Thursday, January 22, 2009

മറവിയുടെ രാഷ്‌ട്രീയംകബനീനദി ചുവന്നത്‌...
(നോവല്‍)

ബാബു ഭരദ്വാജ്‌
വില: 40 രൂപ പേജ്‌: 76

ഡി സി ബുക്‌സ്‌, കോട്ടയം


കബനി നദി ചുവന്നപ്പോള്‍ എന്ന ചലച്ചിത്രം പുറത്തുവന്ന്‌ മൂന്ന്‌ പതിറ്റാണ്ടിനുശേഷം പ്രസിദ്ധീകരിച്ച നോവലാണ്‌ ബാബു ഭരദ്വാജിന്റെ `കബനീ നദി ചുവന്നത്‌...' ഒരു ചലച്ചിത്രത്തിന്റെ നിര്‍മ്മാണ വഴികളിലൂടെ തിരിച്ചു നടക്കുകയാണ്‌ ഈ നോവല്‍. കഥയും ചരിത്രവും ഓര്‍മ്മയുമല്ലാത്ത, എന്നാല്‍ ഇതൊക്കയായ ഒട്ടനവധി വൈകാരിക സന്ദര്‍ഭങ്ങളെ മുഖാമുഖം കാണുന്നു. ചരിത്രമെഴുത്തിന്റെ രീതീശാസ്‌ത്രത്തെ സംശയത്തോടെയാണ്‌ നോവല്‍ സമീപിക്കുന്നത്‌. ഒപ്പം സ്വന്തം ഓര്‍മ്മകള്‍ ചരിത്രത്തിന്‌ പകരം നില്‍ക്കുമോ എന്ന ആശങ്കയും അത്‌ വഹിക്കുന്നു. വ്യവസ്ഥാപിത ചരിത്ര രചനയ്‌ക്ക്‌ വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്‌ക്കാണ്‌ ആഖ്യാനം പ്രവേശിക്കുന്നത്‌. അത്‌ `ചരിത്ര'മല്ലെന്ന്‌ എഴുത്തുകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അതിന്‌ കഥയാവാന്‍ നിവൃത്തിയില്ല. കാരണം അനുഭവ തീവ്രമായൊരു ഭൂതകാലം ചരിത്രത്തിനുമപ്പുറത്തേയ്‌ക്ക്‌ അതിനെ പിടിച്ചു വലിക്കുന്നുണ്ട്‌.

മരണത്തിന്റെ കഥ
``കബനി ആദ്യമായും അവസാനമായും മരണത്തിന്റെ കഥയാണ്‌. എന്തിന്റെയൊക്കയോ മരണം, ചില ആകാംക്ഷകളുടെ ചില സ്വപ്‌നങ്ങളുടെ...'' കേരളത്തിലെ യുവാക്കളുടെ `അവസാനത്തെ ഉരുള്‍പൊട്ടലിന്റേതായ ദശക' ത്തെക്കുറിച്ചുള്ള ആത്മഗതമാണിത്‌. സ്‌മരണകള്‍ ഇരമ്പുന്ന മണ്ണടരിലൂടെയാണ്‌ ഒരു സംഘം യുവാക്കള്‍ യാത്ര ചെയ്യുന്നത്‌. ചലച്ചിത്രം വലിയൊരു സ്വപ്‌നമായി അവരെ ചൂഴ്‌ന്നു നില്‍ക്കുന്നു. ഒളിപ്പോരിന്റെ സൂക്ഷ്‌മതയോ വിപ്ലവത്തിന്റെ ജാഗ്രതയോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നില്ല. അത്യന്തം ശിഥിലമായ ഒരാഘോഷത്തിന്റെ ലഹരിയും കാല്‌പനികതയും അവരെ വഴിനടത്തി. ``വിപ്ലവം ആശയം മാത്രമല്ല, അതൊരു വ്യവസ്ഥിതിയെ തകിടം മറിയ്‌ക്കല്‍ മാത്രമല്ല. അത്‌ സംഘര്‍ഷവും ചോര ചൊരിയലും തകര്‍ത്തെറിയലും പിടിച്ചടക്കലും മാത്രമല്ല. അത്‌ പ്രണയവും വിരഹവും വിഷാദവുമാണ്‌.'' എന്ന്‌ അവര്‍ സ്വയം നിര്‍വചിക്കുന്നു.

ഓര്‍മ്മയുടെ പേരുകള്‍
എഴുപതുകളുടെ മധ്യാഹ്നത്തില്‍ ചിന്തയിലും സ്വപ്‌നത്തിലും സിനിമയുമായി നടന്നുപോയ ഒരുപാട്‌ യുവാക്കളുടെ കഥയാണിത്‌. പവിത്രന്‍, ബക്കര്‍, രാമചന്ദ്രന്‍, യോഹന്നാന്‍, വര്‍ഗ്ഗീസ്‌, ഗോപാലേട്ടന്‍... പിന്നെ ഓര്‍മ്മകളിലേക്ക്‌ പേരില്ലാതെ പ്രവേശിക്കുന്ന നിരവധിപേരുടെ കഥ. ``ഈ കഥയില്‍ ഒരിടത്തും വരാത്ത കബനിയിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ ഉണ്ട്‌. എഴുതുമ്പോള്‍ അവരെന്റെ മനസ്സിലേയ്‌ക്ക്‌ കടന്നുവരുന്നുണ്ട്‌. ഒരുപക്ഷെ, അവരെല്ലാം മരിച്ചിരിക്കും.'' അങ്ങേയറ്റം അനിശ്ചിതമായിരുന്നു ചലച്ചിത്രത്തിന്റെ ഓരോ നിമനിഷവും. കാലം പ്രക്ഷുബ്‌ദമായിയിരുന്നു. പല കാരണങ്ങള്‍ കൊണ്ട്‌ ഷൂട്ടിംഗ്‌ നീണ്ടുപോയി.

