Friday, July 30, 2010

പറയുന്ന നേരത്ത്‌


കാണുന്ന നേരത്ത്‌
(ഓര്‍മ്മ)

സുഭാഷ്‌ചന്ദ്രന്‍

വില: 70 രൂപ

മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌

ഓര്‍മ്മക്കുറിപ്പുകള്‍ ചരിത്രമല്ല; ചരിത്രനിരപേക്ഷവുമല്ല. ചരിത്രമെഴുത്തിന്റെ വികാരരഹിതമായ വസ്‌തുസ്ഥിതി വിവരങ്ങളെ വികാരഭരിതമാക്കുകയാണ്‌ ഓര്‍മ്മക്കുറിപ്പുകള്‍. അത്‌ വ്യക്തിയെക്കുറിച്ച്‌ അയാള്‍ പുലര്‍ന്നുപോരുന്ന കാലഘട്ടത്തെക്കുറിച്ച്‌ രേഖപ്പെടുത്തുകയാണ്‌. `ഞാന്‍' കക്ഷിയായും സാക്ഷിയായും ഉണ്ടായിരുന്ന ഒരു കാലഘട്ടം ഓര്‍ത്തെടുക്കുകയാണ്‌.
ഭൂതകാലത്തെക്കുറിച്ച്‌ വസ്‌തുതാപരമായ വിശകലനത്തിനാണ്‌ ചരിത്രം ശ്രമിക്കുന്നതെങ്കില്‍ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ്‌ സ്‌മരണകള്‍ കടന്നുപോകുന്നത്‌. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന്‌ പകരം നില്‍ക്കുന്നു. ചരിത്ര രചനയ്‌ക്ക്‌ വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്‌ക്കാണ്‌ ഓര്‍മ്മക്കുറിപ്പുകള്‍ പ്രവേശിക്കുന്നത്‌. കഴിഞ്ഞുപോയ സംഭവങ്ങളുടെയോ, ചരിത്ര ഘട്ടത്തിന്റെയോ, വ്യക്തിയുടെയോ ത്യാഗനിര്‍ഭരവും പീഡിതവുമായ ഓര്‍മ്മകളെ അത്‌ സാമൂഹിക ഉപരിതലത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നു. ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്‌കരിക്കുകയല്ല മറിച്ച്‌ ഓര്‍മ്മയുടെ ഒരു മുഹുര്‍ത്തത്തില്‍ മിന്നിത്തെളിയുന്ന ഒരനുഭവത്തെ പിടിച്ചെടുക്കുകയാണ്‌. വ്യക്തിയുടെ സ്‌മരണകള്‍ അതുകൊണ്ടുതന്നെ അത്രമേല്‍ രാഷ്‌ട്രീയ ഭരിതമാകുന്നു. പഴമയെ വര്‍ത്തമാനപ്പെടുത്തുന്നതിലൂടെയാണ്‌ ഓര്‍മ്മകള്‍ എല്ലാകാലത്തേക്കുമായി അതിന്റെ രാഷ്‌ട്രീയ നിര്‍വഹണം സാധ്യമാക്കുന്നത്‌.
