജിത ശ്രമങ്ങളായി ഈ ആവിഷ്‌കാരങ്ങളായിരുന്നു ഈ ആവിഷ്‌കാരങ്ങള്‍.
ചിലമരണങ്ങള്‍
ഓര്‍മ്മകള്‍ക്ക്‌ ഒരുപാട്‌ ചരിത്ര ദൗത്യങ്ങളുണ്ട്‌. വ്യവസ്‌താപിത ചരിത്രമെഴുത്തിന്റെ യുക്തിയെ നിരന്തരം ചോദ്യം ചെയ്‌തുകൊണ്ടാണത്‌ സാധ്യമാകുന്നത്‌. കരിഞ്ചിയുടെയോ പൊട്ടന്‍ മാണിയുടെയോ കഥ ചരിത്രത്തില്‍ കാണാനാവില്ല. എന്നാല്‍ ഓര്‍മ്മകള്‍ക്ക്‌ അവയെ മായ്‌ച്ചു കളയാനാവുകയില്ല. ``പൊട്ടന്‍ മാണിയെപ്പോലെ ഇത്രയധികം നേരം കുന്തിച്ചിരിക്കാന്‍ കഴിയുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല.'' എന്നും ``മാണിയുടെ പെങ്ങള്‍ കരിഞ്ചി കുള്ളത്തിയായിരുന്നു.'' എന്നും ചില ഓര്‍മ്മകള്‍. ``രണ്ടോ രണ്ടരയോ ഇഞ്ച്‌ കഷ്‌ടിവരുന്ന വയറുള്ള കരിഞ്ചി ഗര്‍ഭിണിയായപ്പോള്‍ ഒട്ടാകെ വീര്‍ത്തു. കയ്യും കാലും കഴുത്തുമൊക്കെ ഗര്‍ഭം ധരിച്ചു.'' എന്ന്‌ ഓര്‍മ്മയുടെ ഭാരം. കരിഞ്ചിയുടെ ഗര്‍ഭത്തിന്‌ ഉത്തരവാദിയായവരൊക്ക ചേര്‍ന്ന്‌ മാണിയെ തല്ലി. ഗര്‍ഭത്തിന്റെ ഭാരവും സദാചാരത്തിന്റെ വീര്‍പ്പും ഒരു നിശബ്‌ദന്റെ മേല്‍ കയറ്റിവയ്‌ക്കുന്നു. ``ഒരവധിക്കാലത്ത്‌ നാട്ടിലെത്തിയപ്പോള്‍ മാണി മരിച്ചുപോയതറിഞ്ഞു. അപകട മരണമായിരുന്നു. തലച്ചുമടുമായി പോകുമ്പോള്‍ പിന്നാലെ വന്ന ലോറിയുടെ വശത്തെ ഇരുമ്പുകൊളുത്തില്‍ ചുമട്‌ കുടുങ്ങി, മുന്നോട്ടാഞ്ഞ്‌ ടയറിനടിയിലേക്ക്‌ മറിഞ്ഞു.'' നിശബ്‌ദനായ മാണിയുടെ ജീവിതഭാരത്തേക്കുറിച്ച്‌ നമുക്കൊന്നും അറിയില്ല. ജീവിക്കാനുള്ള ഭാരവുമായിപോയ മാണിയുടെ മരണം ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല. മാണിയുടെ മരണത്തിനും മുമ്പേ അവന്റെ പെങ്ങള്‍ കരിഞ്ചി മരിച്ചുപോയിരുന്നു. ``കരിഞ്ചി പ്രസവത്തോടെ മരിച്ചു. ദൈവമേ ഇവളെങ്ങനെയാണ്‌ പ്രസവിക്കുക എന്ന്‌ സ്‌ത്രീകളൊക്കെ അവളെ നോക്കി ഭയപ്പെട്ടു. അവള്‍ പ്രസവിക്കുന്നത്‌ സങ്കല്‍പ്പിച്ച്‌ ഇരുന്നേടത്തുനിന്ന്‌ അറിയാതെ എണീറ്റുപോയിരിക്കണം അവര്‍.'' എവിടെയും രേഖപ്പെടാതെപോകുന്ന നിശബ്‌ദ ഭയങ്ങളാല്‍ മുഖരിതമാണ്‌ ഈ ഓര്‍മ്മകള്‍. ജോണ്‍ എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുതയില്‍ നിശബ്‌ദമായ മറ്റൊരു ഗര്‍ഭമുണ്ട്‌. പുരുഷനാല്‍ `ആക്രമിക്കപ്പെട്ട്‌' ചാപിള്ളയെ ഗര്‍ഭം ധരിക്കുന്ന ഊമപ്പെണ്ണ്‌. അവള്‍ക്കും സന്തതിക്കും ഭാഷയില്ല, സഹനം മാത്രമേയുള്ളു. ഒരു ദേശത്തിന്റെ ജനതയുടെ സഹനത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ കഥയായി ചരിത്രമായി കല്‍പ്പറ്റനാരായണന്റെ കോന്തല വായിക്കപ്പെടുന്നു.
