Wednesday, February 11, 2009

ചരിത്രം വെളിപ്പെടുന്ന വായനകള്‍


പരദേശി സിനിമയും രാഷ്‌ട്രീയവും
(ചലച്ചിത്ര പഠനങ്ങള്‍)
എഡി. ഡോ ഉമര്‍ തറമേല്‍
പേജ്‌: 118 വില: 100 രൂപ
അതര്‍ ബുക്‌സ്‌, കോഴിക്കോട്‌



ചലച്ചിത്രം എങ്ങനെയാണ്‌ ദേശത്തെ ആവിഷ്‌കരിക്കുന്നത്‌?
ദേശീയതയുടെ ഉള്ളടക്കങ്ങളെ, മാറിമറിയുന്ന സാമൂഹ്യജീവിതാവസ്ഥകളെ ഏതൊക്കെരീതികളിലാണ്‌ സിനിമ അടയാളപ്പെടുത്തുന്നത്‌? വ്യത്യസ്‌ത ഭാഷണങ്ങളെ ആഖ്യാനത്തിലേയ്‌ക്ക്‌ പ്രവേശിപ്പിച്ചുകൊണ്ട്‌ ഒരുഭൂഭാഗത്തെ ദേശീയതയായി സങ്കല്‍പ്പിക്കുകയാണ്‌ ചലച്ചിത്രം. വ്യത്യസ്‌ത ശരീരഭാഷകളിലൂടെ, ശരീരങ്ങളുടെ കലര്‍പ്പിലൂടെ, `കലര്‍പ്പില്ലാത്ത ശരീരബോധ'ങ്ങളെ സ്ഥാപിക്കുന്നതിലൂടെ, ഭാഷണഭേദങ്ങളിലൂടെ ചലച്ചിത്രം ഒരു സാമൂഹ്യമാതൃക നിര്‍മ്മിക്കുന്നു. അമ്പതുകളിലെയും അറുപതുകളിലെയും മലയാള സിനിമയില്‍ ശരീരങ്ങളുടെ കൂടിക്കലരല്‍ ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യമായിരുന്നു. വ്യത്യസ്‌ത ജാതികളിലും വര്‍ഗ്ഗങ്ങളിലും പെട്ടവര്‍, ഗ്രാമീണ ആവാസ വ്യവസ്ഥകള്‍, കാര്‍ഷികവും കാര്‍ഷികേതരവുമായ തൊഴില്‍ ഇടങ്ങള്‍, വേല, കൂലി, ആഘോഷങ്ങള്‍, കലഹം, പ്രണയം, വിരഹം, വിവാഹം, സംഘര്‍ഷം, പലായനം, സ്വപ്‌നങ്ങള്‍ എല്ലാം ഒരേസമയം പ്രമേയങ്ങളാകുന്നു. നിത്യജീവിത സംഘര്‍ഷങ്ങളെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും അനുഷ്‌ടഠാനങ്ങളിലൂടെയും മെരുക്കിയെടുത്ത്‌ സാമൂഹ്യജീവിതത്തിന്റെ ജൈവക്രമമാക്കി മാറ്റുന്ന നിരവധി ജീവിതസന്ദര്‍ഭങ്ങള്‍ ചലച്ചിത്രങ്ങള്‍ ആവിഷ്‌കരിച്ചു. ന്യൂനപക്ഷങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റ്‌ സ്വത്വങ്ങളെയും പ്രതിനിധീകരിക്കുന്ന ശരീരങ്ങളുടെ കലരല്‍ തകഴി, ഉറൂബ്‌, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി, കേശവദേവ്‌, തോപ്പില്‍ ഭാസി തുടങ്ങിയവരുടെ ചലച്ചിത്രങ്ങളില്‍ സാധ്യമായിരുന്നു.

