Wednesday, March 4, 2009

മനഃസാക്ഷിയുടെ പിടച്ചില്‍



ഗുജറാത്ത്‌: ഇരകള്‍ക്കുവേണ്ടി ഒരു പോരാട്ടം
(ഓര്‍മ്മ)
ആര്‍ ബി ശ്രീകുമാര്‍
പോജ്‌: 98 വില: 50 രൂപ
ഡി സി ബുക്‌സ്‌, കോട്ടയം


``കലാപകാലത്ത്‌ ഗ്രാമം വിട്ടുപലായനം ചെയ്‌ത ബില്‍ക്കീസിനെയും പതിനേഴ്‌ ബന്ധുക്കളെയും അക്രമികള്‍ രണ്ടുദിവസത്തിനുശേഷം കണ്ടെത്തി പിടികൂടുകയായിരുന്നു. ആറുമാസം ഗര്‍ഭിണിയായ ബില്‍ക്കീസിനെ അക്രമികല്‍ കൂട്ടമാനഭംഗം ചെയ്‌തു. മൂന്നുവയസ്സുള്ള മകളെ തറയിലടിച്ചുകൊന്നു.''
ആര്‍ ബി ശ്രീകുമാര്‍. ഗുജറാത്ത്‌: ഇരകള്‍ക്കുവേണ്ടി ഒരു പോരാട്ടം. പുറം: 66

ഇരകളുടെ ചരിത്രം
ഈ പുസ്‌തകം നിര്‍ബന്ധമായും വായിച്ചിരിക്കണം. സഹജീവികളെക്കൊണ്ട്‌ വായിപ്പിക്കുകയുംവേണം. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കണ്ണിചേരലാണത്‌. മനഃസാക്ഷിയുടെ ഒരു പിടച്ചിലെങ്കിലുമാണ്‌. ഒരു പുസ്‌തകവും നിങ്ങളുടെ വായനയെ ഇത്രയധികം പിന്തുടര്‍ന്നിട്ടുണ്ടാവില്ല. ഉറക്കം കളഞ്ഞിട്ടുണ്ടാവില്ല.
2002ലെ ഹിന്ദുതീവ്രവാദ ആക്രമണ കാലത്ത്‌ ഗുജറാത്ത്‌ അഡീഷണല്‍ ഡിജിപിയായിരുന്ന ആര്‍ ബി ശ്രീകുമാറിന്റെ വെളിപ്പെടുത്തലുകളായ `ഗുജറാത്ത്‌ ഇരകള്‍ക്കുവേണ്ടി ഒരു പാരാട്ടം' ഫാസിസ്റ്റുകള്‍ക്കെതിരായ മനുഷ്യത്വത്തിന്റെ കൈപ്പുസ്‌തകമാണ്‌. ഇരകളുടെ ചരിത്രമാണ്‌. മുസ്ലിം ജനതയെ പച്ചയ്‌ക്കു ചുട്ടുകൊന്ന ഹിന്ദുതീവ്രവാദികളുടെ ഭയാനകമായ ചരിത്രമാണത്‌.