ഈ നിര്‍വഹണ ഘട്ടത്തിലൂടെ എല്ലാ ഓര്‍മ്മകള്‍ക്കും സഞ്ചരിക്കാനാകുന്നുണ്ടോ? ഉത്തരം എന്തു തന്നെയായാലും ഈ ചോദ്യത്തെ മുന്‍ നിര്‍ത്തിയാണ്‌ കഥാകാരനായ സുഭാഷ്‌ ചന്ദ്രന്റെ `കാണുന്ന നേരത്ത്‌' എന്ന ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കുന്നത്‌. കേവലമായ അര്‍ത്ഥത്തില്‍ ഭൂതകാല വഴികളെ വര്‍ത്തമാനപ്പെടുത്തുന്നു എന്ന ധര്‍മ്മം ഈ രചനയും നിര്‍വ്വഹിക്കുന്നുണ്ട്‌. അതിലപ്പുറം? ഒന്നുമില്ല. ഓര്‍മ്മകളുടെ ആഴത്തേക്കാള്‍ അതുന്നയിച്ചേക്കാവുന്ന പ്രശ്‌നഭരിതമായ സാമൂഹ്യ സ്‌മരണകളേക്കാള്‍; പ്രശസ്‌തിയുടെ നടുവില്‍ നില്‍ക്കുന്ന എല്ലാവരുടേയുംപോലെ സുഭാഷ്‌ചന്ദ്രന്റെ കുറപ്പുകളെയും ഭരിക്കുന്നത്‌ വിപണിയാണ്‌. വിപണി ഒരുമോശം സ്ഥലം എന്ന അര്‍ത്ഥത്തിലല്ല, ഇവിടെ പ്രയോഗിക്കുന്നത്‌. മികച്ചത്‌ തെരഞ്ഞെടുക്കാന്‍ വായനക്കാര്‍ക്ക്‌ (ഉപഭോക്താക്കള്‍ക്ക്‌) അവസരം നല്‍കുന്ന സ്ഥലം എന്നുതന്നെയാണ്‌ പരിഗണന. പക്ഷെ, പായ്‌ക്കറ്റുകള്‍ ചിലപ്പോള്‍ നമ്മളെ ചതിക്കും. പ്രശസ്‌തിയുടെ മികച്ച കവറിനുള്ളില്‍ അടക്കം ചെയ്‌ത ഓര്‍മ്മകള്‍ക്ക്‌ പാകമാകാത്ത മാങ്ങ കാര്‍ബൈഡ്‌ വെച്ച്‌ പഴുപ്പിക്കുമ്പോഴുണ്ടാകുന്ന അരുചിയായിരുന്നു. ഞെക്കിപ്പഴുപ്പിച്ച ഓര്‍മ്മകള്‍ക്ക്‌ ചരിത്രത്തോട്‌ പറയാനുള്ളത്‌ എന്താവാം? ആവോ?!
`രാവണന്‍' എന്ന കുറിപ്പ്‌ നിര്‍ദ്ദോഷമായ ഒരോര്‍മ്മപ്പെടലാണ്‌. എങ്കിലും ഏതുപ്രായത്തിലായാലും രാവണവേഷം കെട്ടി ഉറഞ്ഞാടുന്ന ആണും അപഹരിക്കപ്പെടുന്ന സീതയും ആണ്‍പെണ്‍ ജീവിതാന്തരങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്‌. രാവണനിലെ ആണിന്‌ പിന്നീടുള്ള നിരവധി വേഷപ്പകര്‍ച്ചകളിലൂടെ വിപുലമായി കിട്ടുന്ന അരങ്ങ്‌ സീതയ്‌ക്ക്‌ നഷ്‌ടപ്പെടുന്നുണ്ട്‌. കടുങ്ങല്ലൂരിലെ അതേ നിരത്തില്‍ തന്നെയാണ്‌ രാവണന്‍ സീതയെ പിന്നീടും കണ്ടുമുട്ടുന്നത്‌ എന്നതിന്റെ യാദൃഛികത അദൃശ്യമായൊരു ലക്ഷ്‌മണ രേഖയുടെ സാന്നിധ്യം കൂടിയാണ്‌ എന്നൊക്കെ നിരൂപണത്തിനായി മെനക്കെട്ട്‌ വായിച്ചെടുക്കാം.
കോഴിക്കോടിന്റെ ഓര്‍മ്മകളിലൂടെയാണ്‌ ഒരു ദേശത്തില്‍ എത്തിയ കഥ നീങ്ങുന്നത്‌. ഒരുപക്ഷെ, ഏതു ദേശത്തില്‍ കുടിയേറിയവര്‍ക്കും ആ ദേശത്തെക്കുറിച്ച്‌ ഓര്‍മ്മിക്കാനാവുക ഇങ്ങനെ തന്നെയാവും. അഭയം തന്ന മണ്ണ്‌, മറ്റെന്തിനേക്കാളും പ്രിയമേറിയതാകുന്നു. മണ്ണ്‌ ഇല്ലാതാവുകയും