Thursday, September 30, 2010

അപരദേശത്തിന്റെ എഴുത്ത്‌പെണ്ണുകൊത്തിയ വാക്കുകള്‍
ലേഖനം
എസ്‌ ശാരദക്കുട്ടി
പേജ്‌:177 വില: 95 രൂപ
ഡി സി ബുക്‌സ്‌, കോട്ടയം

നഗ്നതയെ ലോകം ഭയപ്പെടുന്നു. നഗ്നമായ സത്യങ്ങള്‍ളെ, ഉന്‍മാദത്തോളം നഗ്നമാക്കപ്പെടുന്ന മനുഷ്യപ്രകൃതിയെ, അപായങ്ങളെ ഒളിപ്പിച്ചുവെച്ച ഉടലുകളെ. നഗ്നത സ്വാതന്ത്ര്യവും ആഘോഷവുമാണ്‌. ഈ ആഘോഷങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പരിധിയും പരിമിതിയുമാണ്‌ ഭയത്തിന്റെ രാഷ്‌ട്രീയത്തെ നിര്‍ണ്ണയിക്കുന്നത്‌. വസ്‌ത്രങ്ങളുടെ കപടതയില്‍നിന്നും ഉരിഞ്ഞിറങ്ങിയ ദിഗംബരത്വത്തിന്റെ എല്ലാത്തരം ദാര്‍ശനിക സംവാദങ്ങളും ഒരേയൊരുടലിന്റെ ഉരുള്‍പൊട്ടലിനെക്കുറിച്ച്‌ മാത്രമാണ്‌ പറഞ്ഞത്‌. പുരുഷ ശരീരത്തിന്റെ ഉന്‍മാദത്തെക്കുറിച്ച്‌, ലീലയെ, ആവിഷ്‌കാരത്തെ, അണപൊട്ടലിനെ, ആത്മനിര്‍വൃതിയെക്കുറിച്ച്‌, ഉടലോടെ മറയുന്ന പരമമോക്ഷത്തെക്കുറിച്ച്‌. പേര്‍ത്തുംപേര്‍ത്തും പറഞ്ഞതിനും അറിഞ്ഞതിനും ആനന്ദിച്ചതിനുമപ്പുറം പെണ്ണുടലിന്റെ മഹാസമുദ്രത്തെക്കുറിച്ച്‌ അതിന്റെ ഭൂകമ്പദേശങ്ങളെക്കുറിച്ച്‌ ലോകം അജ്‌ഞരായിരുന്നു. ഭയന്നിരുന്നു. പെണ്ണുടലിനെ ഉറക്കത്തില്‍ ഉപേക്ഷിച്ചുപോയ സിദ്ധാര്‍ത്ഥനെപ്പോലെ, ധര്‍മ്മ സംഘത്തില്‍ ദീക്ഷതേടിവന്ന പെണ്‍ ശരീരത്തെ ഭയന്ന ബുദ്ധനെപ്പോലെ, ഭാര്യയുടെ `ഭാരം' ആത്മ-സാമൂഹ്യ സാക്ഷാത്‌ക്കാരത്തിന്‌ വിഘാതമാകുമെന്ന്‌ ഭയന്നുപോകുന്ന നാരായണ ഗുരുവിനെപ്പോലെ, ശരീരത്തിന്റെ അഭിനിവേശങ്ങളെയും ആകാംക്ഷകളെയും സമര്‍പ്പണങ്ങളെയും തിരസ്‌കരിക്കുന്ന ആശാന്റെ കാവ്യഭയങ്ങള്‍പോലെ പെണ്ണുടല്‍. പുരുഷകാമനകളുടെ ആത്മീയ-ഭൗതിക മണ്ഡലങ്ങളില്‍ അവന്റെ ഭയത്താല്‍ മറയ്‌ക്കപ്പെട്ട അപരദേശത്തിന്റെ എഴുത്താണ്‌ എസ്‌ ശാരദക്കുട്ടിയുടെ പെണ്ണുകൊത്തിയ വാക്കുകള്‍.
