Wednesday, July 27, 2011

ജീവിതത്തിന്റെ കണ്ണാടിക്കാഴ്ചകള്‍


സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍
(ഓര്‍മ്മ/അനുഭവം)

താഹ മാടായി

പേജ്: 149 വില: 90 രൂപ
മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
ചരിത്രം ആലേഖനം ചെയ്യപ്പെട്ട ഉടലാണ് മനുഷ്യര്‍. ജീവിതത്തിന്റെ ഓരോ നിമിഷവും മസ്തിഷ്‌കത്തിലെ ഓര്‍മ്മകളുടെ അടരുകളില്‍ എഴുതപ്പെടുന്നു. ഒരു ചരിത്രമെഴുത്തിനും പിടിച്ചെടുക്കാനാവാത്ത സൂക്ഷ്മതയോടെ അത് കാലത്തെ രേഖപ്പെടുത്തിവച്ചിരിക്കുന്നു. ചില കാലങ്ങളില്‍ ചിലനേരങ്ങളില്‍ സ്മരണകളുടെ വാതിലുകള്‍ മെല്ലെ തുറക്കപ്പെടും. അനുഭവത്തിന്റെ ചൂരുള്ള ജീവിതസ്മരണകള്‍ കാറ്റുകൊള്ളാനിറങ്ങും. തലമുറകളോട് കഥകള്‍ പറഞ്ഞും ജീവിതം പറഞ്ഞും അത് സ്വകാര്യ നിനവുകളെ പൊതുസ്വത്താക്കിമാറ്റും. അങ്ങനെ ഒരാളുടെ സ്മൃതിഭാണ്ഡം സമൂഹത്തിന് ചരിത്രഭണ്ഡാരമാകും.
സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ സ്മരണകളുടെ പുറം സഞ്ചാരമാണ്. സിനിമയുടെ വെളിച്ചത്തില്‍ നാം കണ്ടറിഞ്ഞ, ആരാധിക്കുകയും ഭയപ്പെടുകയും സ്‌നേഹിക്കുകയും പിന്നീട് മറക്കുകയും ചെയ്ത മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി മുഖങ്ങള്‍ ഒരു വെള്ളിത്തിരയിലെന്നപോലെ വീണ്ടും കടന്നുവരുകയാണ്. അവരേറെയും ഗ്രാമീണരായിരുന്നു. നഗരത്തിനു മുമ്പ് ജനിക്കുകയും നാഗരികതയോട് കലരാനാവാതെ പുലരുകയും ചെയ്തവര്‍. അഭിനയത്തിന്റെയും ജീവിതത്തിന്റെയും അതിരുകള്‍ മായ്ച്ചുകളഞ്ഞ ശങ്കരാടി പാടവരമ്പിലെ കാരണവരായി കാര്‍ഷികനന്‍മയുടെ സ്മരണയായി നടന്നുമറയുന്നു. അഭിനയത്തിന്റെ ആര്‍ജ്ജവത്താല്‍ നമ്മെ വിസ്മയിപ്പിച്ച ഫിലോമിനയെക്കുറിച്ചാണ് പരദൂഷണം അമ്മയി എന്ന ഓര്‍മ്മക്കുറിപ്പ്. ബുദ്ധകഥയിലെ സന്യാസിയെപ്പോലെ എല്ലാ ആഗ്രഹങ്ങളും കടവില്‍ ഉപേക്ഷിച്ചുപോകുന്ന ശുദ്ധ ഗ്രാമീണനെന്ന് സത്യന്‍ അന്തിക്കാട് ഒടുവില്‍ ഉണ്ണികൃഷ്ണനെ സത്യന്‍ അന്തിക്കാട് സ്മരിക്കുന്നു.
ആലീസ് ഇന്‍ വണ്ടര്‍ ലാന്റ് എന്ന ഓര്‍മ്മക്കുറിപ്പ് ഇന്നും തന്റെ സന്തത സഹചാരിയായ ഇന്നസെന്റിനെക്കുറിച്ചുള്ള കുറിപ്പാണ്. സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കാറുണ്ടെങ്കിലും ഉള്ളില്‍ ഒരുപാവം ഗ്രാമീണനാണ് തിലകനെന്ന് ഓര്‍മ്മകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു ജോക്കറുടെ ജീവിതംപോലെ അരങ്ങിലും അണിയറയിലും രണ്ട് ജീവിതം നയിച്ച പച്ചമനുഷ്യന്‍ ബഹദൂര്‍ സ്മരണകാണ് ജോക്കര്‍ എന്ന കുറിപ്പ്. തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ പപ്പുവിനെ താരവെളിച്ചത്തിനപ്പുറം ആഴത്തില്‍ മനസ്സിലാക്കിയതിന്റെ ആര്‍ദ്രതയാണ് ഇന്നലകള്‍ ഇതുവഴിയേപോയി എന്ന ഓര്‍മ്മയില്‍ തുളുമ്പിനില്‍ക്കുന്നത്. അഭിനയ കലയുപടെ കരുത്തുകൊണ്ട് കാലത്തിന് മുമ്പേ നടക്കുന്ന കെ പി എ സി ലളിതയെക്കുറിച്ചാണ് കാലത്തിന്റെ പെണ്ണനുഭവങ്ങള്‍ എന്ന കുറിപ്പില്‍ സത്യന്‍ അന്തിക്കാട് സ്മരിക്കുന്നത്. ഏതുകഥയ്ക്കും വഴങ്ങുന്ന നാടന്‍ ശരീരമാണ് നെടുമുടിയെന്ന് ഓര്‍മ്മക്കുറിപ്പില്‍ പങ്കുവയ്ക്കുകമാത്രമല്ല, തന്റെ സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തിട്ടുണ്ട് സത്യന്‍ അന്തിക്കാട്. മീനയും ഭരത്‌ഗോപിയും ചിരിയിലും വഴിമാറിനടക്കുന്ന ശ്രീനിവാസനും ചട്ടമ്പിത്തരത്തില്‍ നിന്നും ഹാസ്യത്തിലേക്ക് നടന്നുകയറിയ പറവൂര്‍ ഭരതനും കോഴിക്കോടിന്റെ ഉടലും ഭാഷണവുമായ മാമുകോയയും ബോബി കൊട്ടാരക്കരയും അടൂര്‍ ഭവാനിയുമെല്ലാം ഓര്‍മ്മയുടെ തിരശീലയില്‍ വീണ്ടും വന്നുനിരക്കുന്നു.
ഇത് കേവലമായ ഓര്‍മ്മക്കുറിപ്പല്ല, മനുഷ്യപ്പറ്റിന്റെ ആര്‍ദ്രമായ അനുഭവം സമ്മാനിക്കുന്ന പാഠപുസ്തകമാണ്. സ്‌നേഹത്തില്‍ നിന്നും നന്‍മയില്‍നിന്നും മനുഷ്യത്വത്തില്‍ നിന്നും കാരുണ്യത്തില്‍ നിന്നും സഹതാപത്തില്‍ നിന്നുമെല്ലാം ഓടിയോടി നഗരമാകാന്‍ ശ്രമിക്കുന്ന എല്ലാ നാട്ടിന്‍പുറങ്ങള്‍ക്കും നാഗരികരാകാന്‍ വെമ്പുന്ന എല്ലാ ഗ്രാമീണര്‍ക്കും നഗരത്തില്‍ എന്നേക്കുമായി അകപ്പെട്ടുപോയവര്‍ക്കും ജീവിതത്തെ മുഖാമുഖം കാണാന്‍ ഒരു കണ്ണാടി. അതില്‍ ഒതുപാട് ജീവിതങ്ങള്‍ ഒരേസമയം പ്രതിബിംബിക്കുന്നുണ്ട്.

3 comments:

  1. ഇത് കേവലമായ ഓര്‍മ്മക്കുറിപ്പല്ല, മനുഷ്യപ്പറ്റിന്റെ ആര്‍ദ്രമായ അനുഭവം സമ്മാനിക്കുന്ന പാഠപുസ്തകമാണ്. സ്‌നേഹത്തില്‍ നിന്നും നന്‍മയില്‍നിന്നും മനുഷ്യത്വത്തില്‍ നിന്നും കാരുണ്യത്തില്‍ നിന്നും സഹതാപത്തില്‍ നിന്നുമെല്ലാം ഓടിയോടി നഗരമാകാന്‍ ശ്രമിക്കുന്ന എല്ലാ നാട്ടിന്‍പുറങ്ങള്‍ക്കും നാഗരികരാകാന്‍ വെമ്പുന്ന എല്ലാ ഗ്രാമീണര്‍ക്കും നഗരത്തില്‍ എന്നേക്കുമായി അകപ്പെട്ടുപോയവര്‍ക്കും ജീവിതത്തെ മുഖാമുഖം കാണാന്‍ ഒരു കണ്ണാടി. അതില്‍ ഒതുപാട് ജീവിതങ്ങള്‍ ഒരേസമയം പ്രതിബിംബിക്കുന്നുണ്ട്.

    ReplyDelete
  2. അന്തിക്കാട്ടുകാരന്റെ ഓര്‍മ്മകളിലൂടെ ഇതിപ്പോള്‍ പുസ്തകം പലതായി എന്ന് തോന്നുന്നു. ശ്രീകാന്ത് കോട്ടക്കലിന്റെ (?) പുസ്തകമാണ് ആദ്യം കണ്ട സത്യന്‍ അന്തിക്കാടിനെ പറ്റിയുള്ള പുസ്തകം എന്ന് ഓര്‍മ്മ. പരിചയം നന്നായി.

    ReplyDelete
  3. ഇത് കേവലമായ ഓര്‍മ്മക്കുറിപ്പല്ല, മനുഷ്യപ്പറ്റിന്റെ ആര്‍ദ്രമായ അനുഭവം സമ്മാനിക്കുന്ന പാഠപുസ്തകമാണ്.

    ReplyDelete