Sunday, January 11, 2009

ഓര്‍മ്മയുടെ മണം


കോന്തല
(ഓര്‍മ്മ)
കല്‍പ്പറ്റ നാരായണന്‍
പേജ്‌: 88 വില: 50 രൂപ
കറന്റ്‌ ബുക്‌സ്‌, തൃശൂര്‍
വ്യക്തി ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ള ഓര്‍മ്മകളെ വൈകാരികമായി പിന്തുടരുകയും ആവിഷ്‌കരിക്കുകയുമാണ്‌ കല്‍പ്പറ്റ നാരായണന്റെ കോന്തല. ഓര്‍മ്മകള്‍ പിന്നെയും ബാക്കിയാവുന്ന ജീവന്റെ സ്വകാര്യമായ അടരുകളിലേക്കാണ്‌്‌ ആഞ്ഞിറങ്ങുന്നത്‌. ഭാഷയേയും ദേശകാലങ്ങളെയും അതിലംഘിക്കുന്ന അനുഭവത്തിന്റെ ഏകാന്തമായ പൊള്ളല്‍, ദശകങ്ങള്‍ക്കപ്പുറമുള്ള ഈ വയനാടന്‍ കുറിപ്പുകളില്‍ മഞ്ഞുമൂടിക്കിടക്കുന്നു. കല്‍പ്പറ്റ നാരായണന്റെ ഓര്‍മ്മകള്‍ ഇങ്ങനെ എഴുതിത്തോരുന്നു. `നല്ല സ്വാദാണ്‌ മരിച്ച വീട്ടിലെ പുഴുക്കിന്‌.' ഓര്‍മ്മകളുടെ രുചിയെന്താണ്‌? മണം? ഓരോ നിമിഷങ്ങള്‍ക്കും ഓരോ ഗന്ധമുണ്ട്‌. ചില രുചികള്‍ ചില ഓര്‍മ്മകളെ തിരികെ വിളിക്കുന്നു. ജീവിതത്തിന്റെ രുചിയും ഗന്ധവും തൊട്ടറിയുന്ന എഴുത്ത്‌. ഓര്‍മ്മകളെ പുനരാനയിക്കല്‍ രീതീശാസ്‌ത്രപരമായി നിര്‍ണ്ണായകമാണ്‌. ഭൂതകാലത്തെക്കുറിച്ച്‌ വസ്‌തുതാപരമായ വിശകലനത്തിനാണ്‌ ചരിത്രം ശ്രമിക്കുന്നത്‌. ചരിത്രപരമായ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെതന്നെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ഈ ചോദ്യങ്ങള്‍ ഏറെ മൂല്യപരവും വൈകാരികവുമായിരിക്കും. ഓര്‍മ്മക്കുറിപ്പുകള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആത്മകഥകളല്ല. എന്നാല്‍ ആത്മകഥയുടെ ചില അടരുകളാണത്‌. മുഴുവന്‍ ജീവിതത്തില്‍നിന്നും ഏറെ വൈകാരികവും ആത്മനിഷ്‌ടവുമായ ചില കാഴ്‌ചകള്‍ പുനരാനയിക്കുന്നതാണ്‌ ഓര്‍മ്മക്കുറിപ്പുകള്‍. സാമൂഹ്യ രാഷ്‌ട്രീയ ചരിത്രത്തോടൊപ്പമാണ്‌ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത്‌. ആത്മനിഷ്‌ടമായത്‌ അതുകൊണ്ടുതന്നെ അങ്ങേയറ്റം സാമൂഹികവുമാണ്‌. വയനാടന്‍ കുടിയേറ്റത്തിന്റെ അത്രയൊന്നും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ലാത്ത ചരിത്രവും കഥകളും ജീവിത സമരവുമാണ്‌ കല്‍പ്പറ്റ നാരായണന്റെ കോന്തല.