ആത്മീയതയുടെയും ധ്യാനമഹോത്സവങ്ങളുടെയും പറമ്പുകളിലേക്ക്‌ ആട്ടിത്തെളിക്കപ്പെടുന്ന സ്‌ത്രീ ശരീരങ്ങളെക്കുറിച്ച്‌ സൂക്ഷ്‌മമായി പിന്തുടരുമ്പോള്‍ `മനസ്സിനെയും വിചാരങ്ങളെയും കാമനകളെയും വ്യക്തിയുടെ ആഗ്രഹത്തിന്‌ വിരുദ്ധമായി അടക്കിനിര്‍ത്താനുള്ള സംസ്‌ക്കാരത്തിന്റെ ശാഠ്യങ്ങളില്‍നിന്നാണ്‌ എല്ലാത്തരം ഉന്‍മാദങ്ങളും ഉണ്ടാകുന്നത്‌.' എന്ന തിരിച്ചറിവിലേക്കെത്തിച്ചേരുന്നു. ഇന്ന്‌ കേരളത്തിലെ സ്‌ത്രീകളില്‍ പൊതുവായി കണ്ടുവരുന്ന ഭക്ത്യുന്‍മാദത്തിന്റെ കടയ്‌ക്കല്‍ വെട്ടുകയാണ്‌ ശരീരം: മണമുള്ള ദൈവം എന്ന ലേഖനം. ആളെണ്ണത്തിന്റെ സ്ഥൂല പരിഗണനയ്‌ക്കപ്പുറം സൂക്ഷ്‌മതലങ്ങളില്‍ കുടുംബത്തിനുള്ളിലും കലാലയങ്ങളിലും തൊഴിലിടങ്ങളിലും പെണ്‍പ്രതിനിധാനം നേരിടുന്ന പ്രശ്‌നപരിസരങ്ങളെ പിന്തുടരുകയാണ്‌ `പെണ്ണുകൊത്തിയ വാക്കുകള്‍'. നാല്‌ ഭാഗങ്ങളിലായി പത്തൊന്‍പത്‌ ലേഖനങ്ങളാണ്‌ ഈ സമാഹാരത്തിലുള്ളത്‌.
നര്‍മ്മത്തിന്റെ നിഷ്‌കളങ്കതയെ നിര്‍ദ്ധാരണം ചെയ്യുന്ന ലേഖനമാണ്‌ ചിരിയുടെ തീണ്ടല്‍. ചിരിക്കുപാത്രമാകുന്ന ശരീരവും ചിരിക്കുന്ന ശരീരവും ഉടല്‍ ഭാഷണങ്ങളുടെ രണ്ട്‌ വിരുദ്ധ പ്രതിനിധാനങ്ങളാണ്‌. വിദൂഷകത്വം സാമൂഹ്യ വിമര്‍ശനത്തിന്റെ തലത്തില്‍ മാത്രമല്ല എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുന്നത്‌. ചിലപ്പോഴത്‌ അങ്ങേയറ്റം അരാഷ്‌ട്രീയവുമാകുന്നുണ്ട്‌. ഫലിതത്തിന്റെ പുരുഷകേന്ദ്രിതമായ ചിരിലോകത്തെ അപ്രസക്തമാക്കുന്ന ഒരു പ്രതിലോകത്തെക്കുറിച്ചാണ്‌ ഈ ലേഖനം സംസാരിക്കുന്നത്‌. `സ്വകാര്യമായ നിമിഷങ്ങളില്‍ ഒരു സ്‌ത്രീയോട്‌ നിങ്ങള്‍ക്ക്‌ സംസാരിക്കാന്‍ കഴിഞ്ഞാല്‍അവള്‍ നിങ്ങളുടെ ചെവിയില്‍ ലോകത്തെ ഏറ്റവും നല്ല ഫലിതം പറഞ്ഞേക്കാം.' നമ്മുടെ ഫലിതബോധത്തിന്റെ നടപ്പുശീലത്തെ മാത്രമല്ല, അതിന്റെ ഭാവുകത്വ പരിമിതികളെയും അജ്ഞതയെയും അഗാതമാംവിധം നിരസിക്കുന്നതാണ്‌ പെണ്‍ ചിരിയുടെ രാഷ്‌ട്രീയം.
