Sunday, January 31, 2010

കവിത പുഴയും തോണിയും കടത്തുകാരനുമാകുന്നു


കാടകത്തിന്റെ പ്രാക്തനമായ തുടിമുഴക്കത്തില്‍നിന്നും വാക്കുകള്‍ പുറപ്പെട്ടുവരുന്നു. പ്രണയത്തിന്റെ, ഏകാന്തതയുടെ, വിരഹത്തിന്റെ, കാമത്തിന്റെ, വിരക്തിയുടെ, തോല്‍വിയുടെ, മുറിപ്പെട്ട ആത്മാവിന്റെ, ഉടലുകളില്‍ പേറുന്ന പരശതം പീഡനങ്ങളുടെ നീറിപ്പടരുന്ന ഉപ്പുകാലമാണ്‌ കുരീപ്പുഴയുടെ കവിതയുടെ കലണ്ടര്‍. കവിത പുഴയും തോണിയും കടത്തുകാരനുമാകുന്നു. കടവിന്റെ ഏകാന്തതയ്‌ക്കുമേല്‍ കുതിച്ചുപായുന്ന തീവണ്ടിപ്പാലത്തിന്റെ നടുക്കവും ഇരമ്പിത്തോരുന്ന മൗനവുമാകുന്നു. കവിതയുടെ ഈ കടല്‍നിരപ്പിലാണ്‌ കവി സമരത്തിന്റെ ഉപ്പുകുറുക്കുന്നത്‌. അപരത്വത്തിന്റെ നിതാന്തമായ കടല്‍ചേതങ്ങളില്‍പ്പെട്ടുതകരുന്ന വാക്കിന്റെ, ഉപ്പിനെ വീണ്ടെടുക്കുന്ന കാവ്യസമരത്തിന്റെ നിതാന്ത ജാഗ്രതയാണ്‌ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതയുടെ ഘടികാരം.
എഴുപതുകളുടെ ആദ്യപകുതിയില്‍ ആരംഭിച്ച്‌ മൂന്ന്‌ ദശാബ്‌ദങ്ങള്‍ പിന്നിടുന്ന കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍ മലയാള കാവ്യചരിത്രത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. കാല്‍പനികതയില്‍നിന്നും അടര്‍ന്നുപോരുന്ന കാവ്യരീതി ആധുനികതയെ ഉച്ചാവസ്ഥയില്‍ തന്നെ ആവിഷ്‌കരിക്കുന്നുണ്ട്‌. `വീണ വില്‍പ്പനക്കാരനി'ല്‍ കാണുന്ന കാല്‌പനിക സങ്കടങ്ങളുടെ വഴിയിലൂടെയല്ല കുരീപ്പുഴ കവിത `ആത്മഹത്യാമുനമ്പില്‍' എത്തിച്ചേരുന്നത്‌. മലയാള ആധുനിക കാവ്യ/ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ സങ്കടച്ചൂടാണ്‌ ആ കവിതയെ പൊള്ളുന്ന അനുഭവമാക്കി മാറ്റുന്നത്‌. ആധുനികതയുടെ സന്ത്രാസവും വ്യക്തികളുടെ ഭാഗധേയങ്ങള്‍ക്കേറ്റ തിരിച്ചടികളുടെ രാഷ്‌ട്രീയമായ നിരാശയും കൊണ്ടുചെന്നുനിര്‍ത്തിയ സന്ദിഗ്‌ധഘട്ടമാണ്‌ ആത്‌ഹത്യാമുനമ്പ്‌. ഈ കവിതയില്‍ നിന്നും `ഹബീബിന്റെ ദിനക്കുറിപ്പി'ലേക്കുള്ള ദൂരം കേരളത്തിന്റെ രാഷ്‌ട്രീയ മോഹഭംഗങ്ങളുടെ കലണ്ടര്‍ മറിക്കുന്നു. `കഴിഞ്ഞ നാളിലെ കുരുക്കഴിക്കാ'നാവാതെ ചരിത്രം കവിതച്ചരടിലൂടെ വീണ്ടും അരങ്ങിലെത്തുന്നു. `ഇനി ഹബീബില്ലാത്ത രാവുകള്‍ പകലുകള്‍, ഇനി ഹബീബില്ലാ ജനുവരികള്‍...' എന്ന്‌ കവിത തോരുമ്പോള്‍ എഴുപതുകളുടെ രാഷ്‌ട്രീയ ഓര്‍മ്മകള്‍ രാജന്‍, സുബ്രഹ്‌മണ്യന്‍... എന്നിങ്ങനെ ഇനിയും തിരിച്ചുവരാത്ത യാത്രകളുടെ സ്‌മരണകളില്‍ വെന്തുനില്‍ക്കും.