നമ്മള്‍ എന്തുകാണണം?
അടിയന്തിരാവസ്ഥയും പോലീസ്‌ പീഡനവും ഏറ്റുവാങ്ങി പലപ്പോഴും മുടങ്ങിയും തുടങ്ങിയും കബനിയുടെ ഷൂട്ടിംഗ്‌ പുരോഗമിച്ചു. ``എഴുതി തയ്യാറാക്കിയ സ്‌കൃപ്‌റ്റിന്റെ സീമകളെ അതിലംഘിച്ച്‌ അത്‌ വളര്‍ന്നുകൊണ്ടിരുന്നു.'' ഒടുവില്‍ ചിത്രം ഭരണകൂടത്തിന്റെ കാഴ്‌ചക്കുമുന്നില്‍ എത്തുന്നു. സമൂഹം ഏതു കാഴ്‌ച കാണണം എന്നു തീരുമാനിക്കുന്നത്‌ അവിടെയാണ്‌. സെന്‍സര്‍ ബോര്‍ഡ്‌, ഏറ്റവും ക്രൂരമായാണ്‌ ആ സിനിമയില്‍ ഇടപെട്ടത്‌. ``എല്ലാ സീനികളില്‍ നിന്നും എല്ലാ സീക്വന്‍സുകളില്‍ നിന്നും വെട്ടിമാറ്റി അലങ്കോലപ്പെട്ട ഒരു ചലച്ചിത്ര ശരീരം. തീവണ്ടി തട്ടിച്ചതഞ്ഞ ഒരു ശരീരം പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞ്‌ തിരിച്ചു കിട്ടിയാല്‍ പോലും ഇതിനേക്കാള്‍ രൂപം അതിനുകാണും.'' അങ്ങനെ ഒരവശിഷ്‌ട സിനിമാ ലോകം കണ്ടു.

മുറിഞ്ഞുചിതറിയ സിനിമ
മുറിച്ചുമാറ്റിയ നിരവധി ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവാതെ ആ സിനിമ മലയാള ചലച്ചിത്ര ചരിത്രത്തെ പ്രതിരോധത്തിലാക്കുന്നു. എഴുപതുകളുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ ചിതറിപ്പോയ നിരവധി ശരീരങ്ങള്‍ക്കൊപ്പം കാണാതായ ഉടലുകള്‍ക്കൊപ്പം ഒരു ചലച്ചിത്ര ശരീരം കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഓര്‍മ്മകള്‍ അതിനെ പുനരാനയിച്ചുകൊണ്ടിരിക്കുന്നു. ഒരു ചലച്ചിത്രത്തിന്റെ നിര്‍മ്മാണ കാലത്തെ ഓര്‍മ്മയിലേക്ക്‌ തിരികെ വിളിക്കുമ്പോള്‍ ജീവിതത്തിലും കലയിലും അതിരറ്റ ഊഷ്‌മളതയും സാഹസികതയും നിറഞ്ഞു നിന്ന ഒരു കാലഘട്ടത്തിന്റെ സംഘചേതന ചരിത്രത്തില്‍ അടയാളപ്പെടുന്നു. വിസ്‌മൃതിയുടെ രാഷ്‌ട്രീയത്തെ വിചാരണ ചെയ്‌തുകൊണ്ടാണ്‌ `കബനീ നദി ചുവന്നത്‌...' എന്ന നോവല്‍ സമകാലിക രാഷ്‌ട്രീയ/ ചരിത്രത്തെ പ്രശ്‌നവല്‍ക്കരിക്കുന്നത്‌.

Thursday, January 15, 2009

ഭീതിയുടെ പുസ്‌തകംഡ്രാക്കുള
(
നോവല്‍ )
അന്‍വര്‍ അബ്‌ദുള്ള
വില: 55 രൂപ പേജ്‌: 114
ഡി സി ബുക്‌സ്‌, കോട്ടയം


ആഖ്യാനത്തിലും പ്രമേയത്തിലും മൗലികമായൊരു പൊളിച്ചെഴുത്തിലൂടെയാണ്‌ അന്‍വര്‍ അബ്‌ദുള്ളയുടെ ഡ്രാക്കുള നിരവധി വായനകളിലേക്ക്‌ തുടര്‍ന്നുപോകുന്നത്‌. `ഞാനിനെ എക്കാലവും സംഭീതനാക്കിക്കൊണ്ട്‌ പിന്തുടര്‍ന്നിരുന്ന ഒരു പാരായണ സ്‌മൃതിയാണ്‌ ഡ്രാക്കുള.' എന്ന്‌ ആഖ്യാതാവ്‌ രേഖപ്പെടുത്തുന്നുണ്ട്‌. ഡ്രാക്കുളയിലേക്കു പ്രവേശിക്കുമ്പോഴുള്ള ഭീതിയുടെ ഈ സ്‌മൃതിയെ നോവലിസ്റ്റ്‌ ആദ്യമെ അഴിച്ചുകളയുന്നു. എന്നാല്‍ ഈ അഴിക്കലുകള്‍ സങ്കീര്‍ണമായി കെട്ടുപിണയുകയാണ്‌ ചെയ്യുന്നത്‌. നോവലിന്റെ ആമുഖത്തില്‍ ഡോ വി സി ഹാരിസ്‌ നിരീക്ഷിക്കുന്നുതുപോലെ കല്‍പ്പനയുടെ (വിഭ്രാന്തിയുടെ?) അടിത്തറമേലാണ്‌ ഇതുപോലൊരു നോവല്‍ സാധ്യമാകുന്നത്‌. `കേരളത്തില്‍ ഒരു ഗസ്റ്റ്‌ ലക്‌ചററായി ജോലി ചെയ്യുന്ന മനുഷ്യന്റെ കഥയും നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ യൂറോപ്പിലെവിടെയോ ജീവിച്ച ചില പ്രഭുക്കളുടെ കഥയും വിഷാദരോഗം പിടിപെട്ട്‌ ഫ്‌ളൂഡാക്‌ ഗുളിക കഴിച്ചുകൊണ്ടിരുന്ന ഞാനിന്റെ കഥയും സ്വന്തം മാമായുടെ തലചുമന്നുകൊണ്ട്‌ നടക്കേണ്ടിവന്ന അര്‍ഷാദ്‌ ആലമിന്റെ കഥയുമെല്ലാം ഒത്തുചേരുന്നതും സംവദിക്കുന്നതും കലഹിക്കുന്നതുമൊക്കെ ഇതേ കല്‍പ്പനയുടെ (വിഭ്രാന്തിയുടെ?) അടിത്തറമേലാണ്‌.'