നാം ജീവിക്കുന്ന കാലത്തെ രാഷ്‌ട്രീയമായി വായിക്കുകയാണ്‌ ശാരദക്കുട്ടിയുടടെ രചന. പുരുഷകേന്ദ്രിതമായ രാഷ്‌ട്രീയ- സാമൂഹിക -അധികാര ഘടനയക്കുള്ളില്‍, അതിന്റെ സദാചാര വഴക്കങ്ങളെയും രുചിഭേദങ്ങളെയും കടപുഴക്കിക്കൊണ്ടാണ്‌ വിഷയങ്ങള്‍ ഉന്നയിക്കപ്പെടുന്നത്‌. സമൂഹം ആരുടെ ഭര്‍ത്താമാണ്‌? എന്ന ചോദ്യത്തെ ചൂഴ്‌ന്നുനില്‍ക്കുന്ന നീതിബോധം സമൂഹത്തിന്റെ നിയമ സദാചാര സ്ഥാപനങ്ങളുടമായി ഇടയുന്നു. കോടതി ആരുടെ ഭര്‍ത്താവാണ്‌? ന്യായാധിപന്‍മാര്‍ ആരുടെ സാദാചാര സംരക്ഷകരാണ്‌? ഭരണകൂടം? ആത്യന്തികമായി സമൂഹം? തുടങ്ങിയ നിരവധി ഉപചോദ്യങ്ങളിലൂടെ നടപ്പുസാമൂഹ്യഘടനയ്‌ക്കുള്ളില്‍ അരക്ഷിതമാകുന്ന പെണ്ണുടല്‍ ഉന്നയിക്കപ്പെടുകയാണ്‌. എഴുത്തിന്റെയും കലയുടെയും സമൂഹത്തിന്റെ തന്നെയും മുന്‍ഗണനാക്രമങ്ങളില്‍നിന്നും അപ്രത്യക്ഷമാകുന്ന ജീവിത ശകലങ്ങള്‍ ഏകമുഖമായ ചരിത്ര/കാലങ്ങളെ ശിഥിലമാക്കിക്കൊണ്ട്‌ അര്‍ത്ഥപൂര്‍ണ്ണമായ നിര്‍വചനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കുമായി സ്വയം വെളിപ്പെടുന്നു. മുഖ്യധാരാ എഴുത്തും ചരിത്രവും സാമൂഹ്യ വിമര്‍ശനവും നിരവധി ആഖ്യാനങ്ങളും തിരസ്‌കാരങ്ങളിലൂടെയും തമസ്‌കരണങ്ങളിലൂടെയും തള്ളിക്കളഞ്ഞ പെണ്‍ശരീരത്തിന്റെ തീവ്രമായ രാഷ്‌ട്രീയ പ്രവേശനമാണ്‌ `പെണ്ണുകൊത്തിയ വാക്കുകള്‍.' സാമൂഹ്യോപരിതലത്തില്‍ നിന്നും തിരോഭവിക്കുന്ന വിസ്‌മൃതികളിലേറെയും സ്‌ത്രീ, കീഴാള അനുഭങ്ങളുടേതായിരുന്നുവെന്ന ചിന്തയാണ്‌ സ്‌ത്രീ, കീഴാള ലിംഗ നീതിയെക്കുറിച്ചുള്ള ആലോചനകളെ നിര്‍ണ്ണയിക്കുന്നത്‌. ചില ഉടലുകള്‍, സ്‌മരണകള്‍, അസാധാരണ ജീവിത സന്ദര്‍ഭങ്ങള്‍, നേട്ടങ്ങള്‍, നഷ്‌ടപ്പെടലുകള്‍ എല്ലാം ഒരു പ്രതിവായനയിലൂടെ സമൂഹകേന്ദ്രത്തിലേക്ക്‌/സംവാദമണ്ഡലത്തിലേക്ക്‌ പുനരാനയിക്കപ്പെടുന്നു. എഴുത്തിന്റെ മുഖ്യധാരയോടിണങ്ങിയും ഇടഞ്ഞും സ്വയം ആവിഷ്‌കരിക്കുന്നതിനും വ്യാഖ്യനപ്പെടുന്നതിനുമായി സമൂഹ്യജീവിതത്തില്‍ മറഞ്ഞുകിടക്കുന്ന അനുഭവങ്ങളെയാണ്‌ ഈ എഴുത്ത്‌ പിന്‍പറ്റുന്നത്‌. ജനപ്രിയ സാഹിത്യ/കലാ/രാഷ്‌ട്രീയ സംവാദങ്ങളില്‍ ആധികാരികതനേടുന്ന സാമാന്യബോധവും പൊതുധാരണകളും രൂപപ്പെടുത്തുകയും ക്രമപ്പെടുത്തുകയും ചെയ്യുന്ന ആഖ്യാനങ്ങളില്‍ അമര്‍ന്നുപോകുന്ന സ്‌ത്രീയുടെ കര്‍തൃത്വത്തെ ഹിംസാത്മകമായി പുനരാനയിക്കുന്നു ഈ പുസ്‌തകം.