ആരെ വിശ്വസിക്കും

മുസ്ലിം വേട്ടയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഇന്ത്യകണ്ട ഏറ്റവും അപകടകാരിയായ ഫാസിസ്റ്റും ഭരണാധികാരിയുമായ നരേന്ദ്രമോഡി ഗോധ്ര സംഭവത്തിനുശേഷം വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു: ``സാധാരണഗതിയില്‍ നിങ്ങള്‍ പൊലീസുകാര്‍ ഒരു വര്‍ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെടുമ്പോള്‍ തുല്യമായി മുസ്ലിങ്ങളെയും ഹിന്ദുക്കളെയും അറസ്റ്റ്‌ ചെയ്യും. അതിവിടെ പറ്റില്ല. മൂന്നുദിവസത്തേയ്‌ക്ക്‌ ഇവിടെ ഹിന്ദുക്കലുടെ പ്രതികാരാഗ്നി കത്തിപ്പടരും. നിങ്ങള്‍ ഇടപെടരുത്‌.''
പിന്നീടുള്ള ദിവസങ്ങളില്‍ പൊലീസ്‌ നോക്കിനില്‍ക്കെ ഹിന്ദുതീവ്രവാദികള്‍ ഗുജറാത്തിന്റെ തെരുവീഥികളെ ചോരയില്‍മുക്കിയെടുത്തു. മുസ്ലിം ചേരികള്‍ അപ്പാടെ കത്തിയെരിഞ്ഞു. സ്‌ത്രീകളും പെണ്‍കുട്ടികളും ഗര്‍ഭിണികളും ക്രൂരബലാല്‍സംഗത്തിനിരയാക്കപ്പെട്ടു. അമ്മയുടെ കണ്‍മുന്നില്‍ പിഞ്ചു കുട്ടികളെ തറയിലടിച്ചു കൊന്നു. നമ്മുടെ ജനാധിപത്യവും ഭരണഘടനയും നീതിന്യായവ്യവസ്ഥകളും വിറങ്ങലിച്ചുനിന്ന ദിവസങ്ങളായിരുന്നു അത്‌. ഗുജറാത്ത്‌ കലാപകാലത്തെ പൊലീസിന്റെ നിഷ്‌ക്രിയത്വത്തെക്കുറിച്ച്‌ അന്നത്തെ രാഷ്‌ട്രപതി കെ ആര്‍ നാരായണന്‍ നടത്തിയിട്ടുള്ള പ്രസ്‌താവനകള്‍ക്ക്‌ ചരിത്രപരമായ പ്രാധാന്യം കൈവരുന്നത്‌ ഈ ഘട്ടത്തിലാണ്‌. ``കെ ആര്‍ നാരായണന്‍ വളരെ ശക്തമായാണ്‌ പ്രധാനമന്ത്രി വാജ്‌പേയിയ്‌ക്ക്‌ എഴുതിയത്‌. അങ്ങനെയാണ്‌ വാജ്‌പേയി അനങ്ങിയത്‌. എന്നാല്‍ ആ കത്ത്‌ പുറത്തുവിടാന്‍ കോണ്‍ഗ്രസ്‌ ഭരണകൂടവും തയ്യാറായില്ല.'' എന്നു പറയുന്ന ശ്രീകുമാര്‍ ``എനിക്ക്‌ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ വലിയപ്രതീക്ഷയില്ല. എന്റെ കാര്യത്തില്‍ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.'' എന്നുംപറയുന്നുണ്ട്‌. നമ്മുടെ ഭരണകൂട രാഷ്‌ട്രീയത്തിന്റെ പരാജയവും പ്രതീക്ഷനശിക്കുന്ന പൗരസമൂഹത്തെയുമാണ്‌ ഈ വാക്കുകള്‍ പ്രതിനിധീകരിക്കുന്നത്‌.

