Monday, November 1, 2010

ജീവിതത്തിന്റെ ഉടയലുകള്‍



ഭൂമിയോളം ജീവിതം
കഥകള്‍
അര്‍ഷാദ്‌ ബത്തേരി
പേജ്‌:99 വില: 60 രൂപ
ഡി സി ബുക്‌സ്‌, കോട്ടയം

ബഹുസ്വരമായ സാമൂഹ്യ ജീവിതത്തിന്റെ ശബ്‌ദ സഹസ്രങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടാണ്‌ സമകാലിക എഴുത്ത്‌ സാധ്യമാകുന്നത്‌. ഭൂമിയുടെ (കാലത്തിന്റെയും) അതിരുകളില്‍ അമര്‍ന്നുപോയ ജീവിതക്കാഴ്‌ചകളെയാണ്‌ അത്‌ പിന്തുടര്‍ന്നത്‌. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാ സമസ്യകള്‍ എഴുത്തിനെ ഉഴുതുമറിക്കുന്നു. സാമൂഹ്യ-രാഷ്‌ട്രീയ സാമ്പത്തിക ബലതന്ത്രങ്ങള്‍ക്കുള്ളില്‍ വ്യക്തികള്‍ അനുഭവിക്കുന്ന ദുരന്തങ്ങളും പ്രത്യാഘാതങ്ങളുമാണ്‌ സാഹിത്യകൃതികള്‍ ആവിഷ്‌കരിക്കുന്നത്‌. വര്‍ത്തമാന സമൂഹത്തിന്റെ ദൈനംദിന ജീവിതങ്ങളെയാണ്‌ കഥകള്‍ ഏറെയും പകര്‍ത്തിയത്‌. ജാതി, മത, ലിംഗ ബന്ധങ്ങളില്‍ അധിഷ്‌ടിതമായ നിത്യജീവിതത്തിലെ വ്യവഹാരബന്ധങ്ങളെ അത്‌ നിരന്തരം പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അര്‍ഷാദ്‌ ബത്തേരിയുടെ `ഭൂമിയോളം ജീവിതം' വര്‍ത്തമാന ജീവിതം നേര്‍രേഖയില്‍ വായിക്കാനാവാത്തവിധം സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളുടെ ബഹുലതയാണ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌.
ആസ്വാദനം എന്ന കേവലതയെ മറികടന്നുകൊണ്ടും ലാവണ്യാന്വേഷണത്തിന്റെ നിരൂപക ഭാവനകളോട്‌ കലഹിച്ചുകൊണ്ടും കഥകള്‍ വായനയെ ബഹുസ്വരവും സംഭവബഹുലവുമാക്കുന്നു. ആ അര്‍ത്ഥത്തില്‍ ദേശത്തിന്റെ സൂക്ഷ്‌മകോശങ്ങളിലേക്ക്‌ ആഞ്ഞിറങ്ങുന്ന നിശിതമായ ചരിത്ര/രാഷ്‌ട്രീയ പാഠമാണ്‌ ഈ കഥകളുടെ അന്തര്‍ധാര. ദേശ-രാഷ്‌ട്രത്തിന്റെ സൂക്ഷ്‌മ കോശമായി വ്യക്തികളെ സങ്കല്‍പ്പിക്കുകയാണെങ്കില്‍; ചരിത്രത്തിന്റെ ബ്രിഹദാഖ്യാനങ്ങളെ പ്രതിരോധത്തിലാക്കിക്കൊണ്ടാണ്‌ വ്യക്തിയുടെ അനുഭവങ്ങള്‍ക്ക്‌ പ്രാധാന്യമുള്ള ഒരു ലോകം കഥകളില്‍ സൃഷ്‌ടിക്കപ്പെടുന്നത്‌. സാമൂഹ്യ സദാചാര വഴക്കങ്ങളെ ആഴത്തില്‍ ഹിംസിക്കുകയാണ്‌ ഗാന്ധി ജംങ്‌ഷനിലെ രാത്രികള്‍, മഴക്കാലത്തെ പൂച്ച ചുഴലി എന്നീ കഥകള്‍. തികച്ചും ഭിന്നമായ രണ്ട്‌ രണ്ടു ജീവിത സന്ദര്‍ഭങ്ങളാണ്‌ കഥയില്‍ ദൃശ്യപ്പെടുന്നത്‌. രണ്ടുതരം ജീവിതാവസ്ഥകളുടെ കാഴ്‌ചകളാണത്‌. ഭയാനകമായ ഒരു രാത്രിയുടെ കഥയാണ്‌ ഗാന്ധി ജങ്‌ഷനിലെ രാത്രികള്‍. നഗര ജീവിതത്തിന്റെ ശീലങ്ങളിലേക്ക്‌ മെല്ലെ വഴുതിത്തുടങ്ങുന്ന വയനാടന്‍ `ഗ്രാമനഗര'മാണ്‌ കഥയുടെ ഭൂമിശാസ്‌ത്രം. തെരുവില്‍ ജീവിക്കുന്ന ശാന്ത അവളെ തെരുവിന്‌ ആവശ്യമില്ലാതായപ്പോള്‍ മകനെ കൂട്ടിക്കൊടുത്ത്‌ ഉപജീവനം കഴിക്കുന്നു. ഭയാനകമായ ഒരു രാത്രിയില്‍ നിരവധി പുരുഷന്‍മാരുടെ കയറ്റിറക്കങ്ങളില്‍ ഞെരിഞ്ഞുനിലവിളിക്കുന്ന കുട്ടി, ഭയാനകമായ ഒരനുഭവമാണ്‌. ലൈംഗികതയുടെ ആനന്ദരഹിതവും ദയാരഹിതവുമായ ഉഭോഗത്തിനുള്ളില്‍ വിശപ്പ്‌, ജീവിതം തുടങ്ങിയ സമസ്യകള്‍ ഉത്തരമില്ലാതെ കിടക്കുന്നു. ആര്‍ക്ക്‌ ആരെ രക്ഷിക്കനാവും എന്നത്‌ അതിലും അപ്പുറം പ്രാധാന്യമുള്ള ചോദ്യമാണ്‌. അല്ലെങ്കില്‍ രക്ഷിക്കുന്നവരുടെതും രക്ഷിക്കപ്പെടുന്നവരുടേതുപമായ ലോകത്തിന്റെ അന്തരം അതിസങ്കീര്‍ണ്ണമായ രാഷ്‌ട്രീയ സ്ഥലമാണ്‌. കുത്തേറ്റ്‌ പിടയുന്ന രവിസങ്കറും പ്രതിരോധത്തിന്‌ കുപ്പിയേന്തി നില്‍ക്കുന്ന ശാന്തയും ഇരുട്ടില്‍ പാറിവീഴുന്ന ``ഞങ്ങളോട്‌ കളിച്ചാല്‍ കൊല്ലുമെടാ'' എന്ന കുട്ടിയുടെ ശബ്‌ദവും സൃഷ്‌ടിക്കുന്നത്‌ ഒരുപാട്‌ ശബ്‌ദങ്ങളുള്ള ഒരു രാത്രിയെ നിര്‍മ്മിക്കുന്നു. അതില്‍ ആരുടെ ശബ്‌ദമാവും തിരിച്ചറിയപ്പെടുക എന്നതു തന്നെയാണ്‌ കഥയുടെ വെളിപാടും ഉല്‍കണ്‌ഠയും.
മഴക്കാലത്തെ പൂച്ച ചുഴലിയും ഒരു നോട്ടത്തിന്റെ, അഥവാ കാഴ്‌ചയുടെ തുടരനുഭവങ്ങളാണ്‌. ``പിന്നീടൊരിക്കലും അച്ഛന്‍ അമ്മയെ വരിഞ്ഞുമുറുക്കുന്നതും ചുംബിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.'' എന്ന കാഴ്‌ചയുടെ വ്യഥ. ആനന്ദഭരിതമായ ജീവിതത്തെക്കുറിച്ചുള്ള മധ്യവര്‍ഗ്ഗ ബോധത്തിന്റെ ഉല്‍കണ്‌ഠകൂടിയാണ്‌. അനന്തകാലം തുടര്‍ന്നുപോകുന്ന ദാമ്പത്യമെന്ന സ്ഥാപനത്തില്‍ കേവലം ജോലിക്കാര്‍ മാത്രമായി പരിണമിക്കുന്ന അച്ഛനും അമ്മയും എന്ന ഗണത്തിലേക്കുള്ള മകന്റെ യാത്രയുടെ ആദ്യരാത്രിയിലാണ്‌ കഥ ആരംഭിക്കുന്നത്‌. ഗാന്ധി ജങ്‌ഷനില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ രതി ആനന്ദാനുഭവമാണ്‌ പ്രണയമാണ്‌, അതൊരു ജീവിത പ്രശ്‌നമായി വളരുന്നത്‌ ഭൗതിക തലത്തിലല്ല, ഏറെക്കു
റെ ദാര്‍ശനികമായൊരിടത്തിലാണ്‌ ജീവിതം പ്രശനവല്‍ക്കരിക്കപ്പെടുന്നത്‌. `ആര്‍ക്ക്‌ ആരെയാണ്‌ ആദ്യം മടുത്തിട്ടുണ്ടാവുക.' എന്ന ചോദ്യവും `പൂച്ചയെ മുമ്പ്‌ കൊണ്ടുക്കളഞ്ഞതുപോലെ എന്നെയും ഉപേക്ഷിക്കുമോ?' എന്ന നവവധുവിന്റെ ചോദ്യവും ചൂഴ്‌ന്നു നില്‍ക്കുന്നത്‌ വിശപ്പ്‌, അതിജീവനം എന്നീ പ്രശ്‌നങ്ങളില്ലല്ല, മറിച്ച്‌ ജീവിതം എന്ന സങ്കീര്‍ണ്ണതയിലാണ്‌. ആ മഴക്കാലത്ത്‌ ആകെ നനഞ്ഞ്‌ എല്ലാവരും ചാക്കുമായി നില്‍ക്കുമ്പോള്‍ `ആര്‌ ആരെ ചാക്കിനുള്ളിലാക്കും' എന്ന ചോദ്യം ബാക്കിയാകുന്നു.