Thursday, September 9, 2010

കത്തുകള്‍ പരസ്യപ്പെടുത്തുന്ന ജീവിതം

അന്തര്‍ജനത്തിന്‌ സ്‌നേഹപൂര്‍വ്വം ബഷീര്‍,
പരസ്‌പരമെഴുതിയ കത്തുകള്

എഡി: തനൂജ എസ്‌ ഭട്ടതിരി
പേജ്‌: 51 വില: 35
ഡി സി ബുക്‌സ്‌, കോട്ടയം
കത്തുകള്‍ സംസാരിക്കുന്നത്‌ വ്യക്തികളുടെ സ്വകാര്യ ലോകത്തെക്കുറിച്ചാണ്‌. സ്വകാര്യമായ ഇടങ്ങലില്‍ ഇരുന്നുകൊണ്ട്‌ അവര്‍ കണ്ട ലോകത്തെക്കുറിച്ചാണ്‌. അനുഭവങ്ങള്‍ക്ക്‌ അതുകൊണ്ടുതന്നെ ഒരു അടക്കം പറച്ചിലിന്റെ മൂര്‍ച്ചയും സത്യസന്ധതയും ഉണ്ടാവും. അനുഭവങ്ങളുടെ ഏറ്റവും സുതാര്യമായ ആവിഷ്‌കാരമാണ്‌ കത്തുകള്‍.
ഒരേകാലഘട്ടത്തില്‍ ജീവിച്ചിരുന്ന രണ്ടുവ്യക്തികള്‍ ജീവിതത്തെക്കുറിച്ചെഴുതുന്നു. വരുംകാലങ്ങളുടെ ചരിത്ര പഠിതാക്കള്‍ക്ക്‌ ഇതൊരു പാഠവസ്‌തുവായിരിക്കുമെന്ന്‌ കത്തുകള്‍ക്കോ അതെഴുതുന്നവര്‍ക്കോ പലപ്പോഴും അറിയുകയില്ല. അല്ലെങ്കില്‍ ജീവിതത്തെക്കുറിച്ചുള്ള സ്വകാര്യമായ പങ്കുവയ്‌ക്കലുകള്‍ക്കപ്പുറം അതൊരാവിഷ്‌കാരമായിരുന്നുവെന്ന്‌ ജീവിച്ചുപോയ കാലഘട്ടത്തിന്റെ ആഖ്യാനമായിരുന്നുവെന്ന്‌ അവര്‍ വിചാരിക്കുന്നില്ല. പ്രത്യേകിച്ച്‌ എഴുത്തുകാരായ രണ്ടുവ്യക്തികള്‍ പരസ്‌പരം എഴുതുമ്പോള്‍ ആ കത്തുകള്‍, `എഴുത്തി'നുപുറത്തുള്ള ഒരുതരം ആഖ്യാനമാണ്‌. ഈ അടക്കം പറച്ചിലുകളില്‍ അമര്‍ന്നു മുഴങ്ങുന്ന രാഷ്‌ട്രീയ കാലത്തിലൂടെയാണ്‌ സാമൂഹ്യ സന്ദര്‍ഭത്തിലൂടെയാണ്‌ പില്‍ക്കാല വായനകള്‍ കടന്നുപോകുന്നത്‌.
രണ്ടുവ്യക്തികള്‍ പരസ്‌പരമെഴുതിയ കത്തുകള്‍ പുനര്‍വായിക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ-രാഷ്‌ട്രീയ ചരിത്രം അവിടെ സന്നിഹിതമാകുന്നു. കത്തുകള്‍ വായിക്കുക എന്നതിനര്‍ത്ഥം കാലത്തെ വായിക്കുക എന്നായിത്തീരുന്നു. തങ്ങള്‍ ജീവിച്ച സമകാലിക സാമൂഹ്യാവസ്ഥയെക്കുറിച്ചുള്ള ചിന്തകള്‍, ആശങ്കകള്‍, ആവലാതികള്‍, വ്യക്തിയും സമൂഹവും പരസ്‌പരം സംഘര്‍ഷപ്പെടുന്ന രാഷ്‌ട്രീയ സന്ദര്‍ഭങ്ങള്‍ ഇവയെല്ലാം കത്തുകളില്‍ അടങ്ങിയിരിക്കുന്നു. `അന്തര്‍ജനത്തിന്‌ സ്‌നേഹപൂര്‍വ്വം ബഷീര്‍, പരസ്‌പരമെഴുതിയ കത്തുകള്‍' എന്ന പുസ്‌തകം ഈ പ്രകരണത്തിലാണ്‌ പ്രസക്തമാകുന്നത്‌. വൈക്കം മുഹമ്മദ്‌ ബഷീര്‍ ലളിതാംബികാ അന്തര്‍ജ്ജനത്തിന്‌ അയച്ച ഏതാനും കത്തുകളും ചില മറുപടികളുമാണ്‌ തനൂജ എസ്‌ ഭട്ടതിരി എഡിറ്റു ചെയ്‌തിരിക്കുന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