നിങ്ങളും കൊല്ലപ്പെടും

ഈ നിസഹായതയെ തീവ്രമായി വെളിപ്പെടുത്തുന്നതാണ്‌ ആദ്യകാല സി പി ഐ നേതാവും പിന്നീട്‌ കോണ്‍ഗ്രസ്‌ എം എല്‍ എയുമായിരുന്ന എഹ്‌സാന്‍ ജഫ്രിയുടെ മരണത്തെക്കുറിച്ച്‌ ഈ പുസ്‌തകത്തില്‍ വിവരിക്കുന്നത്‌: ``മുപ്പത്തിയഞ്ചോളം മുസ്ലിം കുടുംബങ്ങള്‍ താമസിച്ചിരുന്ന വളപ്പാണ്‌ ഗുല്‍ബര്‍ഗ സൊസൈറ്റി. കലാപമുണ്ടായപ്പോള്‍ അടുത്തുള്ള ചേരികളില്‍ താമസിച്ചിരുന്ന മുസ്ലിങ്ങളും രക്ഷതേടി അവിടെയെത്തി. ജഫ്രിക്ക്‌ തങ്ങളെ രക്ഷിക്കാന്‍ കഴിയുമെന്നായിരുന്നു സമീപത്തെ മുസ്ലിങ്ങള്‍ കരുതിയിരുന്നത്‌.
ഗോധ്ര സംഭവത്തിന്റെ പിറ്റേന്ന്‌ ഫെബ്രുവരി 28ന്‌ രാവിലെ ഒരു സംഘം ആള്‍ക്കാര്‍ അവിടം വളഞ്ഞു. അഞ്ചുമണിക്കൂറോളം ജഫ്രി സോണിയാഗാന്ധി, മുഖ്യമന്ത്രി നരേന്ദ്രമോഡി തുടങ്ങി പലരേയും വിളിച്ച്‌ പൊലീസ്‌ സംരക്ഷണത്തിന്‌ അഭ്യര്‍ത്ഥിച്ചു. മൂന്നുമീറ്ററോളം ഉയരമുള്ള മതില്‍കെട്ടാണ്‌ അവിടെയുണ്ടായിരുന്നത്‌. സമീപത്തെ വീടുകളില്‍നിന്ന്‌ ഗ്യാസ്‌ സിലിണ്ടറുകള്‍ കൊണ്ടുവന്ന്‌ സ്‌ഫോടനം നടത്തി മതില്‍പൊളിച്ചു.
കൊല്ലരുതെന്നഭ്യര്‍ത്ഥിച്ച ജെഫ്രിയോട്‌ ജനക്കൂട്ടം പകരം പണംനല്‍കാന്‍ ആവശ്യപ്പെട്ടു. ജീവന്‍ രക്ഷിക്കാന്‍വേണ്ടി കൈയ്യിലുള്ള പണം എല്ലാം എടുത്തുകൊണ്ട്‌ ജഫ്രി പുറത്തുവന്നു. അതുകൊടുത്ത്‌ തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോള്‍ നാലഞ്ചുപേര്‍ ചേര്‍ന്ന്‌ ജഫ്രിയെ പിടിച്ചുനിര്‍ത്തി. മറ്റൊരു സംഘം വാള്‍കൊണ്ട്‌ അദ്ദേഹത്തിന്റെ തല വെട്ടിപ്പൊളിച്ചു. പിന്നെ കൈകളും കാലുകളും മുറിച്ചെറിഞ്ഞു. എന്നിട്ട്‌ തറയില്‍ കിടത്തി ജീവനോടെ കത്തിച്ചു. തുടര്‍ന്ന്‌ സംഘം അകത്തുകയറി മറ്റുള്ളവരെയും വെട്ടിക്കൊന്ന്‌ കത്തിച്ചു. സ്‌ത്രീകളെ കൊല്ലുംമുമ്പ്‌ ബലാല്‍സംഗം ചെയ്‌തു.'' ഇത്‌ ഒരു പൊലീസ്‌ ഒഫീസറുടെ വെളിപ്പെടുത്തലാണ്‌. ഒരു ഫാസിസ്റ്റ്‌ ഭരണാധികാരിയും അയാളുടെ ആള്‍ക്കൂട്ടവും ചേര്‍ന്ന്‌ നടത്തിയ മനുഷ്യക്കുരുതിയെക്കുറിച്ച്‌ ലോകമനഃസാക്ഷിക്കുമുന്നില്‍ എഴുതി നല്‍കുന്ന സത്യവാങ്‌മൂലം.