മലയാളി യുവത്വം ഏറ്റവുമധികം നൊന്തുപാടിയ കവിതയായിരിക്കും ജസ്സി. പ്രണയത്താല്‍ തോല്‍പ്പിക്കപ്പെട്ട, കാമത്താല്‍ അനാഥമാക്കപ്പെട്ട ശരീരമാണ്‌ ജസ്സി. `ലോത്തിന്റെ പെണ്‍മക്കള്‍ അച്ഛനെ പ്രാപിച്ച വാര്‍ത്തയില്‍' നടുങ്ങിയ കൗമാരമാണ്‌ ജസ്സി. പ്രണയ രതിമോഹങ്ങള്‍ ചുറ്റുപാടുകളുടെ വിലക്കുകളെ വിസ്‌മരിച്ച്‌ നിത്യതയില്‍ അഭിരമിക്കുന്നു. അതുകൊണ്ടാണ്‌ സമൂഹത്തില്‍ ഇതര ജീവിതാനുഭവങ്ങള്‍ക്ക്‌ ലഭിക്കാത്ത പ്രാധാന്യം പ്രണയ/രതിയനുഭവങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌. അലൗകിക സൗന്ദര്യത്തിന്റെ ഈ നിത്യതാസ്‌പര്‍ശം ചിലപ്പോള്‍ ഒറ്റനിമിഷത്തില്‍ തകര്‍ന്നുവീണേക്കാം. വ്യക്തിയുടെ വികാരസാന്ദ്രമായ സ്വകാര്യതയും സമൂഹത്തിന്റെ വികാര നിരപേക്ഷമായ `ധാര്‍മ്മികത'യും സംഘര്‍ഷപ്പെടുന്ന സന്ദര്‍ഭമാണത്‌. പ്രണയം സാമൂഹ്യനിയമങ്ങളും സദാചാരവിലക്കുകളും ലംഘിച്ച്‌ രണ്ട്‌ വ്യക്തികള്‍ മാത്രമുള്ള ലോകം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാവാം സമൂഹത്തിനു മുന്നില്‍ പ്രണയം അസ്വീകാര്യമാക്കുന്നത്‌. സാമൂഹികബന്ധങ്ങളില്‍ ഇന്ന്‌ പുലരുന്ന നിര്‍വചനങ്ങളെ അതിലംഘിച്ചുകൊണ്ടുമാത്രമേ വ്യക്തികള്‍ക്ക്‌ ആനന്ദനിര്‍ഭരമായ ലയനം സാധ്യമാവുകയുള്ളു. സമുദായവിലക്കുകള്‍ ചെന്നെത്താത്ത സ്വകാര്യസങ്കേതങ്ങള്‍ തേടി പ്രണയശരീരങ്ങള്‍ അലഞ്ഞുതിരിയുന്നത്‌ അതുകൊണ്ടാവാം. ജസ്സി പ്രണയത്തിന്റെ, രതിയുടെ `പാപം തീണ്ടിയ' ശരീരമാണ്‌. അതിന്‌ സമുദായ സദാചാരത്തോട്‌ നിരന്തരം സമരം ചെയ്യേണ്ടിവരുന്നു. ഒരിക്കലും ആവിഷ്‌കരിക്കാന്‍ കഴിയാതെ ഉഴലുന്ന പ്രണയ കാമനകള്‍ മത-സമുദായ സദാചാരത്തിന്റെ തടവില്‍ പെട്ട്‌ ഹതാശമാകുന്നു. `കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍' എന്ന്‌ പ്രണയത്തിന്റെ അസാധ്യതയെ ജസ്സി തിരിച്ചറിയുന്നു. പക്ഷെ, `കല്ലാകുവാനും കഴിഞ്ഞില്ല, നെല്ലോല തമ്മില്‍ പറഞ്ഞു ചിരിക്കുന്നു കണ്ടുവോ?' എന്ന്‌ പ്രണയം അസാധ്യമാക്കുന്ന സാമൂഹ്യ വഴക്കങ്ങളെ ജസ്സിയുടെ ഉടല്‍ പ്രശ്‌നവല്‍ക്കരിക്കുന്നു.