കലര്‍പ്പില്ലാത്ത ശരീരബോധം
എണ്‍പതുകളോടെ കാഴ്‌ചയില്‍ ചിലവ്യതിയാനങ്ങള്‍ സംഭവിക്കുന്നു. കൂടിക്കലരുന്നു ശരീരങ്ങളില്‍ നിന്നും `കലര്‍പ്പില്ലാത്ത ശരീരബോധ'ത്തിലേയ്‌ക്കുള്ളമാറ്റം. അതൊരു സാംസ്‌കാരിക നിര്‍മ്മിതിയാണ്‌. സംസ്‌കാരം ഒരതീതപ്രതിഭാസമല്ല. അത്‌ സാമൂഹ്യജീവിതത്തിലെ സര്‍വ്വതലസ്‌പര്‍ശിയായ ഒന്നാണ്‌. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാളചലച്ചിത്രങ്ങളില്‍നിന്നും ന്യൂനപക്ഷങ്ങളും മുസ്ലിം കഥാപാത്രങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റ്‌ സാമൂഹ്യസ്വത്വങ്ങളും അദൃശ്യസാന്നിധ്യമായിത്തുടങ്ങുന്നു. ഒരു ദേശത്തെ സങ്കല്‍പ്പിക്കുമ്പോള്‍, അതൊരു സാമൂഹ്യമാതൃകയായി കാഴ്‌ചപ്പെടുമ്പോള്‍ ചിലവാര്‍പ്പുരൂപങ്ങളായോ ഫോര്‍മുല കഥാപാത്രങ്ങളായോ പലതില്‍ ഒരിഴയായോ മാത്രം അരികുജീവിതങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ സാംസ്‌കാരിക അനുഭവങ്ങള്‍ പൊതുമണ്ഡലത്തില്‍ ഉന്നയിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ പരമാവധി നീട്ടിവയ്‌ക്കപ്പെടുകയായിരുന്നു. ദേശീയ ചരിത്ര നിര്‍മ്മിതികളില്‍ അപരമായിത്തീരുന്ന ജീവിതങ്ങളെ പിന്തുടരുന്ന ചലച്ചിത്രമെന്ന നിലയില്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ `പരദേശി'യുടെ രാഷ്‌ട്രീയ -ചരിത്ര പ്രാധാന്യത്തെ നിര്‍ദ്ധാരണം ചെയ്യുന്ന നിരവധി പാരായണങ്ങള്‍ അവതരിപ്പിക്കുകയാണ്‌ `പരദേശി സിനിമയും രാഷ്‌ട്രീയവും' എന്ന പുസ്‌തകം. പരദേശി എന്ന ചലച്ചിത്രത്തെക്കുറിച്ച്‌ എഴുതപ്പെട്ട പതിമൂന്ന്‌ ലേഖനങ്ങളും പ്രധാനപ്പെട്ട നാല്‌ അഭിമുഖങ്ങളും പി ടി കുഞ്ഞുമുഹമ്മദിന്റെ മഗ്‌രിബ്‌ എന്ന ചിത്രത്തെക്കുറിച്ചുള്ള ഒരനുബന്ധ ലേഖനവും അടങ്ങുന്നതാണ്‌ ഡോ ഉമര്‍ തറമേല്‍ എഡിറ്റുചെയ്‌ത `പരദേശി സിനിമയും രാഷ്‌ട്രീയവും.'

മൂസ മടങ്ങിവരുന്നില്ല
``നമ്മുടെ ചരിത്രമെഴുത്തിന്റെ കാര്യത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുള്ള കോളനീകൃതമായ ആശയവ്യവഹാര സ്വാധീനങ്ങള്‍ ചരിത്രത്തിന്റെ യഥാര്‍ത്ഥ പിസരങ്ങളെ ഏറെക്കുറെ തമസ്‌കരിക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്‌തിട്ടുണ്ട്‌.'' എന്ന്‌ പുസ്‌തകത്തിന്റെ ആമുഖക്കുറിപ്പില്‍ ഡോ. ഉമര്‍ തറമേല്‍ നിരീക്ഷിക്കുന്നു. ``ഈ ചലച്ചിത്രം ചര്‍ച്ച ചെയ്യുന്ന മര്‍മ്മപ്രധാനമായ ഉപപാഠമാണ്‌ സംസ്‌കാരം. ഇന്ത്യാ വിഭജനത്തിന്റെ ആവശ്യമായി ഉന്നയിക്കപ്പെട്ട ഒരു വാദം ഇന്ത്യയില്‍ മതാധിഷ്‌ഠിതമായ രണ്ടുതരം സംസ്‌കാരങ്ങള്‍ നിനലനില്‍ക്കുന്ന എന്നതാണ്‌. അതിനാല്‍ വിഭജനം അനിവാര്യമാണ്‌. ഈ വാദം തെറ്റാണെന്ന്‌ പരദേശി അടയാളപ്പെടുത്തുന്നു. പാക്കിസ്ഥാനില്‍നിന്നും ഓരോ തവണയും മൂസക്ക്‌ മടങ്ങിയെത്താന്‍ പ്രചോദനമാവുന്നത്‌ സ്വന്തം നാടും സംസ്‌കാരവുമാണ്‌.... വിഭജനം സംസ്‌കാരത്തിന്റെ /മതത്തിന്റെ താല്‌പര്യമായിരുന്നുവെങ്കില്‍ മൂസ മടങ്ങിവരേണ്ട ആവശ്യമില്ല. മതത്തിന്റേതല്ല ജീവിതത്തിന്റെ കൂടിപ്രശ്‌നമാണിതെന്ന്‌ പരദേശി അടയാളപ്പെടുത്തുന്നുണ്ട്‌'' എന്ന കെ എന്‍ പണിക്കര്‍ നിരീക്ഷിക്കുന്നു. ഇതിനുസമാനമായി ഒരനുഭവപാഠത്തെ മുന്നോട്ടുവെച്ചുകൊണ്ടാണ്‌ ഈ തീഷ്‌ണജീവിതത്തെ വി കെ ശ്രീരമാന്‍ വായിക്കുന്നത്‌. പൗരത്വം വേട്ടയാടുന്ന കാദര്‍മാഷിന്റെ ജീവിതം ഭരണകൂട യുക്തിയെ വിചാരണചെയ്യുന്ന ഓര്‍മ്മയുടെ രേഖപ്പെടുത്തലായി മാറുന്നു.