റാപ്പഗുണ്ടോം
ഭൂപടത്തില്‍ ഇനിയും രേഖപ്പെടുത്തിയിട്ടില്ലാത്ത റാപ്പഗുണ്ടോം എന്ന സ്ഥലത്ത്‌ രാജേഷ്‌ ഭോയര്‍ എന്ന മനുഷ്യന്റെ കോളെജില്‍ അധ്യാപക ജോലിക്കായി പുറപ്പെടുന്ന ചെറി, ട്രാന്‍സില്‍വാനിയയില്‍ നടക്കുന്ന അന്താരാഷ്‌ട്രാ ഡ്രാക്കുള കോണ്‍ഗ്രസില്‍ എത്തിപ്പെടുന്നു. അവിടെ ഡ്രാക്കുലീന എന്ന വിശിഷ്‌ട വീഞ്ഞിന്റെ ലഹരിയില്‍പെട്ട്‌, രക്ത ദാഹിയായിമാറുകയും സുന്ദരിയായ ഒരു സ്‌ത്രീയുടെ പിന്‍ കഴുത്തില്‍ പല്ലുകളാഴ്‌ത്തി രക്തം രുചിക്കുകയും ചെയ്യുന്നു. മുമ്പൊരിക്കല്‍ രാജേഷ്‌ ഭോയറുടെ കൊട്ടാരത്തിനുള്ളിലെ പരീക്ഷണ ശാലയിലെത്തിച്ചേരുന്ന അന്വേഷകനായ ചെറി അവിടെ കണ്ട ലായനികള്‍ പരിശോധിക്കുന്നു. `കൈവെള്ളയിലൊഴിച്ചോ വിരല്‍മുക്കി നാവില്‍ തേച്ചുനോക്കിയോ പരീക്ഷിക്കാന്‍ ചെറിക്ക്‌ ധൈര്യം പോരായിരുന്നു.' പക്ഷെ, അത്‌ രക്തം തന്നയെന്ന്‌ എങ്ങനെയാണ്‌ ഉറപ്പിക്കുക? `ഒടുക്കം അവന്‍ ഒരു തുള്ളിയുടെ തുള്ളിയിലൊന്നു തൊട്ട്‌ നാവിന്റെ അറ്റത്തിന്റെ അറ്റത്തൊന്നുവെച്ചു.യെസ്‌, ഇതതുതന്നെ, രക്തം. രക്തമാണെന്നു താന്‍ കണ്ടെത്തി, നല്ലതു തന്നെ, പക്ഷെ, രക്തത്തിന്റെ രുചി തനിക്കെങ്ങനെ അറിയാം? സത്യത്തില്‍ ആദ്യമായി രക്തം രുചിക്കുമ്പോള്‍ തന്നെ അതിന്റെ രുചി പൂര്‍വ്വകാല സ്‌മൃതി സഹായത്തോടെയെന്നോണം മനസ്സിലാക്കുവാന്‍ നാവിനു കഴിയുന്നത്‌ എങ്ങനെയെന്നുമാത്രം ചെറിക്ക്‌ ഒട്ടും തന്നെ പിടികിട്ടിയില്ല.' ആദ്യം ചെറി രുചിച്ചറിയുന്ന രക്തത്തില്‍നിന്നും രക്തപാനത്തിന്റെ രാത്രിയിലേക്കുള്ള ദൂരമാണ്‌ ഡ്രാക്കുളയുടെ പാരായണ കാലം. മാത്രമല്ല രക്തത്തിന്റെ രുചി തിരിച്ചറിയാന്‍ ചെറിയെ സഹായിക്കുന്ന ആ പൂര്‍വ്വകാലസ്‌മൃതിയുടെ `കാലം'കൂടി വായനയില്‍ സദാ സന്നിഹിതമായിരിക്കുന്നു. കോട്ടയത്തെ ജെ ജെ ഹോട്ടലിലെ `രുചിയേറിയ' പോത്തിറച്ചി, (പോത്തിച്ചി ശരിക്കും ചത്ത ഇറച്ചിയായിരുന്നു. എന്നെങ്കിലും ജീവിച്ചിരുന്നതായി അത്‌ തോന്നിപ്പിച്ചില്ല) ഡല്‍ഹിയിലുള്ള ചെറിയുടെ സുഹൃത്ത്‌ മാംസഭുക്കായ ബ്രാഹ്മണന്‍, മാമയുടെ തല വീണ്ടെടുക്കാന്‍ പോകുന്ന അര്‍ഷാദ്‌ ആലം കാണുന്ന ഉടലറ്റ ശിരസുകളുടെ കുന്ന്‌, നോവലന്ത്യത്തില്‍ നാം കടന്നുപോകുന്ന റാപ്പഗുണ്ടോമിലെ കലാപഭൂമി, ട്രാന്‍സില്‍വാനിയയിലേക്കുള്ള ചെറിയുടെ യാത്ര, കോട്ടയത്ത്‌ ആരംഭിച്ച്‌ ട്രാന്‍സില്‍വാനിയയില്‍ എത്തിച്ചേരുന്ന ഈ നോവല്‍സഞ്ചാരം രക്തത്തിന്റെയും മാംസത്തിന്റെയും ഭയാനകമായ ഒരു വൃത്തം പൂര്‍ത്തിയാക്കുന്നു. കോട്ടയം, ഡെല്‍ഹി, റാപ്പഗുണ്ടോം, ട്രാന്‍സില്‍ വാനിയ, പിന്നെ ജെ ജെ ഹോട്ടലില്‍ ഇരുള്‍വീണുതുടങ്ങിയ ഒരു കാത്തിരുപ്പിന്റെ അക്ഷമയും ഉല്‍കണ്‌ഠയും ചേരുന്നതാണ്‌ ഡ്രാക്കുളയുടെ ദേശം. ഡ്രാക്കുളയെ തൊടുമ്പോള്‍ കാല-ദേശ കാലസങ്കല്‍പ്പങ്ങള്‍ തകിടം മറിയുകയും വിഭ്രാന്തിയുടെയും അയഥാര്‍ത്ഥ്യത്തിന്റെയും വ്യത്യസ്‌തമായൊരു ഭൂപടം സാധ്യമാവുകയും ചെയ്യുന്നു. ഈ രാഷ്‌ട്രീയ-ഭൂമിശാസ്‌ത്ര സൂക്ഷ്‌മ തലങ്ങളെയാണ്‌ അന്‍വര്‍ അബ്‌ദുള്ളയുടെ ഡ്രാക്കുള സാധ്യമാക്കുന്നത്‌.

