Thursday, September 30, 2010

അപരദേശത്തിന്റെ എഴുത്ത്‌പെണ്ണുകൊത്തിയ വാക്കുകള്‍
ലേഖനം
എസ്‌ ശാരദക്കുട്ടി
പേജ്‌:177 വില: 95 രൂപ
ഡി സി ബുക്‌സ്‌, കോട്ടയം

നഗ്നതയെ ലോകം ഭയപ്പെടുന്നു. നഗ്നമായ സത്യങ്ങള്‍ളെ, ഉന്‍മാദത്തോളം നഗ്നമാക്കപ്പെടുന്ന മനുഷ്യപ്രകൃതിയെ, അപായങ്ങളെ ഒളിപ്പിച്ചുവെച്ച ഉടലുകളെ. നഗ്നത സ്വാതന്ത്ര്യവും ആഘോഷവുമാണ്‌. ഈ ആഘോഷങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പരിധിയും പരിമിതിയുമാണ്‌ ഭയത്തിന്റെ രാഷ്‌ട്രീയത്തെ നിര്‍ണ്ണയിക്കുന്നത്‌. വസ്‌ത്രങ്ങളുടെ കപടതയില്‍നിന്നും ഉരിഞ്ഞിറങ്ങിയ ദിഗംബരത്വത്തിന്റെ എല്ലാത്തരം ദാര്‍ശനിക സംവാദങ്ങളും ഒരേയൊരുടലിന്റെ ഉരുള്‍പൊട്ടലിനെക്കുറിച്ച്‌ മാത്രമാണ്‌ പറഞ്ഞത്‌. പുരുഷ ശരീരത്തിന്റെ ഉന്‍മാദത്തെക്കുറിച്ച്‌, ലീലയെ, ആവിഷ്‌കാരത്തെ, അണപൊട്ടലിനെ, ആത്മനിര്‍വൃതിയെക്കുറിച്ച്‌, ഉടലോടെ മറയുന്ന പരമമോക്ഷത്തെക്കുറിച്ച്‌. പേര്‍ത്തുംപേര്‍ത്തും പറഞ്ഞതിനും അറിഞ്ഞതിനും ആനന്ദിച്ചതിനുമപ്പുറം പെണ്ണുടലിന്റെ മഹാസമുദ്രത്തെക്കുറിച്ച്‌ അതിന്റെ ഭൂകമ്പദേശങ്ങളെക്കുറിച്ച്‌ ലോകം അജ്‌ഞരായിരുന്നു. ഭയന്നിരുന്നു. പെണ്ണുടലിനെ ഉറക്കത്തില്‍ ഉപേക്ഷിച്ചുപോയ സിദ്ധാര്‍ത്ഥനെപ്പോലെ, ധര്‍മ്മ സംഘത്തില്‍ ദീക്ഷതേടിവന്ന പെണ്‍ ശരീരത്തെ ഭയന്ന ബുദ്ധനെപ്പോലെ, ഭാര്യയുടെ `ഭാരം' ആത്മ-സാമൂഹ്യ സാക്ഷാത്‌ക്കാരത്തിന്‌ വിഘാതമാകുമെന്ന്‌ ഭയന്നുപോകുന്ന നാരായണ ഗുരുവിനെപ്പോലെ, ശരീരത്തിന്റെ അഭിനിവേശങ്ങളെയും ആകാംക്ഷകളെയും സമര്‍പ്പണങ്ങളെയും തിരസ്‌കരിക്കുന്ന ആശാന്റെ കാവ്യഭയങ്ങള്‍പോലെ പെണ്ണുടല്‍. പുരുഷകാമനകളുടെ ആത്മീയ-ഭൗതിക മണ്ഡലങ്ങളില്‍ അവന്റെ ഭയത്താല്‍ മറയ്‌ക്കപ്പെട്ട അപരദേശത്തിന്റെ എഴുത്താണ്‌ എസ്‌ ശാരദക്കുട്ടിയുടെ പെണ്ണുകൊത്തിയ വാക്കുകള്‍.
