Friday, October 30, 2009

ഉടയുന്ന ഭൂപടം


ഫ്രാന്‍സിസ്‌ ഇട്ടിക്കോര
(നോവല്‍)
ടി ഡി രാമകൃഷ്‌ണന്‍

പേജ്‌
: 308 വില: 150 രൂപ
ഡി
സി ബുക്‌സ്‌, കോട്ടയം


ചരിത്രമെഴുത്തിന്റെ ഗണിതയുക്തികളെയാണ്‌ ഇട്ടിക്കോര പ്രതിസന്ധിയിലാക്കുന്നത്‌. കാലത്തിന്റെ ഭൂപടങ്ങള്‍ തെറ്റിച്ച്‌, ദിക്കുകള്‍ കൂടിപ്പിണഞ്ഞും ഭിന്നിച്ചും കഥകളും കെട്ടുകഥകളും നുണക്കഥകളുമായി വേര്‍തിരിക്കാനാവാത്തവിധം ചേര്‍ത്തും മുറിപ്പെടുത്തിയും ചരിത്രത്തെ അഗാധമായി ഹിംസിക്കുകയാണ്‌ ഈ നോവല്‍. പ്രാദേശികതയില്‍ നിന്നും സാര്‍വ്വദേശീയതയിലേക്ക്‌ പുനര്‍ നിര്‍മ്മിക്കപ്പെട്ട മലയാള ഭാവുകത്വത്തെയാണ്‌ ഈ നോവല്‍ അഭിസംബോധന ചെയ്യുന്നത്‌. ആഗോള ബിംബങ്ങളും ബൃഹദാഖ്യാനങ്ങളും ഉഴുതുമറിച്ച നവീന വായനയുടെ ഇടങ്ങളെ പിടിച്ചെടുക്കുക എന്ന പ്രാദേശിക എഴുത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിലൂടെയാണ്‌ ടി ഡി രാമകൃഷ്‌ണന്റെ ഫ്രാന്‍സീസ്‌ ഇട്ടക്കോര മലയാള നോവല്‍ ചരിത്രത്തില്‍ സവിശേഷമായൊരു ഇടം പിടിച്ചെടുക്കുന്നത്‌. സാഹിത്യ-സാംസ്‌കാരിക-രാഷ്‌ട്രീയ ഭാവുകത്വ നിര്‍മ്മിതിയില്‍ ഉറഞ്ഞുപോയ എഴുത്തിന്റെ/വായനയുടെ ചരിത്രത്തെയാണ്‌ നോവല്‍ മാരകമാംവണ്ണം ഹിംസിക്കുന്നു. എഴുത്തിന്റെ ഭൂതകാലത്തെ ഉരുക്കിക്കളയുന്ന നോവല്‍ വായനയുടെ അവസാനിക്കാത്ത രതിയാകുന്നു. ആധുനികതയുടെ ക്ഷോഭവം, കോളനി അനന്തരകാല അസ്‌തിത്വ സംഘര്‍ഷം, അതീത ആത്മീയതയുടെ ബോധിത്തണല്‍, എഴുപതിന്റെ ഗൃഹാതുരത്വം, അടിയന്തിരാവസ്ഥ, അധികാരത്തിന്റെ സ്ഥൂലവും സൂക്ഷ്‌മവുമായ പ്രയോഗങ്ങളിലെ വ്യക്തിയുടെ/ സമൂഹത്തിന്റെ ഇടര്‍ച്ചകള്‍ എന്നിങ്ങനെ നമ്മുടെ എഴുത്തുകള്‍ അഭിരമിച്ച ഇടങ്ങളെ തരംതിരിക്കാമെങ്കില്‍ ഇതില്‍ എവിടെയാണ്‌ ഫ്രാന്‍സിസ്‌ഇട്ടിക്കോര അടയാളപ്പെടുക?

