Sunday, September 20, 2009

ഭൂതകാലത്തെ വായിക്കുമ്പോള്‍


ചലച്ചിത്രകാരന്റെ ആത്മഭാഷണം തീര്‍ച്ചയായും സിനിമയെക്കുറിച്ചുള്ളതായിരിക്കും. സിനിമയ്‌ക്കുചുറ്റും ഒത്തുചേര്‍ന്ന ഒരുപാടുപേരുടെ ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരമായിരിക്കും അത്‌. മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ 2007ലെ ഓണപ്പതിപ്പിനുവേണ്ടി ലെനിന്‍ രാജേന്ദ്രന്റെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാക്കാന്‍ അദ്ദേഹത്തെ സമീപിക്കുമ്പോള്‍ ഇത്രയൊക്കെമാത്രമാണ്‌ വിചാരിച്ചിരുന്നത്‌.
ഇത്തരമൊരോര്‍മ്മക്കുറിപ്പിന്റെ സാധ്യത നിര്‍ദ്ദേശിച്ച മാധ്യമത്തിലെ എന്‍ പി സജീഷ്‌ പറഞ്ഞത്‌ ലെനിന്‍ രാജേന്ദ്രന്റെ ആത്മഭാഷണങ്ങള്‍ കേരളത്തിലെ മധ്യവര്‍ത്തിസിനിമയുടെ ചരിത്രം തന്നെയായിരിക്കുമെന്നാണ്‌. എന്നാല്‍ കഥ മാറുകയായിരുന്നു. ആദ്യ അധ്യായം മുതല്‍ അവസാനപുറംവരെ ഒരു കാലഘട്ടത്തിന്റെ രാഷ്‌ട്രീയ- സാമൂഹ്യ- സാംസ്‌കാരിക ഭൂതകാലത്തിലൂടെയാണ്‌ അത്‌ സഞ്ചരിച്ചത്‌. ചരിത്രവും ഓര്‍മ്മയുമല്ലാത്ത, എന്നാല്‍ ഇതൊക്കയായ ഒട്ടനവധി വൈകാരിക സന്ദര്‍ഭങ്ങളെ മുഖാമുഖം കാണുന്നു.
വലിയ ആശങ്കകളോടെയാണ്‌ ലെനിന്‍ രാജേന്ദ്രന്‍ ഓര്‍മ്മകള്‍ പറഞ്ഞുതുടങ്ങിയത്‌. ഓര്‍മ്മക്കുറിപ്പുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന `ഞാന്‍' പലപ്പോഴും അത്യാരോപിതമൂല്യങ്ങളില്‍ സ്വയം അഭിരമിക്കുന്ന ആളായിരിക്കുമെന്നും, സ്വയം പുകഴ്‌ത്തലിനും വ്യാജസ്‌തുതികള്‍ക്കുമുള്ള ഏടുകളാണ്‌ പലപ്പോഴും ആത്മകഥകളെന്നും തന്റെ ആത്മഭാഷണവും ആ വഴിക്ക്‌ മാറിപ്പോയേക്കാം അതിനാല്‍ ഈ കുറിപ്പുകള്‍ അനാവശ്യമായിരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു.
ഓര്‍മ്മക്കുറിപ്പുകള്‍ മുന്‍ധാരണകളെ അട്ടിമറിക്കുന്നു. `ഞാന്‍' കക്ഷിയായും സാക്ഷിയായും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്‌ ലെനിന്‍രാജേന്ദ്രന്‍ ഓര്‍ത്തെടുക്കുന്നത്‌. അത്‌ സിനിമയുടെ ചരിത്രമല്ല, സിനിമ അവിടെ ഉണ്ടായിരുന്നു എന്നുമാത്രം. സംഘര്‍ഷഭരിതമായ എഴുപതുകളില്‍ വിദ്യാര്‍ത്ഥിയായി ആരംഭിക്കുന്ന രാഷ്‌ട്രീയ സംഘടനാ കാലം ഓര്‍മ്മയിലേക്ക്‌ തിരികെ വിളിക്കുമ്പോള്‍ കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ചരിത്രത്തിലേക്കാണ്‌ എത്തിച്ചേരുന്നത്‌. തിരുവനന്തപുരത്തിന്റെ രാഷ്‌ട്രീയ-സാംസ്‌കാരിക ഭൂതകാലത്തിലൂടെയാണ്‌ ലെനിന്‍ രാജേന്ദ്രന്റെ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത്‌.
ഭൂതകാലത്തെക്കുറിച്ചുള്ള രാഷ്‌ട്രീയവും, വംശീയവും, വ്യക്തിപരവുമായ ഓര്‍മ്മകളെ പുനരാനയിക്കുന്നതിലൂടെ ജീവിതത്തിന്റെ പുറംപോക്കുകളില്‍നിന്നും ചരിത്രത്തിന്റെ അതിരുകളില്‍നിന്നും നിരവധി മനുഷ്യരൂപങ്ങള്‍ തിരികെ പ്രവേശിക്കുന്നു. ഭൂതകാലത്തെക്കുറിച്ച്‌ വസ്‌തുതാപരമായ വിശകലനത്തിനാണ്‌ ചരിത്രം ശ്രമിക്കുന്നതെങ്കില്‍ ചരിത്രപരമായ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ്‌ ഈ ഓര്‍മ്മക്കുറിപ്പുകള്‍ കടന്നുപോകുന്നത്‌. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന്‌ പകരം നില്‍ക്കുന്നു. ചരിത്ര രചനയ്‌ക്ക്‌ വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്‌ക്കാണ്‌ ഈ ആത്മഭാഷണം പ്രവേശിക്കുന്നത്‌. കഴിഞ്ഞുപോയ സംഭവങ്ങളുടെയോ, ചരിത്രഘട്ടത്തിന്റെയോ, വ്യക്തിയുടെയോ ത്യാഗനിര്‍ഭരവും പീഡിതവുമായ ഓര്‍മ്മകളെ അത്‌ സാമൂഹിക ഉപരിതലത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നു. ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്‌കരിക്കുകയല്ലമറിച്ച്‌ ഓര്‍മ്മയുടെ ഒരു മുഹുര്‍ത്തത്തില്‍ മിന്നിത്തെളിയുന്ന ഒരനുഭവത്തെ പിടിച്ചെടുക്കുകയാണിവിടെ. അനുഭവ തീവ്രമായൊരു ഭൂതകാലം ചരിത്രത്തിനുമപ്പുറത്തേയ്‌ക്ക്‌ വായനയെ പിടിച്ചെടുക്കുന്നുണ്ട്‌.

