
ഡ്രാക്കുള
(നോവല്‍ )
അന്‍വര്‍ അബ്ദുള്ള
വില: 55 രൂപ പേജ്: 114
ഡി സി ബുക്സ്, കോട്ടയം
ആഖ്യാനത്തിലും പ്രമേയത്തിലും മൗലികമായൊരു പൊളിച്ചെഴുത്തിലൂടെയാണ് അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള നിരവധി വായനകളിലേക്ക് തുടര്‍ന്നുപോകുന്നത്. `ഞാനിനെ എക്കാലവും സംഭീതനാക്കിക്കൊണ്ട് പിന്തുടര്ന്നിരുന്ന ഒരു പാരായണ സ്മൃതിയാണ് ഡ്രാക്കുള.' എന്ന് ആഖ്യാതാവ് രേഖപ്പെടുത്തുന്നുണ്ട്. ഡ്രാക്കുളയിലേക്കു പ്രവേശിക്കുമ്പോഴുള്ള ഭീതിയുടെ ഈ സ്മൃതിയെ നോവലിസ്റ്റ് ആദ്യമെ അഴിച്ചുകളയുന്നു. എന്നാല്‍ ഈ അഴിക്കലുകള്‍ സങ്കീര്‍ണമായി കെട്ടുപിണയുകയാണ് ചെയ്യുന്നത്. നോവലിന്റെ ആമുഖത്തില്‍ ഡോ വി സി ഹാരിസ് നിരീക്ഷിക്കുന്നുതുപോലെ കല്പ്പനയുടെ (വിഭ്രാന്തിയുടെ?) അടിത്തറമേലാണ് ഇതുപോലൊരു നോവല്‍ സാധ്യമാകുന്നത്. `കേരളത്തില്‍ ഒരു ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുന്ന മനുഷ്യന്റെ കഥയും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യൂറോപ്പിലെവിടെയോ ജീവിച്ച ചില പ്രഭുക്കളുടെ കഥയും വിഷാദരോഗം പിടിപെട്ട് ഫ്ളൂഡാക് ഗുളിക കഴിച്ചുകൊണ്ടിരുന്ന ഞാനിന്റെ കഥയും സ്വന്തം മാമായുടെ തലചുമന്നുകൊണ്ട് നടക്കേണ്ടിവന്ന അര്‍ഷാദ് ആലമിന്റെ കഥയുമെല്ലാം ഒത്തുചേരുന്നതും സംവദിക്കുന്നതും കലഹിക്കുന്നതുമൊക്കെ ഇതേ കല്പ്പനയുടെ (വിഭ്രാന്തിയുടെ?) അടിത്തറമേലാണ്.'
റാപ്പഗുണ്ടോം
ഭൂപടത്തില്‍ ഇനിയും രേഖപ്പെടുത്തിയിട്ടില്ലാത്ത റാപ്പഗുണ്ടോം എന്ന സ്ഥലത്ത് രാജേഷ് ഭോയര്‍ എന്ന മനുഷ്യന്റെ കോളെജില്‍ അധ്യാപക ജോലിക്കായി പുറപ്പെടുന്ന ചെറി, ട്രാന്‍സില്‍വാനിയയില്‍ നടക്കുന്ന അന്താരാഷ്ട്രാ ഡ്രാക്കുള കോണ്‍ഗ്രസില്‍ എത്തിപ്പെടുന്നു. അവിടെ ഡ്രാക്കുലീന എന്ന വിശിഷ്ട വീഞ്ഞിന്റെ ലഹരിയില്‍പെട്ട്, രക്ത ദാഹിയായിമാറുകയും സുന്ദരിയായ ഒരു സ്ത്രീയുടെ പിന് കഴുത്തില്‍ പല്ലുകളാഴ്ത്തി രക്തം രുചിക്കുകയും ചെയ്യുന്നു. മുമ്പൊരിക്കല്‍ രാജേഷ് ഭോയറുടെ കൊട്ടാരത്തിനുള്ളിലെ പരീക്ഷണ ശാലയിലെത്തിച്ചേരുന്ന അന്വേഷകനായ ചെറി അവിടെ കണ്ട ലായനികള്‍ പരിശോധിക്കുന്നു. `കൈവെള്ളയിലൊഴിച്ചോ വിരല്‍മുക്കി നാവില്‍ തേച്ചുനോക്കിയോ പരീക്ഷിക്കാന്‍ ചെറിക്ക് ധൈര്യം പോരായിരുന്നു.' പക്ഷെ, അത് രക്തം തന്നയെന്ന് എങ്ങനെയാണ് ഉറപ്പിക്കുക? `ഒടുക്കം അവന് ഒരു തുള്ളിയുടെ തുള്ളിയിലൊന്നു തൊട്ട് നാവിന്റെ അറ്റത്തിന്റെ അറ്റത്തൊന്നുവെച്ചു.