`താളവട്ടങ്ങള്‍ ചിലമ്പവേ, ഒക്‌ടോബര്‍
നാലുനേത്രങ്ങളില്‍ നിന്നു പെയ്‌തീടവെ
നെഞ്ചോടു നെഞ്ചു കുടുങ്ങി, അവസാന
മുന്തിരി പാത്രം കുടിച്ചുടച്ചീടവെ
വ്യഗ്രതവെച്ച വിഷം തിന്നവെ, എന്റെ
ജെസ്സീ നിനക്കെന്തു തോന്നി?' കവിതയെ ചൂഴ്‌ന്നു നില്‍ക്കുന്ന ഈ ദുരന്തബോധം ഗതിമുട്ടിനില്‍ക്കുന്ന ഒരുപാട്‌ പ്രണയ ശരീരങ്ങളുടെ സംഘവേദനയായി മാറുന്നു. കവിത പ്രണയത്തെ, കാമത്തെ സംവാദാത്മകമാക്കുകയാണ്‌. ജീവിത സമരത്തില്‍നിന്നും നട്ടിവയ്‌ക്കപ്പെടേണ്ട ഒന്നല്ല പ്രണയമെന്നുവരുമ്പോള്‍ അത്‌ സമരത്തിന്റെ കേന്ദ്രമോ തുടക്കമോ തുടര്‍ച്ചയോ ഒക്കെയായിത്തീരുന്നുണ്ട്‌. പ്രണയത്തിന്റെ സൂക്ഷ്‌മരാഷ്‌ട്രീയത്തെയാണ്‌ ജസ്സി പ്രതിനിധാനം ചെയ്യുന്നത്‌. പ്രണയം ഏറ്റവും അപകടകരമായ സദാചാര ലംഘനമായി മാറുന്ന സമകാലികതയില്‍, പ്രണയികള്‍ തീവ്രവാദികളാക്കപ്പെടുന്ന രാഷ്‌ട്രീയ കാലത്ത്‌, പ്രണയം കോടതിവരാന്തയില്‍ പകച്ചുനില്‍ക്കുന്ന നീതിന്യായ കാലാവസ്ഥയില്‍ ജസ്സിയുടെ പ്രണയ ശരീരം കൂടുതല്‍ ഏകാന്തവും സംഭീതവുമായ ഒരു ബിംബമായി കവിതയുടെ വര്‍ത്തമാനത്തെ പിടിച്ചെടുക്കുന്നു.