കുടിയേറ്റം
``അച്ഛനും അമ്മയും നാട്ടിലേത്‌ വിറ്റുപെറുക്കി, മൂത്ത ഏടത്തിയെ കൈപിടിച്ചും ഏട്ടനെ എടുത്തും നടന്ന്‌ ചുരം കയറിയാണ്‌ വയനാട്ടിലെത്തിയത്‌.'' കുടിയേറ്റം ഒരു തരം അടര്‍ന്നുപോകലാണ്‌. ജനിച്ചുജീവിച്ച പരിസരങ്ങളില്‍ നിന്നും പറിഞ്ഞുപോകുന്നതിന്റെ സങ്കടം വയനാട്ടിലേക്കും ഇടുക്കിയിലേക്കും നടന്ന പഴയകാല കുടിയേറ്റങ്ങള്‍ക്കുണ്ടായിരുന്നു. മുറിഞ്ഞുപോയ ഒരു സാംസ്‌കാരിക ധാരയുടെ തുടരാനാവാത്ത ഒഴുക്ക്‌ അവരുടെ ഉള്ളില്‍ കെട്ടിക്കിടന്നിരുന്നു. ``നഷ്‌ടക്കച്ചവടമായിരുന്നു എന്നും അവരുടേത്‌. എന്തെല്ലാമോ നഷ്‌ടപ്പെടുത്തിയതിന്റെ സങ്കടം അമ്മയുടെ തുടങ്ങിയാല്‍ നിയന്ത്രിക്കാനാവാത്ത ശകാരത്തിലും അച്ഛന്റെ നിശബ്‌ദതയിലുമുണ്ടായിരുന്നു.'' കുടിയേറ്റങ്ങളെ മൊത്തത്തില്‍ `അധിനിവേത്തിന്റെ' ബൃഹത്‌ പരിസരത്തില്‍ നോക്കിക്കാണാന്‍ ശ്രമിച്ചവര്‍ മനസിലാക്കാതെപോയ അതിജീവനത്തിന്റെ ചരിത്രത്തിലേക്കുകൂടിയാണ്‌ കോന്തല നയിക്കുന്നത്‌. കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസം ഒരു രാഷ്‌ട്രീയ-സാമ്പത്തിക പ്രശ്‌നമായി നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നാല്‍ സ്വയം ഒഴിഞ്ഞുപോകുന്നവരുടെ അധിവാസവും അതിജീവനവും നമ്മുടെ സാംസ്‌കാരിക-രാഷ്‌ട്രീയ സംവാദങ്ങളിലേക്ക്‌ എന്തുകൊണ്ടോ കയറിനില്‍ക്കുന്നില്ല. `സ്വയം ഒഴിഞ്ഞുപോകല്‍' തികച്ചും വ്യക്തിപരമാണ്‌. പരമാവധി ഒരു കുടുംബത്തിന്റെ മാത്രം പ്രശ്‌നവും. എന്നാല്‍ തികച്ചും വ്യക്തിപരമായ ഒന്നിന്റെ രാഷ്‌ട്രീയ വിവക്ഷകള്‍ കാണാതിരുന്നുകൂട. അതിന്റെ സാമൂഹിക സാമ്പത്തിക കാരണങ്ങള്‍ അതുകൊണ്ടുതന്നെ രാഷ്‌ട്രീയമായ അര്‍ത്ഥങ്ങള്‍ വഹിക്കുന്നു. ഓരോ വ്യക്തിയും മറ്റൊരുപാട്‌ വ്യക്തികളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒരു സാമൂഹ്യ വ്യവസ്ഥക്കുള്ളില്‍, ജീവിതം തേടിയുള്ള ഓരോ അടര്‍ന്നുപോകലും കുടിയേറ്റവും വലിയൊരു സാംസ്‌കാരിക പ്രശ്‌നമായി മാറുന്നുണ്ട്‌. അത്തരമൊരു പാരായണത്തിലേക്കാണ്‌ കോന്തല നിര്‍ബന്ധിക്കുന്നത്‌. ഒരു തരത്തിലും ആവിഷ്‌കരിക്കാതെപോയ സങ്കടങ്ങളായിരുന്നു അവരുടെ ജീവിതമെന്ന്‌ ഈ വായന ബോധ്യപ്പെടുത്തുന്നു.