യെസ്, ഇതതുതന്നെ, രക്തം. രക്തമാണെന്നു താന്‍ കണ്ടെത്തി, നല്ലതു തന്നെ, പക്ഷെ, രക്തത്തിന്റെ രുചി തനിക്കെങ്ങനെ അറിയാം? സത്യത്തില്‍ ആദ്യമായി രക്തം രുചിക്കുമ്പോള്‍ തന്നെ അതിന്റെ രുചി പൂര്‍വ്വകാല സ്മൃതി സഹായത്തോടെയെന്നോണം മനസ്സിലാക്കുവാന്‍ നാവിനു കഴിയുന്നത് എങ്ങനെയെന്നുമാത്രം ചെറിക്ക് ഒട്ടും തന്നെ പിടികിട്ടിയില്ല.' ആദ്യം ചെറി രുചിച്ചറിയുന്ന രക്തത്തില്‍നിന്നും രക്തപാനത്തിന്റെ രാത്രിയിലേക്കുള്ള ദൂരമാണ് ഡ്രാക്കുളയുടെ പാരായണ കാലം. മാത്രമല്ല രക്തത്തിന്റെ രുചി തിരിച്ചറിയാന്‍ ചെറിയെ സഹായിക്കുന്ന ആ പൂര്‍വ്വകാലസ്മൃതിയുടെ `കാലം'കൂടി വായനയില്‍ സദാ സന്നിഹിതമായിരിക്കുന്നു. കോട്ടയത്തെ ജെ ജെ ഹോട്ടലിലെ `രുചിയേറിയ' പോത്തിറച്ചി, (പോത്തിച്ചി ശരിക്കും ചത്ത ഇറച്ചിയായിരുന്നു. എന്നെങ്കിലും ജീവിച്ചിരുന്നതായി അത് തോന്നിപ്പിച്ചില്ല) ഡല്‍ഹിയിലുള്ള ചെറിയുടെ സുഹൃത്ത് മാംസഭുക്കായ ബ്രാഹ്മണന്, മാമയുടെ തല വീണ്ടെടുക്കാന്‍ പോകുന്ന അര്‍ഷാദ് ആലം കാണുന്ന ഉടലറ്റ ശിരസുകളുടെ കുന്ന്, നോവലന്ത്യത്തില്‍ നാം കടന്നുപോകുന്ന റാപ്പഗുണ്ടോമിലെ കലാപഭൂമി, ട്രാന്‍സില്‍വാനിയയിലേക്കുള്ള ചെറിയുടെ യാത്ര, കോട്ടയത്ത് ആരംഭിച്ച് ട്രാന്‍സില്‍വാനിയയില്‍ എത്തിച്ചേരുന്ന ഈ നോവല്‍സഞ്ചാരം രക്തത്തിന്റെയും മാംസത്തിന്റെയും ഭയാനകമായ ഒരു വൃത്തം പൂര്‍ത്തിയാക്കുന്നു. കോട്ടയം, ഡെല്‍ഹി, റാപ്പഗുണ്ടോം, ട്രാന്‍സില്‍ വാനിയ, പിന്നെ ജെ ജെ ഹോട്ടലില്‍ ഇരുള്‍വീണുതുടങ്ങിയ ഒരു കാത്തിരുപ്പിന്റെ അക്ഷമയും ഉല്‍കണ്ഠയും ചേരുന്നതാണ് ഡ്രാക്കുളയുടെ ദേശം. ഡ്രാക്കുളയെ തൊടുമ്പോള്‍ കാല-ദേശ കാലസങ്കല്‍പ്പങ്ങള്‍ തകിടം മറിയുകയും വിഭ്രാന്തിയുടെയും അയഥാര്‍ത്ഥ്യത്തിന്റെയും വ്യത്യസ്തമായൊരു ഭൂപടം സാധ്യമാവുകയും ചെയ്യുന്നു. ഈ രാഷ്ട്രീയ-ഭൂമിശാസ്ത്ര സൂക്ഷ്മ തലങ്ങളെയാണ് അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള സാധ്യമാക്കുന്നത്.