ആത്മീയതയുടെയും ധ്യാനമഹോത്സവങ്ങളുടെയും പറമ്പുകളിലേക്ക്‌ ആട്ടിത്തെളിക്കപ്പെടുന്ന സ്‌ത്രീ ശരീരങ്ങളെക്കുറിച്ച്‌ സൂക്ഷ്‌മമായി പിന്തുടരുമ്പോള്‍ `മനസ്സിനെയും വിചാരങ്ങളെയും കാമനകളെയും വ്യക്തിയുടെ ആഗ്രഹത്തിന്‌ വിരുദ്ധമായി അടക്കിനിര്‍ത്താനുള്ള സംസ്‌ക്കാരത്തിന്റെ ശാഠ്യങ്ങളില്‍നിന്നാണ്‌ എല്ലാത്തരം ഉന്‍മാദങ്ങളും ഉണ്ടാകുന്നത്‌.' എന്ന തിരിച്ചറിവിലേക്കെത്തിച്ചേരുന്നു. ഇന്ന്‌ കേരളത്തിലെ സ്‌ത്രീകളില്‍ പൊതുവായി കണ്ടുവരുന്ന ഭക്ത്യുന്‍മാദത്തിന്റെ കടയ്‌ക്കല്‍ വെട്ടുകയാണ്‌ ശരീരം: മണമുള്ള ദൈവം എന്ന ലേഖനം. ആളെണ്ണത്തിന്റെ സ്ഥൂല പരിഗണനയ്‌ക്കപ്പുറം സൂക്ഷ്‌മതലങ്ങളില്‍ കുടുംബത്തിനുള്ളിലും കലാലയങ്ങളിലും തൊഴിലിടങ്ങളിലും പെണ്‍പ്രതിനിധാനം നേരിടുന്ന പ്രശ്‌നപരിസരങ്ങളെ പിന്തുടരുകയാണ്‌ `പെണ്ണുകൊത്തിയ വാക്കുകള്‍'. നാല്‌ ഭാഗങ്ങളിലായി പത്തൊന്‍പത്‌ ലേഖനങ്ങളാണ്‌ ഈ സമാഹാരത്തിലുള്ളത്‌.
നര്‍മ്മത്തിന്റെ നിഷ്‌കളങ്കതയെ നിര്‍ദ്ധാരണം ചെയ്യുന്ന ലേഖനമാണ്‌ ചിരിയുടെ തീണ്ടല്‍. ചിരിക്കുപാത്രമാകുന്ന ശരീരവും ചിരിക്കുന്ന ശരീരവും ഉടല്‍ ഭാഷണങ്ങളുടെ രണ്ട്‌ വിരുദ്ധ പ്രതിനിധാനങ്ങളാണ്‌. വിദൂഷകത്വം സാമൂഹ്യ വിമര്‍ശനത്തിന്റെ തലത്തില്‍ മാത്രമല്ല എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുന്നത്‌. ചിലപ്പോഴത്‌ അങ്ങേയറ്റം അരാഷ്‌ട്രീയവുമാകുന്നുണ്ട്‌. ഫലിതത്തിന്റെ പുരുഷകേന്ദ്രിതമായ ചിരിലോകത്തെ അപ്രസക്തമാക്കുന്ന ഒരു പ്രതിലോകത്തെക്കുറിച്ചാണ്‌ ഈ ലേഖനം സംസാരിക്കുന്നത്‌. `സ്വകാര്യമായ നിമിഷങ്ങളില്‍ ഒരു സ്‌ത്രീയോട്‌ നിങ്ങള്‍ക്ക്‌ സംസാരിക്കാന്‍ കഴിഞ്ഞാല്‍അവള്‍ നിങ്ങളുടെ ചെവിയില്‍ ലോകത്തെ ഏറ്റവും നല്ല ഫലിതം പറഞ്ഞേക്കാം.' നമ്മുടെ ഫലിതബോധത്തിന്റെ നടപ്പുശീലത്തെ മാത്രമല്ല, അതിന്റെ ഭാവുകത്വ പരിമിതികളെയും അജ്ഞതയെയും അഗാതമാംവിധം നിരസിക്കുന്നതാണ്‌ പെണ്‍ ചിരിയുടെ രാഷ്‌ട്രീയം.
