Saturday, February 20, 2010

വാക്കിന്റെ ജൈവനീതി


സ്‌ത്രീ പരിസ്ഥിതി ആത്മീയത
ഡോ. മിനി പ്രസാദ്‌
വില: 60 രൂപ പേജ്‌: 104
സി എസ്‌ എസ്‌ ബുക്‌സ്‌



ചരിത്രപരമായ
ദൗത്യ നിര്‍വഹണമാണ്‌ പെണ്ണെഴുത്ത്‌. നോട്ടത്തിന്റെ രാഷ്‌ട്രീയത്തെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടാണ്‌ സ്‌ത്രൈണത അര്‍ത്ഥദേശങ്ങളെ പിടിച്ചെടുക്കുകയും പുനരെഴുതുകയും ചെയ്യുന്നത്‌. നോട്ടം എന്നത്‌ പരമ്പരാഗത കാഴ്‌ചയുടെ രീതീ ശാസ്‌ത്രമാണ്‌. കണ്ണിന്റെ ശുദ്ധ(purity) ബോധത്തെ (വാദത്തെയും) കാഴ്‌ചയുടെ (കാഴ്‌ചപ്പാടിന്റെയും) വ്യക്തതയിലേക്ക്‌ (clarity) പ്രവേശിപ്പിക്കുന്നതിലൂടെയാണ്‌ വ്യവസ്ഥാപിത നിര്‍മ്മിതികളെ പെണ്‍ കാഴ്‌ചകള്‍ പ്രതിരോധിക്കുന്നത്‌. കാണുന്ന/വായിക്കുന്ന/എഴുതുന്ന ആളിന്റെ (ആണിന്റെ) സാംസ്‌കാരിക അധികാരവും പെണ്‍വായനയുടെ/പെണ്ണെഴുത്തിന്റെ പ്രതിസംസ്‌കാരവും സംഘര്‍ഷപ്പെടുന്നത്‌ ഇവിടെയാണ്‌. ഡോ മിനി പ്രസാദിന്റെ സ്‌ത്രീ പരിസ്ഥിതി ആത്മീയത എന്ന പുസ്‌തകം ഈ സംഘര്‍ഷ നിലങ്ങളിലേക്ക്‌ ബഹുമുഖമായി പ്രവേശിക്കുന്നു.
സ്‌ത്രീ സ്വത്വാവിഷ്‌കാരങ്ങള്‍ എന്ന ഒന്നാം ഭാഗം മലയാള സാഹിത്യചരിത്രത്തെ സ്‌ത്രീപക്ഷ കാഴ്‌ച്ചപ്പാടില്‍ പുനര്‍വായിക്കാനുള്ള ശ്രമമാണ്‌. പരമ്പരാഗത സാഹിത്യ സങ്കല്‍പങ്ങളില്‍ വേരൂന്നിനില്‍ക്കുന്ന സ്‌ത്രീ രൂപങ്ങളെ ഉടച്ചെടുക്കുകയാണിവിടെ. സംസ്‌കൃത കേന്ദ്രിതമായ സാഹിത്യ ചരിത്രത്തിന്റെ സദാചാര-വരേണ്യ മൂല്യങ്ങളോട്‌ കലഹിക്കുകയാണ്‌ സ്‌ത്രീ സ്വത്വാവിഷ്‌കാരങ്ങള്‍ ആധുനികതയ്‌ക്കുശേഷം എന്ന ലേഖനം. ആധുനികതയുടെ മഹത്വത്തെ നിരസിക്കുകയും മഹത്വപ്പെടലിനുപിന്നില്‍ മറഞ്ഞിരിക്കുന്ന പുരുഷാധികാരത്തിന്റെ സാംസ്‌കാരിക ധാരണകളെ ഇഴപിരിച്ചെടുക്കുകയും ചെയ്യുമ്പോള്‍ ഖസാക്കിലെ രവിയുടെ സഞ്ചാരവഴികള്‍ കാമം മാത്രം നിറഞ്ഞുനില്‍ക്കുന്ന ഒരുമനസ്സിന്റെ നഗ്നത വെളിപ്പെടുത്തുന്നു. `പ്രായമോ രൂപമോ പ്രശ്‌നമാവാതെ ഏതു സ്‌ത്രീയേയും ഭോഗത്തിന്റെ കണ്ണിലൂടെമാത്രം' കാണുന്ന രവി, ആരുടെ അസ്‌തിത്വ പ്രതിസന്ധിയെയാണ്‌ പ്രതിനിധാനം ചെയ്‌തത്‌ എന്ന ചോദ്യം പ്രസക്തമാകുന്നു. ആസ്‌ട്രോ ഫിസിക്‌സും ഉപനിഷത്തും അറിവധികാരത്തിന്റെ ആഖ്യാനതന്ത്രമായി വായിക്കുകകൂടി ചെയ്യുമ്പോള്‍ ആധുനികതയുടെ എഴുന്നള്ളിപ്പുകള്‍ക്ക്‌ ഇളക്കം തട്ടുന്നു. വി കെ എന്നിന്റെയും , മുകുന്ദന്റെയുമെല്ലാം കഥാലോകം വരഞ്ഞിട്ട പെണ്‍ലോകങ്ങള്‍ എത്രമാത്രം സ്‌ത്രീ വിരുദ്ധമായിരുന്നുവെന്ന്‌ ഡോ മിനി പ്രസാദിന്റെ പഠനം വെളിപ്പെടുത്തുന്നു. സക്കറിയയുടെ ഉദാസീനമായ ആക്ഷേപഹാസ്യാഖ്യാനങ്ങള്‍ പെണ്ണകങ്ങളുടെ സ്വത്വബോധത്തെ എത്രമാത്രം നിരാകരിക്കുന്നുവെന്ന്‌ അത്‌ അന്വേഷിക്കുന്നു.
ആണിന്റെയും പെണ്ണിന്റെയും അനുഭവ ലോകങ്ങള്‍ നെടുകെ പിളര്‍ക്കപ്പെട്ട രണ്ട്‌ ജൈവ ദേശങ്ങളാണെന്ന കണ്ടത്തലാണ്‌ ഈ പഠനം മുന്നോട്ടുവയ്‌ക്കുന്നത്‌. ആധുനികാനന്തര കാലം ആണെഴുത്തിന്‌ സമാന്തരമായി എഴുതപ്പെട്ട പെണ്‍ രചനകളെ വായിക്കുന്നതിലൂടെ ഈ ജൈവ ഘടനയുടെ പിളര്‍പ്പും അതിന്റെ രാഷ്‌ട്രീയ പ്രത്യയശാസ്‌ത്ര മാനങ്ങളും അന്വേഷിക്കുന്നുണ്ട്‌ ഗ്രന്ഥകാരി. രാജലക്ഷ്‌മിയുടെ മുതല്‍ സാറാ ജോസഫിന്റെവരെയുള്ള കഥാലോകങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ സ്‌ത്രീവാദ രാഷ്‌ട്രീയത്തിന്റെ പാരായണ സാധ്യത കണ്ടെത്തുന്നു. ഭാഷയിലും ആഖ്യാനത്തിലും ആണ്‍കോയ്‌മയെ കീഴ്‌മേല്‍ മറിച്ച സാറാ ജോസഫിന്റെ രചനകളുടെ സവിശേഷതകള്‍ ആരായുകയാണ്‌ `പെണ്‍മക്കളുടെ ദയിര്യങ്ങളും നെവിളികളും' എന്ന ലേഖനം. മുഖ്യധാരാസാഹിത്യം എന്നും രചിക്കപ്പെട്ട മാനകഭാഷയ്‌ക്കു ബദലയായി കോക്കാഞ്ചിറയുടെ ഭാഷ കൊണ്ടുവരുന്ന കഥാകാരി യഥാര്‍ത്ഥത്തില്‍ ദേശീയതയുടെ ഏകശിലാത്മകതയെ നിരാകരിക്കുകയാണ്‌. ദേശ-രാഷ്‌ട്ര സങ്കല്‍പ്പത്തിന്റെ ഭൂപടത്തെ ആക്രമിക്കുന്ന പ്രദേശികത ആനി എന്ന പെണ്‍കുട്ടിയുടെ ജീവിതാഖ്യാനമാണ്‌. ഒരുപാട്‌ പെണ്‍മകളുടെ നിലവിളിയുടെ കഥയാണതെന്ന്‌ വായിക്കപ്പെടുന്നതിലൂടെ ആനിയുടെ ജീവിതം ചരിത്രപ്പെടുന്നു. ചരിത്രം