ഡ്രാക്കുള വായിക്കുമ്പോള്‍ ചിരിക്കാമോ?
ഡ്രാക്കുളയുടെ പാരായണത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ ആഖ്യാനത്തിന്റെ സവിശേഷതയാണ്. എല്ലാ അര്‍ത്ഥത്തിലും ഒരുപെളിച്ചെഴുത്താണ് അന്‍വറിന്റെ നോവല്‍. ഡ്രാക്കുള വായിക്കുമ്പോള്‍ ചിരിക്കാമോ? എന്നതായിരുന്നു ആദ്യപ്രശ്നം. ഞാനിന്റെയും ചെറിയുടെയും ജീവിതം അത്രയേറെ രസകരമായ സംഭവങ്ങളിലൂടെയാണ് മുന്നേറുന്നത്. കഥകളും ഉപകഥകളും ഡയറിക്കുറിപ്പുകളും ഞാനിന്റെ ആത്ഭാഷണങ്ങളും ഓര്‍മ്മകളും കൂടിക്കലര്‍ന്നതാണ് ഇതിന്റെ ആഖ്യാനം. ഡ്രാക്കുളയിലേക്ക് പ്രവേശിക്കുന്നത് രസകരമായ ഒരു പൂര്‍വ്വകാലസ്മൃതിയിലൂടെയാണ്. ``അപ്പോള്‍ ഞാന്‍ ഹരിശങ്കറിനെ ഓര്‍മ്മിച്ചു. ഹരിശങ്കറാണ് മൂന്നാംക്ലാസില്‍ വച്ച്, ഒരു വൈകുന്നേരം ഞാനിനോട് പറഞ്ഞത്, ഡ്രാക്കുള കൊച്ചിവരെ എത്തിയിട്ടുണ്ട്... അവിടെ നിന്ന് കോട്ടയത്തേക്ക് വരാന്‍ രണ്ടുമണിക്കൂര്‍ മതി. അതുകൊണ്ട് സൂക്ഷിക്കണം....ഞാന്‍ തിരിച്ചു ചോദിച്ചു.ഡ്രാക്കുള കൊച്ചിവരെ എത്തിയിട്ടുണ്ടെന്ന് ആരു പറഞ്ഞു?''``കൊച്ചിയിലെത്തിയ ഡ്രാക്കുള കോട്ടയത്ത് വരികയുണ്ടായോ?'' ഇവിടെ ഭയമുണ്ട്, ഭയത്തെ കാത്തിരിക്കുന്ന ആകാംഷയുടെ ഒരു തരം ആനന്ദവുമുണ്ട്. `പേടിച്ചുവിറക്കുമ്പോഴും നിഗൂഢമായ ഒരു ആനന്ദം അനുഭവിക്കാന്‍ കഴിയും എന്നു തെളിയിച്ച പഴയ പ്രേതകഥയാണ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള' എന്ന് വി സി ശ്രീജന് നിരീക്ഷിക്കുന്നു.