ഭൂതകാലം മടങ്ങിവരുമ്പോള്‍
പീഡിത ഭൂതകാലത്തെക്കുറിച്ചുള്ള രാഷ്‌ട്രീയവും, വംശീയവും, വ്യക്തിപരവുമായ ഓര്‍മ്മകളെ പുനരാനയിക്കല്‍ രീതീശാസ്‌ത്രപരമായി നിര്‍ണ്ണായകമാണ്‌. ഭൂതകാലത്തെക്കുറിച്ച്‌ വസ്‌തുതാപരമായ വിശകലനത്തിനാണ്‌ ചരിത്രം ശ്രമിക്കുന്നത്‌. ചരിത്രപരമായ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെതന്നെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ഈ ചോദ്യങ്ങള്‍ ഏറെ മൂല്യപരവും വൈകാരികവുമായിരിക്കും. ചലച്ചിത്രങ്ങളെ സംബന്ധിച്ചും ഇത്‌ പ്രസക്തമാണ്‌. പരദേശി ചരിത്ര വിശകലനത്തിന്‌ മുതിരുന്നില്ല. മറിച്ച്‌ ഓര്‍മ്മകളെ മുന്‍നിര്‍ത്തി ചലച്ചിത്രം ചരിത്രത്തോട്‌ ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്‌. വളരെയധികം മൂല്യങ്ങള്‍ അടങ്ങിയിരിക്കുന്ന വൈകാരികമായ ചോദ്യങ്ങള്‍. അതേസമയം പരദേശി ഭൂതകാലത്തിന്റെ രേഖപ്പെടുത്തലല്ല. വവര്‍ത്തമാനകാലത്തുതന്നെയാണ്‌ ചലച്ചിത്രം സ്ഥാനപ്പെടുന്നത്‌. ``ഉപജീവനം തേടി മറുവശത്തേയ്‌ക്ക്‌ പോവുകയും സമ്പാദ്യവുമായി തിരിച്ചുവരുകയും ചെയ്യുന്ന ഒരു കാലത്തില്‍നിന്ന്‌ വ്യത്യസ്‌തമായി രാഷ്‌ട്രം, അതിര്‍ത്തി, പൗരത്വംതുടങ്ങിയ പുതിയ കാര്യങ്ങളിലൂടെ ഇവ നിര്‍വഹിക്കുന്ന കാലത്തിലേക്കുള്ള മാറ്റം രാഷ്‌ട്രം, ദേശീയത എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ കളമൊരുക്കുന്നുണ്ട്‌. ഇത്തരം മാറ്റത്തെ നേര്‍ക്കുനേര്‍ അനുഭവിക്കുന്ന വ്യക്തിയിലൂടെയാണ്‌ `രാഷ്‌ട്രത്തെ' പരദേശി വിശകലനം ചെയ്യുന്നത്‌'' (ഡോ. കെ എന്‍ പണിക്കര്‍) കേരളത്തിലെ പ്രത്യേകിച്ച്‌ മലബാറിലെ നിരവധി മുസ്ലിങ്ങളെ പൗരത്വത്തിന്റെ പേരില്‍ രാഷ്‌ട്രം വേട്ടയാടിക്കൊണ്ടിരിക്കുന്നുവെന്ന വര്‍ത്തമാന അനുഭവത്തെ കാഴ്‌ചയിലേയ്‌ക്ക്‌ പകര്‍ത്തുകയായിരുന്നു പരദേശി. ഈ ചലച്ചിത്രത്തിന്‌ എഴുതിച്ചേര്‍ത്ത ഒരനുബന്ധമാണ്‌ `പരദേശി സിനിമയും രാഷ്‌ട്രീയവും.' സിനിമയെന്ന നിലയില്‍ പരദേശിക്കുള്ള പരിമിതികളെ വിമര്‍ശിച്ചുകൊണ്ടുതന്നെ ചലച്ചിത്രം വഹിക്കുന്ന രാഷ്‌ട്രീയ സന്ദേഹങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ വീണ്ടും ചര്‍ച്ചയ്‌ക്കുവെക്കുകയാണ്‌ ഈ ഗ്രന്ഥം.