ആ ചുവന്ന കാലത്തിന്റെ ഓര്‍മ്മയ്‌ക്ക്‌. (ഓര്‍മ്മ). ലെനിന്‍രാജേന്ദ്രന്‍
തയ്യാറാക്കിയത്‌: കെ പി ജയകുമാര്‍
വില: 95 രൂപ പേജ്‌: 180. ഡി സി ബുക്‌സ്‌, കോട്ടയം

Tuesday, September 8, 2009

ഓര്‍മ്മയുടെ ഈടുവയ്‌പ്പുകള്‍


കവിത സമരമാണ്‌
നമുക്കു ചുറ്റും അമര്‍ന്നുമുഴങ്ങുന്ന നിരവധി ഏകാന്തതകളിലേക്കുള്ള `നിശ്ശബ്‌ദായമാനമായ' നാടുകടത്തലുകളാണ്‌. മറവിക്കെതിരെയുള്ള സമരവും ഭ്രാന്തും സ്വപ്‌നങ്ങളുമാണത്‌. നാടിനെപ്രതി, മനുഷ്യരെപ്രതി, പുഴകളെയും കാടുകളെയും പ്രതി കവിതയുടെ വാറണ്ട്‌. സച്ചിദാനന്തന്റെ `മറന്നുവെച്ച വസ്‌തുക്കള്‍' മറവിയെക്കുറിച്ചുള്ള അവസാനത്തെ ഓര്‍മ്മപ്പെടുത്തലായിമാറുന്നു. ഓര്‍മ്മ ഒരു രാഷ്‌ട്രീയപ്രവര്‍ത്തനമാണ്‌. ചരിത്രമെഴുത്താണ്‌. എഴുതപ്പെട്ട ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നുപോയ നിസ്സഹായതയുടെ നിരവധി ശബ്‌ദങ്ങളെ പുനരാനയിക്കലാണത്‌.