വേര്‍പാടിന്റെ മുറിവുകള്‍
``അച്ഛന്‍ നടാന്‍ പാകമാക്കിയ കണ്ടത്തിലിറങ്ങി നടാന്‍ തോന്നില്ലന്ന്‌ പണിച്ചി കറപ്പി പറയാറുണ്ട്‌. അത്ര സങ്കടം തോന്നിക്കുന്ന പരിപൂര്‍ണത മറ്റാരുടെ പ്രവൃത്തിയിലും ഞാന്‍ കണ്ടിട്ടില്ല. വിശേഷ ദിവസങ്ങളില്‍ അമ്മ കോലായിലും മുറ്റത്തും നടുവകത്തും കോലങ്ങള്‍ വരച്ചുകൊണ്ട്‌ അയല്‍പക്കത്തെ സ്‌ത്രീകളില്‍നിന്ന്‌ തനിക്കുള്ള വ്യത്യാസം ആവിഷ്‌ക്കരിച്ചു. അമ്മ പാട്ടില്‍ പഴയ പഴയ സങ്കടങ്ങള്‍ കേട്ടു. `വീര വീരാട' എന്നു തുടങ്ങുന്ന കൈകൊട്ടിക്കളിപ്പാട്ടില്‍ അമ്മ പാടുമ്പോള്‍ സങ്കടം ഇരമ്പി. ഓര്‍മ്മകള്‍ വാതുക്കല്‍ വന്നു നില്‍ക്കും, അമ്മ പാടുമ്പോള്‍. വഴുക്കി വീണും ആത്തിക്കണ്ടത്തില്‍ അരവരെ താണും വീട്ടില്‍ നനഞ്ഞൊലിച്ചെത്തിയ നാട്ടിലെ പഴയ ബന്ധുക്കളെ വീട്ടിലെത്തിയ പാടെ സല്‍ക്കരിക്കാന്‍ അമ്മ കാണിക്കുന്ന ഉല്‍സാഹത്തിലും അധികം വൈകാതെ കാണിച്ചു തുടങ്ങുന്ന അസഹ്യതയിലും ഓര്‍മ്മകളുടെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരിക്കണം.'' അറ്റുപോയ സാംസ്‌കാരിക ധാരയെ തിരികെപ്പിടിക്കാനുള്ള പരാജിത ശ്രമങ്ങളായി ഈ ആവിഷ്‌കാരങ്ങളായിരുന്നു ഈ ആവിഷ്‌കാരങ്ങള്‍.
ചിലമരണങ്ങള്‍
ഓര്‍മ്മകള്‍ക്ക്‌ ഒരുപാട്‌ ചരിത്ര ദൗത്യങ്ങളുണ്ട്‌. വ്യവസ്‌താപിത ചരിത്രമെഴുത്തിന്റെ യുക്തിയെ നിരന്തരം ചോദ്യം ചെയ്‌തുകൊണ്ടാണത്‌ സാധ്യമാകുന്നത്‌. കരിഞ്ചിയുടെയോ പൊട്ടന്‍ മാണിയുടെയോ കഥ ചരിത്രത്തില്‍ കാണാനാവില്ല. എന്നാല്‍ ഓര്‍മ്മകള്‍ക്ക്‌ അവയെ മായ്‌ച്ചു കളയാനാവുകയില്ല. ``പൊട്ടന്‍ മാണിയെപ്പോലെ ഇത്രയധികം നേരം കുന്തിച്ചിരിക്കാന്‍ കഴിയുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല.'' എന്നും ``മാണിയുടെ പെങ്ങള്‍ കരിഞ്ചി കുള്ളത്തിയായിരുന്നു.'' എന്നും ചില