നാം ജീവിക്കുന്ന കാലത്തെ രാഷ്‌ട്രീയമായി വായിക്കുകയാണ്‌ ശാരദക്കുട്ടിയുടടെ രചന. പുരുഷകേന്ദ്രിതമായ രാഷ്‌ട്രീയ- സാമൂഹിക -അധികാര ഘടനയക്കുള്ളില്‍, അതിന്റെ സദാചാര വഴക്കങ്ങളെയും രുചിഭേദങ്ങളെയും കടപുഴക്കിക്കൊണ്ടാണ്‌ വിഷയങ്ങള്‍ ഉന്നയിക്കപ്പെടുന്നത്‌. സമൂഹം ആരുടെ ഭര്‍ത്താമാണ്‌? എന്ന ചോദ്യത്തെ ചൂഴ്‌ന്നുനില്‍ക്കുന്ന നീതിബോധം സമൂഹത്തിന്റെ നിയമ സദാചാര സ്ഥാപനങ്ങളുടമായി ഇടയുന്നു. കോടതി ആരുടെ ഭര്‍ത്താവാണ്‌? ന്യായാധിപന്‍മാര്‍ ആരുടെ സാദാചാര സംരക്ഷകരാണ്‌? ഭരണകൂടം? ആത്യന്തികമായി സമൂഹം? തുടങ്ങിയ നിരവധി ഉപചോദ്യങ്ങളിലൂടെ നടപ്പുസാമൂഹ്യഘടനയ്‌ക്കുള്ളില്‍ അരക്ഷിതമാകുന്ന പെണ്ണുടല്‍ ഉന്നയിക്കപ്പെടുകയാണ്‌. എഴുത്തിന്റെയും കലയുടെയും സമൂഹത്തിന്റെ തന്നെയും മുന്‍ഗണനാക്രമങ്ങളില്‍നിന്നും അപ്രത്യക്ഷമാകുന്ന ജീവിത ശകലങ്ങള്‍ ഏകമുഖമായ ചരിത്ര/കാലങ്ങളെ ശിഥിലമാക്കിക്കൊണ്ട്‌ അര്‍ത്ഥപൂര്‍ണ്ണമായ നിര്‍വചനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കുമായി സ്വയം വെളിപ്പെടുന്നു. മുഖ്യധാരാ എഴുത്തും ചരിത്രവും സാമൂഹ്യ വിമര്‍ശനവും നിരവധി ആഖ്യാനങ്ങളും തിരസ്‌കാരങ്ങളിലൂടെയും തമസ്‌കരണങ്ങളിലൂടെയും തള്ളിക്കളഞ്ഞ പെണ്‍ശരീരത്തിന്റെ തീവ്രമായ രാഷ്‌ട്രീയ പ്രവേശനമാണ്‌ `പെണ്ണുകൊത്തിയ വാക്കുകള്‍.' സാമൂഹ്യോപരിതലത്തില്‍ നിന്നും തിരോഭവിക്കുന്ന വിസ്‌മൃതികളിലേറെയും സ്‌ത്രീ, കീഴാള അനുഭങ്ങളുടേതായിരുന്നുവെന്ന ചിന്തയാണ്‌ സ്‌ത്രീ, കീഴാള ലിംഗ നീതിയെക്കുറിച്ചുള്ള ആലോചനകളെ നിര്‍ണ്ണയിക്കുന്നത്‌. ചില ഉടലുകള്‍, സ്‌മരണകള്‍, അസാധാരണ ജീവിത സന്ദര്‍ഭങ്ങള്‍, നേട്ടങ്ങള്‍, നഷ്‌ടപ്പെടലുകള്‍ എല്ലാം ഒരു പ്രതിവായനയിലൂടെ സമൂഹകേന്ദ്രത്തിലേക്ക്‌/സംവാദമണ്ഡലത്തിലേക്ക്‌ പുനരാനയിക്കപ്പെടുന്നു. എഴുത്തിന്റെ മുഖ്യധാരയോടിണങ്ങിയും ഇടഞ്ഞും സ്വയം ആവിഷ്‌കരിക്കുന്നതിനും വ്യാഖ്യനപ്പെടുന്നതിനുമായി സമൂഹ്യജീവിതത്തില്‍ മറഞ്ഞുകിടക്കുന്ന അനുഭവങ്ങളെയാണ്‌ ഈ എഴുത്ത്‌ പിന്‍പറ്റുന്നത്‌. ജനപ്രിയ സാഹിത്യ/കലാ/രാഷ്‌ട്രീയ സംവാദങ്ങളില്‍ ആധികാരികതനേടുന്ന സാമാന്യബോധവും പൊതുധാരണകളും രൂപപ്പെടുത്തുകയും ക്രമപ്പെടുത്തുകയും ചെയ്യുന്ന ആഖ്യാനങ്ങളില്‍ അമര്‍ന്നുപോകുന്ന സ്‌ത്രീയുടെ കര്‍തൃത്വത്തെ ഹിംസാത്മകമായി പുനരാനയിക്കുന്നു ഈ പുസ്‌തകം.