എന്ന ബൃഹദാഖ്യാനത്തെ പെണ്‍കുട്ടിയുടെ അനുഭവം പ്രശ്‌നവല്‍ക്കരിക്കുന്നു. അഥവാ ചരിത്രത്തെ സ്‌ത്രീയുടെ കാഴ്‌ചയിലൂടെ തിരുത്തിവായിക്കുന്നു. മലയാള കവിതയുടെ പെണ്‍മുഖം, മലയാള കഥയുടെ പെണ്‍മുഖം എന്നീ പഠനങ്ങള്‍ മലയാള കാവ്യ കഥാ ചരിത്രത്തെ പ്രതിവായനക്കെടുക്കുകയാണ്‌. ആകാശം നഷ്‌ടപ്പെടുന്നവര്‍ പെണ്ണെഴുത്തിന്റെ
അനുഭവ ലോകത്തെ സൂക്ഷ്‌മമായി വിശകലനം ചെയ്യുകയാണ്‌. `സ്‌തീ അവളുടെ സ്വന്തം സ്വപ്‌നങ്ങളും മോഹങ്ങളും സമൂഹത്തിന്റെ അവഹേളനം ഭയന്ന്‌ ഒളിപ്പിച്ചുവെച്ചു. ഇത്തരം ഒളിപ്പിച്ച ലോകവും സ്വകാര്യനൊമ്പരങ്ങളുമായിരുന്നു എവുത്തുകാരികള്‍ വിഷയമാക്കിയത്‌.' എന്ന്‌ നിരീക്ഷണമാണ്‌ പഠനം മുന്നോട്ടുവയ്‌ക്കുന്നത്‌. `പുനരേകീകരണത്തിന്റെ ദര്‍ശനവും സാഹിത്യവും' എന്ന ലേഖനം സ്‌ത്രീവാദ ചരിത്രത്തെ സാമാന്യമായി വിലയിരുത്തുന്നു. `പ്രപഞ്ചത്തിലും ചരിത്രത്തിലും തമസ്‌കരിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമമായിരുന്നു ഫെമിനിസത്തിന്റെ ഉദയത്തിന്‌ കാരണമായ'തെന്ന്‌ സ്‌ത്രീവാദ പഠനത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നുണ്ട്‌ എഴുത്തുകാരി.
`വ്യര്‍ത്ഥാന്വേഷണങ്ങളുടെ ദുരന്തങ്ങള്‍' വിശകലനവിധേയമാക്കുന്നത്‌ മാധവിക്കുട്ടിയുടെ കഥാലോകമാണ്‌. `വൈവിധ്യമാര്‍ന്ന കഥാലോകമാണ്‌ മാധവിക്കുട്ടിയുടേത്‌. പ്രമേയത്തിലെ വ്യത്യസ്‌തത ഒഴിവാക്കിയാല്‍ വിതുമ്പി നില്‍ക്കുന്ന ഒരു വിഷാദം അവരുടെ കഥകളുടെ നിറഞ്ഞ സാന്നിധ്യമായി അനുഭവപ്പെടുന്നു. ഈ വിഷാദത്തിനാസ്‌പദം പലപ്പോഴും സ്‌നേഹരാഹിത്യമാണ്‌.' എന്നു നിരീക്ഷിക്കുന്നതിനൊപ്പം `അമിത ലൈംഗികാഭിനിവേശമാണ്‌ മാധവിക്കുട്ടിയുടെ കഥാപാത്രങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന' പൊതുധാരണയെ നിരാകരിക്കുകയും ചെയ്യുന്നു. ശരീരം, മനസ്സ്‌, ആത്മാവ്‌ എന്നിങ്ങ നെയുള്ള പിളര്‍പ്പുകളെ നിഷേധിക്കുന്ന ജൈവകോശമാണ്‌ പെണ്ണത്തം എന്ന്‌ കാട്ടിത്തരുന്നതാണ്‌ മാധവിക്കുട്ടിയുടെ രചനാലോകം.