ഓര്‍മ്മകള്‍. ``രണ്ടോ രണ്ടരയോ ഇഞ്ച്‌ കഷ്‌ടിവരുന്ന വയറുള്ള കരിഞ്ചി ഗര്‍ഭിണിയായപ്പോള്‍ ഒട്ടാകെ വീര്‍ത്തു. കയ്യും കാലും കഴുത്തുമൊക്കെ ഗര്‍ഭം ധരിച്ചു.'' എന്ന്‌ ഓര്‍മ്മയുടെ ഭാരം. കരിഞ്ചിയുടെ ഗര്‍ഭത്തിന്‌ ഉത്തരവാദിയായവരൊക്ക ചേര്‍ന്ന്‌ മാണിയെ തല്ലി. ഗര്‍ഭത്തിന്റെ ഭാരവും സദാചാരത്തിന്റെ വീര്‍പ്പും ഒരു നിശബ്‌ദന്റെ മേല്‍ കയറ്റിവയ്‌ക്കുന്നു. ``ഒരവധിക്കാലത്ത്‌ നാട്ടിലെത്തിയപ്പോള്‍ മാണി മരിച്ചുപോയതറിഞ്ഞു. അപകട മരണമായിരുന്നു. തലച്ചുമടുമായി പോകുമ്പോള്‍ പിന്നാലെ വന്ന ലോറിയുടെ വശത്തെ ഇരുമ്പുകൊളുത്തില്‍ ചുമട്‌ കുടുങ്ങി, മുന്നോട്ടാഞ്ഞ്‌ ടയറിനടിയിലേക്ക്‌ മറിഞ്ഞു.'' നിശബ്‌ദനായ മാണിയുടെ ജീവിതഭാരത്തേക്കുറിച്ച്‌ നമുക്കൊന്നും അറിയില്ല. ജീവിക്കാനുള്ള ഭാരവുമായിപോയ മാണിയുടെ മരണം ചരിത്രത്തില്‍ ഉണ്ടാവുകയുമില്ല. മാണിയുടെ മരണത്തിനും മുമ്പേ അവന്റെ പെങ്ങള്‍ കരിഞ്ചി മരിച്ചുപോയിരുന്നു. ``കരിഞ്ചി പ്രസവത്തോടെ മരിച്ചു. ദൈവമേ ഇവളെങ്ങനെയാണ്‌ പ്രസവിക്കുക എന്ന്‌ സ്‌ത്രീകളൊക്കെ അവളെ നോക്കി ഭയപ്പെട്ടു. അവള്‍ പ്രസവിക്കുന്നത്‌ സങ്കല്‍പ്പിച്ച്‌ ഇരുന്നേടത്തുനിന്ന്‌ അറിയാതെ എണീറ്റുപോയിരിക്കണം അവര്‍.'' എവിടെയും രേഖപ്പെടാതെപോകുന്ന നിശബ്‌ദ ഭയങ്ങളാല്‍ മുഖരിതമാണ്‌ ഈ ഓര്‍മ്മകള്‍. ജോണ്‍ എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുതയില്‍ നിശബ്‌ദമായ മറ്റൊരു ഗര്‍ഭമുണ്ട്‌. പുരുഷനാല്‍ `ആക്രമിക്കപ്പെട്ട്‌' ചാപിള്ളയെ ഗര്‍ഭം ധരിക്കുന്ന ഊമപ്പെണ്ണ്‌. അവള്‍ക്കും സന്തതിക്കും ഭാഷയില്ല, സഹനം മാത്രമേയുള്ളു. ഒരു ദേശത്തിന്റെ ജനതയുടെ സഹനത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ കഥയായി ചരിത്രമായി കല്‍പ്പറ്റനാരായണന്റെ കോന്തല വായിക്കപ്പെടുന്നു.
