Wednesday, July 27, 2011

ജീവിതത്തിന്റെ കണ്ണാടിക്കാഴ്ചകള്‍


സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍
(ഓര്‍മ്മ/അനുഭവം)

താഹ മാടായി

പേജ്: 149 വില: 90 രൂപ
മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
ചരിത്രം ആലേഖനം ചെയ്യപ്പെട്ട ഉടലാണ് മനുഷ്യര്‍. ജീവിതത്തിന്റെ ഓരോ നിമിഷവും മസ്തിഷ്‌കത്തിലെ ഓര്‍മ്മകളുടെ അടരുകളില്‍ എഴുതപ്പെടുന്നു. ഒരു ചരിത്രമെഴുത്തിനും പിടിച്ചെടുക്കാനാവാത്ത സൂക്ഷ്മതയോടെ അത് കാലത്തെ രേഖപ്പെടുത്തിവച്ചിരിക്കുന്നു. ചില കാലങ്ങളില്‍ ചിലനേരങ്ങളില്‍ സ്മരണകളുടെ വാതിലുകള്‍ മെല്ലെ തുറക്കപ്പെടും. അനുഭവത്തിന്റെ ചൂരുള്ള ജീവിതസ്മരണകള്‍ കാറ്റുകൊള്ളാനിറങ്ങും. തലമുറകളോട് കഥകള്‍ പറഞ്ഞും ജീവിതം പറഞ്ഞും അത് സ്വകാര്യ നിനവുകളെ പൊതുസ്വത്താക്കിമാറ്റും. അങ്ങനെ ഒരാളുടെ സ്മൃതിഭാണ്ഡം സമൂഹത്തിന് ചരിത്രഭണ്ഡാരമാകും.
സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ സ്മരണകളുടെ പുറം സഞ്ചാരമാണ്. സിനിമയുടെ വെളിച്ചത്തില്‍ നാം കണ്ടറിഞ്ഞ, ആരാധിക്കുകയും ഭയപ്പെടുകയും സ്‌നേഹിക്കുകയും പിന്നീട് മറക്കുകയും ചെയ്ത മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി മുഖങ്ങള്‍ ഒരു വെള്ളിത്തിരയിലെന്നപോലെ വീണ്ടും കടന്നുവരുകയാണ്. അവരേറെയും ഗ്രാമീണരായിരുന്നു. നഗരത്തിനു മുമ്പ് ജനിക്കുകയും നാഗരികതയോട് കലരാനാവാതെ പുലരുകയും ചെയ്തവര്‍. അഭിനയത്തിന്റെയും ജീവിതത്തിന്റെയും അതിരുകള്‍ മായ്ച്ചുകളഞ്ഞ ശങ്കരാടി പാടവരമ്പിലെ കാരണവരായി കാര്‍ഷികനന്‍മയുടെ സ്മരണയായി നടന്നുമറയുന്നു. അഭിനയത്തിന്റെ ആര്‍ജ്ജവത്താല്‍ നമ്മെ വിസ്മയിപ്പിച്ച ഫിലോമിനയെക്കുറിച്ചാണ് പരദൂഷണം അമ്മയി എന്ന ഓര്‍മ്മക്കുറിപ്പ്. ബുദ്ധകഥയിലെ സന്യാസിയെപ്പോലെ എല്ലാ ആഗ്രഹങ്ങളും കടവില്‍ ഉപേക്ഷിച്ചുപോകുന്ന ശുദ്ധ ഗ്രാമീണനെന്ന് സത്യന്‍ അന്തിക്കാട് ഒടുവില്‍ ഉണ്ണികൃഷ്ണനെ സത്യന്‍ അന്തിക്കാട് സ്മരിക്കുന്നു.