1940കളാണ്‌ ഈ കത്തുകളുടെ രാഷ്‌ട്രീയ കാലം. സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌. രാഷ്‌ട്രീയ തടവുകാരനായി വൈക്കെം മഹമ്മദ്‌ ബഷീര്‍ ജയിലില്‍ കഴിയുന്ന കാലം. പുറത്ത്‌ സാമുദായിക സദാചാരത്തിന്റെ തടവില്‍നിന്നും സ്‌ത്രീ സമൂഹത്തെ പുറംലോകത്തെത്തിക്കാന്‍ യത്‌നിച്ച ലളിതാംബികാ അന്തര്‍ജ്ജനം അക്ഷരങ്ങളുമായി പടയ്‌ക്കിറങ്ങിയ കാലം. `ഒരു സ്‌ത്രീയായി ജനിച്ചതില്‍ ഒരുപാട്‌ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു ആ എഴുത്തുകള്‍ എനിക്കാദ്യം സമ്മാനിച്ചത്‌. മുത്തശ്ശിയുടെ മനസ്സ്‌ ഒരു നീല ശംഖുപുഷ്‌പംപോലെ എന്നില്‍ തുറന്നുവന്നു. 1940കളിലും ഒരു മുസല്‍മാനും ഒരു അന്തര്‍ജ്ജനവും തമ്മില്‍ നല്ലൊരു സൗഹൃദം സാധ്യമായിരുന്നു എന്നൊരറിവ്‌ എന്നില്‍ ആഹ്‌ളാദം വിടര്‍ത്തി.' എന്ന്‌ എഡിറ്റര്‍ ആമുഖത്തില്‍ എഴുതുന്നു. നാല്‌പതുകള്‍ സവിശേഷമായ രാഷ്‌ട്രീയ മാറ്റത്തിന്റെ കാലമായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരം ഉഴുതുമറിച്ച മുഖ്യധാരാ രാഷ്‌ട്രീയം, ശ്രീനാരായണപ്രസ്ഥാനത്തിന്റെ ശക്തമായ മുന്നേറ്റത്തില്‍ കടപുഴകിനില്‍ക്കുന്ന ജാതിമേല്‍ക്കോയ്‌മ, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അടിസ്ഥാന ജനജീവിതത്തെ സമര ബഹുലമാക്കിയ കാലം, ജന്‍മിത്തവും നാടുവാഴി ഭൂപ്രഭുത്വവും തകരുന്ന ആധുനികതയിലേക്കും മുതലാളിത്തത്തിലേക്കും ചാഞ്ഞുനില്‍ക്കുന്ന സാമൂഹ്യ സാമ്പത്തിക സാഹചര്യം, അടുക്കളയില്‍നിന്ന്‌ അരങ്ങത്തേയ്‌ക്കും വിധവയുടെ വിവാഹത്തിലേക്കും നമ്പൂതിരി സമുദായം വിപ്ലവകരമായി കുടഞ്ഞുണര്‍ന്ന കാലം, എഴുത്തില്‍ പുരോഗമനമെന്നും നവോത്ഥാനകാലമെന്നും വിവക്ഷിക്കുന്ന കാലം; ഈ കാലം സമ്മാനിച്ച്‌/ പാകപ്പെടുത്തിയ സാഹിത്യ പ്രതിഭകളായിരുന്നു ബഷീറും ലളിതാംബികാ അന്തര്‍ജ്ജനവും. അതുകൊണ്ടുതന്നെ അവര്‍ക്കു സൗഹൃദം സാധ്യമായിരുന്നു. സൗഹൃദം ഒരു കലാപമായിരുന്നു. സൗഹൃദം അങ്ങേയറ്റം രാഷ്‌ട്രീയപരമായിരുന്നു. അത്തരമൊരു രാഷ്‌ട്രീയ കാലത്തിന്റെ തുടര്‍ച്ചയാണ്‌ നമുക്ക്‌ നഷ്‌ടപ്പെട്ടത്‌. സാമൂഹ്യ നവോത്ഥാനങ്ങള്‍ ജാതി നവീകരണത്തിലേക്കും ജാതിദൃഢീകരണത്തിലേക്കും കൂപ്പുകുത്തുകയും വര്‍ത്തമാന മുഖ്യധാരാ രാഷ്‌ട്രീയം ജാതിയുടെ അവശിഷ്‌ടങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുകയും നവോത്ഥാനത്തിന്റെ ചാലക ശക്തികളായിരുന്ന കീഴാള ജീവിതം കൂടുതല്‍ കീഴടങ്ങലുകളിലേക്ക്‌ എത്തപ്പെടുകയും ലളിതാംബികാ അന്തര്‍ജ്ജനം പൊരുതിത്തോല്‍പ്പിച്ച സവര്‍ണ്ണതയുടെ വിഷം അതേ സമുദായത്തില്‍ പതഞ്ഞുപൊന്തുകയും ബഷീര്‍ ഒരു മുസ്ലിം മാത്രമാവുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത്‌ ഈ എഴുത്തുകല്‍ കൂടുതല്‍ ശക്തിയോടെ ചിലത്‌ പറയുന്നുണ്ട്‌. അതുകൊണ്ടു തന്നെ നാല്‍പതുകളേക്കാള്‍ കണിശതയോടെ ഈ കത്തുകള്‍ ഇക്കാലത്ത്‌ വായിക്കപ്പെടുന്നു.