സങ്കടങ്ങളില്‍ സംസ്‌കരിച്ചെടുത്ത ജീവിതം
ചുരം കയറിവന്ന സുന്ദരിയായ രോഹിണിയും ഈ സഹനത്തിന്റെ തുടര്‍ച്ചയായിരുന്നു. ``മോനെത്രയിലാണ്‌ പഠിക്കുന്നത്‌ എന്ന അവരുടെ ചോദ്യം പോലെ മധുരമായതൊന്നും ഞാന്‍ കേട്ടിട്ടില്ല.'' എന്നതിന്റെ തുടര്‍ച്ച ``ഒരു രാവിലെ രോഹിണിയും അമ്മാളുവിന്റെ അപ്പുവും വിഷം കഴിച്ച്‌ മരിച്ചു കിടക്കുന്നു റബ്ബര്‍ തോട്ടത്തില്‍ എന്നു കേട്ടി''ടത്താണ്‌ തടഞ്ഞുനില്‍ക്കുന്നത്‌. ``ഇത്രധൃതിപിടിച്ച്‌ അവസാനിപ്പിച്ച ആ പ്രണയനാടകം ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.'' ചില മരണങ്ങള്‍ ജീവിതത്തേക്കാള്‍ ആഴത്തില്‍ ചിലത്‌ അവശേഷിപ്പിച്ചുകടന്നു പോകുന്നു. അത്‌ ആവിഷ്‌കരിക്കാന്‍ മറ്റൊന്നിനും ആവുകയില്ല, ഓര്‍മ്മകള്‍ക്കല്ലാതെ. ``പതിനേഴ്‌ വര്‍ഷം ഞാനില്ലാത്ത ലോകത്ത്‌ കഴിഞ്ഞ ശീലത്തോടെ ഏട്ടന്‍ പിന്നീട്‌ കഴിഞ്ഞു.'' എന്ന്‌ ഏട്ടന്റെ മരണത്തെക്കുറിച്ച്‌ എഴുതുമ്പോള്‍ തൊണ്ടയില്‍ തടഞ്ഞുപോയ ഒരു തേങ്ങലില്‍ വായന നനയുന്നുണ്ട്‌. ``എന്റേതുപോലെ കൂടെക്കൂടെ മരണം കയറിവന്ന ഒരു വീട്‌ സമീപ പ്രദേശങ്ങളിലെങ്ങുമില്ല. എല്ലാദുരന്തങ്ങളും വഴിതെറ്റാതെ അങ്ങോട്ട്‌ വന്നു. ചെറിയ ഇടവേളകളില്‍ അവിടെ ആള്‍ക്കൂട്ടമുണ്ടായി. മുറ്റത്തും കാപ്പിച്ചെടുകള്‍ക്കിടയിലും കൂടി നില്‍ക്കുന്ന ആളുകള്‍. അമ്മ, അച്ഛന്‍, ഏട്ടന്‍, ഏട്ടന്റെ രണ്ടുമക്കള്‍, മകളുടെ ഭര്‍ത്താവ്‌ അങ്ങനെ ധാരമുറിയാതെ എന്റെ വീട്ടിലുള്ളവര്‍ പൊയ്‌കൊണ്ടിരുന്നു.'' സങ്കടങ്ങളിലൂടെ സംസ്‌കരിച്ചെടുക്കുന്ന വായനാനുഭവമാണ്‌ കോന്തല. ജീവിതം തേടി കുടിയേറിപ്പോയവര്‍. ഒരു ദേശത്തുനിന്നും മറ്റൊന്നിലേക്ക്‌ സ്വയം അടര്‍ന്നും ചേര്‍ന്നും തുടര്‍ന്നുപോകുന്ന സഞ്ചാരങ്ങളുടെ നീറ്റല്‍. മലയിറങ്ങി സമതലത്തിലെ ജീവിതത്തിന്റെ പരപ്പില്‍, ആഴങ്ങളില്‍ ഇനിയും വേരാഴ്‌ത്തി നില്‍ക്കാനാവാത്തതിന്റെ വേദന പേറുന്ന ഒരു വൃക്ഷത്തിന്റെ നെടുവീര്‍പ്പാണ്‌ കല്‍പ്പറ്റ നാരായണന്റെ കോന്തല.

3 comments:

 1. ‘ഓര്‍മ്മക്കുറിപ്പുകള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആത്മകഥകളല്ല’- വാസ്തവം. നമ്മള്‍ നമ്മളെത്തന്നെ ഉടുപ്പിക്കുന്ന ജീവിതകഥയില്‍ നിന്ന് അതിന് ഒരു തെറ്റിനില്‍പ്പ് ഉണ്ടായേ പറ്റൂ. ഉടുത്തുകെട്ടിനെ ഊരാതെ നിര്‍ത്തുന്ന ഉറപ്പ് അതിലൂടെയും നിര്‍വ്വഹിക്കപ്പെടുന്നു, മുണ്ടിന് കോന്തലയെന്ന പോലെ...

  നന്ദി, ഈ ലേഖനത്തിന്.

  ReplyDelete
 2. http://rehnaliyu.blogspot.com/2007/12/blog-post.html

  ReplyDelete
 3. മനോഹരമായ വായന

  ReplyDelete