ലൈംഗികതയും അതില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ രാഷ്‌ട്രീയവുമാണ്‌ വിധവയുടെ പ്രസവം എന്ന കഥയും ഉന്നയിക്കുന്നത്‌. പ്രണയ കാമങ്ങള്‍ വ്യക്തിപരമായ സ്വാതന്ത്ര്യവും ആഘോഷവുമാണ്‌. സമൂഹത്തിന്റെ നിയന്ത്രണത്തെ തകര്‍ത്ത്‌ വ്യക്തികള്‍ സ്വയം മോചിപ്പിക്കപ്പെടുന്ന സന്ദര്‍ഭമാണത്‌. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ രൂക്ഷമായ നോട്ടങ്ങളും സദാചാര നിയന്ത്രണങ്ങളും അതിനെ എപ്പോഴും വരുതിയിലാക്കിക്കൊണ്ടിരിക്കും. കാമം ന്ന ജൈവവാനുഭവത്തെ പശുവും എലിസബത്തും ഒരേവിധം ഏറ്റുവാങ്ങുന്നു. എലിസബത്ത്‌ മാത്രം സമൂഹത്തില്‍ മോശപ്പെട്ടവളായിത്തീരുന്നു. ഇവിടെ രണ്ട്‌ സ്‌ത്രീത്വങ്ങള്‍ അവരുടെ ഗര്‍ഭം പരസ്‌പരം വെച്ചുമാറിക്കൊണ്ട്‌ സദാചാര നോട്ടങ്ങളെ ശിഥിലമാക്കുന്നു. ഒരു സര്‍റിയലിസ്റ്റ്‌ രൂപകമായി മാറുന്ന കഥാന്ത്യം നിരാലംബമായ കുട്ടികളുടെ കരച്ചിലില്‍ തടഞ്ഞു നില്‍ക്കുന്നു. അവര്‍ ഏതു സദാചാരത്തിന്റെ ശിക്ഷണത്തിലാണ്‌ പുലരുക എന്ന ആശങ്ക.
മരണവും ജീവിതവും തമ്മിലുള്ള തര്‍ക്കമാണ്‌ ഒറ്റക്കാലുള്ള ഗോപുരം എന്ന കഥ. അപരദേശത്തില്‍ അകപ്പെട്ടുപോകുന്ന വ്യക്തിയുടെ നിലവിളിയും പ്രതിരോധവുമാണ്‌ മൂന്നാം ലോകത്തെ നിലവിളി എന്ന കഥയില്‍ ചര്‍ച്ച ചെയ്യുന്നത്‌. വിദ്യാഭ്യാസം മുതല്‍ ഹോട്ടല്‍ വരെയും ഇറച്ചിക്കച്ചവടം മുതല്‍ ആശുപത്രിവരെയും വ്യാപിക്കുന്ന വ്യാപാര സൃംഘലയില്‍ അകപ്പെട്ടുപോകുന്ന വ്യക്തിയുടെ നിസായതയും ശരീരം ഉല്‍പ്പന്നമായി മാറുന്നതും സ്വന്തം ഉടലിന്റെ കാമനകള്‍ക്കുമേല്‍ നിയന്ത്രണം നഷ്‌ടമാകുന്നതുമാണ്‌ ഏഴാം നിലയിലെ തണുത്തമുറി ആഖ്യാനം ചെയ്യുന്നത്‌. ഭൂമിയോളം പഴക്കമേറിയ ഉന്‍മാദത്തിന്റെ അടരുകളിലേക്കാണ്‌ ഭൂമിയെ വിഴുങ്ങുന്ന നാലുകള്‍ എത്തിച്ചേരുന്നത്‌. ഏറഅറവും പുതിയ കത്രിക, കടലിനുമീതെ ഒരു ക്രിസ്‌തു, ഛായാഗ്രഹണം, കളി, വഴിമാറി നടക്കുക അത്രമാത്രം തുടങ്ങി പന്ത്രണ്ട്‌ കഥകളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. ഒരു കേന്ദ്രത്തിനു ചുറ്റും കങ്ങിക്കൊണ്ടിരിക്കുന്ന ലോക ക്രമത്തിനുപകരം പലകേന്ദ്രങ്ങളുടെ സാന്നിധ്യം മുഖ്യധാരയിലേക്ക്‌ കടന്നുവരുന്നതിന്റെ ആഖ്യാന സാധ്യതകളാണ്‌ അര്‍ഷാദിന്റെ കഥകള്‍ അന്വേഷിക്കുന്നത്‌. അപകേന്ദ്രിതമായ ലോകത്തെ പ്രകാശിപ്പിക്കുകയും പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുകയാണ്‌ ഈ സമാഹാരത്തിലെ ഓരോ കഥയും.

