
``ഒരു രാഷ്‌ട്രം എന്ന നിലയ്‌ക്ക് നാം എന്താണെന്ന് ഇനിയും നമുക്ക് പിടിയിട്ടില്ല. അതുകൊണ്ട് നമ്മെ നിര്‍വചിച്ചെടുക്കാന്‍ കെല്‌പ്പുള്ള മറ്റെന്തെങ്കിലും നാം തിരഞ്ഞുകൊണ്ടിരിക്കുന്നു. ദേശം തകര്‍ന്നു വീഴാതിരിക്കാന്‍ നമുക്ക് ഒരു ദേശീയ കാരണം വേണം. കറന്‍സിയെ ഒഴിച്ചുനിര്‍ത്തിയാല്‍ (ദാരിദ്ര്യവും നിരക്ഷരതയും ഇലക്ഷനും തീര്‍ച്ചയായും കൂടെയുണ്ട്) മറ്റൊന്നുമില്ല നമുക്ക് പൊതുവായി. ഇതുതന്നെയാണ് പ്രശ്‌നത്തിന്റെ കാതല്‍. ബോംബുണ്ടാക്കുന്നതിലേക്ക് നമ്മെക്കൊണ്ടുപോയ പാത ഇതാണ്.'' -അരുന്ധതി റോയി, യുദ്ധഭാഷണം, പുറം: 36
ദേശീയത, വികസനം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ അടിസ്ഥാനപരമായി സ്‌നേഹപ്പെടലിന്റെ വൈകാരിക സന്ദര്‍ഭങ്ങളെയോ ജനതയുടെ സര്‍വ്വതോമന്‍മുഖമായ പുരോഗതിയേയോ ഊന്നിയല്ല നിലനില്‍ക്കുന്നത്. തീര്‍ച്ചയായും അതൊരു പ്രത്യയാസ്‌ത്ര ഉപകരണമാണ്. ദേശീയത ഒരിക്കലും ജനതയുടെ `നാനാത്വ'ത്തെ അഭിസംബോധന ചെയ്യുന്നില്ല. ജനകീയതയുടെ ബഹുലതകളെ നിരാകരിക്കുന്ന ഏകശിലാത്മക `ഏകത്വ'ത്തെ അന്വേഷിക്കലാണത്. അതുകൊണ്ടുതന്നെ സമാധാന കാലത്തേക്കാള്‍ യുദ്ധമാണതിന്റെ പ്രയോഗതലം. അഹിംസയേക്കാള്‍ ഹിംസയോടാണതിന്റെ കൂറ്. പുരോഗതി, വികസനം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഇതിന്റെ മറുവശമാണ്. പുരോഗതി (reform), ആധുനികത(modernity)തുടങ്ങിയ സങ്കല്‍പ്പങ്ങളെപ്പോലെയല്ല `വികസനം' എന്ന സങ്കല്‍പ്പം സമൂഹത്തില്‍ ഇടപെടുന്നത്. അത് നമ്മുടെ വര്‍ത്തമാനകാല ജീവിത പരിസരങ്ങളെ ദുഃഖവും ദരിദ്രവും ജീര്‍ണവും നിഷ്‌ക്രിയവുമായി സങ്കല്‍പ്പിക്കുന്നു. മറ്റു `വികസിത' മാതൃകകളുമായി താരതമ്യപ്പെടുത്തി ആത്മപുച്ഛത്തിന്റെയും സ്വയംകുറ്റപ്പെടുത്തലിന്റെയും അവസ്ഥ സൃഷ്‌ടിക്കുന്നു. വികസനത്തിന്റെ ഈ മനഃശാസ്‌ത്രം നേട്ടത്തിലല്ല മറിച്ച് അവസ്ഥയുടെ താല്‍ക്കാലിക പരിഹാരത്തിലാണ് ഊന്നല്‍ നല്‍കുന്നത്.