വ്യക്തി എന്ന സ്വകാര്യത്തെ സമൂഹം എന്ന തുറസ്സിലേക്ക്‌ കടത്തിവിടുകയാണ്‌ ഈ കത്തുകള്‍. ജാതി സമുദായങ്ങളുടെ അടഞ്ഞ ഘടനയ്‌ക്ക്‌ ബദലായി വ്യക്തി ജീവിതത്തിന്റെ, സൗഹൃദത്തിന്റെ തുറന്ന ഘടന സങ്കല്‍പ്പിക്കുകയായിരുന്നു ബഷീറും അന്തര്‍ജ്ജനവും.

Thursday, September 2, 2010

മനുഷ്യത്വത്തിലേക്കുള്ള ദൂരം

ഡോക്‌ടര്‍ ദൈവമല്ല
അനുഭവം
ഖദീജാ മുംതാസ്‌
പേജ്‌: 100 വില: 60 രൂപ
ഡി സി ബുക്‌സ്‌, കോട്ടയം
ആരോഗ്യം എന്നാല്‍ എന്താണ്‌? നല്ല ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം, സുചിത്വമുള്ള അന്തരീക്ഷം... എന്നിങ്ങനെയാണ്‌ ചെറിയ ക്ലാസില്‍ പഠിച്ചത്‌. മുതിര്‍ന്നപ്പോള്‍ ഈ നിര്‍വചനം നല്ല ആശുപത്രി, മികച്ച ഡോക്‌ടര്‍മാര്‍, വിലക്കൂടിയ മരുന്നുകള്‍, പേരറിയാത്ത ടെസ്റ്റുകള്‍ എന്നതിലേക്ക്‌ വഴിമാറി. ഓരോതരം രോഗങ്ങളുടെ ഭയാനകമായ വാര്‍ത്തകളിലൂടെയും അവ നമ്മുടെ ശരീരത്തിന്റെ പടിവാതിലിലും മുട്ടിവിളിച്ചേക്കുമെന്ന ചകിതമായ ദിനരാത്രങ്ങളിലൂടെയുമാണ്‌ ഓരോ ഋതുവും വന്നുപോകുന്നത്‌. കേരളത്തിലിന്ന്‌ ഏറ്റവും ലാഭകരമായ വ്യവസായം ആശുപത്രി വ്യവസായമാണ്‌. സ്വദേശി വിദേശി രോഗികള്‍ക്കായി നടപ്പിലാക്കപ്പെടുന്ന `ഹെല്‍ത്ത്‌ ടൂറിസം' ആരോഗ്യമേഖലയുടെ വാണിജ്യ വ്യവസായ സാധ്യതകളെയാണ്‌ വെളിപ്പെടുത്തുന്നത്‌. എല്ലാവരും രോഗികളായ/രോഗത്തെ ഭയപ്പെടുന്ന ഒരു സാമൂഹ്യാവസ്ഥ സൃഷ്‌ടിക്കുന്നിലൂടെ മാത്രമെ ആശുപത്രി വ്യവസായം നഷ്‌ടമില്ലാതെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. ആഗോര്യ സേവനവും ആരോഗ്യവിദ്യാഭ്യാസ മേഖലയും അപകടകരമാംവിധം വാണിജ്യവല്‍ക്കരിക്കപ്പെട്ട വര്‍ത്തമാന കേരള സാമൂഹ്യാന്തരീക്ഷത്തില്‍ മറ്റൊരുപാട്‌ ചോദ്യങ്ങള്‍പക്കൊപ്പം ഉന്നയിക്കപ്പെടുന്നഒരാശങ്കണ്ട്‌; ഇവിടെ ആരാണ്‌ ഡോക്‌ടര്‍? ദൈവമോ ആരാച്ചാരോ?