3 comments:

 1. പുരുഷ ശരീരത്തിന്റെ ഉന്‍മാദത്തെക്കുറിച്ച്‌, ലീലയെ, ആവിഷ്‌കാരത്തെ, അണപൊട്ടലിനെ, ആത്മനിര്‍വൃതിയെക്കുറിച്ച്‌, ഉടലോടെ മറയുന്ന പരമമോക്ഷത്തെക്കുറിച്ച്‌. പേര്‍ത്തുംപേര്‍ത്തും പറഞ്ഞതിനും അറിഞ്ഞതിനും ആനന്ദിച്ചതിനുമപ്പുറം പെണ്ണുടലിന്റെ മഹാസമുദ്രത്തെക്കുറിച്ച്‌ അതിന്റെ ഭൂകമ്പദേശങ്ങളെക്കുറിച്ച്‌ ലോകം അജ്‌ഞരായിരുന്നു.

  ReplyDelete
 2. `മനസ്സിനെയും വിചാരങ്ങളെയും കാമനകളെയും വ്യക്തിയുടെ ആഗ്രഹത്തിന്‌ വിരുദ്ധമായി അടക്കിനിര്‍ത്താനുള്ള സംസ്‌ക്കാരത്തിന്റെ ശാഠ്യങ്ങളില്‍നിന്നാണ്‌ എല്ലാത്തരം ഉന്‍മാദങ്ങളും ഉണ്ടാകുന്നത്‌.' എന്ന തിരിച്ചറിവിലേക്കെത്തിച്ചേരുന്നു.
  great..!!

  ReplyDelete
 3. നല്ലവള്‍ മത്സരങ്ങളില്‍ നിന്നും.. സമൂഹം ചാര്‍തിതന്ന മൂടുപടങ്ങളില്‍ നിന്നും.. രക്ഷ പെടാനാവാതെ വലയുന്ന.. സ്ത്രീ കള്‍ക്കും.. സ്വന്തം അസ്ഥിത്വം മറവിക്ക് വിട്ടു കൊടുത്തു ഒഴുക്കിനൊപ്പം നീന്താന്‍ പാടുപെടുന്ന സ്ത്രീകളെ കാണ്ടില്ലെന്നു നടിക്കുന്ന സമൂഹത്തിനും വേണ്ടി ഒരു നെടുവീര്‍പ്പുകൂടി...

  ReplyDelete