രണ്ട് താല്‌ക്കാലിക അവസ്ഥകളെ നിരന്തരം നേരിട്ടുകൊണ്ടാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്. അതിലൊന്ന് ദേശീയതയും മറ്റൊന്ന് വികസനവുമാണ്. ദേശീയത നിര്‍മ്മിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായാണ് രാഷ്‌ട്രം അതിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് ചെലവിടുന്നത്. പ്രജകളുടെ അധ്വാനവും വിയപ്പുമാണ് പൊക്രാനിലും കാര്‍ഗിലിലും പൊട്ടിത്തീര്‍ന്നത്. അണുപരീക്ഷണത്തിന്റെ പ്രത്യയശാസ്‌ത്ര-രാഷ്‌ട്രീയ താല്‌പര്യങ്ങളുടെ കടയ്‌ക്കല്‍ വെട്ടിക്കൊണ്ടാണ് അരുന്ധതി റോയിയുടെ യുദ്ധഭാഷണം ഒരു രാഷ്‌ട്രം എത്രത്തോളം മാരകമായാണ് അതിന്റെ പദ്ധതികള്‍ ജനതയ്‌ക്കുമേല്‍ നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുന്നു. നമ്മുടെ ഭൂമിയും ആകാശവും മലനിരകളും താഴ്‌വാരങ്ങളും പുഴകളും നഗരങ്ങളും ഗ്രാമങ്ങളും ഒറ്റനിമിഷംകൊണ്ട് ഭസ്‌മമാക്കിമാറ്റാന്‍ ശേഷിയുള്ള ആണവായുധങ്ങള്‍ക്ക് മുകളില്‍ ഇരുന്നുകൊണ്ട് ഒരു രാഷ്‌ട്രം എന്ന നിലയില്‍ എന്തു സ്വപ്‌നമാണ് അത് ജനങ്ങളുമായി പങ്കുവയ്‌ക്കുന്നത്? `അണുബോംബ് ഏറ്റവും ജനാധിപത്യവരുദ്ധമായ, ദേശീയ വിരുദ്ധമായ മനുഷ്യവിരുദ്ധമായ, മനുഷ്യന്‍ ഇതുവരെയുണ്ടാക്കിയിട്ടുള്ള ഏറ്റവും തിന്‍മനിറഞ്ഞ കാര്യമാെണ'ന്ന് സമര്‍ത്ഥിക്കുന്നിലൂടെ ബോംബിനുമേല്‍ നാം പടുത്തുയര്‍ത്തിയ ദേശീയവികാരത്തിന്റെര അപകടങ്ങളിലേക്കാണ് ലേഖനം വിരല്‍ ചൂണ്ടുന്നത്. .
ജനതയുടെ ജീവിക്കാനുള്ള അവകാശത്തിമുമേലാണ് അവരുടെ മണ്ണനും വെള്ളത്തിനും മേലാണ് വന്‍കിട പദ്ധതികള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതെന്ന യാഥാര്‍ത്ഥ്യത്തെ കണിശമായി നിര്‍ദ്ധാരണം ചെയ്യുന്നതാണ് `കൂടുതല്‍ പൊതുനന്‍മ ലക്ഷ്യംവെച്ച്' എന്ന ലേഖനം. നര്‍മ്മദ സമരത്തെക്കുറിച്ചെഴുതുന്ന ആസന്നഭാഷണങ്ങളാത്. `സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ കണക്കനുസരിച്ച് 3600 വലിയ അണക്കെട്ടുകളുണ്ട് നമുക്ക്. അതില്‍ 3300 എണ്ണം സ്വാതന്ത്ര്യലബ്‌ധിക്കുശേഷം പികഴിപ്പിക്കപ്പെട്ടതാണ്. 695 അണക്കെട്ടുകളുടെ പണി പുരോഗമിച്ചുകൊണ്ട്രിക്കുന്നു. അതായത് ലോകം മുഴുവന്‍ പണികഴിപ്പിക്കപ്പെടുന്ന അണക്കെട്ടുകളില്‍ 40% ഇവിടെയാണന്നര്‍ത്ഥം. എന്നിട്ടും നമ്മുടെ ജനസംഖ്യയില്‍ അഞ്ചിലൊരാള്‍ക്ക് കുടിക്കാന്‍ വെള്ളമില്ല. മൂന്നില്‍ ഒരാള്‍ക്ക് പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനുള്ള ഉപാധികളില്ല.' വികസനം ആത്യന്തികമായി ആരെയാണ് ലക്ഷ്യം വെക്കുന്നതെന്ന പ്രാഥമികമായ ചോദ്യമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്. അണക്കെട്ടുകള്‍ക്കുവേണ്ടി മുറവിളി കൂട്ടുന്ന ഭരണ നേതൃത്വമാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്. ആതിരപ്പള്ളി പദ്ധതിയുടെ സവിശേഷ പശ്ചാത്തലത്തില്‍ അണക്കെട്ടിന്റെ രാഷ്‌ട്രീയം ഇവിടെ ഏറെ പ്രസക്തമാകുന്നുണ്ട്.