പുസ്‌തകത്തിലെ രണ്ടാം ഭാഗം പരിസ്ഥിതി, ആത്മീയത ഒരേസമയം ഭിന്നിച്ചും സമന്വയിച്ചും പലപ്പോഴും പരസ്‌പരവിരുദ്ധമായും നിലകൊള്ളുന്ന രണ്ട്‌ ചിന്താധാരകളെയാണ്‌ പിന്തുടരുന്നത്‌. മണ്ണും പെണ്ണും തമ്മില്‍ സമന്വയിച്ചുനില്‍ക്കുന്ന പ്രകൃതിയുടെ ജൈവ ചരിത്രമാണ്‌ `ഭൂമി=സ്‌തീ, സ്‌ത്രീ= ഭൂമി' എന്ന ലേഖനം. പരിസ്ഥിതി സ്‌ത്രീവാദത്തിന്റെ സാമാന്യ ചരിത്രവും ലേഖനം ചര്‍ച്ച ചെയ്യുന്നുണ്ട്‌. പിതൃ ആധിപത്യഘടന പ്രപഞ്ചത്തിനുമേല്‍ സ്ഥാപിച്ച പുരുഷ ബിംബങ്ങള്‍ വിപല്‍ക്കരമായൊരു സാംസ്‌കാരിക നിര്‍മ്മിതിയുടെ ചരിത്രമാണ്‌ അനാവരണം ചെയ്യുന്നതെന്ന ചിന്തയാണ്‌്‌ `സദാ ജാഗരൂകമായിരിക്കുന്നു കണ്ണ്‌' പങ്കുവെയ്‌ക്കുന്നത്‌. പാര്‍പ്പിടങ്ങള്‍ അന്യാധീനപ്പെടുകയും കൃഷിയിടങ്ങളില്‍ നിന്നും ആവാസ വ്യവസ്ഥിയില്‍നിന്നുതന്നെയും പുറത്താക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ ലോകത്തെക്കുറിച്ചുള്ള അന്വേഷണമാണ്‌ `അമരനാമ്പുകളും തൊരടിമുള്ളുകളളും. എഴുത്തിന്റെ ദേശവും ദേശത്തെക്കുറിച്ചുള്ള എഴുത്തും ഭിന്നമായ രാഷ്‌ട്രീയമാണ്‌ കൈകാര്യം ചെയ്യുന്നത്‌. സ്ഥല-കാല സങ്കല്‍പ്പങ്ങളുടെ സങ്കലനം സാധ്യമാക്കുന്ന പാരിസ്ഥിതികാവബോധം, വാക്കുകള്‍ നിരത്തി നിര്‍മ്മിക്കുന്ന ഭൂപടം നല്‍കുന്ന അനുഭവലോകം, ആഖ്യാനത്തിന്റെ ഭൂപടം എന്നിങ്ങനെ എഴുത്തിന്റെ ഭൂമിശാസ്‌ത്രത്തെ പാരായണം ചെയ്യുകയാണ്‌ `മനോചിത്രങ്ങളുടെ ഭൂപടങ്ങള്‍'.
ബൈബിളിന്റെ തണലില്‍ എന്ന മൂന്നാം ഭാഗത്തില്‍ പൂക്കള്‍ക്കും കിളികള്‍ക്കും ഇടയില്‍, മന്നായുടെ പ്രസക്തി, ആരുടേതാണ്‌ ഈ ഭൂമി, ഉപമകളുടെ ജൈവികത എന്നീ ലേഖനങ്ങളാണുള്ളത്‌. ജൈവനീതി തേടുന്ന മനുഷ്യത്വത്തിന്റെ പിടച്ചില്‍ ഈ പുസ്‌തകത്തിന്റെ ആന്തര പാഠമാണ്‌. സ്‌ത്രീ പരിസ്ഥിതി ആത്മീയത എന്നിങ്ങനെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്‌ പടര്‍ന്നും വേര്‍പിരിഞ്ഞും ഒറ്റതിരിഞ്ഞും കൂട്ടായും അന്വേഷിക്കുന്നത്‌ ജൈവപ്രകൃതിയെയാണ്‌. പെണ്ണെഴുത്തിന്റെ ഭൂപടം വാക്കിന്റെ ജൈവനീതിയെ ആവാഹിച്ചാനയിക്കുകയാണെന്ന പാഠമാണ്‌ സ്‌ത്രീ പരിസ്ഥിതി ആത്മീയത എന്ന പുസ്‌തകം കാട്ടിത്തരുന്നത്‌.