ആലീസ് ഇന്‍ വണ്ടര്‍ ലാന്റ് എന്ന ഓര്‍മ്മക്കുറിപ്പ് ഇന്നും തന്റെ സന്തത സഹചാരിയായ ഇന്നസെന്റിനെക്കുറിച്ചുള്ള കുറിപ്പാണ്. സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കാറുണ്ടെങ്കിലും ഉള്ളില്‍ ഒരുപാവം ഗ്രാമീണനാണ് തിലകനെന്ന് ഓര്‍മ്മകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു ജോക്കറുടെ ജീവിതംപോലെ അരങ്ങിലും അണിയറയിലും രണ്ട് ജീവിതം നയിച്ച പച്ചമനുഷ്യന്‍ ബഹദൂര്‍ സ്മരണകാണ് ജോക്കര്‍ എന്ന കുറിപ്പ്. തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ പപ്പുവിനെ താരവെളിച്ചത്തിനപ്പുറം ആഴത്തില്‍ മനസ്സിലാക്കിയതിന്റെ ആര്‍ദ്രതയാണ് ഇന്നലകള്‍ ഇതുവഴിയേപോയി എന്ന ഓര്‍മ്മയില്‍ തുളുമ്പിനില്‍ക്കുന്നത്. അഭിനയ കലയുപടെ കരുത്തുകൊണ്ട് കാലത്തിന് മുമ്പേ നടക്കുന്ന കെ പി എ സി ലളിതയെക്കുറിച്ചാണ് കാലത്തിന്റെ പെണ്ണനുഭവങ്ങള്‍ എന്ന കുറിപ്പില്‍ സത്യന്‍ അന്തിക്കാട് സ്മരിക്കുന്നത്. ഏതുകഥയ്ക്കും വഴങ്ങുന്ന നാടന്‍ ശരീരമാണ് നെടുമുടിയെന്ന് ഓര്‍മ്മക്കുറിപ്പില്‍ പങ്കുവയ്ക്കുകമാത്രമല്ല, തന്റെ സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തിട്ടുണ്ട് സത്യന്‍ അന്തിക്കാട്. മീനയും ഭരത്‌ഗോപിയും ചിരിയിലും വഴിമാറിനടക്കുന്ന ശ്രീനിവാസനും ചട്ടമ്പിത്തരത്തില്‍ നിന്നും ഹാസ്യത്തിലേക്ക് നടന്നുകയറിയ പറവൂര്‍ ഭരതനും കോഴിക്കോടിന്റെ ഉടലും ഭാഷണവുമായ മാമുകോയയും ബോബി കൊട്ടാരക്കരയും അടൂര്‍ ഭവാനിയുമെല്ലാം ഓര്‍മ്മയുടെ തിരശീലയില്‍ വീണ്ടും വന്നുനിരക്കുന്നു.
ഇത് കേവലമായ ഓര്‍മ്മക്കുറിപ്പല്ല, മനുഷ്യപ്പറ്റിന്റെ ആര്‍ദ്രമായ അനുഭവം സമ്മാനിക്കുന്ന പാഠപുസ്തകമാണ്. സ്‌നേഹത്തില്‍ നിന്നും നന്‍മയില്‍നിന്നും മനുഷ്യത്വത്തില്‍ നിന്നും കാരുണ്യത്തില്‍ നിന്നും സഹതാപത്തില്‍ നിന്നുമെല്ലാം ഓടിയോടി നഗരമാകാന്‍ ശ്രമിക്കുന്ന എല്ലാ നാട്ടിന്‍പുറങ്ങള്‍ക്കും നാഗരികരാകാന്‍ വെമ്പുന്ന എല്ലാ ഗ്രാമീണര്‍ക്കും നഗരത്തില്‍ എന്നേക്കുമായി അകപ്പെട്ടുപോയവര്‍ക്കും ജീവിതത്തെ മുഖാമുഖം കാണാന്‍ ഒരു കണ്ണാടി. അതില്‍ ഒതുപാട് ജീവിതങ്ങള്‍ ഒരേസമയം പ്രതിബിംബിക്കുന്നുണ്ട്.