ഭാവനയുടെ അന്ത്യം, കൂടുതല്‍ പൊതുനന്‍മ ലക്ഷ്യംവച്ച്, വൈദ്യുതി രാഷ്‌ട്രീയം റംപെല്‍സ്റ്റില്‍റ്റ്‌സ്‌കിവന്റെ പുനര്‍ജ്ജന്‍മം, പെണ്ണുങ്ങള്‍ക്കും വികാരങ്ങളുണ്ട്, അതുകൊണ്ട്...അതു നമ്മള്‍ വിദഗ്‌ദ്ധന്‍മാര്‍ക്ക് വിട്ടുകൊടുക്കണോ?, അനന്തനീതിയുടെ ബീജഗണിതം, യുദ്ധമാണ് സമാധാനം, ജനാധിപത്യം, യുദ്ധഭാഷണം തുടങ്ങി എട്ടുലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം. എഴുത്തുകാരി എന്ന നിലയിലുള്ള അരുന്ധതി റോയിയുടെ നിര്‍ണ്ണായകമായ രാഷ്‌ട്രീയ-സാമൂഹ്യ ഇടപെടലായി ഈ ഗ്രന്ഥത്തെ വായിക്കാം.
യുദ്ധഭാഷണം
അരുന്ധതി റോയി
വിവ: കെ എം വേണുഗോപാല്‍, മോഹന്‍ലാല്‍, ഫാരിദ എ എസ്.
വില: 120 രൂപ പേജ്: 220
ഡി സി ബുക്‌സ്, കോട്ടയം
``ഒരു രാഷ്‌ട്രം എന്ന നിലയ്‌ക്ക് നാം എന്താണെന്ന് ഇനിയും നമുക്ക് പിടിയിട്ടില്ല. അതുകൊണ്ട് നമ്മെ നിര്‍വചിച്ചെടുക്കാന്‍ കെല്‌പ്പുള്ള മറ്റെന്തെങ്കിലും നാം തിരഞ്ഞുകൊണ്ടിരിക്കുന്നു. ദേശം തകര്‍ന്നു വീഴാതിരിക്കാന്‍ നമുക്ക് ഒരു ദേശീയ കാരണം വേണം. കറന്‍സിയെ ഒഴിച്ചുനിര്‍ത്തിയാല്‍ (ദാരിദ്ര്യവും നിരക്ഷരതയും ഇലക്ഷനും തീര്‍ച്ചയായും കൂടെയുണ്ട്) മറ്റൊന്നുമില്ല നമുക്ക് പൊതുവായി. ഇതുതന്നെയാണ് പ്രശ്‌നത്തിന്റെ കാതല്‍. ബോംബുണ്ടാക്കുന്നതിലേക്ക് നമ്മെക്കൊണ്ടുപോയ പാത ഇതാണ്.'' -
ReplyDeleteനന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
ReplyDelete