മണ്ണില്‍ നിന്ന്‌ ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ നിസ്സഹായത ചൂഴുന്ന ഭൂമിയിലാണ്‌ നാം സ്വന്തമെന്ന ഇടത്തെക്കുറിച്ച്‌ സ്‌മൃതിപ്പെടുന്നത്‌ എന്ന സാമൂഹ്യവൈരുദ്ധ്യത്തെക്കൂടി ഉള്‍പ്പെടുത്തുമ്പോഴാണ്‌ ഓര്‍മ്മകള്‍ മണ്ണിലും അതോടൊപ്പെം ചരിത്രത്തിലും തൊടുന്നത്‌. ഒരു മധ്യവര്‍ഗ്ഗക്കാരന്റെ ഗൃഹാതുരത്വത്തിനപ്പുറം പോകാനാവാതെ വരുമ്പോള്‍ സ്‌മരണകള്‍ വായനക്കാര്‍ക്ക്‌ ഭാരമാകും എന്നുമാത്രം.
നിങ്ങള്‍ക്ക്‌ ഒരേസമയം ഭര്‍ത്താവും കാമുകനുമായി തുടരുക സാധ്യമല്ലെന്ന്‌ ഓഷോ പറയുന്നുണ്ട്‌. ദാമ്പത്യം ജീവിതത്തിന്റെ മറ്റൊരു ഘട്ടമാണ്‌. ഒരുപക്ഷെ, പ്രണയത്തെക്കുറിച്ച്‌ വികാരവായ്‌പോടെ ഓര്‍മ്മിച്ചെടുക്കുകന്ന ഘട്ടം. കുടുബത്തിന്റെ ഭദ്രതയ്‌ക്കായി, ശിഷ്‌ട ജീവിതത്തിന്റെ സിംഫണി തെറ്റാതിരിക്കാന്‍ ഗൃഹാതുരമായൊരു കാലത്തെ മനസ്സില്‍ പേറിനടക്കുകയാണ്‌ ഓരോ ആണും പെണ്ണും. ഓര്‍മ്മകള്‍ ഇല്ലാതായാല്‍ ഓര്‍മ്മകള്‍ നമ്മെ പ്രലോഭിപ്പിക്കാതായാല്‍ തെറ്റിവീണേക്കാവുന്ന ജീവിത്തെക്കുറിച്ച്‌, ദാമ്പത്യത്തെക്കുറിച്ച്‌ പറയാതെ പറയേണ്ടിവരുന്നു. അങ്ങനെയൊരു പറച്ചിലാണ്‌ വീട്ടിലേക്കുള്ള വഴി എന്ന കുറിപ്പ്‌.
ഓര്‍മ്മകള്‍, പ്രതികരണങ്ങള്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളില്‍ ഉടനീളം `ഞാന്‍' കക്ഷിയായും സാക്ഷിയായും കടന്നുവരുന്നുണ്ട്‌. മരുഭൂമിയിലെ ഉറവ, നാള്‍തോറും വളരാതെ, രണ്ടാമത്തെ അച്ഛന്‍, മണലാരണ്യത്തിലെ അതിഥി, കാലത്തിന്റെ ബലിക്കല്ലില്‍, ദുഃഖഭരിതമായ ഒരു സംഘഗാനം, സൗന്ദര്യ ലഹരി, അവനും ഞാനും എന്നിങ്ങനെ ഓര്‍മ്മകള്‍ പലകാലത്തെ, പലദേശത്തെ പുനരാനയിക്കുന്നു. ഒരാളുടെ സ്‌മരണകളിലൂടെ മറ്റനവധിപേര്‍ കടന്നുപോകുന്ന യാത്രയാണ്‌ വായന. പലജീവികള്‍ ഒരേ കടലില്‍, അത്‌ മോശമല്ലേ, മോശേ?, നക്ഷത്രങ്ങള്‍ തിളയ്‌ക്കുന്ന ശബ്‌ദം, ജഹനാര; ക്ഷണഭംഗുര, എഴുത്തുകാരുടെ എഴുത്തുകാരന്‍, പുണ്യപാപങ്ങളുടെ പുസ്‌തകം, പടയ്‌ക്കു മുമ്പേ എന്നിങ്ങനെ പ്രതികരണങ്ങളിലൂടെ വ്യക്തി സ്‌മരണകള്‍ സമകാലികമാകുന്നു