Wednesday, July 13, 2011

രണ്ടായി പിളരുന്ന രാത്രി

രാത്രി: മലയാളത്തിന്റെ രാക്കനവുകള്‍
എഡി: ടോണി ചിറ്റേട്ടുകുളം
വില: 200 രൂപ പേജ്: 321
ഒലിവ് ബുക്‌സ്, കോഴിക്കോട്

''കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികള്‍ കുറിക്കുവാന്‍'' ചിലിയന്‍ കവി പാബ്ലോ നെരൂദയുടെ വരികളാണിത്. രാത്രി ശോകസാന്ദ്രവും ചിലപ്പോള്‍ സ്വപ്നഭരിതവും ചിനേരങ്ങളില്‍ ആഘോഷങ്ങളിലും ആനന്ദത്തിലും ആഴ്ന്നുമയങ്ങുന്ന കാല്പനികമായ സങ്കല്‍പ്പവുമാണ്. രാവിന്റെ അന്ത്യത്തോളം അലഞ്ഞുനടന്നവര്‍. ചങ്ങാത്തിക്കൂട്ടങ്ങളില്‍ രാവ് പാടിവെളുപ്പിച്ചവര്‍. ജീവിതവും ലഹരിയും ആനന്ദഭരിതമാക്കിയ രാത്രികളെക്കുറിച്ച് പറഞ്ഞുതീരാത്ത എഴുതി വയ്ക്കാത്ത എത്രയോ ഓര്‍മ്മകള്‍ പിറ്റേപ്പുലര്‍ച്ചയില്‍ മാഞ്ഞുപോയിരിക്കുന്നു. എഴുതപ്പെട്ട അനുഭവങ്ങളെ അടുക്കുവയ്ക്കുകയാണ് രാത്രി മലയാളത്തിന്റെ രാക്കനവുകള്‍ എന്ന പുസ്തകം.
ടോണി ചിറ്റേട്ടുകുളം എഡിറ്റു ചെയ്ത രാത്രി-മലയാളത്തിന്റെ രാക്കനവുകള്‍, രാക്കഥകളും കവിതകളും അനുഭവക്കുറിപ്പുകളും ചേര്‍ത്തുവയ്ക്കുന്നു. ഒരു തരം വര്‍ഗ്ഗീകരണം. എഴുത്തിലെ ഈ ക്രമപ്പെടുത്തല്‍ വായനയെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് കൗതുകം നല്‍കുന്ന കാര്യമാണ്. രാത്രി എന്ന ബിംബം അനവധി പ്രതിബിംബങ്ങളാല്‍ ശിഥിലമാക്കപ്പെട്ട ഒരു രൂപകമായിത്തീരുന്നു. മാത്രവുമല്ല, വര്‍ഗ്ഗീകരണത്തിന്റെ മാനദണ്ഡങ്ങള്‍ ഏതുവിധമാണ് രാത്രിയെ ഒരുമിച്ച് ചേര്‍ക്കുന്നതെന്നും വ്യക്തമല്ല. അതായത് രാത്രി എന്നൊരു 'പൊതു' വായനാനുഭവം നിര്‍മ്മിക്കുക അസാധ്യമായിരിക്കും. അത്തരമൊരസാധ്യതയെ സംവാദത്തിന്റെ വെളിച്ചത്തിലേക്ക് കയറ്റിനിര്‍ത്തുകയാണ് ഈ പുസ്തകം. അതുകൊണ്ടുതന്നെ പുസ്തകത്തിലെ ഓരോ കഥയും ഓരോ കവിതയും അനുഭവക്കുറിപ്പുകളും നിരൂപണ ബുദ്ധിയോടെ വായിക്കുക എന്ന സാധാരണമട്ടിലുള്ള സമീപനത്തില്‍ നിന്നും ഒരുമാറിനടത്തം