ഭയത്തിന്റെ അടരുകള്‍
അന്‍വര്‍ അബ്ദുള്ളയുടെ നോവല്‍ സമകാലികമായ ഒരുപാട് അവസ്ഥകളിലൂടെ ഡ്രാക്കുളയിലേക്ക് കയറിപ്പോവുകയാണ്. രാജേഷ്ഭോയറുടെ നിഗൂഢത തേടിപ്പോകുന്ന ചെറി ട്രാന്‍സില്‍വാനിയയിലെ ഡ്രാക്കുള കോണ്‍ഗ്രസിലെ ആഘോഷരാത്രിയിലേക്കാണ് പരിണമിക്കുന്നത്. എന്നാല്‍ ചെറിയെ കാത്ത് കോട്ടയത്തെ ജെ ജെ ഹോട്ടലില്‍ ഇരിക്കുന്ന ഞാനിനെ ഒറ്റയ്ക്കാക്കി എല്ലാവരും പൊയ്ക്കഴിഞ്ഞിരിക്കുന്നു. ``ഞാന്‍ വാതിലില്‍ തട്ടി അകത്തുനിന്ന് പുറത്തേക്ക് വിളിച്ചു: തുറക്കൂ... ഞാന്‍ ഇതിനുള്ളില്‍ പെട്ടുപോയി...ആരെങ്കിലും വാതില്‍ തുറക്കൂ...എനിക്ക് പേടിയാകുന്നു...ഒരു മേശമേല്‍ ആരോ ശിഷ്ടം വച്ചിരുന്ന വലിയ റൊട്ടി ഇരിക്കുന്നത് ഞാന്‍ കണ്ടു. ഭയാക്രാന്തനായ ഞാന്‍ ആ റൊട്ടിയെടുത്ത് കടിച്ചുവിഴുങ്ങാന്‍ തുടങ്ങിക്കൊണ്ട് അവിടെ ഒരു മൂലയില്‍ ചുമര് ചേര്‍ന്നിരുന്ന് ഇരുട്ടിലേക്ക് തുറിച്ചുനോക്കി. ഭൂമിയുടെ അടിയില്‍ കിണര്‍വെള്ളത്തിന്റെ ശബ്ദം വലുതായി വലുതായി വന്നു.'ഒരുപാട് അടരുകളുള്ള ഭീതിയുടെ പുസ്തകമാണ് ഡ്രാക്കുള. വായിക്കും മുമ്പുതന്നെ അത് കേട്ടു തുടങ്ങുന്നു. പിന്നീട് തേടിത്തുടങ്ങുന്നു. പുസ്തകത്തിനും മുമ്പ് ഭയത്തിന്റെ ഒരു കോട്ട നമ്മളില്‍ ഇരുള്‍മൂടിക്കിടക്കുന്നുണ്ടാവും. ആദ്യ വായനയിലുടനീളം കേട്ടറിഞ്ഞതും മെനഞ്ഞെടുത്തതുമായ ഓരോ കഥയും കല്‍പ്പനയും തിരക്കിട്ടെത്തും. നിഡൂഢ ലോകത്തേക്ക് ഒരുപാടു വാതിലുകള്‍ ഒരേ സമയം തുറന്നും അടഞ്ഞും അതിലും നിഗൂഢവും ഭ്രമാത്മകവുമായ രക്തത്തിന്റെ പരീക്ഷണശാലയില്‍ അത് നമ്മെ എത്തിക്കുന്നു.
ഡ്രാക്കുളയുടെ പാരായണത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ ആഖ്യാനത്തിന്റെ സവിശേഷതയാണ്. എല്ലാ അര്‍ത്ഥത്തിലും ഒരുപെളിച്ചെഴുത്താണ് അന്‍വറിന്റെ നോവല്‍. ഡ്രാക്കുള വായിക്കുമ്പോള്‍ ചിരിക്കാമോ? എന്നതായിരുന്നു ആദ്യപ്രശ്നം. ഞാനിന്റെയും ചെറിയുടെയും ജീവിതം അത്രയേറെ രസകരമായ സംഭവങ്ങളിലൂടെയാണ് മുന്നേറുന്നത്. കഥകളും ഉപകഥകളും ഡയറിക്കുറിപ്പുകളും ഞാനിന്റെ ആത്ഭാഷണങ്ങളും ഓര്‍മ്മകളും കൂടിക്കലര്‍ന്നതാണ് ഇതിന്റെ ആഖ്യാനം.
ReplyDeleteതകർപ്പൻ ബ്ലോഗ്. അൻവറിന്റെ ഡ്രാക്കുള വായിച്ചിരുന്നു. യാഥാസ്തികമായ എല്ലാ ഡ്രാക്കുള വായനകളേയും ഉണർത്തിവിടുമ്പോഴും വായിക്കുന്ന ബ്രോം സ്റ്റോക്കറിനെയല്ല എന്നൊരു ത്രില്ലിങ് അനുഭവം വായനയുടെ തുടക്കത്തിൽ ഉണ്ടായിരുന്നു. വായിച്ചു പോകുന്തോറും ഉപബോധത്തിലൊരു ചോദ്യം, ഇനി അഥവാ ഞാൻ ഡ്രാക്കുള തന്നെയാണോ വായിക്കുന്നത്? പുതിയ രൂപത്തിലും ഭാവത്തിലും ഭീതി എന്നെ പൊതിയുകയാണല്ലോ എന്നോർക്കുമ്പോഴുള്ള ഒരു chill!
ReplyDelete