എഴുതാത്ത കത്തുകള്‍
``എത്രയും പ്രിയപ്പെട്ട അമ്മ അറിയാന്‍: ഞാനിന്നലെയും അമ്മയെ സ്വപ്‌നം കണ്ടു.'' എന്നെഴുതിത്തുടങ്ങുന്ന ഒരുസാധാരണ കത്ത്‌ ``ചില ദിവസങ്ങളില്‍ പത്തുപതിനഞ്ചാളുകള്‍വരെ എന്റെ അടുത്തുവരും, വയ്യെന്ന്‌ പറയാനെനിക്കൊക്കുമോ? നിങ്ങളെന്നെ വിറ്റതല്ലെ, അവര്‍ പണം തിരിച്ചു ചോദിച്ചാലോ?'' എന്ന്‌ അസാധാരണമാകുമ്പോള്‍ ദേശീയതയുടെ കൊടിപ്പടം അഴിഞ്ഞുവീഴുന്നു. വികസനത്തിന്റെ നാഗരിക എടുപ്പുകള്‍ക്കുള്ളില്‍ നീറിപ്പിടയുന്ന തേങ്ങലുകള്‍ ചരിത്രത്തെ മുഖരിതമാക്കുന്ന സമരസന്ദര്‍ഭമാണത്‌. പക്ഷെ, ``ഓ, ഇതൊക്കെ ഒരു കത്താക്കി എഴുതാന്‍ പറ്റിയിരുന്നെങ്കില്‍! പറഞ്ഞെഴുതിക്കാനും നമ്മുടെ ഭാഷക്കാര്‍ ആരുമിവിടെയില്ല.'' എന്ന്‌ കവിത കുഴങ്ങിപ്പോകുന്നു. അങ്ങനെ നിരവധി സന്ദര്‍ഭങ്ങളില്‍, പൊട്ടിപ്പുറപ്പെടാനാവാതെ വാക്കുകള്‍ കെട്ടിനില്‍ക്കുന്നു. `മറന്നുവെച്ച വസ്‌തുക്കള്‍' എന്ന കാവ്യ സമാഹാരത്തിലെ `എഴുതപ്പെടാത്ത കത്തുകള്‍' എന്ന ശീര്‍ഷകത്തിലെ ആറ്‌ കവിതകള്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്‌ ആഞ്ഞിറങ്ങുന്ന കാവ്യസമരങ്ങളാണ്‌.