ആധുനികതയ്‌ക്കും ഉത്തരാധിനികതയ്‌ക്കും ശേഷം മലയാളത്തില്‍ പ്രത്യക്ഷപ്പെട്ട ഏതാണ്ടെല്ലാ നോവലുകള്‍ക്കും ആഖ്യാനപരമായി വ്യത്യസ്‌തതകള്‍ പുലര്‍ത്തുമ്പോള്‍തന്നെ ഭൂതകാല ഭാവുകത്വത്തിന്റെ ചരട്‌ പൊട്ടിക്കാന്‍ കഴിയാതെ വരുന്നുണ്ട്‌. ആഗോള വല്‍ക്കരിക്കപ്പെട്ട ഭാവുകത്വത്തെ അഭിസംബോധന ചെയ്യുന്നതില്‍ മലയാളത്തിന്റെ എഴുത്ത്‌ പരാജയപ്പെടുകയായിരുന്നു. ബഹുസ്വരവും ഭിന്നവും പരസ്‌പര പൂരകവും വിരുദ്ധവുമായ ആഖ്യാനങ്ങളിലൂടെ ഫ്രാന്‍സിസ്‌ ഇട്ടിക്കോര പ്രാദേശിക നോവല്‍ എഴുത്തിന്റെ ഭൂതകാലങ്ങളെനിരാകരിക്കുന്നുണ്ട്‌. വ്യത്യസ്‌തതകള്‍ സഹവസിക്കുന്നതാണ്‌ പുതിയകാലത്തിന്റെ സ്വഭാവം. ഒരു ബഹുസ്വര ആവാസവ്യവസ്ഥക്കുള്ളില്‍ ദേശീയതകള്‍ സ്വയം പുനര്‍ക്രമീകരിക്കപ്പെടുന്നതിന്റെ സംഘര്‍ഷങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌. തൊണ്ണൂറുകളില്‍ സംഭവിക്കുന്ന വലിയമാറ്റമാണിത്‌. ജനങ്ങള്‍ക്കും മൂലധനത്തിനുമൊപ്പം എഴുത്തും വായനയും വ്യത്യസ്‌ത സര്‍ഗാത്മക ആവിഷ്‌കാരങ്ങളും വന്‍തോതില്‍ ദേശത്തിന്റെ അതിര്‍ത്തികള്‍ മുറിച്ചു കടക്കുന്നു. വ്യത്യസ്‌ത വംശീയ, ദേശീയ, മത വിഭാഗങ്ങള്‍ ചിതറിത്തെറിക്കുകയും കൂടിത്താമസിക്കുകയും ഹിംസക്കും തകര്‍ക്കലുകള്‍ക്കും വിധേയപ്പെടുകയും ചെയ്‌തു. സ്വന്തം അതിര്‍ത്തികള്‍ക്കുള്ളില്‍ തുടരുന്നവര്‍ പോലും കലര്‍പ്പിന്റെയും അന്യസ്വാധീനങ്ങളുടെയും ആഗോളവല്‍കൃത അനുഭവങ്ങളിലൂടെയാണ്‌ കടന്നുപോകുന്നു. കോരപ്പാപ്പന് എന്നചരിത്രവല്‍ക്കരിക്കപ്പെടുന്ന മിത്ത്‌ (മിത്തൈഫൈ ചെയ്യപ്പെട്ട ചരിത്രം) ലോകം എന്ന സാധ്യതയിലും അതിന്റെ അസാധ്യതയിലുമാണ്‌ ഒരേസമയം സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌.
ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന കോരപ്പാപ്പന്‍ കുടുംബത്തിലെ വിദൂരമായൊരു കണ്ണിയായ സേവ്യര്‍ ഇട്ടിക്കോരയുടെ ഇ മെയില്‍ സന്ദേശത്തിലൂടെയാണ്‌ നോവല്‍ ആരംഭിക്കുന്നത്‌. പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്നതിനായി പട്ടാളത്തില്‍ ചേര്‍ന്ന്‌ ഇറാഖില്‍ നായാട്ടിനിറങ്ങിയ നരഭോജിയാണ്‌ സേവ്യര്‍ ഇട്ടിക്കോര. ഇറാഖില്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത്‌ മാനസിക രോഗകേന്ദ്രത്തില്‍ ഒരു വര്‍ഷം ചികിത്സയില്‍ കഴിഞ്ഞ ഇട്ടിക്കോര തന്റെ നഷ്‌ടമായ ഉദ്ധാരണശേഷി വീണ്ടെടുക്കാനും തന്റെ പിതൃപരമ്പരയുടെ വേരുകള്‍ തിരയാനുമാണ്‌ കേരളത്തിലേക്ക്‌ വരാന്‍ ആഗ്രഹിക്കുന്നത്‌.