സങ്കടങ്ങളില്‍ സംസ്‌കരിച്ചെടുത്ത ജീവിതം
ചുരം കയറിവന്ന സുന്ദരിയായ രോഹിണിയും ഈ സഹനത്തിന്റെ തുടര്‍ച്ചയായിരുന്നു. ``മോനെത്രയിലാണ്‌ പഠിക്കുന്നത്‌ എന്ന അവരുടെ ചോദ്യം പോലെ മധുരമായതൊന്നും ഞാന്‍ കേട്ടിട്ടില്ല.'' എന്നതിന്റെ തുടര്‍ച്ച ``ഒരു രാവിലെ രോഹിണിയും അമ്മാളുവിന്റെ അപ്പുവും വിഷം കഴിച്ച്‌ മരിച്ചു കിടക്കുന്നു റബ്ബര്‍ തോട്ടത്തില്‍ എന്നു കേട്ടി''ടത്താണ്‌ തടഞ്ഞുനില്‍ക്കുന്നത്‌. ``ഇത്രധൃതിപിടിച്ച്‌ അവസാനിപ്പിച്ച ആ പ്രണയനാടകം ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.'' ചില മരണങ്ങള്‍ ജീവിതത്തേക്കാള്‍ ആഴത്തില്‍ ചിലത്‌ അവശേഷിപ്പിച്ചുകടന്നു പോകുന്നു. അത്‌ ആവിഷ്‌കരിക്കാന്‍ മറ്റൊന്നിനും ആവുകയില്ല, ഓര്‍മ്മകള്‍ക്കല്ലാതെ. ``പതിനേഴ്‌ വര്‍ഷം ഞാനില്ലാത്ത ലോകത്ത്‌ കഴിഞ്ഞ ശീലത്തോടെ ഏട്ടന്‍ പിന്നീട്‌ കഴിഞ്ഞു.'' എന്ന്‌ ഏട്ടന്റെ മരണത്തെക്കുറിച്ച്‌ എഴുതുമ്പോള്‍ തൊണ്ടയില്‍ തടഞ്ഞുപോയ ഒരു തേങ്ങലില്‍ വായന നനയുന്നുണ്ട്‌. ``എന്റേതുപോലെ കൂടെക്കൂടെ മരണം കയറിവന്ന ഒരു വീട്‌ സമീപ പ്രദേശങ്ങളിലെങ്ങുമില്ല. എല്ലാദുരന്തങ്ങളും വഴിതെറ്റാതെ അങ്ങോട്ട്‌ വന്നു. ചെറിയ ഇടവേളകളില്‍ അവിടെ ആള്‍ക്കൂട്ടമുണ്ടായി. മുറ്റത്തും കാപ്പിച്ചെടുകള്‍ക്കിടയിലും കൂടി നില്‍ക്കുന്ന ആളുകള്‍. അമ്മ, അച്ഛന്‍, ഏട്ടന്‍, ഏട്ടന്റെ രണ്ടുമക്കള്‍, മകളുടെ ഭര്‍ത്താവ്‌ അങ്ങനെ ധാരമുറിയാതെ എന്റെ വീട്ടിലുള്ളവര്‍ പൊയ്‌കൊണ്ടിരുന്നു.'' സങ്കടങ്ങളിലൂടെ സംസ്‌കരിച്ചെടുക്കുന്ന വായനാനുഭവമാണ്‌ കോന്തല. ജീവിതം തേടി കുടിയേറിപ്പോയവര്‍. ഒരു ദേശത്തുനിന്നും മറ്റൊന്നിലേക്ക്‌ സ്വയം അടര്‍ന്നും ചേര്‍ന്നും തുടര്‍ന്നുപോകുന്ന സഞ്ചാരങ്ങളുടെ നീറ്റല്‍. മലയിറങ്ങി സമതലത്തിലെ ജീവിതത്തിന്റെ പരപ്പില്‍, ആഴങ്ങളില്‍ ഇനിയും വേരാഴ്‌ത്തി നില്‍ക്കാനാവാത്തതിന്റെ വേദന പേറുന്ന ഒരു വൃക്ഷത്തിന്റെ നെടുവീര്‍പ്പാണ്‌ കല്‍പ്പറ്റ നാരായണന്റെ കോന്തല.