കവിതയുടെ ദേശീയത
ദേശീയ സ്വാതന്ത്ര്യ സമരകാലത്ത്‌ ഗാന്ധിജിയെക്കുറിച്ചും ഇന്ത്യന്‍ ദേശീയതയെക്കുറിച്ചും `അന്തരംഗം അഭിമാന പൂരിതമാകുന്ന' നിരവധി കാവ്യാനുഭവങ്ങള്‍ നമുക്ക്‌ ലഭിച്ചു. നാമവരെ ദേശീയ കവികള്‍ എന്ന്‌ ആദരപൂര്‍വ്വം വിളിക്കുകയും ചെയ്‌തു. ഇത്‌ ദേശ-രാഷ്‌ട്ര സങ്കല്‍പ്പങ്ങള്‍ കുഴമറിയുന്ന വിപരീത കാലമാണ്‌. ദേശീയത എന്ന ഒറ്റശബ്‌ദത്തിലേക്ക്‌ ഒതുക്കാനാവാത്ത നിരവധി ദേശീയതകളുടെയും ഭാഷകളുടെയും ഛിന്നഭിന്നമായ കാലത്തിന്റെ ശബ്‌ദതരംഗങ്ങളെ പിടിച്ചെടുക്കലാണ് പുതിയ കാലത്തിന്റെ എഴുത്ത്‌. അവിടെ ദേശീയതയുടെ പാഠാവലിയെ നിരാകരിക്കുന്ന ഭാഷയും ഭാഷണവും ആവശ്യമാണ്‌. ഇന്ത്യന്‍ വര്‍ത്തമാനത്തിന്റെ ഈ സാമൂഹ്യ രാഷ്‌ട്രീയ മണ്ഡലത്തിലാണ്‌ സച്ചിദനന്ദന്റെ കവിതകള്‍ സാധ്യമാകുന്നത്‌. അത്‌ `ദേശീയ കവി/കവിതാ' സങ്കല്‍പ്പങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നു. ദേശീയബോധം മറച്ചുപിടിച്ച ശരികളുടെ രൂക്ഷതകളില്‍ `അഭിമാന പൂരിത'മാകാനാവാതെ കവിത സ്ഥാനമാനങ്ങളെ നിരാകരിക്കുന്നു. അത്‌ ഒരേ സമയം ദേശ-രാഷ്‌ട്രത്തിന്റെ അധികാരത്തോട്‌ കലഹിക്കുകയും പ്രാന്ത ദേശീയതകളോട്‌ കണ്ണിചേരുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌ പ്രാദേശിയതകളുടെ ശകലങ്ങളില്‍ നിലയുറപ്പിച്ചുകൊണ്ട്‌ സാര്‍വ്വലൗകികമായ അനുഭവങ്ങളുടെ തീഷ്‌ണ സന്ദര്‍ഭങ്ങള്‍ സൃഷ്‌ടിക്കാന്‍ സച്ചിദാനന്ദന്റെ കവിതകള്‍ക്ക്‌ കഴിയുന്നത്‌.
``ഇപ്പോള്‍ തോന്നുന്നു
ഈ ഭൂമിതന്നെ ദൈവം മറന്നുവെച്ചതാണെന്ന്‌,
അതില്‍ നമ്മളെയും.
ഓര്‍മ്മ വരുന്നതനുസരിച്ച്‌
അവന്‍ തിരിച്ചെടുക്കുന്നു,
പുഴകളെ,
കാടുകളെ,
നമ്മളെയും. '' (മറന്നുവെച്ച വസ്‌തുക്കള്‍) എന്ന്‌ എഴുതിനിര്‍ത്തുനിടത്തുനിന്നും `ആതിരപ്പള്ളി' എന്ന കവിതയിലേക്കുള്ള ഹ്രസ്വദൂരം `ദൈവം' എന്ന തീര്‍പ്പില്ലാത്ത സങ്കല്‍പ്പത്തിനുമേല്‍ അധികാരത്തെ പ്രതിഷ്‌ടിക്കുകയാണ്‌. ഒരു പുഴയുടെ മരണം ഏതൊക്കെ ഓര്‍മ്മകളുടെ, ജൈവസംസ്‌കൃതിയുടെ ജൈവനീതിയുടെ മരണമാകുന്നുവെന്ന്‌ തിരിച്ചറിയുന്നിടത്താണ്‌ `ആരേ വന്നു കഴുത്തു ഞെരിക്കുവാന്‍ നിങ്ങളെ? അരുംകൊലയ്‌ക്കെതിരെ, ചേര്‍ക്കട്ടെയെന്നിടറും സ്വരവും ഞാന്‍.' എന്ന്‌ കവിത സമരങ്ങളോട്‌ കൈകോര്‍ക്കുന്നത്‌. `മണ്ണില്ലാത്തവരുടെ പാട്ട്‌', മണ്ണിന്നായുള്ള സമരങ്ങളുടെ സമകാലിക രാഷ്‌ട്രകീയത്തെയാണ്‌ അഭിസംബോധന ചെയ്യുന്നത്‌. പ്രതികരണശൂന്യരായ സുഹൃത്തുക്കള്‍ക്കഴുതിയ `കല്ല്‌' ജീവിതം കുടിച്ചുമരിക്കുന്ന വിപണികാലത്തിന്റെ അരാഷ്‌ട്രീയതയെ വിചാരണതചെയ്യുന്നു. ``ചിന്തിക്കരുത്‌.
സ്വപ്‌നങ്ങളെ നിരാകരിക്കുക.
കേള്‍ക്കരുത്‌ പ്രണയസല്ലാപവും
കുട്ടികളുടെ കരച്ചിലും, കിളികളുടെ പാട്ടും
കൊലപാതകികളുടെ പൊട്ടിച്ചിരികളും'' (കല്ല്‌)