സിനിമയിലെ മുസ്ലിം
``ഇന്നും ഇന്ത്യയിലെയും കേരളത്തിലെയും മുസ്ലിം സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്‌ പൗരത്വം തെളിയിക്കലും ദേശ സ്‌നേഹം പ്രകടിപ്പിക്കലും.'' എന്ന പി കെ ശ്രീകുമാറിന്റെ നിരീക്ഷണം സമകാലിക ചലച്ചിത്രങ്ങളില്‍ ആവിഷ്‌കൃതമാകുന്ന മുസ്ലിം പ്രതിനിധാനങ്ങളുടെ രാഷ്‌ട്രീയ പ്രത്യയശാസ്‌ത്ര ബോധങ്ങളിലാണ്‌ ചെന്നു തൊടുന്നത്‌. എണ്‍പതുകളിലും തൊണ്ണൂറുകളിലും പുറത്തുവന്ന മുഖ്യധാരാ സാഹിത്യത്തിലും ചലച്ചിത്രത്തിലും മുസ്ലിങ്ങളോടുള്ള സന്ദിഗ്‌ധത പ്രകടമാകുന്നു. മുസ്ലിംജീവിതവും സംസ്‌കാരവും പലതില്‍ ഒരിഴയായോ നന്‍മതിന്‍മകളുടെ വാര്‍പ്പുമാതൃകകളായോ കാഴ്‌ചപ്പെടുന്നു. ഈ ജനവിഭാഗത്തെ പ്രാന്തവല്‍ക്കരിച്ച്‌ അയുക്തിയുടെ മേഖലയില്‍ പ്രതിഷ്‌ഠിക്കുന്ന ചലച്ചിത്രങ്ങളില്‍ മതമൗലികവാദി, തീവ്രവാദി, അധോലോക നായകന്‍തുടങ്ങിയ പ്രതിബിംബങ്ങള്‍ സൃഷ്‌ടിക്കുന്നു. മണ്ഡല്‍/ മസ്‌ജിദ്‌/ ഗുജറാത്ത്‌ അനന്തരകാലം നിര്‍മ്മിച്ച ഏകശിലാരൂപമായ ദേശീയതകള്‍ക്ക്‌ മധ്യവര്‍ഗ്ഗവരേണ്യസമുദായങ്ങള്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയാണ്‌ ഇത്തരം പ്രതിബിംബ നിര്‍മ്മിതിരളെ സാര്‍വത്രികമാക്കുന്നത്‌. പ്രാദേശിക ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പാരസ്‌പര്യത്തിന്റെ സങ്കീര്‍ണ്ണ ചരിത്രമുള്ള ജനവിഭാഗമെന്ന നിലയില്‍ മുസ്ലിംസമുദായം ആഖ്യാനങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുന്നു. ഏറനാടിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ ഉള്ളടക്കങ്ങളെ മറച്ചുപിടിയ്‌ക്കുന്ന ആഖ്യാനങ്ങളില്‍ മുസ്ലിം ശരീരം ഒരു പ്രത്യേകരീതിയില്‍ മാത്രം അടയാളപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌?
ജനപ്രിയചലച്ചിത്രങ്ങളുടെ പ്രതിനിധാനവ്യവസ്ഥയില്‍ മുസ്ലിം ഒന്നുകില്‍ ക്രൂരനും അക്രമാസക്തനുമായ നാഗരിക അധോലേകശരീരം. അല്ലെങ്കില്‍ നിഷ്‌കളങ്കനും ശുദ്ധനുമായ ഗ്രാമീണന്‍. മതത്തിലേയ്‌ക്കുള്ള അമിതമായ ഊന്നല്‍ മറ്റുരീതികളില്‍ മുസ്ലിം ശരീരം ആവിഷ്‌കരിക്കപ്പെടാനുള്ള സാധ്യതകളെ മറച്ചുപിടിക്കുന്നു. കീഴ്‌ ജാതിസമൂഹം, തൊഴിലാളിവര്‍ഗ്ഗം, കര്‍ഷകര്‍ തുടങ്ങിയ സംവര്‍ഗ്ഗങ്ങളില്‍ നിന്നും സാമൂഹിക-അനുഭവ മണ്ഡലങ്ങളില്‍ നിന്നും മുസ്ലിങ്ങളെ അടര്‍ത്തി മതപരമായ ചട്ടക്കൂട്ടിലേയ്‌ക്ക്‌ ഒതുക്കുയായിരുന്നു ഇത്തരം ആഖ്യാനങ്ങള്‍. തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന ധാരണകള്‍ കാലക്രമേണ സാമാന്യബോധത്തിന്റെ ഭാഗമാവുകയും അത്‌ പലതരം ആഖ്യാനങ്ങളിലേയ്‌ക്ക്‌ സംക്രമിക്കുകയും ചെയ്യും. ഉപ്പ്‌ (പവിത്രന്‍) മഗരിബ്‌, ഗര്‍ഷോം (പി ടി കുഞ്ഞുമുഹമ്മദ്‌) തുടങ്ങിയ ചിത്രങ്ങളുടെ ആഖ്യന കേന്ദ്രത്തിലേയ്‌ക്ക്‌ മുസ്ലിം ജീവിതവും സംസ്‌കാരവും കടന്നുവരുന്നുണ്ട്‌. പാകിസ്ഥാന്‍ പൗരത്വം ആരോപിച്ച്‌ പുറത്താക്കപ്പെടുന്ന മുസ്ലിംജീവിതങ്ങള്‍ മലബാറിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ സൃഷ്‌ടിക്കുന്ന സന്ദിഗ്‌ധതകളെ പിന്തുടരുന്ന `പരദേശി' വിഭജന കാലംമുതല്‍ മലബാറിലെ മുസ്ലിങ്ങളനുഭവിക്കുന്ന നിതാന്ത അപരത്വത്തിന്റെ രാഷ്‌ട്രീയ സന്ദേഹങ്ങളാണ്‌ പങ്കുവെക്കുന്നത്‌. ഈ ചലച്ചിത്ര ശ്രമങ്ങള്‍ക്ക്‌ പക്ഷെ, മുഖ്യധാരാ ജനപ്രിയകാഴ്‌ചയെ രൂപപ്പെടുത്തുന്നതില്‍ കാര്യമായ പങ്കുവഹിക്കാന്‍ കഴിഞ്ഞില്ലെന്നതാണ്‌ വാസ്‌തവം.