നാനാവതിയും കലാപത്തില്‍ പങ്കെടുത്തു

ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ മൂന്ന്‌ സത്യവാങ്‌മൂലങ്ങളാണ്‌ ആര്‍ ബി ശ്രീകുമാര്‍ കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാനെത്തിയ ജസ്റ്റിസ്‌ നാനാവതി കമ്മീഷനു നല്‍കിയത്‌. എന്നാല്‍ ഇന്ത്യകണ്ട ഏറ്റവും വലിയ കൂട്ടിക്കൊടുപ്പുകാരനായിരുന്നു നാനാവതിയെന്ന്‌ കാലം തെളിയിച്ചു. സത്യങ്ങളെല്ലാം മൂടിവയ്‌ക്കപ്പെട്ടു. ഇരകളുടെ ചോരയിലും നിലവിളിയിലും ചവിട്ടിനിന്ന്‌ ഒരു `ന്യായാധിപന്‍' വേട്ടക്കാര്‍ക്കുവേണ്ടി റിപ്പോര്‍ട്ടെഴുതി. ജസ്റ്റിസ്‌ നാനാവതി യഥാര്‍ത്ഥത്തില്‍ കലാപത്തില്‍ പങ്കുകൊള്ളുകയായിരുന്നു. അയാള്‍ മോഡിക്കും ഹിന്ദു തീവ്രവാദികള്‍ക്കുംവേണ്ടി ചരിത്രത്തെ വളച്ചൊടിച്ചു. ചരിത്രം അങ്ങനെയാണ്‌ ഇരകളോട്‌ പെരുമാറുക. അവരുടെ നിലവിളികളും സഹനങ്ങളും ചരിത്രത്തില്‍ രേഖപ്പെടാതെ പോകും. പൊലീസും ഭരണകൂടവും ന്യായാധിപന്‍മാരും ചേര്‍ന്നൊരുക്കുന്ന പ്രാമാണിക രേഖകള്‍ ചരിത്രമായിമായിത്തീരും. അതാണ്‌ ഇവിടെയും സംഭവിച്ചത്‌. ഇരകള്‍ പൂര്‍ണ്ണമായും ഉന്‍മൂലനം ചെയ്യപ്പെട്ട ഗുജറാകത്തില്‍നിന്നും അവരുടെ അനുഭങ്ങളും ഓര്‍മ്മകളും ചരിത്രത്തിനുനേരെ ഉന്നയിക്കപ്പെടാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടിവരും. അവിടെയാണ്‌ ആര്‍ ബി ശ്രീകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക്‌ ചരിത്രപരമായ പ്രാധാന്യം കൈവരുന്നത്‌.
ഗുജറാത്തില്‍ ഇന്ന്‌ മുസ്ലിങ്ങളാരുമില്ല. ഉള്ളവര്‍ അവരെ സ്വയം മറച്ചുപിടിച്ച്‌ ഹൈന്ദവ തീവ്രവാദികള്‍ക്ക്‌ അടിമപ്പെട്ട്‌ ജീവിക്കുന്നു. വ്യാജ ഏറ്റുമുട്ടലുകളില്‍ നിരവധിയാളുകല്‍ ഇപ്പോഴും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. അതില്‍ മുസ്ലിങ്ങളും സത്യസന്ധരായ ഉദ്യോഗസ്‌തരുമുണ്ട്‌. രാഷ്‌ട്രീയനേതാക്കളുണ്ട്‌. ഗുജറാത്തിന്റെ മണ്ണില്‍ ആരുടെയും ജീവന്‌ ഉറപ്പില്ല. വിമത ശബ്‌ദങ്ങളോ കലാപ്രവര്‍ത്തനങ്ങളോ ചലച്ചിത്രമോപോലും അവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ല. ഗുജറാത്ത്‌ കലാപത്തെ ആധാരമാക്കി പുറത്തുവന്ന പര്‍സാനിയ ഇനിയും ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാനായിട്ടില്ല. പൂര്‍ണ്ണമായും ഫാസിസ്റ്റവല്‍ക്കരിക്കപ്പെട്ട ഒരു ദേശമായി അത്‌ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.