ഡ്രാക്കുള വായിക്കുമ്പോള്‍ ചിരിക്കാമോ?
ഡ്രാക്കുളയുടെ പാരായണത്തെ വ്യത്യസ്‌തമാക്കുന്നത്‌ അതിന്റെ ആഖ്യാനത്തിന്റെ സവിശേഷതയാണ്‌. എല്ലാ അര്‍ത്ഥത്തിലും ഒരുപെളിച്ചെഴുത്താണ്‌ അന്‍വറിന്റെ നോവല്‍. ഡ്രാക്കുള വായിക്കുമ്പോള്‍ ചിരിക്കാമോ? എന്നതായിരുന്നു ആദ്യപ്രശ്‌നം. ഞാനിന്റെയും ചെറിയുടെയും ജീവിതം അത്രയേറെ രസകരമായ സംഭവങ്ങളിലൂടെയാണ്‌ മുന്നേറുന്നത്‌. കഥകളും ഉപകഥകളും ഡയറിക്കുറിപ്പുകളും ഞാനിന്റെ ആത്ഭാഷണങ്ങളും ഓര്‍മ്മകളും കൂടിക്കലര്‍ന്നതാണ്‌ ഇതിന്റെ ആഖ്യാനം. ഡ്രാക്കുളയിലേക്ക്‌ പ്രവേശിക്കുന്നത്‌ രസകരമായ ഒരു പൂര്‍വ്വകാലസ്‌മൃതിയിലൂടെയാണ്‌. ``അപ്പോള്‍ ഞാന്‍ ഹരിശങ്കറിനെ ഓര്‍മ്മിച്ചു. ഹരിശങ്കറാണ്‌ മൂന്നാംക്ലാസില്‍ വച്ച്‌, ഒരു വൈകുന്നേരം ഞാനിനോട്‌ പറഞ്ഞത്‌, ഡ്രാക്കുള കൊച്ചിവരെ എത്തിയിട്ടുണ്ട്‌... അവിടെ നിന്ന്‌ കോട്ടയത്തേക്ക്‌ വരാന്‍ രണ്ടുമണിക്കൂര്‍ മതി. അതുകൊണ്ട്‌ സൂക്ഷിക്കണം....ഞാന്‍ തിരിച്ചു ചോദിച്ചു.ഡ്രാക്കുള കൊച്ചിവരെ എത്തിയിട്ടുണ്ടെന്ന്‌ ആരു പറഞ്ഞു?''``കൊച്ചിയിലെത്തിയ ഡ്രാക്കുള കോട്ടയത്ത്‌ വരികയുണ്ടായോ?'' ഇവിടെ ഭയമുണ്ട്‌, ഭയത്തെ കാത്തിരിക്കുന്ന ആകാംഷയുടെ ഒരു തരം ആനന്ദവുമുണ്ട്‌. `പേടിച്ചുവിറക്കുമ്പോഴും നിഗൂഢമായ ഒരു ആനന്ദം അനുഭവിക്കാന്‍ കഴിയും എന്നു തെളിയിച്ച പഴയ പ്രേതകഥയാണ്‌ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള' എന്ന്‌ വി സി ശ്രീജന്‍ നിരീക്ഷിക്കുന്നു.