സിനിമ വായിക്കുമ്പോള്‍
ചലച്ചിത്ര മൂലധന വ്യവസ്ഥയുടെ അധീശമൂല്യങ്ങളോടും സാംസ്‌കാരിക അധിനിവേശങ്ങളോടും കലഹിക്കുന്ന ചലച്ചിത്രങ്ങള്‍ ഒരേസമയം ദേശ-രാഷ്‌ട്രത്തിന്റെ `പൗരധര്‍മ്മം' പാലിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന/പുറത്താക്കപ്പെടുന്ന വ്യക്തികളോടാണ്‌ ആഭിമുഖ്യം പുലര്‍ത്തുന്നത്‌. ചലച്ചിത്രം പറയുന്നത്‌ ചരിത്രമാണ്‌, അഥവാ ചരിത്രത്തെ മറികടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ്‌. `പരദേശി സിനിമയും രാഷ്‌ട്രീയവും' വീണ്ടും വീണ്ടും വായിക്കപ്പെടുന്നതിലൂടെ യാഥാര്‍ത്ഥ്യത്തിന്റെ നിരവധി അടരുകള്‍ അനാവൃതമാകുന്നുണ്ട്‌. അത്‌ എഴുതപ്പെട്ട/പ്രചരിപ്പിക്കപ്പെട്ട ചരിത്രത്തെ പ്രതിരോധത്തിലാക്കുന്ന പ്രതിരചനയുടെ/ വായനയുടെ സാധ്യതയാണ്‌ തുറന്നുവയ്‌ക്കുന്നത്‌. ``പരദേശി എന്ന ചിത്രം അവസാനിക്കുന്നിടത്താണ്‌ ഈ സംവാദങ്ങള്‍ ആരംഭിക്കുന്നത്‌. അതാണ്‌ ഈ പുസ്‌തകത്തിന്റെ പ്രസക്തി. പരദേശി ഒരു ലോകോത്തര ചലച്ചിത്രമാണ്‌ എന്ന മിഥ്യാധാരണയൊന്നും ഈ പരിശോധനയ്‌ക്ക്‌ പിന്നില്‍ ഇല്ല. നമ്മുടെ ചലച്ചിത്ര സംസ്‌കാരം, സൗന്ദര്യശാസ്‌ത്ര യുക്തികള്‍, പൊതുബോധ മണ്ഡലത്തില്‍ അവയുടെ നിലനില്‍പ്പ്‌ എന്നിവയെ സംവാദമുഖത്ത്‌ കൊണ്ടുവരുക എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ ഉദ്ദേശ്യം.'' എന്ന എഡിറ്റര്‍ ഡോ. ഉമര്‍ തറമേലിന്റെ പ്രസ്‌തവനയെ അര്‍ത്ഥവത്താക്കുംവിധം സംവാദാത്മകമാണ്‌ പരദേശി സിനിമയും രാഷ്‌ട്രീയവും. 