ശൂന്യമാകുന്ന കാലം
വര്‍ത്തമാന സാമൂഹ്യജീവിതം പ്രതികരണ ശൂന്യമാവുന്നുവെന്ന തിരിച്ചറിവിന്റെ ആധി വിദൂരവിദൂരമായൊരു നിരാശബോധമായി കവിതയെചൂഴുന്നു. `ചരിത്രം' എന്ന കവിത മലയാള കാവ്യചരിത്രത്തിന്റെ വിലയിലുത്തലായിത്തീരുന്നതും അതുകൊണ്ടാവണം. സമൂഹത്തിന്റെ ഞരമ്പില്‍നിന്നും കവിത പിന്‍വലിഞ്ഞതിന്റെ ഖേദം കവി ഏറ്റെടുക്കുന്നു. ആത്മവിമര്‍ശനത്തിന്റെ ഛായ `ചരിത്ര'ത്തില്‍ വായിക്കാം.
``അറുപതുകളിലെ മഴയ്‌ക്ക്‌
ഗ്രീഷ്‌മ രാവുകളുടെ നീലനിറമായിരുന്നു.''
``എഴുപതുകളിലെ മഴയ്‌ക്ക്‌
യുവരക്തത്തിന്റെ കടും ചുവപ്പായിരുന്നു.''
`എണ്‍പതുകളിലെ മഴയ്‌ക്ക്‌
സഹ്യവിപിനങ്ങളുടെ കരിംപച്ച നിറമായിരുന്നു'' എന്ന ചരിത്രമെഴുത്ത്‌ ``പിന്നെ മഴയുണ്ടായില്ല'' എന്ന വര്‍ത്തമാനത്തിന്റെ വരള്‍ച്ചയില്‍ ``ഞാറ്റുവേലകള്‍ അവശേഷിപ്പിച്ച, ഇറവെള്ളം മാത്രം ഇപ്പോഴും ഇറ്റുവീഴുന്നു.'' എന്ന വിധിയെ `പുഴയാകാതെ വിറ'ച്ചൊടുങ്ങുന്ന സമകാലിക കാവ്യാനുഭവങ്ങളാക്കി പെരുക്കിയെടുക്കുന്നു. ഈ പെരുക്കങ്ങള്‍ ഓര്‍മ്മകളുടേതാണ്‌. ഓരോ മരണവും, ഓരോ കവിതയും ജീവിതത്തിന്റെ അപാരമായ സമരസന്ദര്‍ഭങ്ങളാണെന്ന്‌ തീവ്രമായ പ്രണയ സന്ദര്‍ഭങ്ങളായിരുന്നുവെന്ന്‌ ഓര്‍മ്മപ്പെടുത്തുന്നതാണ്‌ `കവികളുടെ മരണം.'
`അഗ്നികൊണ്ടും ജലംകൊണ്ടും, പ്രണയം മറന്നുപോയ, ശിരസ്സിലെ കൊടും ശൂന്യതയിലേക്ക്‌ വീണ്ടും വീണ്ടും നിറയൊഴിച്ചുകൊണ്ട്‌, നീതിയുടെ നദി വരണ്ടുപോകാത്ത ഒരു ലോകം കിനാക്കണ്ട' കവികളെക്കുറിച്ച്‌ മറന്നുവച്ചതൊക്കെയും കവിത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. മറവിക്കെതിരെ, മറക്കലുകളുടെ രാഷ്‌ട്രീയത്തിനെതിരെ കവിതയുടെ കലാപമാണ്‌ സച്ചിദാനന്ദന്റെ `മറന്നുവെച്ച വസ്‌തുക്കള്‍.'

മറന്നുവെച്ച വസ്‌തുക്കള്‍, (കവിത). സച്ചിദാനന്ദന്‍
പേജ്‌: 140 വില: 80 രൂപ, ഡി സി ബുക്‌സ്‌, കോട്ടയം