
ചലച്ചിത്രകാരന്റെ ആത്മഭാഷണം തീര്‍ച്ചയായും സിനിമയെക്കുറിച്ചുള്ളതായിരിക്കും. സിനിമയ്ക്കുചുറ്റും ഒത്തുചേര്‍ന്ന ഒരുപാടുപേരുടെ ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരമായിരിക്കും അത്. മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2007ലെ ഓണപ്പതിപ്പിനുവേണ്ടി ലെനിന് രാജേന്ദ്രന്റെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാക്കാന്‍ അദ്ദേഹത്തെ സമീപിക്കുമ്പോള്‍ ഇത്രയൊക്കെമാത്രമാണ് വിചാരിച്ചിരുന്നത്.
ഇത്തരമൊരോര്‍മ്മക്കുറിപ്പിന്റെ സാധ്യത നിര്‍ദ്ദേശിച്ച മാധ്യമത്തിലെ എന്‍ പി സജീഷ് പറഞ്ഞത് ലെനിന് രാജേന്ദ്രന്റെ ആത്മഭാഷണങ്ങള്‍ കേരളത്തിലെ മധ്യവര്‍ത്തിസിനിമയുടെ ചരിത്രം തന്നെയായിരിക്കുമെന്നാണ്. എന്നാല്‍ കഥ മാറുകയായിരുന്നു. ആദ്യ അധ്യായം മുതല്‍ അവസാനപുറംവരെ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക ഭൂതകാലത്തിലൂടെയാണ് അത് സഞ്ചരിച്ചത്. ചരിത്രവും ഓര്‍മ്മയുമല്ലാത്ത, എന്നാല്‍ ഇതൊക്കയായ ഒട്ടനവധി വൈകാരിക സന്ദര്‍ഭങ്ങളെ മുഖാമുഖം കാണുന്നു.
വലിയ ആശങ്കകളോടെയാണ് ലെനിന് രാജേന്ദ്രന് ഓര്‍മ്മകള്‍ പറഞ്ഞുതുടങ്ങിയത്. ഓര്‍മ്മക്കുറിപ്പുകളില്‍ ഉയര്ന്നുനില്ക്കുന്ന `ഞാന്‍' പലപ്പോഴും അത്യാരോപിതമൂല്യങ്ങളില്‍ സ്വയം അഭിരമിക്കുന്ന ആളായിരിക്കുമെന്നും, സ്വയം പുകഴ്ത്തലിനും വ്യാജസ്തുതികള്‍ക്കുമുള്ള ഏടുകളാണ് പലപ്പോഴും ആത്മകഥകളെന്നും തന്റെ ആത്മഭാഷണവും ആ വഴിക്ക് മാറിപ്പോയേക്കാം അതിനാല്‍ ഈ കുറിപ്പുകള്‍ അനാവശ്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഓര്‍മ്മക്കുറിപ്പുകള്‍ മുന്‍ധാരണകളെ അട്ടിമറിക്കുന്നു. `ഞാന്‍' കക്ഷിയായും സാക്ഷിയായും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് ലെനിന്രാജേന്ദ്രന് ഓര്‍ത്തെടുക്കുന്നത്. അത് സിനിമയുടെ ചരിത്രമല്ല, സിനിമ അവിടെ ഉണ്ടായിരുന്നു എന്നുമാത്രം. സംഘര്‍ഷഭരിതമായ എഴുപതുകളില്‍ വിദ്യാര്‍ത്ഥിയായി ആരംഭിക്കുന്ന രാഷ്ട്രീയ സംഘടനാ കാലം ഓര്‍മ്മയിലേക്ക് തിരികെ വിളിക്കുമ്പോള്‍ കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ചരിത്രത്തിലേക്കാണ് എത്തിച്ചേരുന്നത്. തിരുവനന്തപുരത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ഭൂതകാലത്തിലൂടെയാണ് ലെനിന് രാജേന്ദ്രന്റെ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത്.
ഭൂതകാലത്തെക്കുറിച്ചുള്ള രാഷ്ട്രീയവും, വംശീയവും, വ്യക്തിപരവുമായ ഓര്‍മ്മകളെ പുനരാനയിക്കുന്നതിലൂടെ ജീവിതത്തിന്റെ പുറംപോക്കുകളില്‍നിന്നും ചരിത്രത്തിന്റെ അതിരുകളില്‍നിന്നും നിരവധി മനുഷ്യരൂപങ്ങള്‍ തിരികെ പ്രവേശിക്കുന്നു. ഭൂതകാലത്തെക്കുറിച്ച് വസ്തുതാപരമായ വിശകലനത്തിനാണ് ചരിത്രം ശ്രമിക്കുന്നതെങ്കില്‍ ചരിത്രപരമായ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ചരിത്രത്തെ പ്രശ്നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍ കടന്നുപോകുന്നത്. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന് പകരം നില്ക്കുന്നു. ചരിത്ര രചനയ്ക്ക് വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്ക്കാണ് ഈ ആത്മഭാഷണം പ്രവേശിക്കുന്നത്. കഴിഞ്ഞുപോയ സംഭവങ്ങളുടെയോ, ചരിത്രഘട്ടത്തിന്റെയോ, വ്യക്തിയുടെയോ ത്യാഗനിര്‍ഭരവും പീഡിതവുമായ ഓര്‍മ്മകളെ അത് സാമൂഹിക ഉപരിതലത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്കരിക്കുകയല്ലമറിച്ച് ഓര്‍മ്മയുടെ ഒരു മുഹുര്ത്തത്തില് മിന്നിത്തെളിയുന്ന ഒരനുഭവത്തെ പിടിച്ചെടുക്കുകയാണിവിടെ. അനുഭവ തീവ്രമായൊരു ഭൂതകാലം ചരിത്രത്തിനുമപ്പുറത്തേയ്ക്ക് വായനയെ പിടിച്ചെടുക്കുന്നുണ്ട്.
ആ ചുവന്ന കാലത്തിന്റെ ഓര്‍മ്മയ്ക്ക്. (ഓര്‍മ്മ). ലെനിന്രാജേന്ദ്രന്
തയ്യാറാക്കിയത്: കെ പി ജയകുമാര്‍
വില: 95 രൂപ പേജ്: 180. ഡി സി ബുക്സ്, കോട്ടയം