രാഷ്‌ട്രീയ നിലപാടിന്റെ സൂക്ഷ്‌മവും സാന്ദ്രവുമായ ഇഴകള്‍ കുരീപ്പുഴയുടെ പില്‍ക്കാല കവിതകളെ വികാരവത്താക്കുന്നുണ്ട്‌. വികാരനിരപേക്ഷമായ രാഷ്‌ട്രീയ പ്രസ്‌താവനകളായല്ല, വികാരഭദ്രമായ പൊട്ടിത്തെറികളായാണ്‌ അത്‌ കവിതയില്‍ സംഭവിക്കുന്നത്‌. വായ്‌മൊഴി വഴക്കത്തിന്റെ പ്രാക്തനമായ കാവ്യപാരമ്പര്യത്തോട്‌ അടുത്തുനിന്നുകൊണ്ട്‌ പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ വാക്കുകള്‍ക്ക്‌ തീപിടിപ്പിക്കുന്ന കാറ്റിന്റെ പെരുക്കം `ഗദ്ദറിന്‌', `വീണ്ടെടുക്കേണ്ടും കാലം', `വാര്‍ത്താകുമാരി' `ചാര്‍വ്വാകന്‍', `അമ്മ മലയാളം', `കടം', `ചെര്‍ഗീസ്‌', `നാസ്‌തികം', `കീഴാളന്‍' തുടങ്ങിയ കവിതകളില്‍ വായിക്കാം. തെലുങ്ക്‌ കവി ഗദ്ദറിനെക്കുറിച്ച്‌ എഴുതുമ്പോള്‍ അത്‌ ജീവിച്ചിരിക്കുന്ന കവിയുടെ സമരങ്ങളോട്‌ കണ്ണി ചേരുകയാണ്‌. `ഗദ്ദര്‍ സഖാവേ, മുഴങ്ങുന്നു മണ്ണിന്റെ; രക്തത്തില്‍ നീ പെയ്‌ത കാവ്യപ്പെരുമ്പറ.' അസന്തുലിതമായ സാമൂഹ്യ സാമ്പത്തിക ക്രമത്തില്‍ കവിതയും സമരവും ഒരേ രാഷ്‌ട്രീയ പ്രക്രിയയുടെ തുടര്‍ച്ചയാണെന്ന്‌ ബോധമാണ്‌ കവികള്‍ പരസ്‌പരം പങ്കിടുന്നത്‌.
ജനങ്ങളെപ്രതിയുള്ള ഉല്‍കണ്‌ഠകളുടെ തുടര്‍ച്ചയായി വായിക്കേണ്ട കവിതയാണ്‌ ചാര്‍വ്വാകന്‍. ചരിത്രം ഒളിപ്പിച്ച ചാരം മൂടിക്കിടക്കുന്ന ഏടുകളെ പുനരാനയിക്കുകയാണ്‌ ഈ കവിത. ദൈവത്തിന്റെ ബ്രാഹ്‌മണ്യത്തെ നിരാകരിക്കുന്ന യുക്തിയുടെ ജാഗ്രത്‌ രൂപമായിരുന്ന ചാര്‍വ്വാകന്‌ ചരിത്രത്തില്‍ ഏല്‍ക്കേണ്ടിവന്ന കൊടും യാതനയുടെ കാലത്തെയാണ്‌ കവിത വര്‍ത്തമാനപ്പെടുത്തുന്നത്‌. ദൈവവും ജാതിയും മതങ്ങളും സ്വര്‍ഗ്ഗവും നരകവും പാപവും പുണ്യവും അസംബന്ധങ്ങളാണെന്ന പ്രാചീന ഭാരതീയ ചിന്തയുടെ യുക്തി പുനരാനയിക്കുന്നതിലൂടെ `ഋഷി, വേദ' സംസ്‌കാര/പാരമ്പര്യ വാദത്തിന്റെ കടയ്‌ക്കല്‍ വെട്ടുകയാണ്‌ ചാര്‍വ്വാകന്‍ എന്ന കവിത. വീണ്ടെടുപ്പിന്റെ കവിതയാണ്‌ത്‌. പ്രാന്തവല്‍ക്കരിക്കപ്പെട്ട ചിന്തയും ദര്‍ശനവും വാക്കും കവിതയും പുനരാനയിക്കപ്പെടുന്നതിലൂടെ ഭാരതീയ സംസ്‌കാരത്തിന്റെ ഏകശിലാത്മകതയെ ശിഥിലമാക്കാന്‍ കവിതയ്‌ക്ക്‌ കഴിയുന്നു. `ചാര്‍വ്വാക'നില്‍ നിന്നും `കീഴാളനി'ലേക്കെത്തുന്ന കവിത നഷ്‌ടപ്പെട്ട ചരിത്രത്തെയും സംസ്‌കാരത്തെയും മാത്രമല്ല, ഉടലുകളെയും ചേറുപുരണ്ട ഓര്‍മ്മകളെയും തേവിനനച്ചു കൊയ്‌തു മെതിച്ച കാലത്തെയും അതിന്റെ ഗന്ധങ്ങളെയും വീണ്ടെടുക്കുന്നു. ഉഷ്‌ണവും ഉപ്പും വിയര്‍പ്പും കൊണ്ട്‌ കവിത ചരിത്രത്തിന്റെ സംഭവബഹുലമായ സ്വരഭേദങ്ങളെ വാക്കുകളിലേക്ക്‌ ആവാഹിക്കുന്നു. അതുകൊണ്ടാണ്‌ കുരീപ്പുഴ ശ്രീകുമാരിന്റെ കവിതകള്‍ മലയാള കാവ്യ പരിണാമത്തിന്റെ ചരിത്രവും പ്രതിനിധാനവുമാകുന്നത്‌.


കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍
കുരീപ്പുഴ ശ്രീകുമാര്‍
പേജ്‌: 275 വില:150 രൂപ
ഡി സി ബുക്‌സ്‌, കോട്ടയം


Friday, January 15, 2010

ഭൂമിയെക്കുറിച്ചുള്ള ആസന്നചിന്തകള്‍



``ഒരു രാഷ്‌ട്രം എന്ന നിലയ്‌ക്ക്‌ നാം എന്താണെന്ന്‌ ഇനിയും നമുക്ക്‌ പിടിയിട്ടില്ല. അതുകൊണ്ട്‌ നമ്മെ നിര്‍വചിച്ചെടുക്കാന്‍ കെല്‌പ്പുള്ള മറ്റെന്തെങ്കിലും നാം തിരഞ്ഞുകൊണ്ടിരിക്കുന്നു. ദേശം തകര്‍ന്നു വീഴാതിരിക്കാന്‍ നമുക്ക്‌ ഒരു ദേശീയ കാരണം വേണം. കറന്‍സിയെ ഒഴിച്ചുനിര്‍ത്തിയാല്‍ (ദാരിദ്ര്യവും നിരക്ഷരതയും ഇലക്ഷനും തീര്‍ച്ചയായും കൂടെയുണ്ട്‌) മറ്റൊന്നുമില്ല നമുക്ക്‌ പൊതുവായി. ഇതുതന്നെയാണ്‌ പ്രശ്‌നത്തിന്റെ കാതല്‍. ബോംബുണ്ടാക്കുന്നതിലേക്ക്‌ നമ്മെക്കൊണ്ടുപോയ പാത ഇതാണ്‌.'' -അരുന്ധതി റോയി, യുദ്ധഭാഷണം, പുറം: 36

ദേശീയത, വികസനം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ അടിസ്ഥാനപരമായി സ്‌നേഹപ്പെടലിന്റെ വൈകാരിക സന്ദര്‍ഭങ്ങളെയോ ജനതയുടെ സര്‍വ്വതോമന്‍മുഖമായ പുരോഗതിയേയോ ഊന്നിയല്ല നിലനില്‍ക്കുന്നത്‌. തീര്‍ച്ചയായും അതൊരു പ്രത്യയാസ്‌ത്ര ഉപകരണമാണ്‌. ദേശീയത ഒരിക്കലും ജനതയുടെ `നാനാത്വ'ത്തെ അഭിസംബോധന ചെയ്യുന്നില്ല. ജനകീയതയുടെ ബഹുലതകളെ നിരാകരിക്കുന്ന ഏകശിലാത്മക `ഏകത്വ'ത്തെ അന്വേഷിക്കലാണത്‌. അതുകൊണ്ടുതന്നെ സമാധാന കാലത്തേക്കാള്‍ യുദ്ധമാണതിന്റെ പ്രയോഗതലം. അഹിംസയേക്കാള്‍ ഹിംസയോടാണതിന്റെ കൂറ്‌. പുരോഗതി, വികസനം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഇതിന്റെ മറുവശമാണ്‌. പുരോഗതി (reform), ആധുനികത(modernity)തുടങ്ങിയ സങ്കല്‍പ്പങ്ങളെപ്പോലെയല്ല `വികസനം' എന്ന സങ്കല്‍പ്പം സമൂഹത്തില്‍ ഇടപെടുന്നത്‌. അത്‌ നമ്മുടെ വര്‍ത്തമാനകാല ജീവിത പരിസരങ്ങളെ ദുഃഖവും ദരിദ്രവും ജീര്‍ണവും നിഷ്‌ക്രിയവുമായി സങ്കല്‍പ്പിക്കുന്നു. മറ്റു `വികസിത' മാതൃകകളുമായി താരതമ്യപ്പെടുത്തി ആത്മപുച്ഛത്തിന്റെയും സ്വയംകുറ്റപ്പെടുത്തലിന്റെയും അവസ്ഥ സൃഷ്‌ടിക്കുന്നു. വികസനത്തിന്റെ ഈ മനഃശാസ്‌ത്രം നേട്ടത്തിലല്ല മറിച്ച്‌ അവസ്ഥയുടെ താല്‍ക്കാലിക പരിഹാരത്തിലാണ്‌ ഊന്നല്‍ നല്‍കുന്നത്‌.
