
പരസ്‌പരമെഴുതിയ കത്തുകള്
എഡി: തനൂജ എസ് ഭട്ടതിരി
പേജ്: 51 വില: 35
ഡി സി ബുക്‌സ്, കോട്ടയം
കത്തുകള്‍ സംസാരിക്കുന്നത് വ്യക്തികളുടെ സ്വകാര്യ ലോകത്തെക്കുറിച്ചാണ്. സ്വകാര്യമായ ഇടങ്ങലില്‍ ഇരുന്നുകൊണ്ട് അവര്‍ കണ്ട ലോകത്തെക്കുറിച്ചാണ്. അനുഭവങ്ങള്‍ക്ക് അതുകൊണ്ടുതന്നെ ഒരു അടക്കം പറച്ചിലിന്റെ മൂര്‍ച്ചയും സത്യസന്ധതയും ഉണ്ടാവും. അനുഭവങ്ങളുടെ ഏറ്റവും സുതാര്യമായ ആവിഷ്‌കാരമാണ് കത്തുകള്‍.
ഒരേകാലഘട്ടത്തില്‍ ജീവിച്ചിരുന്ന രണ്ടുവ്യക്തികള്‍ ജീവിതത്തെക്കുറിച്ചെഴുതുന്നു. വരുംകാലങ്ങളുടെ ചരിത്ര പഠിതാക്കള്‍ക്ക് ഇതൊരു പാഠവസ്‌തുവായിരിക്കുമെന്ന് കത്തുകള്‍ക്കോ അതെഴുതുന്നവര്‍ക്കോ പലപ്പോഴും അറിയുകയില്ല. അല്ലെങ്കില്‍ ജീവിതത്തെക്കുറിച്ചുള്ള സ്വകാര്യമായ പങ്കുവയ്‌ക്കലുകള്‍ക്കപ്പുറം അതൊരാവിഷ്‌കാരമായിരുന്നുവെന്ന് ജീവിച്ചുപോയ കാലഘട്ടത്തിന്റെ ആഖ്യാനമായിരുന്നുവെന്ന് അവര്‍ വിചാരിക്കുന്നില്ല. പ്രത്യേകിച്ച് എഴുത്തുകാരായ രണ്ടുവ്യക്തികള്‍ പരസ്‌പരം എഴുതുമ്പോള്‍ ആ കത്തുകള്‍, `എഴുത്തി'നുപുറത്തുള്ള ഒരുതരം ആഖ്യാനമാണ്. ഈ അടക്കം പറച്ചിലുകളില്‍ അമര്‍ന്നു മുഴങ്ങുന്ന രാഷ്‌ട്രീയ കാലത്തിലൂടെയാണ് സാമൂഹ്യ സന്ദര്‍ഭത്തിലൂടെയാണ് പില്‍ക്കാല വായനകള്‍ കടന്നുപോകുന്നത്.