കേരളപൊതുസമൂഹം ഒരുമിച്ച്‌ പങ്കിടുന്ന ഈ ആശങ്കയുടെ ഇടയിലാണ്‌ ഖദീജാ മുംതാസിന്റെ ഡോക്‌ടര്‍ ദൈവമല്ല' എന്ന അനുഭവക്കുറിപ്പുകള്‍ വായിക്കുന്നത്‌. രോഗീ ഡോക്‌ടര്‍ ബന്ധത്തിന്റെ ജൈവികതയെ തൊട്ടുനില്‍ക്കുന്ന മനുഷ്യപ്പറ്റിന്റെ അഗാധസ്‌പര്‍ശമാണ്‌ ഇതിലെ ഓരോ കുറിപ്പും. ഒരു പക്ഷെ, വരുംകാലം അത്ഭുതത്തോടെ വായിക്കാവുന്ന കൃതി. കാരണം വൈദ്യശാസ്‌ത്രത്തെ മനുഷ്യകുലത്തിന്റെ ദൈന്യതമാറ്റാനുള്ള ഉപകരണമായി കണ്ട്‌ ആതുരസേവനം നടത്തുന്ന സാമഹ്യപ്രതിബദ്ധതയുള്ള ഭിഷഗ്വര സമൂഹത്തിന്റെ അവസാനിക്കുന്ന കണ്ണികളിലാണ്‌ കദീജാ മുംതാസിന്റെ തലമുറയും പെട്ടുപോവുക. രോഗി `പേഷ്യന്റ്‌' എന്നതില്‍ നിന്നും `ക്ലൈന്റ്‌' ആയി മാറുന്ന കാലത്തിലൂടെയാണ്‌ ആരോഗ്യമേഖല കടന്നുപോകുന്നത്‌. സര്‍ക്കാര്‍ പൊതുമേഖലാ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യമേഖലയില്‍ വഹിച്ചിരുന്ന പങ്ക്‌ ചരിത്രത്തിലേക്ക്‌ പിന്‍വാങ്ങുകയാണ്‌. ആ ചരിത്രസ്‌മരണകളുടെ അലമാരകളിലാണ്‌ ഡോക്‌ടര്‍ രോഗീ ബന്ധത്തിന്റെ അസാധാരണ അനുഭവസാക്ഷ്യമായ ഖദീജാ മുംതാസിന്റെ ഡോക്‌ടര്‍ ദൈവമല്ല എന്ന ഗ്രന്ഥം നമ്മെ പിന്തുടരുന്നത്‌. രോഗികള്‍ അധഃകതരും ഡോക്‌ടര്‍മാര്‍ വരേണ്യരുമായിത്തീര്‍ന്ന വര്‍ത്തമാന കാലത്തില്‍ നിന്നും ഈ അനുഭവക്കുറിപ്പുകളിലേക്ക്‌ ഒരുപാട്‌ ദൂരമുണ്ട്‌. മനുഷ്യത്വത്തിന്റെ കാതരമായ ദൂരം.
കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‌ നേതൃത്വം വഹിച്ചിരുന്നത്‌ സര്‍ക്കാര്‍ തന്നെയായരുന്നു. നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍നിന്നും പഠിച്ചിറങ്ങിയ ഡോക്‌ടര്‍മാരുടെ സേവനങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ നമ്മുടെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍. ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്‌ ഖദീജാ മുംതാസ്‌ പങ്കുവയ്‌ക്കുന്ന അനുഭവങ്ങളില്‍ തുടിച്ചുനില്‍ക്കുന്നത്‌. വ്യത്യസ്‌ത മത വര്‍ഗ്ഗ വംശങ്ങളില്‍നിന്നും രോഗം എന്ന ഒറ്റബിന്ദുവില്‍ സംഗമിക്കുന്ന മനുഷ്യാവസ്ഥയുടെ വൈവിധ്യവും ദൈന്യതയും ആര്‍ദ്രമായ ഭാഷയില്‍ പങ്കുവയ്‌ക്കുകയാണ്‌ ഈ കൃതി. ചെറിയ ചെറിയ കുറിപ്പുകളിലൂടെ ഹൃദയത്തില്‍ തൊടുന്ന ഓരോ അനുഭവങ്ങളും നമ്മെ കൂടുതല്‍ മനുഷ്യത്വമുള്ളവരാക്കിത്തീര്‍ക്കുന്നു. ദൈവമായിരിക്കലല്ല, മറിച്ച്‌ ഹൃദയാലുവായ മനുഷ്യരായിരിക്കുകയാണ്‌ ഏറെ ശ്രമകരമെന്ന്‌ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌ ഈ അനുഭവക്കുറിപ്പുകള്‍.