രണ്ട്‌ താല്‌ക്കാലിക അവസ്ഥകളെ നിരന്തരം നേരിട്ടുകൊണ്ടാണ്‌ ഭരണകൂടം മുന്നോട്ടുപോകുന്നത്‌. അതിലൊന്ന്‌ ദേശീയതയും മറ്റൊന്ന്‌ വികസനവുമാണ്‌. ദേശീയത നിര്‍മ്മിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായാണ്‌ രാഷ്‌ട്രം അതിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക്‌ ചെലവിടുന്നത്‌. പ്രജകളുടെ അധ്വാനവും വിയപ്പുമാണ്‌ പൊക്രാനിലും കാര്‍ഗിലിലും പൊട്ടിത്തീര്‍ന്നത്‌. അണുപരീക്ഷണത്തിന്റെ പ്രത്യയശാസ്‌ത്ര-രാഷ്‌ട്രീയ താല്‌പര്യങ്ങളുടെ കടയ്‌ക്കല്‍ വെട്ടിക്കൊണ്ടാണ്‌ അരുന്ധതി റോയിയുടെ യുദ്ധഭാഷണം ഒരു രാഷ്‌ട്രം എത്രത്തോളം മാരകമായാണ്‌ അതിന്റെ പദ്ധതികള്‍ ജനതയ്‌ക്കുമേല്‍ നടപ്പാക്കുന്നതെന്ന്‌ വ്യക്തമാക്കുന്നു. നമ്മുടെ ഭൂമിയും ആകാശവും മലനിരകളും താഴ്‌വാരങ്ങളും പുഴകളും നഗരങ്ങളും ഗ്രാമങ്ങളും ഒറ്റനിമിഷംകൊണ്ട്‌ ഭസ്‌മമാക്കിമാറ്റാന്‍ ശേഷിയുള്ള ആണവായുധങ്ങള്‍ക്ക്‌ മുകളില്‍ ഇരുന്നുകൊണ്ട്‌ ഒരു രാഷ്‌ട്രം എന്ന നിലയില്‍ എന്തു സ്വപ്‌നമാണ്‌ അത്‌ ജനങ്ങളുമായി പങ്കുവയ്‌ക്കുന്നത്‌? `അണുബോംബ്‌ ഏറ്റവും ജനാധിപത്യവരുദ്ധമായ, ദേശീയ വിരുദ്ധമായ മനുഷ്യവിരുദ്ധമായ, മനുഷ്യന്‍ ഇതുവരെയുണ്ടാക്കിയിട്ടുള്ള ഏറ്റവും തിന്‍മനിറഞ്ഞ കാര്യമാെണ'ന്ന്‌ സമര്‍ത്ഥിക്കുന്നിലൂടെ ബോംബിനുമേല്‍ നാം പടുത്തുയര്‍ത്തിയ ദേശീയവികാരത്തിന്റെര അപകടങ്ങളിലേക്കാണ്‌ ലേഖനം വിരല്‍ ചൂണ്ടുന്നത്‌. .