സേവ്യര്‍ ഇട്ടിക്കരോരയെ സൈബര്‍ സ്‌പേസില്‍ കണ്ടുമുട്ടുന്നത്‌ കൊച്ചിയിലെ സ്വകാര്യ രതികേന്ദ്രമായ ബോഡി സ്‌കൂള്‍ നടത്തുന്ന രേഖ എന്ന കോളെജ്‌ അധ്യാപികയാണ്‌. രതിയും ഹിംസയും ചരിത്രത്തിന്റെ നിഗൂഢതകളും മാത്രമല്ല, പതിനെട്ടാം കൂറ്റുകാര്‍ എന്നറിയപ്പെടുന്ന കോരപ്പാപ്പന്‍ കുടുംബ കുടുംബ രഹസ്യങ്ങളും ദുരൂഹതകളുമാണ്‌ നോവല്‍ കെട്ടഴിക്കുന്നത്‌. കോര ഒരു മിത്തോ യാഥാര്‍ത്ഥ്യമോ എന്ന വേര്‍തിരിക്കാന്‍ കഴിയുന്നില്ല, ചരിത്രത്തില്‍ അങ്ങനെയൊരാള്‍ ഉണ്ടായിരുന്നുവെന്ന്‌ ഉറപ്പിച്ചുപോകും വിധം സങ്കീര്‍ണ്ണമാണ്‌ കോരപ്പാപ്പന്റെ ജീവിതാഖ്യാനം. പതിനഞ്ചാം നൂറ്റാണ്ടില്‍ ആരംഭിക്കുന്ന കേരളത്തിന്റെ വ്യാപാര ചരിത്രത്തിനൊപ്പം ആരംഭിച്ച്‌ ഹൈപേര്‍ഷ്യന്‍ ഗണിത ശാസ്‌ത്രത്തിന്റെ ചരിത്രത്തിലൂടെ, അതിനെ കുന്ദംകുളത്തിന്റെ വ്യാപാര യുക്തികളുമായി സമര്‍ത്ഥമായി ബന്ധിപ്പിച്ച്‌ മെനഞ്ഞെടുക്കുന്ന ആഖ്യാനം അസാധാരണവും വിപുലവുമായ ഭൂമിശാസത്ര- ചരിത്ര-കാലങ്ങളിലാണ്‌ നിലയുറപ്പിക്കുന്നത്‌. കോരപ്പാപ്പന്റെ ജീവചരിത്രം നോവലിന്റെ ഒരുപാഖ്യാനമാണ്‌. പതിനെട്ടാം കൂറ്റുകാരുടെ ചരിത്രം തേടിപ്പോകുന്ന വര്‍ത്തമാന കാലം മറ്റൊരുപാഖ്യാനമാണ്‌. സേവ്യര്‍ ഇട്ടിക്കോരയുടെ സഞ്ചാരവും രതിയും ഏറ്റുമുട്ടലുകളും ഹിംസയും നരഭോജനവും നോവലില്‍ സമാന്തരമായി വളരുന്നു. ഗണിതശാസ്‌ത്രത്തെ സൂക്ഷ്‌മതലത്തില്‍ പ്രമേയഘടനയില്‍ നിബന്ധിച്ചുകൊണ്ട്‌ കേരളത്തിന്റെ ഗണിത ചരിത്രത്തെ വര്‍ത്തമാനപ്പെടുത്തുന്നുണ്ട്‌ നോവല്‍. ഗണിതശാസ്‌ത്ര അധ്യാപികയായ മൊറിഗാമിയുടെ ബ്ലോഗിലൂടെ ചുരുള്‍ നിവരുന്ന ചരിത്രം ഒരേസമയം കോരപ്പാപ്പന്റെയും കേരളത്തിന്റെ ഗണിത ഭൂതകാലത്തിന്റേതുകൂടിയാണ്‌.

പോപ്പുലര്‍ എഴുത്ത്‌/ വായന അകറ്റി നിര്‍ത്തേണ്ട ഒന്നായാണ്‌ പരമ്പരാഗത വായനാസമൂഹം കണക്കാക്കിയത്‌. ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ കാഴ്‌ചകളും വായനയും അനുഭവങ്ങളും സാങ്കേതികവിദ്യകളും നല്‍കിയ ബിംബാവലിയും ആഖ്യാനങ്ങളും വിവരസാങ്കേതിക സാധ്യതകളും നമ്മുടെ ശീലങ്ങളെ മാറ്റിമറിച്ച സവിശേഷമായ ലോക യാഥാര്‍ത്ഥ്യത്തിനു നടുവില്‍എല്ലാ പ്രാദേശിക എഴുത്തുകളെയും പോലെ മലയാള നോവല്‍ എഴുത്തും വായനയും വലിയവെല്ലുവിളികളെ നേരിടുന്നുണ്ട്‌. ജനപ്രീതിയും സര്‍ഗ്ഗാത്മകതയും സമന്വയിക്കുന്ന പുതിയ ഇടങ്ങളെ നേരിടുകയും വരുതിയിലാക്കുകും ചെയ്യുന്നതിലൂടെ എഴുത്ത്‌ പുതിയലോകത്തെ/ഭാവുകത്വത്തെ പ്രാപിക്കുന്നത്‌. ഒരു ദേശത്തിന്റെ സാമൂഹിക-സാമ്പത്തിക സാംസ്‌കാരിക മുദ്രകളെ അടയാളപ്പെടുത്തുന്നതില്‍ നോവല്‍ വഹിക്കുന്നപങ്ക്‌ സാമൂഹ്യശാസ്‌ത്ര/സാസ്‌കാരിക പഠനങ്ങളില്‍ നിര്‍ണ്ണായകമാണ്‌ എന്ന അറിവുകൂടി
ചേര്‍ത്തുവെച്ചുകൊണ്ടാണ്‌ ഫ്രാന്‍സിസ്‌ ഇട്ടിക്കോര വായിക്കപ്പെടുന്നത്‌. ആ നിലയ്‌ക്ക്‌ കൂടുതല്‍ സൂക്ഷ്‌മമായ വായനകള്‍ ആവശ്യപ്പെടുന്ന കൃതിയായി ഇത്‌ മാറുന്നു. അപാരമാംവിധം സൂക്ഷ്‌മതപുലര്‍ത്തുന്ന രചനാരീതിയും അനായാസമായ ആഖ്യാനവും ഭാഷയും കഥപറച്ചിലിന്റെപതിവുശീലങ്ങളെ അട്ടിമറിച്ചുകൊണ്ട്‌ പുതിയൊരു സംവേദനം സാധ്യമാക്കുന്നു.7 comments:

 1. ജനപ്രീതിയും സര്‍ഗ്ഗാത്മകതയും സമന്വയിക്കുന്ന പുതിയ ഇടങ്ങളെ നേരിടുകയും വരുതിയിലാക്കുകും ചെയ്യുന്നതിലൂടെ എഴുത്ത്‌ പുതിയലോകത്തെ/ഭാവുകത്വത്തെ പ്രാപിക്കുന്നത്‌. ഒരു ദേശത്തിന്റെ സാമൂഹിക-സാമ്പത്തിക സാംസ്‌കാരിക മുദ്രകളെ അടയാളപ്പെടുത്തുന്നതില്‍ നോവല്‍ വഹിക്കുന്നപങ്ക്‌ സാമൂഹ്യശാസ്‌ത്ര/സാസ്‌കാരിക പഠനങ്ങളില്‍ നിര്‍ണ്ണായകമാണ്‌ എന്ന അറിവുകൂടി ചേര്‍ത്തുവെച്ചുകൊണ്ടാണ്‌ ഫ്രാന്‍സിസ്‌ ഇട്ടിക്കോര വായിക്കപ്പെടുന്നത്‌.

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ലളിതമായ ആഖ്യാനത്തിലൂടെ ചുരുള്‍ നിവരുന്ന സങ്കീര്‍ണ്ണമായ ചരിത്രവും, പ്രാദേശിക പുരാവൃത്തങ്ങളും ഇടകലരുന്ന ഈ കൃതി മലയാള നോവല്‍ ചരിത്രത്തില്‍ പുതിയൊരു വഴിയാണ്‌ തുറന്നിടുന്നത്‌. ഭാഷയിലെ പുതുമ തന്നെയാണ്‌ ഇട്ടിക്കോരയെ ശ്രദ്ധേയമാക്കുന്നത്‌. ആധുനികതയുടെ ചമല്‍ക്കാരഭാഷയില്‍നിന്നും മലയാള ഗദ്യസാഹിത്യം വിടുതല്‍ നേടുകയാണെന്ന്‌ ഈ നോവല്‍ പ്രഖ്യാപിക്കുന്നു. അതിലപ്പുറം മലയാളിയുടെ അനുഭവങ്ങളുടെ അതിര്‍ത്തികളെ പുതുക്കിപ്പണിയുകയും ചെയ്യുന്നു.

  ReplyDelete
 4. ശരിയാണ്‌ വര്‍ഗ്ഗീസ്‌, ഈ നോവല്‍ സംഭവിച്ചത്‌ നമുക്ക്‌ മുന്നിലാണ്‌. മറ്റെല്ലാം നമുക്കു മുമ്പായിരുന്നു. വിജയന്‍ മുതല്‍ ആനന്ദ്‌ വരെ നമ്മുടെ കേട്ടറിവുകളുടെ മുന്‍വിധി അതിന്റെ വായനയില്‍ ഉണ്ടായിരുന്നു. ഇവിടെ നമ്മള്‍ ഒരു ഫ്രഷ്‌ നോവല്‍ വായിക്കുകയാണ്‌.