രണ്ടുവ്യക്തികള്‍ പരസ്‌പരമെഴുതിയ കത്തുകള്‍ പുനര്‍വായിക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ-രാഷ്‌ട്രീയ ചരിത്രം അവിടെ സന്നിഹിതമാകുന്നു. കത്തുകള്‍ വായിക്കുക എന്നതിനര്‍ത്ഥം കാലത്തെ വായിക്കുക എന്നായിത്തീരുന്നു. തങ്ങള്‍ ജീവിച്ച സമകാലിക സാമൂഹ്യാവസ്ഥയെക്കുറിച്ചുള്ള ചിന്തകള്‍, ആശങ്കകള്‍, ആവലാതികള്‍, വ്യക്തിയും സമൂഹവും പരസ്‌പരം സംഘര്‍ഷപ്പെടുന്ന രാഷ്‌ട്രീയ സന്ദര്‍ഭങ്ങള്‍ ഇവയെല്ലാം കത്തുകളില്‍ അടങ്ങിയിരിക്കുന്നു. `അന്തര്‍ജനത്തിന് സ്‌നേഹപൂര്‍വ്വം ബഷീര്‍, പരസ്‌പരമെഴുതിയ കത്തുകള്‍' എന്ന പുസ്‌തകം ഈ പ്രകരണത്തിലാണ് പ്രസക്തമാകുന്നത്. വൈക്കം മുഹമ്മദ് ബഷീര്‍ ലളിതാംബികാ അന്തര്‍ജ്ജനത്തിന് അയച്ച ഏതാനും കത്തുകളും ചില മറുപടികളുമാണ് തനൂജ എസ് ഭട്ടതിരി എഡിറ്റു ചെയ്‌തിരിക്കുന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
1940കളാണ് ഈ കത്തുകളുടെ രാഷ്‌ട്രീയ കാലം. സ്വാതന്ത്ര്യത്തിന് മുമ്പ്. രാഷ്‌ട്രീയ തടവുകാരനായി വൈക്കെം മഹമ്മദ് ബഷീര്‍ ജയിലില്‍ കഴിയുന്ന കാലം. പുറത്ത് സാമുദായിക സദാചാരത്തിന്റെ തടവില്‍നിന്നും സ്‌ത്രീ സമൂഹത്തെ പുറംലോകത്തെത്തിക്കാന്‍ യത്‌നിച്ച ലളിതാംബികാ അന്തര്‍ജ്ജനം അക്ഷരങ്ങളുമായി പടയ്‌ക്കിറങ്ങിയ കാലം. `ഒരു സ്‌ത്രീയായി ജനിച്ചതില്‍ ഒരുപാട് അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു ആ എഴുത്തുകള്‍ എനിക്കാദ്യം സമ്മാനിച്ചത്. മുത്തശ്ശിയുടെ മനസ്സ് ഒരു നീല ശംഖുപുഷ്‌പംപോലെ എന്നില്‍ തുറന്നുവന്നു. 1940കളിലും ഒരു മുസല്‍മാനും ഒരു അന്തര്‍ജ്ജനവും തമ്മില്‍ നല്ലൊരു സൗഹൃദം സാധ്യമായിരുന്നു എന്നൊരറിവ് എന്നില്‍ ആഹ്‌ളാദം വിടര്‍ത്തി.' എന്ന് എഡിറ്റര്‍ ആമുഖത്തില്‍ എഴുതുന്നു. നാല്‌പതുകള്‍ സവിശേഷമായ രാഷ്‌ട്രീയ മാറ്റത്തിന്റെ കാലമായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരം ഉഴുതുമറിച്ച മുഖ്യധാരാ രാഷ്‌ട്രീയം, ശ്രീനാരായണപ്രസ്ഥാനത്തിന്റെ ശക്തമായ മുന്നേറ്റത്തില്‍ കടപുഴകിനില്‍ക്കുന്ന ജാതിമേല്‍ക്കോയ്‌മ, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അടിസ്ഥാന ജനജീവിതത്തെ സമര ബഹുലമാക്കിയ കാലം, ജന്‍മിത്തവും നാടുവാഴി ഭൂപ്രഭുത്വവും തകരുന്ന ആധുനികതയിലേക്കും മുതലാളിത്തത്തിലേക്കും ചാഞ്ഞുനില്‍ക്കുന്ന സാമൂഹ്യ സാമ്പത്തിക