ഭയത്തിന്റെ അടരുകള്‍
അന്‍വര്‍ അബ്‌ദുള്ളയുടെ നോവല്‍ സമകാലികമായ ഒരുപാട്‌ അവസ്ഥകളിലൂടെ ഡ്രാക്കുളയിലേക്ക്‌ കയറിപ്പോവുകയാണ്‌. രാജേഷ്‌ഭോയറുടെ നിഗൂഢത തേടിപ്പോകുന്ന ചെറി ട്രാന്‍സില്‍വാനിയയിലെ ഡ്രാക്കുള കോണ്‍ഗ്രസിലെ ആഘോഷരാത്രിയിലേക്കാണ്‌ പരിണമിക്കുന്നത്‌. എന്നാല്‍ ചെറിയെ കാത്ത്‌ കോട്ടയത്തെ ജെ ജെ ഹോട്ടലില്‍ ഇരിക്കുന്ന ഞാനിനെ ഒറ്റയ്‌ക്കാക്കി എല്ലാവരും പൊയ്‌ക്കഴിഞ്ഞിരിക്കുന്നു. ``ഞാന്‍ വാതിലില്‍ തട്ടി അകത്തുനിന്ന്‌ പുറത്തേക്ക്‌ വിളിച്ചു: തുറക്കൂ... ഞാന്‍ ഇതിനുള്ളില്‍ പെട്ടുപോയി...ആരെങ്കിലും വാതില്‍ തുറക്കൂ...എനിക്ക്‌ പേടിയാകുന്നു...ഒരു മേശമേല്‍ ആരോ ശിഷ്‌ടം വച്ചിരുന്ന വലിയ റൊട്ടി ഇരിക്കുന്നത്‌ ഞാന്‍ കണ്ടു. ഭയാക്രാന്തനായ ഞാന്‍ ആ റൊട്ടിയെടുത്ത്‌ കടിച്ചുവിഴുങ്ങാന്‍ തുടങ്ങിക്കൊണ്ട്‌ അവിടെ ഒരു മൂലയില്‍ ചുമര്‍ ചേര്‍ന്നിരുന്ന്‌ ഇരുട്ടിലേക്ക്‌ തുറിച്ചുനോക്കി. ഭൂമിയുടെ അടിയില്‍ കിണര്‍വെള്ളത്തിന്റെ ശബ്‌ദം വലുതായി വലുതായി വന്നു.'ഒരുപാട്‌ അടരുകളുള്ള ഭീതിയുടെ പുസ്‌തകമാണ്‌ ഡ്രാക്കുള. വായിക്കും മുമ്പുതന്നെ അത്‌ കേട്ടു തുടങ്ങുന്നു. പിന്നീട്‌ തേടിത്തുടങ്ങുന്നു. പുസ്‌തകത്തിനും മുമ്പ്‌ ഭയത്തിന്റെ ഒരു കോട്ട നമ്മളില്‍ ഇരുള്‍മൂടിക്കിടക്കുന്നുണ്ടാവും. ആദ്യ വായനയിലുടനീളം കേട്ടറിഞ്ഞതും മെനഞ്ഞെടുത്തതുമായ ഓരോ കഥയും കല്‍പ്പനയും തിരക്കിട്ടെത്തും. നിഡൂഢ ലോകത്തേക്ക്‌ ഒരുപാടു വാതിലുകള്‍ ഒരേ സമയം തുറന്നും അടഞ്ഞും അതിലും നിഗൂഢവും ഭ്രമാത്മകവുമായ രക്തത്തിന്റെ പരീക്ഷണശാലയില്‍ അത്‌ നമ്മെ എത്തിക്കുന്നു.