  ReplyDelete
 5. ഫ്രാന്‍സിസ് ഇട്ടിക്കോര ഒരു വായനാ അനുഭവം തന്നെ .വിശാലമായ പ്ലോട്ട് .
  ഗണിത ശാസ്ത്രവും , രാഷ്ട്ര തന്ത്രവും ഇഴ പിരിച്ചു സമഞ്ജസമായി
  ചേര്‍ത്തിരിക്കുന്നു.പലപ്പോഴും ഡാവിഞ്ചി കോഡിനെ ഓര്‍മ്മപെടുത്തുന്നുന്ടെങ്കിലും
  വേറിട്ട വ്യക്തിത്വം ഈ പുസ്തകത്ത്തിനുണ്ട് .ഭാവനയെന്നു വേര്‍തിരിച്ചു പറയാനാകാത്ത
  ഒരു അനുഭവിക്കലിന്റെ ആഖ്യാനശൈലി ഈ പുസ്തകത്തിന്റെ ഹൈ ലൈറ്റ് ....

  ReplyDelete
 6. സഹതാപമര്‍ഹിക്കും വിധം ദയനീയമായ ഒരു അറ്റംപ്റ്റ് ആണ്‌ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍. ചരിത്രത്തേയോ, ഗണിതത്തേയോ ഒട്ടും പഠിക്കാതെ ഡാവിഞ്ചി കോഡ് പോലെയുള്ള കോണ്‍സ്പിരസി പോപ്പുലറുകളെ അനുകരിച്ചെഴുതാന്‍ ശ്രമിക്കുന്ന ഒരു മൂന്നാം കിട ത്രില്ലര്‍ നോവല്‍ എന്നതിനപ്പുറം അതിലൊന്നുമില്ല. ഓരോ മൂന്നാമത്തെ വാക്കിലും രതിയും ഹൈപ്പേഷ്യന്‍ ഗണിതമെന്നും കുരുമുളകു വ്യാപാരമെന്നും എഴുതിച്ചേര്‍ക്കുന്നത്‌ ഒരു വായനാനുഭവമായി എനിക്കെന്തായാലും തോന്നിയില്ല. പകരം അതിലെ ഉപരിപ്ളവതയും അബദ്ധസിദ്ധാന്തങ്ങളും കണ്ട് സഹതാപമാണ്‌ തോന്നിയത്. അറ്റ്ലീസ്റ്റ്, സൈബര്‍ ലോകത്തെ പറ്റി പോലും സാമാന്യ ബോധം എഴുത്തുകാരനുണ്ടെന്നു തോന്നാത്ത വിധം അസഭ്യവും വികൃതവുമാണ്‌ നോവലിന്റെ ഘടന. നീലകണ്ഠ സോമയാജിയെ, ഇട്ടിക്കോരയുടെ കണക്കെഴുത്തുകാരന്‍ നീലാണ്ടനാക്കിയതു പോലുള്ള ഗിമ്മിക്കുകളെ പറ്റി പറയാതിരിക്കുന്നതാവും നല്ലത്. ഇങ്ങനെയെഴുതേണ്ടി വന്നത് ഇതെന്തോ വന്‍ സംഭവമാണെന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പുള്‍പ്പെടെയുള്ള "ബൌദ്ധിക" സമൂഹം പറഞ്ഞത് വിശ്വസിച്ച് കാശു കൊടുത്ത് ആ പുസ്തകം വാങ്ങിച്ചു വായിച്ചതിന്റെ ഖിന്നത കാരണമാണ്.

  ReplyDelete
 7. സമ്പൂര്‍ണ്ണവിഡ്ഢികളുടെ വായനാലോകത്ത് ഒരു എതിര്‍ സാക്ഷ്യം കണ്ടതില്‍ സന്തോഷം പൊന്നപ്പാ. കേരളത്തിലെ ബുദ്ധിജീവികളെ മുഴുവന്‍ വിഡ്ഢികളാക്കി എന്നു രഹസ്യമായി സന്തോഷിക്കുന്നുണ്ടാവണം ടി ഡി രാമകൃഷ്ണന്‍. ഇതുവരെ കണ്ട നിരൂപണങ്ങളെല്ലാം, പുസ്തകത്തില്‍ ചേര്‍ത്ത ഒരു മേനന്റെ പഠനമുള്‍പ്പെടെ ചോദ്യം ചെയ്യാതെ അംഗീകരിക്കുന്ന കാര്യം ഇട്ടിക്കോര ഒരു ചരിത്രപുരുഷനാണെന്നാണ്. ഒരു perverse Imagination ല്‍ ജനിച്ച ഒരു കഥാപാത്രം ഒരു തലമുറയ്ക്കപ്പാടെ ചരിത്രപുരുഷനാവുക എന്നൊരു മഹാസംഭവാമണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

  ReplyDelete