സാഹചര്യം, അടുക്കളയില്‍നിന്ന് അരങ്ങത്തേയ്‌ക്കും വിധവയുടെ വിവാഹത്തിലേക്കും നമ്പൂതിരി സമുദായം വിപ്ലവകരമായി കുടഞ്ഞുണര്‍ന്ന കാലം, എഴുത്തില്‍ പുരോഗമനമെന്നും നവോത്ഥാനകാലമെന്നും വിവക്ഷിക്കുന്ന കാലം; ഈ കാലം സമ്മാനിച്ച്/ പാകപ്പെടുത്തിയ സാഹിത്യ പ്രതിഭകളായിരുന്നു ബഷീറും ലളിതാംബികാ അന്തര്‍ജ്ജനവും. അതുകൊണ്ടുതന്നെ അവര്‍ക്കു സൗഹൃദം സാധ്യമായിരുന്നു. സൗഹൃദം ഒരു കലാപമായിരുന്നു. സൗഹൃദം അങ്ങേയറ്റം രാഷ്‌ട്രീയപരമായിരുന്നു. അത്തരമൊരു രാഷ്‌ട്രീയ കാലത്തിന്റെ തുടര്‍ച്ചയാണ് നമുക്ക് നഷ്‌ടപ്പെട്ടത്. സാമൂഹ്യ നവോത്ഥാനങ്ങള്‍ ജാതി നവീകരണത്തിലേക്കും ജാതിദൃഢീകരണത്തിലേക്കും കൂപ്പുകുത്തുകയും വര്‍ത്തമാന മുഖ്യധാരാ രാഷ്‌ട്രീയം ജാതിയുടെ അവശിഷ്‌ടങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുകയും നവോത്ഥാനത്തിന്റെ ചാലക ശക്തികളായിരുന്ന കീഴാള ജീവിതം കൂടുതല്‍ കീഴടങ്ങലുകളിലേക്ക് എത്തപ്പെടുകയും ലളിതാംബികാ അന്തര്‍ജ്ജനം പൊരുതിത്തോല്‍പ്പിച്ച സവര്‍ണ്ണതയുടെ വിഷം അതേ സമുദായത്തില്‍ പതഞ്ഞുപൊന്തുകയും ബഷീര്‍ ഒരു മുസ്ലിം മാത്രമാവുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് ഈ എഴുത്തുകല്‍ കൂടുതല്‍ ശക്തിയോടെ ചിലത് പറയുന്നുണ്ട്. അതുകൊണ്ടു തന്നെ നാല്‍പതുകളേക്കാള്‍ കണിശതയോടെ ഈ കത്തുകള്‍ ഇക്കാലത്ത് വായിക്കപ്പെടുന്നു.
വ്യക്തി എന്ന സ്വകാര്യത്തെ സമൂഹം എന്ന തുറസ്സിലേക്ക് കടത്തിവിടുകയാണ് ഈ കത്തുകള്‍. ജാതി സമുദായങ്ങളുടെ അടഞ്ഞ ഘടനയ്‌ക്ക് ബദലായി വ്യക്തി ജീവിതത്തിന്റെ, സൗഹൃദത്തിന്റെ തുറന്ന ഘടന സങ്കല്‍പ്പിക്കുകയായിരുന്നു ബഷീറും അന്തര്‍ജ്ജനവും.
രണ്ടുവ്യക്തികള്‍ പരസ്‌പരമെഴുതിയ കത്തുകള്‍ പുനര്‍വായിക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ-രാഷ്‌ട്രീയ ചരിത്രം അവിടെ സന്നിഹിതമാകുന്നു. കത്തുകള്‍ വായിക്കുക എന്നതിനര്‍ത്ഥം കാലത്തെ വായിക്കുക എന്നായിത്തീരുന്നു. തങ്ങള്‍ ജീവിച്ച സമകാലിക സാമൂഹ്യാവസ്ഥയെക്കുറിച്ചുള്ള ചിന്തകള്‍, ആശങ്കകള്‍, ആവലാതികള്‍, വ്യക്തിയും സമൂഹവും പരസ്‌പരം സംഘര്‍ഷപ്പെടുന്ന രാഷ്‌ട്രീയ സന്ദര്‍ഭങ്ങള്‍ ഇവയെല്ലാം കത്തുകളില്‍ അടങ്ങിയിരിക്കുന്നു
ReplyDeleteകത്തുകള്‍ വായിക്കുക എന്നതിനര്‍ത്ഥം കാലത്തെ വായിക്കുക എന്നായിത്തീരുന്നു....അത് ശരിയാണ് കേട്ടൊ
ReplyDelete