ഓര്‍മ്മകള്‍ പലപ്പോഴും വ്യക്തിപരമാണ്‌. സ്വകാര്യമായ നൊമ്പരങ്ങളും സന്തോഷങ്ങളും അത്‌ പകര്‍ത്തിവയ്‌ക്കുന്നു. എന്നാല്‍ ഒരു ഡോക്‌ടറുടെ ഓര്‍മ്മകള്‍ ഒരിക്കലും വ്യക്തിപരമാവുന്നില്ല, അതിലേറെ ആത്‌ സാമൂഹ്യപരമാണ്‌. `സാമ്പത്തികമായും ശാരീരിക അവശതകളാലും നിരാലംബരും നിസ്സഹായരുമായ ഒരുകൂട്ടം രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പച്ചയായ ജീവിതകഥകളാണ്‌ അവരുടെ സ്വന്തം വാക്കുകളില്‍ ഇവിടെ പ്രകാശിതമാകുന്നത്‌. രോഗം ഏതെങ്കിലും ശാരീരികാവയവത്തെ ബാധിക്കുന്ന മെഡിക്കല്‍ പ്രശ്‌നം മാത്രമല്ല, വ്യക്തിബന്ധങ്ങളിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കുന്ന ധാര്‍മ്മികപ്രശ്‌നം കൂടിയാണെന്ന്‌ തിരിച്ചറിഞ്ഞ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ഡോക്‌ടറുടെ ആത്മസംഘര്‍ഷങ്ങള്‍ തുടിച്ചുനില്‍ക്കുന്ന ചെറുകുറിപ്പുകളാണ്‌ പുസ്‌തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌.' എന്ന്‌ ഒരു ഡോക്‌ടര്‍ കൂടിയായ ബി ഇക്‌ബാല്‍ അവതാരികയില്‍ രേഖപ്പെടുത്തുന്നുണ്ട്‌.
സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ വരുന്നതിന്‌ മുമ്പുതന്നെ പ്രത്യേകിച്ച്‌ എന്‍ട്രന്‍സ്‌ പരീക്ഷ എന്നൊരു സമ്പ്രദായം വന്നതോടുകൂടി മക്കളെ ഡോക്‌ടര്‍മാരാക്കുന്നതിന്‌ കേരളത്തിലെ സമ്പന്ന വിഭാഗങ്ങള്‍ക്ക്‌ താല്‌പര്യം വരുകയും ചെയ്‌തതോടുകൂടി മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഒരു വരേണ്യവല്‍ക്കരണം സംഭവിച്ചു തുടങ്ങുന്നു. നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വന്‍കിട എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ സെന്ററുകള്‍ വരുകയും ആവിടെ പഠിച്ചിറങ്ങിയ ആളുകള്‍ പ്രവേശനം നേടി മെഡിക്കല്‍ കോളെജുകളില്‍ എത്തുകയും ചെയ്‌തു. ആ മാറ്റങ്ങള്‍ വന്നതോടുതന്നെ സാമൂഹ്യ പ്രതിബദ്ധതയില്‍ കുറവും മൂല്യങ്ങളുടെ തകര്‍ച്ചയുമൊക്കെ ആരംഭിച്ചു കഴിഞ്ഞു. സ്വാശ്രയ മെഡിക്കല്‍ കോളെജുകല്‍ വന്നതോടെ സാമൂഹ്യ നീതി മാത്രമല്ല അപകടപ്പെടുന്നത്‌. എം ബി ബി എസ്‌ കുട്ടികളെ സാധാരണ ഒരു ജനറല്‍ ആശുപത്രിയിലാണ്‌ പരിശീലിപ്പിക്കേണ്ടത്‌. അത്തരമൊരു ജനറല്‍ ആശുപത്രി സംവിധാനമോ അവിടെയെത്തുന്ന രോഗികളോ സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ പോകുന്നില്ല. രോഗികള്‍ ഇല്ലാതെയാണ്‌ അവിടെ പഠനം നടക്കുന്നത്‌. മനുഷ്യശരീരത്തില്‍ സ്‌പര്‍ശിക്കാനും വേണ്ടവിധത്തില്‍ രോഗനിര്‍ണ്ണയം നടത്താനും പരിശീലനം കിട്ടാത്ത ഒരുവിഭാഗമാളുകള്‍ ഡോക്‌ടര്‍മാരായി പുറത്തുവരാന്‍ പോവുകയാണ്‌. ഓര്‍മ്മകളുടെ പ്രദേശം തരിശായിപ്പോയ ഒരു ഭിഷഗ്വരസമൂഹത്തിനുമുന്നിലാണ്‌ ഒരു പക്ഷെ, `ഡോക്‌ടര്‍ ദൈവമല്ല' എന്ന ഈ ഗ്രന്ഥം ഒരു വിശുദ്ധഗ്രന്ഥമായിത്തീരുന്നത്‌.