3 comments:

  1. ഒരു കേന്ദ്രത്തിനു ചുറ്റും കങ്ങിക്കൊണ്ടിരിക്കുന്ന ലോക ക്രമത്തിനുപകരം പലകേന്ദ്രങ്ങളുടെ സാന്നിധ്യം മുഖ്യധാരയിലേക്ക്‌ കടന്നുവരുന്നതിന്റെ ആഖ്യാന സാധ്യതകളാണ്‌ അര്‍ഷാദിന്റെ കഥകള്‍ അന്വേഷിക്കുന്നത്‌. അപകേന്ദ്രിതമായ ലോകത്തെ പ്രകാശിപ്പിക്കുകയും പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുകയാണ്‌ ഈ സമാഹാരത്തിലെ ഓരോ കഥയും.

    ReplyDelete
  2. നല്ല അവലോകനം. ഈ ബ്ലോഗ് കാണാന്‍ വൈകി. ഇനി തീര്‍ച്ചയായും എത്തിയിരിക്കും

    ഓഫ് : പുസ്തകവിചാരം ഗ്രൂപ്പ് ബ്ലോഗിലേക്ക് ഇതിലെ പോസ്റ്റുകള്‍ കാലോചിതമായി ഉള്‍പ്പെടുത്തുന്നതില്‍ വിരോധമുണ്ടോ? ഇല്ല എങ്കില്‍ ഒരു സമ്മതമെയില്‍ തരാമോ? manorajkr@gmail.com

    പുസ്തകവിചാരം ഗ്രൂപ്പ് ബ്ലോഗിന്റെ ലിങ്ക് : http://malayalambookreview.blogspot.com/

    ReplyDelete