2 comments:

  1. എണ്‍പതുകളിലും തൊണ്ണൂറുകളിലും പുറത്തുവന്ന മുഖ്യധാരാ സാഹിത്യത്തിലും ചലച്ചിത്രത്തിലും മുസ്ലിങ്ങളോടുള്ള സന്ദിഗ്‌ധത പ്രകടമാകുന്നു. മുസ്ലിംജീവിതവും സംസ്‌കാരവും പലതില്‍ ഒരിഴയായോ നന്‍മതിന്‍മകളുടെ വാര്‍പ്പുമാതൃകകളായോ കാഴ്‌ചപ്പെടുന്നു. ഈ ജനവിഭാഗത്തെ പ്രാന്തവല്‍ക്കരിച്ച്‌ അയുക്തിയുടെ മേഖലയില്‍ പ്രതിഷ്‌ഠിക്കുന്ന ചലച്ചിത്രങ്ങളില്‍ മതമൗലികവാദി, തീവ്രവാദി, അധോലോക നായകന്‍തുടങ്ങിയ പ്രതിബിംബങ്ങള്‍ സൃഷ്‌ടിക്കുന്നു. മണ്ഡല്‍/ മസ്‌ജിദ്‌/ ഗുജറാത്ത്‌ അനന്തരകാലം നിര്‍മ്മിച്ച ഏകശിലാരൂപമായ ദേശീയതകള്‍ക്ക്‌ മധ്യവര്‍ഗ്ഗവരേണ്യസമുദായങ്ങള്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയാണ്‌ ഇത്തരം പ്രതിബിംബ നിര്‍മ്മിതിരളെ സാര്‍വത്രികമാക്കുന്നത്‌. പ്രാദേശിക ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പാരസ്‌പര്യത്തിന്റെ സങ്കീര്‍ണ്ണ ചരിത്രമുള്ള ജനവിഭാഗമെന്ന നിലയില്‍ മുസ്ലിംസമുദായം ആഖ്യാനങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുന്നു. ഏറനാടിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ ഉള്ളടക്കങ്ങളെ മറച്ചുപിടിയ്‌ക്കുന്ന ആഖ്യാനങ്ങളില്‍ മുസ്ലിം ശരീരം ഒരു പ്രത്യേകരീതിയില്‍ മാത്രം അടയാളപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌?

    ReplyDelete
  2. നല്ലത്‌.........വേഡ്‌ വെരിഫിക്കേഷൻ ഒഴിവാക്കിക്കൂടെ?

    ReplyDelete