Sunday, January 11, 2009

ഓര്‍മ്മയുടെ മണം


കോന്തല
(ഓര്‍മ്മ)
കല്‍പ്പറ്റ നാരായണന്‍
പേജ്‌: 88 വില: 50 രൂപ
കറന്റ്‌ ബുക്‌സ്‌, തൃശൂര്‍
വ്യക്തി ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ള ഓര്‍മ്മകളെ വൈകാരികമായി പിന്തുടരുകയും ആവിഷ്‌കരിക്കുകയുമാണ്‌ കല്‍പ്പറ്റ നാരായണന്റെ കോന്തല. ഓര്‍മ്മകള്‍ പിന്നെയും ബാക്കിയാവുന്ന ജീവന്റെ സ്വകാര്യമായ അടരുകളിലേക്കാണ്‌്‌ ആഞ്ഞിറങ്ങുന്നത്‌. ഭാഷയേയും ദേശകാലങ്ങളെയും അതിലംഘിക്കുന്ന അനുഭവത്തിന്റെ ഏകാന്തമായ പൊള്ളല്‍, ദശകങ്ങള്‍ക്കപ്പുറമുള്ള ഈ വയനാടന്‍ കുറിപ്പുകളില്‍ മഞ്ഞുമൂടിക്കിടക്കുന്നു. കല്‍പ്പറ്റ നാരായണന്റെ ഓര്‍മ്മകള്‍ ഇങ്ങനെ എഴുതിത്തോരുന്നു. `നല്ല സ്വാദാണ്‌ മരിച്ച വീട്ടിലെ പുഴുക്കിന്‌.' ഓര്‍മ്മകളുടെ രുചിയെന്താണ്‌? മണം? ഓരോ നിമിഷങ്ങള്‍ക്കും ഓരോ ഗന്ധമുണ്ട്‌. ചില രുചികള്‍ ചില ഓര്‍മ്മകളെ തിരികെ വിളിക്കുന്നു. ജീവിതത്തിന്റെ രുചിയും ഗന്ധവും തൊട്ടറിയുന്ന എഴുത്ത്‌. ഓര്‍മ്മകളെ പുനരാനയിക്കല്‍ രീതീശാസ്‌ത്രപരമായി നിര്‍ണ്ണായകമാണ്‌. ഭൂതകാലത്തെക്കുറിച്ച്‌ വസ്‌തുതാപരമായ വിശകലനത്തിനാണ്‌ ചരിത്രം ശ്രമിക്കുന്നത്‌. ചരിത്രപരമായ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെതന്നെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ഈ ചോദ്യങ്ങള്‍ ഏറെ മൂല്യപരവും വൈകാരികവുമായിരിക്കും. ഓര്‍മ്മക്കുറിപ്പുകള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആത്മകഥകളല്ല. എന്നാല്‍ ആത്മകഥയുടെ ചില അടരുകളാണത്‌. മുഴുവന്‍ ജീവിതത്തില്‍നിന്നും ഏറെ വൈകാരികവും ആത്മനിഷ്‌ടവുമായ ചില കാഴ്‌ചകള്‍ പുനരാനയിക്കുന്നതാണ്‌ ഓര്‍മ്മക്കുറിപ്പുകള്‍. സാമൂഹ്യ രാഷ്‌ട്രീയ ചരിത്രത്തോടൊപ്പമാണ്‌ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത്‌. ആത്മനിഷ്‌ടമായത്‌ അതുകൊണ്ടുതന്നെ അങ്ങേയറ്റം സാമൂഹികവുമാണ്‌. വയനാടന്‍ കുടിയേറ്റത്തിന്റെ അത്രയൊന്നും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ലാത്ത ചരിത്രവും കഥകളും ജീവിത സമരവുമാണ്‌ കല്‍പ്പറ്റ നാരായണന്റെ കോന്തല.
കുടിയേറ്റം
``അച്ഛനും അമ്മയും നാട്ടിലേത്‌ വിറ്റുപെറുക്കി, മൂത്ത ഏടത്തിയെ കൈപിടിച്ചും ഏട്ടനെ എടുത്തും നടന്ന്‌ ചുരം കയറിയാണ്‌ വയനാട്ടിലെത്തിയത്‌.'' കുടിയേറ്റം ഒരു തരം അടര്‍ന്നുപോകലാണ്‌. ജനിച്ചുജീവിച്ച പരിസരങ്ങളില്‍ നിന്നും പറിഞ്ഞുപോകുന്നതിന്റെ സങ്കടം വയനാട്ടിലേക്കും ഇടുക്കിയിലേക്കും നടന്ന പഴയകാല കുടിയേറ്റങ്ങള്‍ക്കുണ്ടായിരുന്നു. മുറിഞ്ഞുപോയ ഒരു സാംസ്‌കാരിക ധാരയുടെ തുടരാനാവാത്ത ഒഴുക്ക്‌ അവരുടെ ഉള്ളില്‍ കെട്ടിക്കിടന്നിരുന്നു. ``നഷ്‌ടക്കച്ചവടമായിരുന്നു എന്നും അവരുടേത്‌. എന്തെല്ലാമോ നഷ്‌ടപ്പെടുത്തിയതിന്റെ സങ്കടം അമ്മയുടെ തുടങ്ങിയാല്‍ നിയന്ത്രിക്കാനാവാത്ത ശകാരത്തിലും അച്ഛന്റെ നിശബ്‌ദതയിലുമുണ്ടായിരുന്നു.'' കുടിയേറ്റങ്ങളെ മൊത്തത്തില്‍ `അധിനിവേത്തിന്റെ' ബൃഹത്‌ പരിസരത്തില്‍ നോക്കിക്കാണാന്‍ ശ്രമിച്ചവര്‍ മനസിലാക്കാതെപോയ അതിജീവനത്തിന്റെ ചരിത്രത്തിലേക്കുകൂടിയാണ്‌ കോന്തല നയിക്കുന്നത്‌. കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസം ഒരു രാഷ്‌ട്രീയ-സാമ്പത്തിക പ്രശ്‌നമായി നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നാല്‍ സ്വയം ഒഴിഞ്ഞുപോകുന്നവരുടെ അധിവാസവും അതിജീവനവും നമ്മുടെ സാംസ്‌കാരിക-രാഷ്‌ട്രീയ സംവാദങ്ങളിലേക്ക്‌ എന്തുകൊണ്ടോ കയറിനില്‍ക്കുന്നില്ല. `സ്വയം ഒഴിഞ്ഞുപോകല്‍' തികച്ചും വ്യക്തിപരമാണ്‌. പരമാവധി ഒരു കുടുംബത്തിന്റെ മാത്രം പ്രശ്‌നവും. എന്നാല്‍ തികച്ചും വ്യക്തിപരമായ ഒന്നിന്റെ രാഷ്‌ട്രീയ വിവക്ഷകള്‍ കാണാതിരുന്നുകൂട. അതിന്റെ സാമൂഹിക സാമ്പത്തിക കാരണങ്ങള്‍ അതുകൊണ്ടുതന്നെ രാഷ്‌ട്രീയമായ അര്‍ത്ഥങ്ങള്‍ വഹിക്കുന്നു. ഓരോ വ്യക്തിയും മറ്റൊരുപാട്‌ വ്യക്തികളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒരു സാമൂഹ്യ വ്യവസ്ഥക്കുള്ളില്‍, ജീവിതം തേടിയുള്ള ഓരോ അടര്‍ന്നുപോകലും കുടിയേറ്റവും വലിയൊരു സാംസ്‌കാരിക പ്രശ്‌നമായി മാറുന്നുണ്ട്‌. അത്തരമൊരു പാരായണത്തിലേക്കാണ്‌ കോന്തല നിര്‍ബന്ധിക്കുന്നത്‌. ഒരു തരത്തിലും ആവിഷ്‌കരിക്കാതെപോയ സങ്കടങ്ങളായിരുന്നു അവരുടെ ജീവിതമെന്ന്‌ ഈ വായന ബോധ്യപ്പെടുത്തുന്നു.
വേര്‍പാടിന്റെ മുറിവുകള്‍
``അച്ഛന്‍ നടാന്‍ പാകമാക്കിയ കണ്ടത്തിലിറങ്ങി നടാന്‍ തോന്നില്ലന്ന്‌ പണിച്ചി കറപ്പി പറയാറുണ്ട്‌. അത്ര സങ്കടം തോന്നിക്കുന്ന പരിപൂര്‍ണത മറ്റാരുടെ പ്രവൃത്തിയിലും ഞാന്‍ കണ്ടിട്ടില്ല. വിശേഷ ദിവസങ്ങളില്‍ അമ്മ കോലായിലും മുറ്റത്തും നടുവകത്തും കോലങ്ങള്‍ വരച്ചുകൊണ്ട്‌ അയല്‍പക്കത്തെ സ്‌ത്രീകളില്‍നിന്ന്‌ തനിക്കുള്ള വ്യത്യാസം ആവിഷ്‌ക്കരിച്ചു. അമ്മ പാട്ടില്‍ പഴയ പഴയ സങ്കടങ്ങള്‍ കേട്ടു. `വീര വീരാട' എന്നു തുടങ്ങുന്ന കൈകൊട്ടിക്കളിപ്പാട്ടില്‍ അമ്മ പാടുമ്പോള്‍ സങ്കടം ഇരമ്പി. ഓര്‍മ്മകള്‍ വാതുക്കല്‍ വന്നു നില്‍ക്കും, അമ്മ പാടുമ്പോള്‍. വഴുക്കി വീണും ആത്തിക്കണ്ടത്തില്‍ അരവരെ താണും വീട്ടില്‍ നനഞ്ഞൊലിച്ചെത്തിയ നാട്ടിലെ പഴയ ബന്ധുക്കളെ വീട്ടിലെത്തിയ പാടെ സല്‍ക്കരിക്കാന്‍ അമ്മ കാണിക്കുന്ന ഉല്‍സാഹത്തിലും അധികം വൈകാതെ കാണിച്ചു തുടങ്ങുന്ന അസഹ്യതയിലും ഓര്‍മ്മകളുടെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരിക്കണം.'' അറ്റുപോയ സാംസ്‌കാരിക ധാരയെ തിരികെപ്പിടിക്കാനുള്ള പരാജിത ശ്രമങ്ങളായി ഈ ആവിഷ്‌കാരങ്ങളായിരുന്നു ഈ ആവിഷ്‌കാരങ്ങള്‍.
ചിലമരണങ്ങള്‍
ഓര്‍മ്മകള്‍ക്ക്‌ ഒരുപാട്‌ ചരിത്ര ദൗത്യങ്ങളുണ്ട്‌. വ്യവസ്‌താപിത ചരിത്രമെഴുത്തിന്റെ യുക്തിയെ നിരന്തരം ചോദ്യം ചെയ്‌തുകൊണ്ടാണത്‌ സാധ്യമാകുന്നത്‌. കരിഞ്ചിയുടെയോ പൊട്ടന്‍ മാണിയുടെയോ കഥ ചരിത്രത്തില്‍ കാണാനാവില്ല. എന്നാല്‍ ഓര്‍മ്മകള്‍ക്ക്‌ അവയെ മായ്‌ച്ചു കളയാനാവുകയില്ല. ``പൊട്ടന്‍ മാണിയെപ്പോലെ ഇത്രയധികം നേരം കുന്തിച്ചിരിക്കാന്‍ കഴിയുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല.'' എന്നും ``മാണിയുടെ പെങ്ങള്‍ കരിഞ്ചി കുള്ളത്തിയായിരുന്നു.'' എന്നും ചില ഓര്‍മ്മകള്‍. ``രണ്ടോ രണ്ടരയോ ഇഞ്ച്‌ കഷ്‌ടിവരുന്ന വയറുള്ള കരിഞ്ചി ഗര്‍ഭിണിയായപ്പോള്‍ ഒട്ടാകെ വീര്‍ത്തു. കയ്യും കാലും കഴുത്തുമൊക്കെ ഗര്‍ഭം ധരിച്ചു.'' എന്ന്‌ ഓര്‍മ്മയുടെ ഭാരം. കരിഞ്ചിയുടെ ഗര്‍ഭത്തിന്‌ ഉത്തരവാദിയായവരൊക്ക ചേര്‍ന്ന്‌ മാണിയെ തല്ലി. ഗര്‍ഭത്തിന്റെ ഭാരവും സദാചാരത്തിന്റെ വീര്‍പ്പും ഒരു നിശബ്‌ദന്റെ മേല്‍ കയറ്റിവയ്‌ക്കുന്നു. ``ഒരവധിക്കാലത്ത്‌ നാട്ടിലെത്തിയപ്പോള്‍ മാണി മരിച്ചുപോയതറിഞ്ഞു. അപകട