ആവശ്യമായിവരുന്നു. സര്‍ഗ്ഗാത്മക രചനകളെ രാത്രി എന്ന ഒറ്റക്രമത്തിലേക്ക് പൊതുവായി മുതല്‍ക്കൂട്ടുമ്പോള്‍ എന്തു സംഭവിക്കുന്ന എന്ന ചോദ്യത്തിലൂടെയാണ് ഈ പുസ്തകത്തെ സംവാദത്തിനെടുക്കുന്നത്. സൃഷ്ടി മൗനങ്ങളുടെ ബ്രഹ്മയാമങ്ങള്‍ എന്ന ആമുഖക്കുറിപ്പില്‍ ടോണി ഈ ചേര്‍ത്തുവയ്ക്കലിന്റെ സമീപന രീതി വ്യക്തമാക്കുന്നുണ്ട്. സമീപനത്തെ ചൂഴ്ന്നു നില്‍ക്കുന്നത് ഏറെക്കുറെ കാല്പനികമെന്നുപറയാവുന്നു രാവോര്‍മ്മകളാണ്. 'ഓര്‍മകളുടെ പുസ്തകത്തിലെ രാത്രികാലങ്ങള്‍ക്ക് നിലാവിന്റെ സുഗന്ധം. മുയല്‍ മുദ്ര പേറുന്ന പാല്‍ നിലാവും മുല്ലപ്പൂക്കളുടെ മദിപ്പിക്കുന്ന ഗന്ധവും.' എന്ന് അത് ഗൃഹാതുരമാകുന്നു. കാല്‍പനികവും ഗൃഹാതുരവുമായ രാത്രി എന്ന അനുഭവത്തില്‍ നിന്നുമാണ് ഇത്തരമൊരു പുസ്തകം സാധ്യമായിരിക്കുന്നത്. (ഷെരീഫിന്റെ രാത്രി വരകളുടെ ഭാവതീവ്രതയെക്കുറിച്ച് ആമുഖത്തില്‍ പറയുന്നുണ്ട് പുസ്തകത്തില്‍ വര മാഞ്ഞുപോയിരിക്കുന്നു.)
എന്നാല്‍ ഈ പുസ്തകം പ്രസക്തമാകുന്നത് ചില അസാന്നിധ്യങ്ങളുടെ രേഖപ്പെടല്‍ എന്ന നിലയ്ക്കാണ്. കഥകളിലേറെയും എഴുതിയത് പുരുഷന്‍മാരായ കഥാകൃത്തുക്കളാണ്. സ്ത്രീകളുടെ രാക്കഥകള്‍ മാധവിക്കുട്ടി, പി വല്‍സല, ഗ്രേസി, ഒ വി ഉഷ, കെ രേഖ എന്നിങ്ങനെ ചുരുക്കം പേരുകളിലേക്ക് ചുരുങ്ങുന്നു. കവിതകളിലെത്തുമ്പോള്‍ അത് സുഗതകുമാരി എന്ന ഒറ്റ നാമത്തില്‍ എത്തിനില്‍ക്കുന്നു. അനുഭവക്കുറിപ്പുകളില്‍ റോസ് മേരിയും സ്വപ്നാ ശ്രീനിവാസനും മാത്രം. ജീവിതവും ലഹരിയും ആനന്ദഭരിതമാക്കിയ രാത്രികളെക്കുറിച്ച് പറഞ്ഞവരിലേറെയും പുരുഷന്‍മാരായിരുന്നു. സ്ത്രീകള്‍ രാത്രികളില്‍ നിന്നും പുറത്താക്കപ്പെടുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം രാത്രി ഭയം മൂടിക്കിടക്കുന്ന തെരുവാണ്. ഇരുട്ടില്‍ നിന്നും തുറിച്ചു നോക്കുന്നവര്‍. പിന്നില്‍ പതുങ്ങി പിന്തുടരുന്നവര്‍. എപ്പോഴും തനിക്കുനേരേ നീണ്ടുവരാവുന്ന അജ്ഞാാതമായ കൈകള്‍. രാത്രിയില്‍ നിരത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ സമൂഹത്തിന്റെ കഴുകന്‍ നോട്ടങ്ങളാല്‍ കൊത്തിവലിക്കപ്പെട്ടാണ് വീട്ടിലേക്ക് ഓടി രക്ഷപ്പെടുന്നത്. രാത്രി എന്ന കാല്പനിക രൂപകത്തിനുമേല്‍ തെരുവ് എന്ന അനുഭവം ആഞ്ഞുകൊത്തുന്നുണ്ട്. റോസ് മേരിയുടെ ആത്മാക്കളുടെ രാത്രി വീട്ടുമുറ്റത്ത് മാത്രം സംഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മപ്പെടലായിരുന്നു. അവിടെ കാഴ്ചക്കാരിയായിരിക്കുന്ന പെണ്‍കുട്ടിക്കു ചുറ്റും കുടുംബം എന്ന കാവലുണ്ടായിരുന്നു. 'രാത്രിയെന്നാല്‍ വെളിച്ചവും വിശാലതയുമാണെന്നായിരുന്നു കായല്‍ എന്ന പഠിപ്പിച്ചത്.' എന്ന സ്വപ്നശ്രീനിവാസന്റെ കുറിപ്പില്‍ ഗൃഹാതുരത്വത്തെ മറികടക്കുന്ന പെണ്ണനുഭവത്തിന്റെ ഭയം ചൂഴ്ന്ന് നില്‍ക്കുന്നുണ്ട്. രാത്രിയില്‍ പുഴക്കരയില്‍ ഒറ്റക്കാവുന്ന പെണ്‍കുട്ടിയുടെ അരക്ഷിതമായ നിലവിളിയാണ് യഥാര്‍ത്ഥത്തില്‍ മലയാളത്തിന്റെ രാക്കനവുകളെ പൊതിഞ്ഞുനില്‍ക്കുന്നത്. ഒരുപക്ഷെ, എഴുതപ്പെടാതെപോയ നിരവധി ഓര്‍മ്മക്കുറിപ്പുകളുടെ കലമ്പങ്ങള്‍ വായനയെ ഈ അസ്വസ്തമാക്കുന്നുണ്ട്. 'രാത്രി അമ്മയെപ്പോലെ ചേര്‍ത്തണച്ചുറക്കുന്നു' എന്ന സുരക്ഷിതമാകുന്ന സുഗത കുമാരിയുടെ വരികളിലൂടെ രാത്രി വിവിധ ഭാവങ്ങളില്‍ കയറിവരുന്നുണ്ട്. 'രാത്രി മൃത്യുവെപ്പോലെ'/'രാത്രി ജീവിതംപോലെ' എന്ന് കവിത ജീവിതത്തിന്റെ സമസ്താനുഭവങ്ങളെയും നിറച്ചുവയ്ക്കുന്ന നിഗൂഢമായ അനുഭ സ്ഥലമാക്കി രാത്രിയെ മാറ്റുന്നു. അതോടെ രണ്ടായി വിഭജിക്കപ്പെട്ട ഒരു പുസ്തകമായി രാത്രി മാറുകയാണ്. രാത്രി എന്ന പെണ്‍ അനുഭവം തന്നെയാണ് അതിന്റെ ഒരുപാതി. അവിടെ എഴുതപ്പെടാതെ മഞ്ഞുകിടക്കുന്ന അനുഭവങ്ങളുടെ, കവിതയുടെ കഥയുടെ ശിഥില രാത്രികള്‍ കുടഞ്ഞുണര്‍ത്തപ്പെടുന്നുണ്ട്. അങ്ങനെ, വര്‍ഗ്ഗീകരണത്തെ, ക്രമപ്പെടുത്തലുകളെ, മാനദണ്ഡങ്ങളെ, വായനാശീലത്തെ പ്രശ്‌നവല്‍ക്കരിക്കുകയാണ് രാത്രി എന്ന പുസ്തകം.