ജനതയുടെ ജീവിക്കാനുള്ള അവകാശത്തിമുമേലാണ്‌ അവരുടെ മണ്ണനും വെള്ളത്തിനും മേലാണ്‌ വന്‍കിട പദ്ധതികള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതെന്ന യാഥാര്‍ത്ഥ്യത്തെ കണിശമായി നിര്‍ദ്ധാരണം ചെയ്യുന്നതാണ്‌ `കൂടുതല്‍ പൊതുനന്‍മ ലക്ഷ്യംവെച്ച്‌' എന്ന ലേഖനം. നര്‍മ്മദ സമരത്തെക്കുറിച്ചെഴുതുന്ന ആസന്നഭാഷണങ്ങളാത്‌. `സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ കണക്കനുസരിച്ച്‌ 3600 വലിയ അണക്കെട്ടുകളുണ്ട്‌ നമുക്ക്‌. അതില്‍ 3300 എണ്ണം സ്വാതന്ത്ര്യലബ്‌ധിക്കുശേഷം പികഴിപ്പിക്കപ്പെട്ടതാണ്‌. 695 അണക്കെട്ടുകളുടെ പണി പുരോഗമിച്ചുകൊണ്ട്രിക്കുന്നു. അതായത്‌ ലോകം മുഴുവന്‍ പണികഴിപ്പിക്കപ്പെടുന്ന അണക്കെട്ടുകളില്‍ 40% ഇവിടെയാണന്നര്‍ത്ഥം. എന്നിട്ടും നമ്മുടെ ജനസംഖ്യയില്‍ അഞ്ചിലൊരാള്‍ക്ക്‌ കുടിക്കാന്‍ വെള്ളമില്ല. മൂന്നില്‍ ഒരാള്‍ക്ക്‌ പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനുള്ള ഉപാധികളില്ല.' വികസനം ആത്യന്തികമായി ആരെയാണ്‌ ലക്ഷ്യം വെക്കുന്നതെന്ന പ്രാഥമികമായ ചോദ്യമാണ്‌ ഇവിടെ ഉന്നയിക്കപ്പെടുന്നത്‌. അണക്കെട്ടുകള്‍ക്കുവേണ്ടി മുറവിളി കൂട്ടുന്ന ഭരണ നേതൃത്വമാണ്‌ ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്‌. ആതിരപ്പള്ളി പദ്ധതിയുടെ സവിശേഷ പശ്ചാത്തലത്തില്‍ അണക്കെട്ടിന്റെ രാഷ്‌ട്രീയം ഇവിടെ ഏറെ പ്രസക്തമാകുന്നുണ്ട്‌.
ഭാവനയുടെ അന്ത്യം, കൂടുതല്‍ പൊതുനന്‍മ ലക്ഷ്യംവച്ച്‌, വൈദ്യുതി രാഷ്‌ട്രീയം റംപെല്‍സ്റ്റില്‍റ്റ്‌സ്‌കിവന്റെ പുനര്‍ജ്ജന്‍മം, പെണ്ണുങ്ങള്‍ക്കും വികാരങ്ങളുണ്ട്‌, അതുകൊണ്ട്‌...അതു നമ്മള്‍ വിദഗ്‌ദ്ധന്‍മാര്‍ക്ക്‌ വിട്ടുകൊടുക്കണോ?, അനന്തനീതിയുടെ ബീജഗണിതം, യുദ്ധമാണ്‌ സമാധാനം, ജനാധിപത്യം, യുദ്ധഭാഷണം തുടങ്ങി എട്ടുലേഖനങ്ങളുടെ സമാഹാരമാണ്‌ ഈ പുസ്‌തകം. എഴുത്തുകാരി എന്ന നിലയിലുള്ള അരുന്ധതി റോയിയുടെ നിര്‍ണ്ണായകമായ രാഷ്‌ട്രീയ-സാമൂഹ്യ ഇടപെടലായി ഈ ഗ്രന്ഥത്തെ വായിക്കാം.


യുദ്ധഭാഷണം
അരുന്ധതി റോയി
വിവ: കെ എം വേണുഗോപാല്‍, മോഹന്‍ലാല്‍, ഫാരിദ എ എസ്‌.
വില: 120 രൂപ പേജ്‌: 220
ഡി സി ബുക്‌സ്‌, കോട്ടയം