മരണമായിരുന്നു. തലച്ചുമടുമായി പോകുമ്പോള്‍ പിന്നാലെ വന്ന ലോറിയുടെ വശത്തെ ഇരുമ്പുകൊളുത്തില്‍ ചുമട്‌ കുടുങ്ങി, മുന്നോട്ടാഞ്ഞ്‌ ടയറിനടിയിലേക്ക്‌ മറിഞ്ഞു.'' നിശബ്‌ദനായ മാണിയുടെ ജീവിതഭാരത്തേക്കുറിച്ച്‌ നമുക്കൊന്നും അറിയില്ല. ജീവിക്കാനുള്ള ഭാരവുമായിപോയ മാണിയുടെ മരണം ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല. മാണിയുടെ മരണത്തിനും മുമ്പേ അവന്റെ പെങ്ങള്‍ കരിഞ്ചി മരിച്ചുപോയിരുന്നു. ``കരിഞ്ചി പ്രസവത്തോടെ മരിച്ചു. ദൈവമേ ഇവളെങ്ങനെയാണ്‌ പ്രസവിക്കുക എന്ന്‌ സ്‌ത്രീകളൊക്കെ അവളെ നോക്കി ഭയപ്പെട്ടു. അവള്‍ പ്രസവിക്കുന്നത്‌ സങ്കല്‍പ്പിച്ച്‌ ഇരുന്നേടത്തുനിന്ന്‌ അറിയാതെ എണീറ്റുപോയിരിക്കണം അവര്‍.'' എവിടെയും രേഖപ്പെടാതെപോകുന്ന നിശബ്‌ദ ഭയങ്ങളാല്‍ മുഖരിതമാണ്‌ ഈ ഓര്‍മ്മകള്‍. ജോണ്‍ എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുതയില്‍ നിശബ്‌ദമായ മറ്റൊരു ഗര്‍ഭമുണ്ട്‌. പുരുഷനാല്‍ `ആക്രമിക്കപ്പെട്ട്‌' ചാപിള്ളയെ ഗര്‍ഭം ധരിക്കുന്ന ഊമപ്പെണ്ണ്‌. അവള്‍ക്കും സന്തതിക്കും ഭാഷയില്ല, സഹനം മാത്രമേയുള്ളു. ഒരു ദേശത്തിന്റെ ജനതയുടെ സഹനത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ കഥയായി ചരിത്രമായി കല്‍പ്പറ്റനാരായണന്റെ കോന്തല വായിക്കപ്പെടുന്നു.
സങ്കടങ്ങളില്‍ സംസ്‌കരിച്ചെടുത്ത ജീവിതം
ചുരം കയറിവന്ന സുന്ദരിയായ രോഹിണിയും ഈ സഹനത്തിന്റെ തുടര്‍ച്ചയായിരുന്നു. ``മോനെത്രയിലാണ്‌ പഠിക്കുന്നത്‌ എന്ന അവരുടെ ചോദ്യം പോലെ മധുരമായതൊന്നും ഞാന്‍ കേട്ടിട്ടില്ല.'' എന്നതിന്റെ തുടര്‍ച്ച ``ഒരു രാവിലെ രോഹിണിയും അമ്മാളുവിന്റെ അപ്പുവും വിഷം കഴിച്ച്‌ മരിച്ചു കിടക്കുന്നു റബ്ബര്‍ തോട്ടത്തില്‍ എന്നു കേട്ടി''ടത്താണ്‌ തടഞ്ഞുനില്‍ക്കുന്നത്‌. ``ഇത്രധൃതിപിടിച്ച്‌ അവസാനിപ്പിച്ച ആ പ്രണയനാടകം ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.'' ചില മരണങ്ങള്‍ ജീവിതത്തേക്കാള്‍ ആഴത്തില്‍ ചിലത്‌ അവശേഷിപ്പിച്ചുകടന്നു പോകുന്നു. അത്‌ ആവിഷ്‌കരിക്കാന്‍ മറ്റൊന്നിനും ആവുകയില്ല, ഓര്‍മ്മകള്‍ക്കല്ലാതെ. ``പതിനേഴ്‌ വര്‍ഷം ഞാനില്ലാത്ത ലോകത്ത്‌ കഴിഞ്ഞ ശീലത്തോടെ ഏട്ടന്‍ പിന്നീട്‌ കഴിഞ്ഞു.'' എന്ന്‌ ഏട്ടന്റെ മരണത്തെക്കുറിച്ച്‌ എഴുതുമ്പോള്‍ തൊണ്ടയില്‍ തടഞ്ഞുപോയ ഒരു തേങ്ങലില്‍ വായന നനയുന്നുണ്ട്‌. ``എന്റേതുപോലെ കൂടെക്കൂടെ മരണം കയറിവന്ന ഒരു വീട്‌ സമീപ പ്രദേശങ്ങളിലെങ്ങുമില്ല. എല്ലാദുരന്തങ്ങളും വഴിതെറ്റാതെ അങ്ങോട്ട്‌ വന്നു. ചെറിയ ഇടവേളകളില്‍ അവിടെ ആള്‍ക്കൂട്ടമുണ്ടായി. മുറ്റത്തും കാപ്പിച്ചെടുകള്‍ക്കിടയിലും കൂടി നില്‍ക്കുന്ന ആളുകള്‍. അമ്മ, അച്ഛന്‍, ഏട്ടന്‍, ഏട്ടന്റെ രണ്ടുമക്കള്‍, മകളുടെ ഭര്‍ത്താവ്‌ അങ്ങനെ ധാരമുറിയാതെ എന്റെ വീട്ടിലുള്ളവര്‍ പൊയ്‌കൊണ്ടിരുന്നു.'' സങ്കടങ്ങളിലൂടെ സംസ്‌കരിച്ചെടുക്കുന്ന വായനാനുഭവമാണ്‌ കോന്തല. ജീവിതം തേടി കുടിയേറിപ്പോയവര്‍. ഒരു ദേശത്തുനിന്നും മറ്റൊന്നിലേക്ക്‌ സ്വയം അടര്‍ന്നും ചേര്‍ന്നും തുടര്‍ന്നുപോകുന്ന സഞ്ചാരങ്ങളുടെ നീറ്റല്‍. മലയിറങ്ങി സമതലത്തിലെ ജീവിതത്തിന്റെ പരപ്പില്‍, ആഴങ്ങളില്‍ ഇനിയും വേരാഴ്‌ത്തി നില്‍ക്കാനാവാത്തതിന്റെ വേദന പേറുന്ന ഒരു വൃക്ഷത്തിന്റെ നെടുവീര്‍പ്പാണ്‌ കല്‍പ്പറ്റ നാരായണന്റെ കോന്തല.